ADVERTISEMENT

‌‌‌ചിലപ്പോൾ വത്സലാമ്മയ്ക്കു തോന്നും; ‘ഓരോ തേനീച്ചക്കൂടും ആൾത്താമസമുള്ള ഓരോ  വീടുപോലെയാണെന്ന്! റേഷൻകാർഡിന്റെ ഉടമസ്ഥാവകാശം ഗൃഹനാഥയ്ക്കാണല്ലോ. അതുപോലെ തന്നെ തേനീച്ചകളുടെ വീട്ടിലുമുണ്ടാകും ആ കൂടിന്റെ ഉടമസ്ഥാവകാശമുള്ള ഒരു രാജ്ഞി. കെട്ടിയടച്ച ഓരോ തേനറകളും ഫ്ലാറ്റിനെയോ കൂട്ടുകുടുംബത്തെയോ ഓർമിപ്പിക്കും. രാവിലെ തന്നെ ഓരോരുത്തരും ജോലിക്കിറങ്ങും. പിന്നെ, സമ്പാദ്യമായി നേടിയ തേൻതുള്ളികളുമായി വീട്ടിലേക്കു മടങ്ങും. ഇതുകൊണ്ടൊക്കെയാകാം ഓരോ തേൻ കൂടും ആൾത്താമസമുള്ള വീടു പോലെയാണെന്നു വത്സലാമ്മ പറയുന്നത്.

രണ്ടു പതിറ്റാണ്ടിലേറെയായി തേനീച്ചവളർത്തലാണ് 65 പിന്നിട്ട വത്സലാമ്മയുടെ ഉപജീവനമാർഗം. പ്രതിസന്ധികളിൽ തളരാതെ പിടിച്ചു നിന്നതും ഇപ്പോൾ ഈ വാർധക്യം മനോഹരമാക്കുന്നതിനും പിന്നിൽ ഈ തേൻകൂടുകൾ തന്നെ. എങ്കിലും വത്സലാമ്മ കൂടെക്കൂടെ  പറയും; ‘തേൻ എപ്പോഴും മധുരിക്കാറില്ല കേട്ടോ. ചിലപ്പോഴൊക്കെ കയ്ക്കുകയും ചെയ്യും.’അങ്ങനെ പറയാനും കാരണമുണ്ട്; അവർ കടന്നു വന്ന ജീവിതവഴികളെക്കുറിച്ചറിയുമ്പോൾ നമുക്കും മനസ്സിലാകും തേൻ എപ്പോഴും മധുരിക്കാറില്ലെന്ന്.

ADVERTISEMENT

പേരിൽ മാത്രം സന്തോഷത്തിന്റെ വീട്

മലയാളസിനിമയുടെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ നാടായ ചിറയിൻകീഴിൽ, ശാർക്കര ദേവീക്ഷേത്രത്തിനു തൊട്ടടുത്തു ഗൗരീശങ്കരമഠത്തിൽ ഭാസ്കരപിള്ളയുടെയും സുമതിക്കുട്ടിയമ്മയുടെയും അഞ്ചു പെൺമക്കളിൽ മൂന്നാമത്തെയാളാണു വത്സലാമ്മ.

ADVERTISEMENT

നാട്ടിൽ തന്നെ ചെറിയ ബിസിനസായിരുന്നു ഭാസ്കരപിള്ളയ്ക്ക്. അദ്ദേഹം സ്ഥാപിച്ച ജയ്ഹിന്ദ് ടെക്സ്‌റ്റൈൽസ് ഇപ്പോഴും ചിറയിൻകീഴിൽ പ്രവർത്തിക്കുന്നു. ഏകദേശം 80 വർഷത്തോളം പഴക്കമുണ്ട് ആ കടയ്ക്ക്. വത്സലാമ്മയുെട ഒരേയൊരു സഹോദരനാണ് ഇപ്പോൾ അതിന്റെ മേൽനോട്ടം.

കിളിമാനൂർ നഗരൂരിനടുത്തു വെള്ളംകൊള്ളിയിലേക്കാണു വത്സലാമ്മയെ വിവാഹം ചെയ്തയച്ചത്. പ്ലസന്റ് ഹൗസ് എന്നായിരുന്നു ആ വീടിന്റെ പേര്. പക്ഷേ, സന്തോഷം വീട്ടുപേരിൽ മാത്രമായിരുന്നു എന്ന് വൈകാതെ തിരിച്ചറിഞ്ഞു. രണ്ടു മക്കളായ ശേഷം ഭർത്താവു വേറെ വിവാഹം ചെയ്തു. പിന്നെ, കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നാളുകൾ.

ADVERTISEMENT

ജീവിതം നൽകിയ കടന്നൽക്കുത്തിൽ ഉലഞ്ഞുപോ യെങ്കിലും മക്കളെ ചേർത്തുപിടിച്ചു വത്സലാമ്മ പൊരുതാൻ തന്നെ തീരുമാനിച്ചു. പാറമുക്ക് ജംക്‌ഷനിൽ ചെറിയൊരു സ്റ്റേഷനറി കട തുടങ്ങി. അഞ്ചു വർഷം ആ കടയുടെ പച്ചപ്പിൽ നീങ്ങി. ചെലവുകൾ വർധിച്ചപ്പോൾ ആടിനെയും പശുവിനെയും വളർത്തി. ഇൻഷുറൻസ് ഏജന്റായി ജോലി ചെയ്തു. രണ്ടു മക്കളെയും പഠിപ്പിച്ചു. അവരെ വിവാഹം കഴിപ്പിച്ചു. അവരെ  ഓരോരോ കരയിലെത്തിച്ചു.

അങ്ങനെ കയ്പേറിയ കാലം കടന്നു മധുരമായി വത്സലാമ്മയുടെ ജീവിതത്തിലേക്ക് എത്തിയതാണു തേനീച്ച കൃഷി. കിളിമാനൂർ പഞ്ചായത്തു സംഘടിപ്പിച്ച ഒരു തേനീച്ച വളർത്തൽ പരിശീലന പരിപാടിയി ൽ ആദ്യം പങ്കെടുത്തു. അവിടെ നിന്നു കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിൽ പത്തു തേനീച്ചക്കൂടുകൾ വാങ്ങിയെങ്കിലും തുടക്കം പാളി. കൂടുവിട്ടു പറന്നുപോയ തേനീച്ചകൾ ആദ്യം വത്സലാമ്മയെ പറ്റിച്ചു. അവർ പക്ഷേ, നിരാശപ്പെട്ടില്ല. കഠിനാധ്വാനികളായ തേനീച്ചയെപ്പോലെ വീണ്ടും വീണ്ടും പരിശ്രമിച്ചു. അങ്ങനെ രണ്ടാം വർഷം നൂറു കിലോഗ്രാമിലധികം തേൻ ശേഖരിച്ചുകൊണ്ടു വത്സമ്മ മധുരമായി വിളവെടുത്തു.

valsamma-hard-work-story-18

വേദനിപ്പിക്കുന്ന തേൻമുള്ളുകൾ

മുന്നിൽ നിന്നായാലും പിന്നിൽ നിന്നായാലും ഒരുപോലെ വേദനാജനകമാണു േതനീച്ചക്കുത്ത്. തേനീച്ചക്കൃഷിയിൽ മറ്റെല്ലാ ബുദ്ധിമുട്ടുകളും സഹിക്കാം. പക്ഷേ, പെരുംതേനീച്ചയുടെ കുത്തുമാത്രം സഹിക്കാൻ പറ്റില്ല. േതനീച്ചയുടെ വിഷാംശമുള്ള കൊമ്പുകൾ ശരീരത്തിൽ തുളച്ചുകയറും. പലർക്കും ഇത് അലർജിയും മറ്റ് അനുബന്ധരോഗങ്ങളും ഉണ്ടാക്കാം.

‘‘തേനീച്ചക്കുത്ത് പണ്ടേ വലിയ പ്രശ്നമാക്കാറില്ല ഞാ ൻ. േതനീച്ച കുത്തുമ്പോൾ ശരീരത്തിനാണു വേദന.  അതിനെക്കാൾ വലിയ വേദനയുള്ള കുത്തുകൾ മനസ്സിനു കിട്ടുമ്പോൾ തേനീച്ചക്കുത്ത് എത്രയോ നിസ്സാരം.’’ വത്സലാമ്മ പറയുന്നു.

വത്സലാമ്മയുടെ നേതൃത്വത്തിൽ കർഷകരുടെ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ‘ചിറ്റാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി.’ അതിന്റെ ഡയറക്ടറാണു വത്സലാമ്മ. ‘‘ഞങ്ങൾ ശുദ്ധമായ തേൻ ആണ് ഉൽപാദിപ്പിക്കുന്നത്.  മൂല്യവർധിത ഉൽപന്നങ്ങളുമുണ്ട്. പക്ഷേ, പലപ്പോഴും ഉൽപാദനത്തിന് അനുസരിച്ചുള്ള വിപണി കിട്ടാറില്ല. കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ വന്നാൽ അടുത്ത പ്രാവശ്യത്തെ കൃഷിയെ അതു ബാധിക്കും. വിപണി കണ്ടെത്താനുള്ള മാർഗം കൂടി കൃഷിപരിശീലന പരിപാടികൾക്കൊപ്പം സർക്കാർ തന്നിരുന്നെങ്കിൽ വലിയ സഹായമായേനെ.’’ വത്സലാമ്മയുടെ വാക്കുകളി ൽ സങ്കടം നിറഞ്ഞു.

‘‘തേൻനെല്ലിക്കയും തേൻകാന്താരിയും ഒക്കെയുണ്ടെങ്കിലും ഏറ്റവും ഡിമാൻഡ് തേനിന്റെ മെഴുകിൽ നിന്ന് ഉ ണ്ടാക്കുന്ന സോപ്പിനാണ്. ശുദ്ധമായ വെളിച്ചെണ്ണയാണ് അതിനുവേണ്ടി ഉപയോഗിക്കുന്നത്.

കാട്ടുപന്നികളെക്കൊണ്ടു പൊറുതിമുട്ടിയ കർഷകർക്ക് സന്തോഷമുണ്ടാക്കുന്ന ഒരു കാര്യം കൂടി പറഞ്ഞു വത്സലാമ്മ. തേനീച്ച കൂട് ഉളള പറമ്പിൽ കാട്ടുപന്നികളുടെ ശല്യം കുറവായിരിക്കുമെന്ന്. അതിനുകാരണം മനുഷ്യർക്ക് പെട്ടെന്ന് കേൾക്കാൻ കഴിയാത്ത ഒരാരവം തേനീച്ചക്കൂടിൽ നിന്ന് ഉണ്ടാകാറുണ്ടെന്ന്. ഈ ശബ്ദം കേൾക്കുന്ന സ്ഥലത്തു കാട്ടുപന്നികൾ വരില്ലത്രേ! ഈ പറഞ്ഞതിന് എത്രമാത്രം ശാസ്ത്രീയ അടിത്തറയുണ്ട് എന്നറിഞ്ഞുകൂടാ. പ ക്ഷേ, അങ്ങനെയാണു പലരും പറയുന്ന അനുഭവങ്ങൾ.

valsalamma-63

‘‘50 കോഴികളെ കൂട്ടിലിട്ടു വളർത്താൻ സൗകര്യമുണ്ടെങ്കിലും അതു ചെയ്യാൻ മടിയുള്ളവരാണു പലരും. നിലവിലുള്ള വരുമാനത്തിനു പുറമേ ചെറുതായി എന്തെങ്കിലും കൂ ടി നേടാൻ കഴിഞ്ഞാൽ അതു കുടുംബത്തിലുണ്ടാക്കുന്ന സന്തോഷം ചെറുതാകില്ല.’’ വത്സലാമ്മ ഓർമിപ്പിക്കുന്നു.

‘‘എന്റെ അമ്മ സുമതിക്കുട്ടി തറവാട്ടുവീട്ടിലാണ് താമസം. ഞാൻ പ്ലസന്റ് ഹൗസിൽ മകൾ അനുവിനും പേരക്കുട്ടികൾക്കുമൊപ്പം. മകൻ മനോജിനു ഗൾഫിലാണ് ജോലി.  വാർധക്യം വിരസമാകാതിരിക്കാൻ ഒരു വഴിയേയുള്ളൂ. ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുക.

ജീവിതത്തിനു ക്ഷീണമുണ്ടാവുമ്പോൾ തേനീച്ച വള ർത്തുന്നതു പോലെയുള്ള ജോലികളിൽ ഏർപ്പെട്ടു നോക്കൂ. മെല്ലെ മെല്ലെ നമുക്കു കരകയറാന്‍ കഴിയും. സ്വയം വ ർധിക്കുന്ന കൃഷി കൂടിയാണു തേനീച്ചക്കൃഷി.

ചില രാഷ്ട്രീയപാർട്ടികളെ കുറിച്ചു പറയും പോലെയാണത്. വളരും തോറും പിളരും. പിന്നെയും വളരും. അതു ക ർഷകനു ലാഭകരമാണ്.

പുതിയ റാണിയും സംഘവും ഉണ്ടാകുമ്പോൾ പുതിയ കൂട്ടിലേക്കു മാറ്റണം. കൂട്ടുകുടുംബങ്ങൾ അണുകുടുംബങ്ങളായി മുന്നോട്ടു പോകും പോലെ.’’ അതുകൊണ്ടൊക്കെയാകാം വത്സലാമ്മ പറയുന്നത്; തേനീച്ചകൾ പല   പ്പോഴും മനുഷ്യരെപ്പോെലയാണെന്ന്.  

ഫോട്ടോ : അരുൺ സോൾ

ADVERTISEMENT