നികൃഷ്ടരേ... ഈ മക്കളോട് നിങ്ങളെന്തു മറുപടി പറയും? തണുത്ത് മരവിച്ച് അച്ഛന് മോർച്ചറിയിൽ: നോവായി അനൂജും ആകാശും Mob Lynching Victim: Family Seeks Justice
Mail This Article
വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട അതിഥിത്തൊഴിലാളി രാമനാരായൺ ഭാഗേലിന്റെ മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിച്ചു ഭാര്യയും മക്കളുമടക്കമുള്ള ബന്ധുക്കൾ. കൊലപാതക വിവരമറിഞ്ഞു ഛത്തീസ്ഗഡ് ശക്തി ജില്ലയിലെ കർഹി ഗ്രാമത്തിൽ നിന്നു ഭാര്യ ലളിത, മക്കളായ അനൂജ് (8), ആകാശ് (10), ലളിതയുടെ മാതാവ് ലക്ഷ്മിൻഭായ് എന്നിവരാണു ട്രെയിൻമാർഗം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞു പൊട്ടിക്കരഞ്ഞു തളർന്ന ഇവരെ ആശ്വസിപ്പിക്കാനോ വേണ്ട സഹായങ്ങളൊരുക്കാനോ ആദ്യം ഉന്നത ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ എത്തിയില്ല.
ആൾക്കൂട്ടക്കൊലപാതകക്കേസ് ചുമത്തണമെന്നതടക്കം വിവിധ ആവശ്യങ്ങളിൽ ഉറപ്പു ലഭിക്കുന്നതുവരെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ഇവർ അറിയിച്ചു. വൈകിട്ട് എട്ടു മണിയോടെ പാലക്കാട് ആർഡിഒ കെ. മണികണ്ഠൻ എത്തിയെങ്കിലും നഷ്ടപരിഹാരം അടക്കമുള്ള ആവശ്യങ്ങളിൽ തീരുമാനമായില്ല. ബന്ധുക്കൾ രാത്രി വൈകിയും ആശുപത്രി മോർച്ചറിക്കു മുന്നിൽ ഇരിപ്പു തുടരുകയാണ്. രാമനാരായൺ ഭാഗേലിന്റെ സഹോദരൻ ശശികാന്തും ബന്ധു രഥ്റാമും ചേർന്നാണു ലളിതയെയും അമ്മയെയും കുട്ടികളെയും തൃശൂരിലെത്തിച്ചത്. വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ ഇവർക്കു തുണയായി ഒപ്പമെത്തിയിരുന്നു. ഉച്ചയ്ക്കു മൂന്നരയോടെ ഇവർ ആശുപത്രി മോർച്ചറിയിൽ കയറി മൃതദേഹം തിരിച്ചറിഞ്ഞു.
മൃതദേഹം ഏറ്റെടുത്ത് ഇവർ ഛത്തീസ്ഗഡിലേക്കു മടങ്ങുമെന്നായിരുന്നു സൂചനയെങ്കിലും പിന്നീടു സ്ഥിതി മാറി. ആൾക്കൂട്ടക്കൊ ലപാതകക്കുറ്റം ചുമത്തി രാമനാരായണിനെ മർദിച്ച എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. പട്ടികജാതി – വർഗ അതിക്രമം തടയൽ നിയമം ചുമത്തണമെന്നും സുപ്രീംകോടതി വിധി പ്രകാരം 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
രണ്ടു മക്കളുടെ പഠനമടക്കം കുടുംബം നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നും ഇവർ പറയുന്നു. എന്നാൽ, ഇത്തരം കാര്യങ്ങളിൽ ഉറപ്പു നൽകാൻ പാകത്തിന് ഉത്തരവാദിത്തപ്പെട്ട ആരും ആശുപത്രിയിലെത്തിയിരുന്നില്ല. രാത്രി എട്ടു മണിയോടെയാണ് പാലക്കാട് ആർഡിഒ സ്ഥലത്തെത്തിയത്. മൃതദേഹം സർക്കാർ ചെലവിൽ ഛത്തീസ്ഗഡിലെത്തിച്ചു നൽകാമെന്നും നഷ്ടപരിഹാരമടക്കം മറ്റ് ആവശ്യങ്ങൾ സർക്കാരിനു ശുപാർശ ചെയ്യാമെന്നും ആർഡിഒ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ ഉറപ്പു ലഭിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിൽ വീട്ടുകാർ ഉറച്ചു നിന്നു. സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരുസഹായവും ലഭിക്കാത്തതിൽ പ്രതിഷേധവും അറിയിച്ചു. ഇതോടെ ആർഡിഒ മടങ്ങി. രാത്രി വൈകിയും ബന്ധുക്കൾ പിരിഞ്ഞുപോയിട്ടില്ല.
കണ്ണുനീർ ചിത്രമായി ലളിത,വേദനയായി അനൂജും
ആകാശും നിറം മങ്ങി ദ്വാരങ്ങൾ വീണ ഉടുപ്പ്, എന്തുചെയ്യണമെന്നറിയാതെ പകച്ച മുഖം, ചുവന്നു തുളുമ്പിയ കണ്ണുകൾ.. എട്ടു വയസ്സുകാരൻ അനൂജും പത്തുവയസ്സുകാരനായ ചേട്ടൻ ആകാശും ആൾക്കൂട്ടത്തിനു നടുവിൽ അമ്മ ലളിതയോട് ഒട്ടിച്ചേർന്നു നിന്നു. അച്ഛന്റെ മൃതദേഹം മോർച്ചറിയിൽ തണുത്തു മരവിച്ചു കിടക്കുമ്പോൾ ജീവിതം ഇനിയെന്താകുമെന്ന മരവിപ്പിലായിരുന്നു ഛത്തിസ്ഗഡിൽ നിന്നെത്തിയ കുടുംബം. ലളിതയുടെ മുഖത്തെ ഒഴിഞ്ഞ മൂക്കുത്തിയുടെ പാടും കഴുത്തിലെ കറുത്ത മാലയും ചൂണ്ടിക്കാട്ടി സഹോദരൻ ശശികാന്ത് പറഞ്ഞു, ‘ഒരു നിവൃത്തിയുമില്ലാത്ത കുടുംബമാണ്. ഒരു തരി പൊന്നു പോലുമില്ല. ആ മനുഷ്യന്റെ വരുമാനം മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ആഹാരം..’
കർഹിയിലും പരിസരത്തും നിർമാണജോലികളിൽ സഹായിയായി പണിയെടുത്തിരുന്ന രാമാനാരായൺ കഴിഞ്ഞ ഡിസംബറിലാണു കേരളത്തിൽ തൊഴിൽ തേടിയെത്തുന്നത്. ഗ്രാമത്തിനു പുറത്തേക്ക് ആദ്യമായി തൊഴിൽ തേടിയുള്ള യാത്ര. മദ്യപാനമുണ്ടെങ്കിലും കുടുംബച്ചെലവുകൾ രാമനാരായൺ തന്നെയാണു നടത്തിയിരുന്നത്. നാട്ടിലേക്കു വരികയാണെന്നു കുടുംബത്തെ ഫോണിൽ അറിയിച്ചിരുന്നു. എന്നാൽ, പാലക്കാടു ഭാഗത്ത് 5 ദിവസം മുൻപു തൊഴിൽ തേടിയെത്തിയ ശശികാന്ത് ആണു സഹോദരന്റെ മരണവിവരം ആദ്യമറിയുന്നത്. ശശികാന്ത് അറിയിച്ചതനുസരിച്ചു ലളിതയും മക്കളും അമ്മയും ബന്ധുവിനൊപ്പം കേരളത്തിലേക്കു പുറപ്പെട്ടു. നീണ്ട യാത്രകൾ ചെയ്തു പരിചയമില്ലാത്തതിനാൽ മൂന്നു ട്രെയിനുകൾ മാറിക്കയറിയാണു ഹൈദരാബാദിൽ എത്തിയത്.
അവിടെ നിന്നു വിജയവാഡയിലെത്തി ധൻബാദ് എക്സ്പ്രസിൽ കയറിയാണു തൃശൂരിലേക്കു പുറപ്പെട്ടത്. ആശുപത്രി മോർച്ചറിക്കു മുന്നിലെത്തുമ്പോൾ ആൾക്കൂട്ടം കണ്ടു ലളിതയും മക്കളും വിങ്ങിപ്പൊട്ടി. മോർച്ചറിക്കുള്ളിൽ മൃതദേഹം കണ്ടു തിരിച്ചറിയുമ്പോൾ നിലവിളി പുറത്തു വരെ മുഴങ്ങിക്കേട്ടു. ബന്ധുക്കളും സന്നദ്ധ സംഘടനാ പ്രവർത്തകരും മാധ്യമങ്ങളോടു കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ലളിത കണ്ണീർ പൊഴിച്ചുകൊണ്ടിരുന്നു. മക്കൾ നിശബ്ദരായി ഒപ്പം നിന്നു. ഇടയ്ക്കൊരുവട്ടം കരഞ്ഞു തളർന്നു കുഴഞ്ഞുവീഴാൻ തുടങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്നവർ ലളിതയുടെ മുഖത്തും തലയിലും വെള്ളമൊഴിച്ചു നേരെ നിർത്തി. മൃതദേഹം ഏറ്റെടുക്കുന്നില്ലെന്നു തീരുമാനമായതോടെ മോർച്ചറിക്കു മുന്നിൽ ഇരിപ്പാരംഭിച്ചു. തീരുമാനമാകുംവരെ മടങ്ങില്ലെന്നു തന്നെയാണു നിലപാടെന്നു ശശികാന്ത് പറയുന്നു.