മക്കളെ പോലും വെറുതെ വിട്ടില്ലല്ലോ! ഭർത്താവിന് 92 വയസുവരെ ജയിൽശിക്ഷ: ആ നടുക്കുന്ന ഓർമകൾക്ക് 3 വയസ് Remembering Anju Ashok
Mail This Article
ഇനിയും ആ മുറിവുണങ്ങിയിട്ടില്ല... ഒരു സാന്ത്വന വാക്കുകൾക്കും ഈ വേദന മായ്ക്കാനും ആകുന്നില്ല. തുണയും തണലുമാകേണ്ട ഭർത്താവ് തന്നെ ഭാര്യയെ അരുംകൊലയിലേക്ക് തള്ളിവിട്ട കാഴ്ച... പപ്പാ... എന്നു വിളിച്ച മക്കളെ മരണത്തിലേക്ക് തള്ളവിട്ട കാഴ്ച, എങ്ങനെ മറക്കാനാകും. യുകെയിൽ നഴ്സായിരുന്ന അഞ്ജു അശോക് (35), മക്കളായ ജീവ (6), ജാൻവി (4) എന്നിവർ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം ആകുമ്പോഴാണ് ഹൃദയം മുറിക്കുന്ന കണ്ണീർ ചിത്രങ്ങൾ വീണ്ടും മുന്നില്‍ തെളിയുന്നത്. ഭാര്യയെ സംശയത്തിന്റെ പേരിൽ കൊലപ്പെടുത്തിയ ക്രൂരത ഇന്നും യുകെ മലയാളിയുടെ ഹൃദയങ്ങളിലെ പൊള്ളുന്ന നേവായി തുടരുകയാണ്.
2022ഡിസംബർ 15 നാണ് ഒരു ദുഃസ്വപ്നം പോലെ ഉറ്റവർ മറക്കാൻ ആഗ്രഹിക്കുന്ന അരുംകൊലകള്‍ നടക്കുന്നത്. അതൊരു വ്യാഴാഴ്ചയായിരുന്നു. ബ്രിട്ടിനിലെ കെറ്ററിങ്ങിലെ വാടകവീട്ടിൽ വച്ച് കണ്ണൂർ സ്വദേശിയായ ചേലവേലിൽ ഷാജു, ഭാര്യ അഞ്ജു അശോകിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തുകായയിരുന്നു. മൂവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്‌മോർട്ടം പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അരുംകൊലകൾക്ക് ഭർത്താവ് സാജുവിന് (52) നോർത്താംപ്ടൺഷെയർ ക്രൗൺ കോടതി 40 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. 2023 ജൂലൈ 3 നാണ് ശിക്ഷ വിധിച്ചത്. ഏകദേശം 92 വയസ്സുവരെ ജയിലിൽ കിടക്കേണ്ടി വരുമെന്ന് വിധി അടിവരയിടുന്നു.
ഇതിനിടയിൽ ഏഴു മക്കളില്‍ ഏക മകനായ സാജു ആജീവനാന്തം ജയിലിൽ കിടക്കേണ്ടി വന്നുവെന്ന വിവരം അറിഞ്ഞതോടെ വൃദ്ധ മാതാവ് അധിക കാലം ജീവിച്ചിരുന്നില്ല എന്ന വിവരവും പുറത്തു വരുന്നുണ്ട്. മരണ വിവരം അറിഞ്ഞിട്ടും സാജുവിന് അമ്മയെ അവസാനമായി കാണുവാനുള്ള വിധിയും ഉണ്ടായില്ല.
പ്രണയവിവാഹമായിരുന്നു അഞ്ജുവിന്റേത്. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടർന്ന് 7 വർഷം സൗദിയിൽ അഞ്ജു ജോലി ചെയ്തു. സാജു അവിടെ ഡ്രൈവറായി ജോലി നോക്കി ഒപ്പമുണ്ടായിരുന്നു. ഇതിനിടയിലാണ് യുകെയിലേക്കു പോയത്. കുട്ടികളുടെ വീസ ശരിയാകാൻ വൈകിയതിനാൽ മക്കളെ ആദ്യം കൊണ്ടു പോയിരുന്നില്ല. കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനായി ഒരുതവണ കുലശേഖരമംഗലത്തെ വീട്ടിലെത്തി. പിന്നാലെ കുട്ടികളെയും കൂട്ടി മടങ്ങി. അതായിരുന്നു ദുരന്തത്തിനു മുൻപ് ഉറ്റവർക്കൊപ്പമുണ്ടായിരുന്ന അവസാന കൂടിക്കാഴ്ച.
മദ്യ ലഹരിയിലാണ് സാജു കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ആശ്രിത വീസയിൽ ബ്രിട്ടനിൽ എത്തിയ സാജുവിനു ജോലി ലഭിക്കാതിരുന്നതിന്റെ നിരാശയും മറ്റു മാനസിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. പ്രതിയും ഭാര്യയും തമ്മിൽ 15 വയസോളം പ്രായവ്യത്യാസം ഉണ്ടായിരുന്നു. രണ്ടിൽ കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന കേസിൽ പരമാവധി ശിക്ഷ നൽകുന്ന രീതി പിന്തുടർന്നാണ് ഈ കേസിലും കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
ഭാര്യയെ കൊല്ലാനുറച്ച ക്രൂരമനസ് എന്തുകൊണ്ട് ആ മക്കളെ വെറുതെ വിട്ടില്ല എന്ന ചോദ്യം കോടതിയിൽ ഉയർന്നു കേട്ടിരുന്നു. പക്ഷേ... മക്കളുടെ കാര്യത്തിൽ എന്തുസംഭവിച്ചെന്ന് അറിയില്ല എന്ന മറുപടിയാണ് കോടതിയിൽ പറഞ്ഞത്. എങ്കിലും കുറ്റം ഏൽക്കുന്നതായി സമ്മതിച്ചു. പ്രതിയായ സാജു കുറ്റസമ്മതം നടത്തിയിരുന്നില്ലെങ്കിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ വിചാരണ നടത്തേണ്ടതായി വരുമായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതിനാൽ അഞ്ജുവിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കോടതി വിചാരണയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അഞ്ജുവിന്റെ ഓർമകളെ ഹൃദയത്തോടു ചേർത്തു നിർത്തി വലിയൊരു നന്മയ്ക്കും സുഹൃത്തുക്കൾ മുന്നിട്ടിറങ്ങി. യുകെ മലയാളികളും അഞ്ജു ജോലി ചെയ്ത ഹോസ്പിറ്റല്‍ ട്രസ്റ്റും നല്‍കിയ തുക കൊണ്ട് അഞ്ജുവിന്റെ അച്ഛന്‍ നാട്ടില്‍ പുതിയൊരു വീട് നിര്‍മിച്ച ശേഷം മകളുടെ ഓര്‍മകളില്‍ ഇപ്പോഴും ജീവിക്കുകയാണ്. ജയിലില്‍ കഴിയുന്ന സാജുവിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ആർക്കും അറിയില്ലന്നാണ് സൂചന.