ADVERTISEMENT

കേടുള്ളതു കൊണ്ടു തടിപ്പണിക്കാർ ഉപേക്ഷിച്ച മരക്കഷണങ്ങൾ കണ്ടപ്പോഴാണു ലീന ജോർജിന്റെ തലയിൽ ‘ബൾബ്’ മിന്നിയത്. വൃത്താകൃതിയിൽ മുറിച്ചെടുത്തു പോളിഷ് ചെയ്തു ലൈറ്റ് പിടിപ്പിച്ച് കിടിലൻ ലാംപ് ഉണ്ടാക്കി ലിവിങ് റൂമിൽ വച്ചു.

അത് എവിടുന്നു വാങ്ങി എന്നു ചോദിച്ചവരോടൊക്കെ ലീനാന്റി ചെറുചിരിയോടെ പറഞ്ഞു, ഇത് എന്റെ സ്വന്തം ക്രാഫ്റ്റാണ്. കൊച്ചി എളംകുളത്തെ ലീന ജോർജ് എന്ന 72കാരി, ക്രാഫ്റ്റ് കൈമുതലാക്കി കടവന്ത്ര ജിസിഡിഎ കോംപ്ലക്സിൽ തുടങ്ങിയ സോൾമേയ്‌‍ഡ് ഷോപ്പിലേക്കും ഇങ്ങനെ സിഗ്നേച്ചർ പീസുകൾ തേടി ആളുകളുടെ തിരക്കാണ്. ക്രിസ്മസ് സ്പെഷലായി ലീനാന്റി ഉണ്ടാക്കിയ 200ഓളം ക്രാഫ്റ്റ് ഡെക്കോറുകളാണ് ഇവിടത്തെ സ്പെഷൽ.

ADVERTISEMENT

ലീന ജോർജ് കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്ന ഹോബി തുടങ്ങിയിട്ടു കുറച്ചു വർഷങ്ങളേ ആയുള്ളൂ. അതിനു പിന്നിൽ സിനിമയെ പോലും വെല്ലുന്ന ഒരു ഫ്ലാഷ്ബാക്കുണ്ട്. ‘‘ഫൈബ്രോ മയാൾജിയയെ അതിജീവിക്കാനാണ് ക്രാഫ്റ്റ് ചെയ്തു തുടങ്ങിയത്. പിന്നാലെ പാർക്കിൻസൺസ് രോഗം കൂടിവന്നു. പക്ഷേ, കൗതുകവസ്തുക്കൾ ഉണ്ടാക്കുമ്പോൾ എല്ലാം മറക്കും. ഈ പണം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ ഊർജം കൂടി ദൈവം തരുന്നു.’’ ലീന ജോർജിന്റെ കളർഫുൾ ജീവിതം ഇതാ.

പന്തളം ടു ചെന്നൈ

ADVERTISEMENT

കൊച്ചി എളംകുളത്തെ ചെമ്പകശേരിൽ വീടു കാണാൻ നല്ല ചന്തമാണ്. മുറ്റം നിറയെ ചെടികൾ. പൂക്കളും ഇലപ്പടർപ്പുകളും കടന്നു വൈകുന്നേരങ്ങളിൽ വിരുന്നെത്തുന്ന കിളിക്കൂട്ടം. ഓർക്കിഡുകൾ നിരന്നു നിൽക്കുന്ന പിൻമുറ്റത്തിനരികിൽ വിടർന്ന താമരപ്പൂക്കളുള്ള ഗപ്പിക്കുളം.

വാതിൽ കടന്നാൽ കാത്തിരിക്കുന്നത് അതിലേറെ സുന്ദരകാഴ്ചകളാണ്. കാറ്റും വെളിച്ചവും കൂടുകൂട്ടിയ ലിവിങ് റൂമിലെ ടേബിൾ ലാംപ് മുതൽ പ്രാർഥനയ്ക്കുള്ള കാൻഡിലിൽ വരെ ആർടിസ്റ്റിക് ടച്ച്. കലാകാരിയെ കണ്ടാൽ അതിലേറെ ഞെട്ടും. നെറ്റിയിലേക്കു വീണുകിടക്കുന്ന വെള്ളിത്തലമുടി സ്റ്റെലായി ഒന്നൊതുക്കി കണ്ണട മൂക്കിലുറപ്പിച്ചു ചിരിയോടെ ആ എഴുപത്തിരണ്ടുകാരി മുന്നിലിരുന്നു, ലീന ജോർജ്.

ADVERTISEMENT

‘‘സ്വന്തം നാടു പന്തളത്തിനടുത്തു തുമ്പമണ്ണാണ്. അച്ഛൻ കെ.എം. മാത്യു മിലിറ്ററി എൻജിനിയറിങ് സർവീസിലായിരുന്നു, അച്ഛന്റെ ട്രാൻസ്ഫറിനനുസരിച്ച് അമ്മ അച്ചാമ്മയും ഞാനും അനിയൻ മനോജും യാത്ര ചെയ്തു. ഊട്ടിയിലായിരുന്നു ആദ്യം. ജാംനഗറിലാണു സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയത്. അഹമ്മദാബാദിൽ നിന്നു പ്ലസ്ടു പാസ്സായി ബെംഗളൂരുവിൽ ബിരുദത്തിനു ചേർന്നു.

ഡിഗ്രി പാസ്സായ പിറകേ വിവാഹം, മദ്രാസ് ഐഐടിയിൽ നിന്നു റാങ്കോടെ എൻജിനീയറിങ് പാസ്സായ രവി ജോർജ് ചെന്നൈയിൽ ജോലി ചെയ്യുന്ന കാലമാണ്. മൂത്ത മകൻ അഭിലാഷ് ജനിച്ചത് അവിടെ വച്ചാണ്. രണ്ടു വർഷം കഴിഞ്ഞു സിറിയയിലേക്കു പോയി. ജോർദാനിൽ വച്ചാണ് ഇളയവൻ ആശിഷ് ജനിച്ചത്. പിന്നെ, ജപ്പാനിലേക്ക്.

സ്വന്തം നാട്ടിൽ ബിസിനസ് എന്നായിരുന്നു രവിയുടെ ആഗ്രഹം. അങ്ങനെ ചെന്നൈയിൽ കമ്പനി തുടങ്ങി. ഇതിനിടെ ഞാൻ ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ പഠിച്ചു. കുറച്ചു വർഷം കൂടി കഴിഞ്ഞു കൊച്ചിയിലേക്കു താമസം മാറി. ഈ വീടിന്റെ പ്ലാൻ വരച്ചതു രവിയാണ്, ഇന്റീരിയറും ലേഔട്ടും ഫർണിച്ചറുമെല്ലാം എന്റെ പ്ലാനും. പാരഡൈൻ എൻ ജിനീയറിങ് സർവീസസിന്റെ അഡ്മിനിസ്ട്രേഷൻ ജോലികളിൽ ഞാനും സജീവമായി.

leenageorgechristmasdecorkochivanithamagazine1

ആശുപത്രി ടു വീട്

ആറേഴു വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 2016ൽ രവിക്ക് കിഡ്നി തകരാർ വന്നു. ഏതാണ്ടു രണ്ടു വർഷത്തോളം ആശുപത്രി വാസം. ആദ്യവർഷം തന്നെ അഞ്ചു സർജറികൾ. ഒടുവിൽ കിഡ്നി ട്രാൻസ്പ്ലാന്റ് വേണമെന്ന തീരുമാനത്തിൽ ഡോക്ടർമാർ എത്തി.

അങ്ങനെയൊരു ദിവസം. രവി  ഐസിയുവിലാണ്, ഞാൻ റൂമിലും. രാത്രി വല്ലാതെ തണുപ്പു തോന്നി പുതപ്പു വലിച്ചിടാ ൻ ശ്രമിച്ചതാണ്. പക്ഷേ, കൈകൾ അനക്കാൻ പോലുമാകാത്തത്ര കഠിനമായ വേദന. നെർവസ് ബ്രേക് ഡൗൺ എന്നെ വല്ലാതെ ഉലച്ചു, ശരീരമാസകലം വേദന. ചികിത്സ തേടി പല ആശുപത്രികൾ കയറിയിറങ്ങി. സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കുമ്പോൾ വേദന അൽപം കുറയും.  

കലയുടെ കൂട്ട്

ആയിടയ്ക്കു കണ്ട ഒരു ഡോക്ടറാണു വേദനയെ പിടിച്ചു നിർത്താൻ കുറച്ചെങ്കിലും സഹായിച്ചത്. ഓരോ പ്രാവശ്യവും ഡോക്ടർ ചോദിക്കും, വേദനയ്ക്ക് എത്ര കുറവുണ്ട്, 75 ശതമാനം ? അങ്ങനെയൊരു ദിവസം ഞാൻ പറഞ്ഞു, ‘ഇപ്പോൾ 25 ശതമാനമേ വേദന ഉള്ളൂ.’

‘ഇനി വേദന കുറയില്ല, പക്ഷേ, ഈ വേദന മറികടക്കാൻ ഒരു വഴിയുണ്ട്.’ ഫൈബ്രോ മയാൾജിയയുടെ വേദന ഒരിക്കലും മാറില്ല എന്നറിയാവുന്നതു കൊണ്ട് കൗതുകത്തോടെയാണ് അതു കേട്ടത്.

ചെറുചിരിയോടെ അദ്ദേഹം അദ്‍ഭുതമരുന്നു കുറിച്ചു, ‘ഇഷ്ടമുള്ള എന്തെങ്കിലും ഹോബി തുടങ്ങുക.’
കിടന്നാൽ എഴുന്നേൽക്കാൻ പോലുമാകാത്ത എന്നെ മക്കളാണു താങ്ങി കട്ടിലിൽ ഇരുത്തുക. അത്ര വേദനയാണു തനിയെ എഴുന്നേറ്റാൽ. ഇഷ്ടമുള്ള കാര്യങ്ങൾ മനസ്സിൽ നിറച്ചാൽ ശരീരവും സന്തോഷിക്കുമെന്ന ഡോക്ടറുടെ ആ വാക്കുകൾ പ്രചോദനമായി.

യുട്യൂബിൽ നോക്കി ആദ്യം ഉണ്ടാക്കിയത് ബോട്ടിൽ ആർട്ട് ആണ്. അതു കണ്ടിഷ്ടപ്പെട്ട സുഹൃത്തിനാണ് അ ടുത്ത വർക് സമ്മാനിച്ചത്. പിന്നെ കുറച്ചെണ്ണം വിൽക്കാൻ വച്ചു. മെഴുകുതിരിയിലും പ്ലേറ്റിലുമൊക്കെ ഡെക്കോപാജ് ചെയ്യാനും മുറ്റത്തുള്ള പലതരം ഇലകൾ കൊണ്ടു ബൊട്ടാണിക്കൽ ഇംപ്രിന്റ് പതിപ്പിക്കാനും സ്റ്റെൻസിൽ വർക് ചെയ്യാനുമൊക്കെ പഠിച്ചു.

ആയിടയ്ക്കാണു കൈകളുടെ വിറയൽ ശ്രദ്ധിച്ചത്. അങ്ങനെ പാർക്കിൻസൺസ് സ്ഥിരീകരിച്ചു. പക്ഷേ, ഹോബി കൈവിട്ടില്ല.

leenageorgechristmasdecorkochivanithamagazine2

ഹാപ്പി ക്രിസ്മസ്

ക്രാഫ്റ്റിനുള്ള വസ്തുക്കൾ കിട്ടുന്നിടത്തു നിന്നൊക്കെ ശേഖരിക്കും. കേടുള്ളതു കൊണ്ടു തടിപ്പണിക്കാർ ഉപേക്ഷിച്ച മരക്കഷണങ്ങൾ കണ്ടപ്പോൾ തലയിൽ ‘ബൾബ്’ മിന്നി. വൃത്താകൃതിയിൽ മുറിച്ചെടുത്തു പോളിഷ് ചെയ്തു ലൈറ്റ് പിടിപ്പിച്ച് കിടിലൻ ലാംപ് ഉണ്ടാക്കി ലിവിങ് റൂമിൽ വച്ചു.

ആയിടയ്ക്കാണ് ക്രിസ്മസിനു വേണ്ടി തീം അനുസരിച്ചു ക്രാഫ്റ്റ് ചെയ്യാമെന്ന ഐഡിയ തോന്നിയത്. ഒക്ടോബർ മാസം മുതൽ ജോലി തുടങ്ങി. 150 എണ്ണം ആയപ്പോൾ മകൻ ആശിഷിന്റെ സഹായത്തോടെ വെബ്സൈറ്റുണ്ടാക്കി വിൽപനയ്ക്കു വച്ചു.

ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തു. മുഴുവൻ പീസുകളും വിറ്റുപോയതോടെ ക്രാഫ്റ്റ് ഹരമായി. വീടിന്റെ മുകൾ നിലയിൽ വർക് ഷോപ് സെറ്റ് ചെയ്തു.
അപ്സൈക്ലിങ്ങാണ് മിക്കവാറും ചെയ്യുന്നത്.  കേടായ ചിമ്മിനി വിളക്കിന്റെ ബേസ് കൊണ്ടു മെഴുകുതിരി സ്റ്റാൻഡ് ഉണ്ടാക്കി. വാച്ച് വാങ്ങിയപ്പോൾ കിട്ടിയ ബോക്സ് ക്രിസ്മസ് ഗിഫ്റ്റ് ബോക്സാക്കി. മരത്തിന്റെ ഉണങ്ങിയ പുറന്തൊലിയും കായും താമരവിത്തും ഉണങ്ങിയ പുല്ലുമൊക്കെ ക്രിസ്മസ് ട്രീയായും ഡെക്കോറായും മാറി.

ക്രാഫ്റ്റ് പോലെ ഇഷ്ടമുള്ള മറ്റൊന്നുണ്ട്, മോഡലിങ്. മൂന്നു പരസ്യങ്ങളിൽ അഭിനയിച്ചു. ഫാഷൻ ഷോയ്ക്കും റാംപ് വാക്കിനും ബോണസാകുന്ന ഈ ലുക്ക് 32 വർഷമായി കൂടെയുണ്ട്. ജപ്പാനിൽ വച്ചാണു മുടി തോളൊപ്പം മുറിച്ചത്.  ഇപ്പോഴും മുടി വെട്ടുന്നത് ‍ഞാൻ തന്നെ. എന്നെ റാംപ് വാക്കിനു സ്റ്റേജിൽ കാണുന്നവർക്കെല്ലാം അദ്ഭുതമാണ്. അതിൽ  ഏറ്റവും സന്തോഷിക്കുന്നത് മരുമക്കളായ ചഞ്ചുവും മഞ്ജുവും കൊച്ചുമക്കളായ നൈറയും ജോഷ്വയുമാണ്.

ഇപ്പോഴും പുളഞ്ഞുപോകുന്ന വേദന കൂടെയുണ്ട്. പ്രിയപ്പെട്ട എന്തിലെങ്കിലും മുഴുകുക എന്നതാണു വിജയമന്ത്രം. രോഗത്തെയും വേദനയെയും അതിജീവിക്കാൻ ദൈവം തന്നതാണ് ഈ ബോണസ് ടൈം. വിറയ്ക്കുന്ന കൈകൾ കൊണ്ടുണ്ടാക്കുന്നവ വിറ്റു കിട്ടുന്ന പണം മുഴുവൻ ചാരിറ്റിക്കു വേണ്ടി മാറ്റിവയ്ക്കുന്നു. അതാണ് എന്റെ വലിയ സന്തോഷം.’’

Spreading Joy Through Handmade Creations:

Crafting as therapy is the focus of this article. Lena George, a 72-year-old from Kochi, overcomes health challenges by creating beautiful crafts and donating the proceeds to charity.

ADVERTISEMENT