‘അച്ഛൻ എന്നെ കെട്ടിപ്പിടിച്ചിട്ടുള്ള സന്ദർഭങ്ങളൊക്കെ ഞാൻ ഓർത്തുവയ്ക്കാറുണ്ട്’: നോവായി വിനീതിന്റെ ആ വാക്കുകൾ
Mail This Article
ജീവിതം ക്യാമറക്കണ്ണിലാക്കിയ നടനും എഴുത്തുകാരനുമായ പ്രതിഭ ശ്രീനിവാസന് നാട് യാത്രായൊഴിയേകിയിരിക്കുന്നു. അനശ്വര കലാകാരനെ നാട് ഹൃദയത്തോടു ചേർത്തു വയ്ക്കുമ്പോൾ അച്ഛനെക്കുറിച്ച് മകന് എന്താകും പറയാനുണ്ടാകുക? വിനീത് ശ്രീനിവാസന്റെ അച്ഛനോർമകൾ അദ്ദേഹത്തിന്റെ സിനിമകൾ പോലെ സുന്ദരമാണ്. നൊസ്റ്റാൾജിയയുടെ ചിറകിലേറി അച്ഛനെക്കുറിച്ച് വിനീത് വനിതയോടു പങ്കുവച്ച വാക്കുകൾ. ആ ഓർമകൾക്കു മുന്നിൽ ആദരമായി ഒരിക്കൽ കൂടി. വനിതയിൽ 2022ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രസക്തഭാഗം.
––––
വിനീത് ശ്രീനിവാസന് കഷ്ടിച്ച് രണ്ടു വയസ്സുള്ളപ്പോഴാണ് സംഭവം. സിനിമയുെട ഈറ്റില്ലം അന്നു ചെെെന്നയായിരുന്നെങ്കിലും ശ്രീനിവാസനും കുടുംബവും കണ്ണൂരിലെ വാടകവീട്ടിലായിരുന്നു താമസം. വിനീത് അന്നു നല്ല കുസൃതിക്കാരനാണ്. കരച്ചിലാണ് പ്രധാന ആയുധം.
വല്ലപ്പോഴും വീട്ടിൽ വന്നുപോകുന്ന ശ്രീനിവാസൻ ഇതൊന്നും അറിയുന്നില്ലെങ്കിലും വിമലടീച്ചർ നന്നായി ബുദ്ധിമുട്ടി. വിനീതിനെ മര്യാദരാമനാക്കാൻ ടീച്ചർ പലവഴികളും ആലോചിച്ചു. ആദ്യശ്രമങ്ങൾ പരാജയപ്പെട്ടു.
അവസാനം കണ്ടെത്തിയ ഉപായത്തിൽ പക്ഷേ, വിനീത് വീണു. ആകാശവാണിയായിരുന്നു വിനീതിനെ ആ ദ്യം കീഴടക്കിയത്. പ്രത്യേകിച്ചും ചലച്ചിത്രഗാനങ്ങൾ. പാട്ടു കേട്ടാൽ ആളു നിശബ്ദനാകും. പിന്നീട് മറ്റൊന്നിലും ശ്രദ്ധയില്ല. ചിലപ്പോൾ കൂടെപ്പാടാൻ ശ്രമിക്കും. താളം പിടിക്കും.
അങ്ങനെ പാട്ടുകെണിയിൽ വിനീത് വീണെങ്കിലും അടുത്ത പ്രശ്നം തലപൊക്കി. ആകാശവാണിയിൽ എപ്പോഴും പാട്ടുകളില്ല, ആ സമയത്ത് എന്തുെചയ്യും.?
പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയ ശ്രീനിവാസൻ പാനസോണിക്കിന്റെ ടേപ് റിക്കോർഡറും കുറേ കസെറ്റുകളും ചെെെന്നയില്‍ നിന്നു കൊണ്ടുവന്നു. ടേപ് റിക്കോർഡർ സ്വീകരണമുറിയിലെ സ്റ്റാൻഡിൽ ഉറപ്പിച്ചുവച്ചു. കസെറ്റിട്ടു പാട്ടു വച്ചു കൊടുത്താൽ പിന്നെ, വി നീതിന് മറ്റൊരു ശ്രദ്ധയുമില്ല. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് സിനിമ കാണുന്നതുപോലെ ടേപ് റിക്കോർഡറിൽ ത ന്നെ നോക്കിയിരിക്കും.
ഒരിക്കൽ വീട്ടുകാർ കാണുന്ന മറ്റൊരു കാഴ്ച, കസെറ്റിന്റെ ടേപ് പുറത്തേക്കു വലിച്ചെടുത്ത് കണ്ണിനോടു ചേ ർത്ത് പാട്ടുകാണാൻ ശ്രമിക്കുന്ന വിനീതിനെയാണ്.
‘ഹൃദയം’ എന്ന സിനിമയിൽ കസെറ്റുവള്ളികൾ കൊണ്ട് ഗൃഹാതുരമായ ഒരു രംഗമൊരുക്കുമ്പോൾ വിനീത് ഒാര്‍ത്തിരുന്നില്ല, രണ്ടാം വയസ്സിെല തന്റെ ‘വീരസാഹസങ്ങൾ.’
പ്രണയം വളരെ തീവ്രമായി കൈകാര്യം ചെയ്ത ആളാണ് ശ്രീനിവാസൻ. വിനീതും പ്രണയം നന്നായി പറയുന്നുണ്ട്. അച്ഛന്റെ സ്വാധീനമുണ്ടോ ഈ വിഷയത്തിൽ?
അച്ഛന്‍ പ്രണയിച്ചു വിവാഹം കഴിച്ച ആളാണ്. ഞാ നും അങ്ങനെ തന്നെയാണ്. അതാണ് ഞങ്ങൾ തമ്മിലുള്ള സാമ്യം. സിനിമയിൽ ഞങ്ങളുടെ സമീപനങ്ങൾ വ്യത്യസ്തമെന്നാണ് എനിക്കു തോന്നുന്നത്.
അച്ഛന്റെ സിനിമകളിൽ പ്രണയം പറയാതെ പറയുകയാണ്. ഒരു വാക്ക്, ഒരു നോട്ടം ഇത്രയൊക്കെ മതി അച്ഛന് പ്രണയം പറയാൻ. ഞാൻ അങ്ങനെയല്ല. എ നിക്കു പ്രണയം ആഘോഷമാണ്. പാട്ടും ഡാൻസും അലറിവിളിക്കലും നിറങ്ങളും... അങ്ങനെ ഞാൻ പ്രണയത്തെ ഉത്സവമാക്കുന്ന ആളാണ്.
‘അച്ഛനിലെ എഴുത്തുകാരനെയാണ് ഇഷ്ടം’ എന്നു പ റഞ്ഞിട്ടുണ്ട്. മകൻ എഴുതാനിരിക്കുമ്പോഴുള്ള മാനസികാവസ്ഥ എന്താണ്?
ശരിക്കും പറഞ്ഞാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി എഴുത്താണ്. എഴുത്തിന് ആവശ്യം അറിവു മാത്രമല്ല നിരീക്ഷണവുമാണ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാരണം ഒരു വാക്കിൽ നിന്ന് ഒരാളിന്റെ സ്വഭാവം പിടിച്ചെടുക്കാം. ഒരു ഉദാഹരണം പറയാം. ‘ഇരകൾ’ എന്ന സിനിമയിൽ തിലകൻ േചട്ടന്റെ വീട്ടിലേക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ വരുന്നുണ്ട്. വീട്ടിൽ ആരെങ്കിലും വന്നാൽ ‘ഇരിക്കൂ’ എന്നാണു നമ്മൾ പറയുന്നത്. എന്നാൽ തിലകൻ ചേട്ടന്റെ കഥാപാത്രം പറയുന്നത് ‘ഇരിക്കാം’ എന്നാണ്. വേണമെങ്കിൽ ഇരിക്കാം എന്നർഥം.
ആ കഥാപാത്രത്തിന്റെ ഉള്ളിലുള്ള അഹങ്കാരം ആ ഒറ്റ വാക്കിലൂടെ പുറത്തുവന്നു. അതാണ് എഴുത്തിെന്‍റ ശക്തി.
‘ചിത്രം’ എന്ന പ്രിയദർശൻ സിനിമയിൽ മോഹൻലാൽ ഫൊട്ടോഗ്രഫറാണ്. ‘ഹൃദയ’ത്തിൽ പ്രണവിനെ ഫൊട്ടോഗ്രഫറാക്കിയത് മനഃപൂർവമാണോ?
പലരും പറയുന്നുണ്ട് പ്രണവ് ഫോട്ടോ എടുക്കുന്ന സീൻ കാണുമ്പോഴൊക്കെ ലാലേട്ടനെ ഓർമ വന്നു എന്ന്. ഷൂട്ടിങ്ങിനിടയിൽ ഞങ്ങൾക്കും അതു തോന്നിയിരുന്നു. ഫൊട്ടോഗ്രഫറാണു പ്രധാന കഥാപാത്രമെന്നതു കൊണ്ട് എനിക്കും ആദ്യമേ തോന്നിയിരുന്നു, ഒരു കുട്ടിലാലേട്ടനെ ചിലപ്പോൾ ഈ സിനിമയിലൂടെ കാണാൻ കഴിയുമെന്ന്. പല സീനുകളിലും ലാലേട്ടനാണോ മുന്നിൽ നിൽക്കുന്നതെന്നു തോന്നിയിട്ടുണ്ട്. പ്രത്യേകിച്ചും പച്ച ഷർട്ടും കസവുമുണ്ടുമുടുത്ത് വരുന്ന സീനിലേക്ക് പ്രണവ് വന്നപ്പോൾ ശരിക്കും ലാേലട്ടൻ വന്ന ഫീലായിരുന്നു.
എന്റെ അടുത്ത സുഹൃത്തിന്റെ സ്വാധീനമാണ് ആ ക ഥാപാത്രത്തെ ഫൊട്ടോഗ്രഫറാക്കിയത്. ഡാനി എന്നാണ് അവന്റെ പേര്. ചെന്നൈയിൽ ഞങ്ങൾ ഒരുമിച്ചാണു പഠിച്ചത്. ഐടി കമ്പനിയിൽ ലക്ഷങ്ങൾ പ്രതിഫലമുള്ള ആളായിരുന്നു. അതുപേക്ഷിച്ച് അവൻ ഫൊട്ടോഗ്രഫറായി. ഡാനിയാണ് ‘ഇന്റിമേറ്റ് വെഡ്ഡിങ്ങി’നെക്കുറിച്ച് എന്നോടു പറയുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് സ്വകാര്യമായി നടത്തുന്ന ചടങ്ങാണ് ഇന്റിമേറ്റ് വെഡിങ്. ഇന്ത്യയിൽ ഉടനീളം അതു നടക്കുന്നുണ്ട്. ഡാനിക്ക് അങ്ങനെയുള്ള വിവാഹങ്ങൾ ഷൂട്ട് ചെയ്യാൻ ഇഷ്ടവുമാണ്. യഥാർഥത്തിൽ ഡാനിയിൽ നിന്നാണ് ഈ സിനിമയുടെ രണ്ടാംപകുതി എനിക്കു കിട്ടുന്നത്.
ശ്രീനിവാസൻ സിനിമകളിൽ കാണുന്ന ചില സാമൂഹികവിമർശനങ്ങൾ വിനീതിന്റെ സിനിമകളിലുമുണ്ട്?
അത് ബോധപൂർവം കൊണ്ടുവരുന്നതല്ല, വന്നുപോകുന്നതാണ്. ഞങ്ങൾ ചെന്നൈയിൽ പഠിക്കുന്ന സമയത്ത് ക ണ്ട ഒരു പ്രത്യേകതയാണ്. ഉച്ചത്തിൽ ഇംഗ്ലിഷ് സംസാരിക്കുന്നവരെ പല മലയാളികൾക്കും പേടിയാണ്. എനിക്കും പേടിയാണ്. അതെന്തുകൊണ്ടെന്ന് എനിക്ക് അറിഞ്ഞുകൂടാ. ഈസ്റ്റ് ഇന്ത്യാ കമ്പനി കേരളത്തിൽ വന്ന് നമ്മളെ ഭരിക്കാൻ കാരണം മലയാളികൾക്ക് ഇംഗ്ലിഷിനോടുള്ള പേടി കൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. ആയുധബലം കൊണ്ടോ ആൾബലം കൊണ്ടോ ഒന്നുമല്ല ബ്രിട്ടീഷുകാർ നമ്മളെ ഭരിച്ചത്. നമുക്ക് ഇംഗ്ലിഷിനെ പേടിയായിരുന്നതുകൊണ്ടാണ്.
‘സന്ദേശം’ ഏറെ സ്വാധീനിച്ച സിനിമയാണെന്നു പറഞ്ഞിട്ടുണ്ട്. പൊളിറ്റിക്കൽ സറ്റയർ ചെയ്യാൻ സാധ്യതയുണ്ടോ?
‘സന്ദേശം’ പോലെ ഒരു സിനിമ എഴുതാൻ എനിക്കു കഴിയില്ല. അതു വേറൊരു റേഞ്ചിൽ നിൽക്കുന്ന സിനിമയാണ്. നല്ല തമാശ ആസ്വദിക്കാനുള്ള മനസ്സ് മലയാളിക്ക് ഇപ്പോഴുമുണ്ടെന്നു തന്നെയാണ് കരുതുന്നത്. ചില സിനിമകൾ കണ്ട് എന്നെ ചില രാഷ്ട്രീയനേതാക്കളൊക്കെ വിളിക്കും. ആ സീൻ ഞങ്ങൾക്കിട്ട് കൊട്ടിയതാണെന്നു മനസ്സിലായി, സാരമില്ല അതൊക്കെ ഞങ്ങൾ തമാശകളായി മാത്രമേ കാണുന്നുള്ളൂ എന്നൊക്കെ പറയും.
ട്രോളുകൾ എല്ലാ പാർട്ടിക്കാരും ആസ്വദിക്കുന്നുണ്ട്. ഇ തൊക്കെ കാണുമ്പോൾ വിശ്വാസങ്ങളെ വ്രണപ്പെടുത്താത്ത പൊളിറ്റിക്കൽ സറ്റയർ ആൾക്കാർ സ്വീകരിക്കും എന്നാണു തോന്നുന്നത്.
‘തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികനാ’ണ് വിനീത് ശ്രീനിവാസൻ. എന്താണ് ഇതിന്റെ രഹസ്യം?
അയ്യോ? അത്രയ്ക്കൊന്നും വേണ്ട. അങ്ങനെയുള്ള രഹസ്യങ്ങളുമില്ല. നമ്മൾ ഒരു ജോലി ചെയ്യുമ്പോൾ അത് ആ ത്മാർഥമായി ചെയ്യുന്നു. പിന്നെ, ചുറ്റുമുള്ള മനുഷ്യരെ സ്നേഹിക്കുന്നു. ഒറ്റയ്ക്കൊറ്റയ്ക്ക് എടുത്താൽ മനുഷ്യർ എത്ര സുന്ദരമായ സങ്കൽപമാണ്. നമുക്കു ചുറ്റും വെറുതെ നോക്കിയാൽ മതി. ഇത്രയും കഴിവുകളുള്ള വേറെ ഏതു ജീവിയുണ്ട് ദൈവസൃഷ്ടിയിൽ.
വി. ആർ. ജ്യോതിഷ്
ഫോട്ടോ: ബിജിത് ധർമ്മടം
