ബ്ലേഡ് കൊണ്ട് മുറിവുണ്ടാക്കി, ശ്വാസനാളത്തിൽ സ്ട്രോ കടത്തിവിട്ട് ജീവൻ തിരിച്ചു പിടിച്ചു: രക്ഷകരായി ഡോക്ടര്‍മാർ Doctors Save Biker's Life After Accident
Mail This Article
മരണം പടിവാതിൽക്കലെത്തിയപ്പോൾ യുവാവിനു രക്ഷകരായി 3 യുവ ഡോക്ടർമാർ. ഞായർ രാത്രി 8.30ന് ഉദയംപേരൂർ വലിയകുളത്തിനു സമീപമുണ്ടായ ബൈക്കപകടത്തിൽ പരുക്കേറ്റ കൊല്ലം സ്വദേശി ലിനുവിനാണു ഡോക്ടർമാർ രക്ഷകരായത്. ലിനു സഞ്ചരിച്ച സ്കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിൻ, വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റു ശ്വാസമെടുക്കാൻ കഴിയാത്ത നിലയിലായ ലിനുവിനെ അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി. മനൂപും അപകടം കണ്ടു വാഹനം നിർത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ചേർന്നാണു രക്ഷപ്പെടുത്തിയത്. നടുറോഡിലെ വെളിച്ചത്തിൽ, നാട്ടുകാർ സംഘടിപ്പിച്ചു നൽകിയ ബ്ലേഡ് കൊണ്ട് ഡോ.മനൂപ്, ലിനുവിന്റെ കഴുത്തിൽ ഒരു മുറിവുണ്ടാക്കി.
ശ്വാസനാളത്തിലേക്കു ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചു പിടിച്ചു. സഹായിക്കാൻ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ. തോമസും ഒപ്പംനിന്നു. തുടർന്ന് ആംബുലൻസിൽ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ.മനൂപ് ജീവൻ നിലനിർത്താനായി കൂടെനിന്നു. ലിനുവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.