പഠനവും ജോലിയും ഒന്നിച്ച്; ഇവരാണു കൊല്ലത്തെ പൊലീസ് സിസ്റ്റേഴ്സ് Sisters' Journey to Success in Kerala Police
Mail This Article
മത്സരിച്ചു പഠിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മത്സരപ്പരീക്ഷകൾക്കു വേണ്ടി പഠിക്കാനും ഗ്രൂപ്പ് സ്റ്റഡി നടത്താനും കൂട്ടുകാർ ഒന്നിച്ചിറങ്ങും. എന്നാൽ പിഎസ്‌സി പരീക്ഷയ്ക്കു വേണ്ടി ചേച്ചിയും അനിയത്തിയും ഗ്രൂപ് സ്റ്റഡി നടത്തിയ കഥ കേട്ടാലോ.
കൊല്ലം കടയ്ക്കലെ വൃന്ദയും നന്ദയുമാണ് പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്കു വേണ്ടി ഒന്നിച്ചു പഠിച്ചത്. പിന്നെ എന്തു സംഭവിച്ചു എന്നു കേൾക്കാം. വൃന്ദയുടെയും നന്ദയുടെയും അച്ഛൻ രാജീവ് കുമാറിനു ഗൾഫിലായിരുന്നു ജോലി. അമ്മ ഷീബയുടെ ചിട്ടകളിൽ വൃന്ദയും നന്ദയും നന്നായി പഠിച്ചു. മടത്തറ കാണി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നാണ് ഇരുവരും പത്താം ക്ലാസ്സ് പാസ്സായത്.
പ്ലസ്ടുവിനു ശേഷം ഇഷ്ടങ്ങൾ ഒന്നു ട്രാക്ക് തെറ്റിയോടി എന്നു പറഞ്ഞു വൃന്ദയാണു സംസാരം തുടങ്ങിയത്. ‘‘ചിതറ സ്കൂളിൽ നിന്നു പ്ലസ്ടു പാസ്സായ പിറകേ ഞാൻ പഠിച്ചതു ഫാഷൻ ഡിസൈനിങ് ആണ്. അതിനു ശേഷമാണു ഡിഗ്രി ചെയ്തത്. വിദൂരപഠനമായാണ് എംഎ സോഷ്യോളജി പാസ്സായത്. അതും കഴിഞ്ഞാണു പിഎസ്‌സി പരീക്ഷയ്ക്കു തയാറെടുത്തത്. അപ്പോഴേക്കും എന്റെ വിവാഹം കഴിഞ്ഞിരുന്നു.’’
വൃന്ദയുടെ പിഎസ്‌സി പഠനത്തിനു സീരിയസ്നസ് കൊടുത്തതു ഭർത്താവ് സുജിനാണ്. സുജിനു സ്വന്തമായി പിഎസ്‌സി പരിശീലന സ്ഥാപനമുണ്ട്. ഇവർക്കൊപ്പം നന്ദയും കൂടി. ആ സമയത്താണു നന്ദയുടെ സ്മാർട് വർക് ടെക്നിക്കുകൾ വൃന്ദയും പരീക്ഷിച്ചത്. പോർഷൻ തിരിച്ചു പഠിക്കുന്നതാണു നന്ദയുടെ രീതി. പരീക്ഷയിൽ ചോദിക്കാൻ സാധ്യത കുറഞ്ഞവ കുറച്ചും, ഉറപ്പായും ചോദ്യം വരുന്ന ഭാഗങ്ങൾ കൂടുതൽ ശ്രദ്ധയോടെയും പഠിക്കും. ആ പരിശ്രമം ഫലം കണ്ടെന്നു വൃന്ദയുടെ സർട്ടിഫിക്കറ്റ്.
‘‘ഫയർ വുമൺ ലിസ്റ്റിലും സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിലും ഒന്നിച്ചു പേരു വന്നു. ഫിസിക്കൽ ടെസ്റ്റു പാസ്സായെങ്കിലും കുറച്ചു നിയമനമേ ഫയർ വുമണിൽ വന്നുള്ളൂ. അപ്പോഴേക്കും സിവിൽ പൊലീസ് ഓഫിസർ നിയമന ഉത്തരവു കിട്ടി. നന്ദ ആദ്യമായി എഴുതിയ പിഎസ്‌സി െടസ്റ്റ് ഇതായിരുന്നു, അതിൽ തന്നെ ജോലിയും കിട്ടി’’, വൃന്ദ പറയുന്നു.
പരിശീലനവും ജോലിയും ഒന്നിച്ച്
വൃന്ദയും നന്ദയും ഒന്നിച്ചാണു ട്രെയ്നിങ് തുടങ്ങിയത്, അ തും ഒരു കമ്പനി പ്ലാറ്റൂണിൽ. ബാക്കി എല്ലാവർക്കും വീടും കുടുംബവുമൊക്കെ മിസ് ചെയ്യുമ്പോൾ ഞങ്ങൾക്ക് ആ മിസിങ് അനുഭവപ്പെട്ടതേയില്ല എന്നുപറഞ്ഞു വൃന്ദയും നന്ദയും ചിരിക്കുന്നു. ‘‘ഒരു ബാരക്കിലെ അടുത്തടുത്ത ബെഡുകളിലാണു ഞങ്ങൾ കിടക്കുന്നത്. വീടിനെ കുറിച്ച് ഓർമ വന്നാൽ ഞങ്ങൾ പരസ്പരം ഒന്നുനോക്കും.
ഒന്നിച്ചു പരിശീലനം നടത്തിയതിൽ ഗുണത്തേക്കാൾ ദോഷമാണുണ്ടായത്. അനിയത്തി ബുദ്ധിമുട്ടുന്നതു കാണുമ്പോൾ വിഷമം വരും. നന്ദയ്ക്കു ട്രെയ്നിങ്ങിനിടെ കാൽമുട്ടിൽ നല്ല നീരുണ്ടായിരുന്നു. അതു വച്ചു വീണ്ടും ഓടുന്നതു കാണുമ്പോൾ സഹിക്കില്ല. ഓടിയില്ലെങ്കിലും വഴക്കു കേൾക്കും. അതു കാണുമ്പോൾ അതിലേറെ വിഷമം,’’ വൃന്ദ ആ കാലമോർത്തു.
പരിശീലനത്തിനിടെ ഞങ്ങൾ സഹോദരിമാരാണെന്ന് അറിയുമ്പോൾ എല്ലാവർക്കും അദ്ഭുതമായിരുന്നു എന്നു നന്ദ പറയുന്നു. ‘‘പരിശീലനത്തിനു ശേഷം വനിതാ ബറ്റാലിയനിൽ ഒന്നരമാസം ഒന്നിച്ചുണ്ടായിരുന്നു. അതു കഴിഞ്ഞു കൊല്ലം എആർ ക്യാംപിലേക്കു വന്നത്.
അവിടെ നിന്നു സ്റ്റേഷൻ ഡ്യൂട്ടി ആരംഭിക്കുന്ന ഘട്ടത്തിൽ റൂറൽ എസ്പി സാബു മാത്യു സാറിനോടാണ് ഒരു സ്റ്റേഷനിൽ ഒന്നിച്ചു ജോലി ചെയ്യാനുള്ള ആഗ്രഹം പറഞ്ഞത്. അങ്ങനെ രണ്ടുപേർക്കും കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ത ന്നെ ഡ്യൂട്ടി തന്നു.’’
ഇവരുടെ വീട്ടിൽ നിന്നു മറ്റൊരാൾ കൂടി ഇതിനിടെ കാക്കിയണിഞ്ഞു, വൃന്ദയുടെ ഭർത്താവ് സുജിൻ. മൂന്നാറിൽ സിവിൽ എക്സൈസ് ഓഫിസറാണ് സുജിനിപ്പോൾ. നന്ദയുടെ ഭർത്താവ് സുമിത് സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്നു.
ഒന്നിച്ചുള്ള ജോലിയിൽ ഇനിയും ട്വിസ്റ്റു വരാനുണ്ട്. കമ്പനി കോർപറേഷൻ അസിസ്റ്റന്റ് ലിസ്റ്റിലും എസ്ഐ ലിസ്റ്റിലും പേരുള്ള നന്ദയ്ക്കു ജോലി മാറേണ്ടി വന്നാൽ ഒരേ പൊലീസ് സ്റ്റഷനിൽ എസ്ഐയും കോൺസ്റ്റബിളുമായും ഈ സിസ്റ്റേഴ്സ് ഉണ്ടാകും.
