‘എന്നേയും ശ്രീനിവാസനെയും രണ്ടു കൈകൾ കൊണ്ടു ലാൽ ചേർത്തു പിടിച്ചു’: കണ്ണുനനയിച്ച നിമിഷം: സത്യൻ അന്തിക്കാട് A Tribute to Sreenivasan: An Era Ends
Mail This Article
ആ ചിതയെരിയുമ്പോൾ സിനിമയെ ജീവശ്വാസമാക്കിയവരുടെ ഉള്ളും പിടയുകയാണ്. മലയാളി ജീവിതങ്ങളെ ഒരു ദർപണത്തിലെന്ന പോലെകാണിച്ചു തന്ന ശ്രീനിവാസൻ അഗ്നിയിൽ അമരുമ്പോൾ ഒരു കാലഘട്ടം കൂടി അവസാനിക്കുകയാണ്. ആ ഓർമകളെ സിനിമ ലോകം ഹൃദയത്തോടു ചേർക്കുമ്പോൾ ഹൃദ്യമായൊരു ഓർമചിത്രം വനിതയും പങ്കുവയ്ക്കുകയാണ്. സംവിധായകൻ സത്യൻ അന്തിക്കാടാണ് ശ്രീനിയെന്ന നിഷ്ക്കളങ്ക ഹൃദയത്തെ ഓർത്തെടുത്തത്. മോഹൻലാലുമായി ഹൃദയം ചേർന്നൊഴുകിയ സൗഹൃദത്തിന്റെ കഥ പറയുന്നതിനിടെയാണ് ശ്രീനി–ലാൽ സൗഹൃദത്തക്കുറിച്ച് സത്യൻ അന്തിക്കാട് വാചാലനായത്.
വനിത 2025 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്നും...
ലാലും ശ്രീനിയും പിന്നെ ഞാനും
മുളന്തുരുത്തിക്ക് അടുത്ത് ഷൂട്ടിങ് നടന്ന ഒരു രാത്രി ശ്രീനിവാസൻ ലൊക്കേഷനിൽ വന്നു. അതൊരു വൈകാരികനിമിഷമായിരുന്നു. എന്നേയും ശ്രീനിവാസനെയും രണ്ടു കൈകൾ കൊണ്ടു ലാൽ ചേർത്തു പിടിച്ചു. ഞങ്ങളൊരുമിച്ചു ചെയ്ത സിനിമകൾ ഫ്ലാഷ്ബാക്കിലെന്ന പോലെ മ നസ്സിൽ മിന്നിമറിഞ്ഞു. ലാലിന്റെ കണ്ണുകൾ നിറയുന്നത് എനിക്കു കാണാമായിരുന്നു.
കുറച്ചു മുൻപ് ഏതോ ചാനൽ അഭിമുഖത്തിൽ സിനിമയിലൂടെ ശ്രീനിവാസൻ താങ്കളെ കുറേ കളിയാക്കുന്നുണ്ടല്ലോ എന്ന് മോഹൻലാലിനോടു ചോദിച്ചു; തികഞ്ഞ ഗൗരവത്തോടെ ലാൽ പറഞ്ഞു; ‘അതുമാത്രമല്ലേ നിങ്ങൾ കണ്ടിട്ടുള്ളു. എത്രയോ സിനിമകളിൽ എത്രയെത്ര മികച്ച കഥാപാത്രങ്ങൾ ശ്രീനിയെനിക്കു തന്നിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് എ്രതയോ നല്ല സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ സൗഹൃദത്തിനും സ്നേഹത്തിനും അപ്പുറത്തു മറ്റൊന്നും ഞങ്ങളെ ബാധിക്കാറില്ല.’
അഭിമുഖകാരന്റെ ചോദ്യമുന ഒടിഞ്ഞു.
വിജയവും പരാജയവും നിസ്സംഗതയോടെ കാണാനുള്ള കഴിവുണ്ട് മോഹൻലാലിന്. ‘തുടരും’ എന്ന സിനിമ റിലീസ് ചെയ്യുമ്പോൾ ഞങ്ങൾ ‘ഹൃദയപൂർവ്വ’ത്തിന്റെ ഷൂട്ടിങ്ങിനായി പുണെയിലാണ്.
സംഗീതയും മാളവികയും സംഗീത്പ്രതാപുമൊക്കെയുള്ള രസകരമായ ഒരു രംഗം എടുത്തു കൊണ്ടിരിക്കെ നാട്ടിൽ നിന്നു തുരുതുരാ ഫോണുകൾ വരുന്നു.
