ADVERTISEMENT

അച്ഛൻ, അമ്മ, മകൻ, മകള്‍ സങ്കൽപമാണ് സമൂഹത്തിന്റെ കേന്ദ്രബിന്ദുവെന്ന് കരുതുന്ന പഴകിയ സങ്കൽപങ്ങൾ മെല്ലെമെല്ലെ മാറിവരുന്നു. ജന്മംകൊണ്ട് ആണോ പെണ്ണോ ആയി മാറുമ്പോഴും ഉള്ളിലുറയുന്ന ജെൻഡർ തിരിച്ചറിവുകൾ അവരെ പുതിയ മനുഷ്യരാക്കുന്നു. അവരെ ലോകം വിളിക്കുന്ന പേര് ട്രാൻസ് ജെൻഡറുകൾ. എൽജിബിടിക്യൂ പ്ലസ് എന്ന് വിശാലാർത്ഥം. സ്വത്വം സ്വാതന്ത്ര്യമാണെന്ന് ലോകത്തോടു വിളിച്ചു പറയുന്ന അവർ, ഇന്ന് നമ്മളിൽ ഒരാളായി തോളോടു തോൾ ചേർന്ന് ഒപ്പമുണ്ട്.

സ്വത്വം തേടിയുള്ള അവരുടെ യാത്രകളിലുടനീളം പൂക്കൾ വിരിച്ചുള്ള പാതകളായിരിക്കില്ല കാത്തിരിക്കുന്നത്. കുത്തുവാക്കുകളും കൂരമ്പുകളും അവഗണനയും നേരിടുന്ന അവരെ കുടുംബം പോലും ചേർത്തുനിർത്തിയെന്നു വരില്ല. പക്ഷേ ആണെന്നോ പെണ്ണെന്നോ ഉള്ള അവരുടെ തിരിച്ചിറിവിനെ ചേർത്തു നിർത്തുന്ന ഒരു വിഭാഗമുണ്ട്, ഡോക്ടർമാർ. ഉടലുകൾക്കപ്പുറം ആണോ പെണ്ണോ എന്ന മാനസിക സംഘർഷങ്ങളിൽ ഉഴലുമ്പോൾ കരുതലും കൈത്താങ്ങുമായി മാറുന്നവർ. നാഷനല്‍ ലീഗൽ അതോറിറ്റി പോലുള്ള സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ട്രാൻസ് സമൂഹത്തിന്റെ ജീവിതവും അവരുടെ സ്വത്വത്തിന് വേണ്ടിയുള്ള പോരാട്ടവും അടുത്തറിഞ്ഞ ഡോക്ടർ സ്യൂ ആൻ സഖറിയക്ക് പറയാനുള്ളതും അത്തരമൊരു ചേർത്തു നിർത്തലിന്റെ കഥയാണ്. ഡോ. സ്യൂ ആൻ പങ്കുവയ്ക്കുന്നു ആ സ്നേഹത്തിന്റെയും കരുതലിന്റെയും കഥ...

ADVERTISEMENT

സേവനം മുഖമുദ്ര

ജീവിതം പുതിയ അനുഭവങ്ങൾ സമ്മാനിക്കും, സേവനം പുതിയ പാഠങ്ങളും. ഡോക്ടർ കുപ്പായം വെറുമൊരു പ്രഫഷനല്ല, അനുഭവങ്ങളുടെ പുതിയ ലോകമാണ് എന്ന തിരിച്ചറിവാണ് ഈ ജോലി നൽകിയ ഏറ്റവും വലിയ തിരിച്ചറിവ്.– സ്യൂ ആൻ സക്കറിയ സംസാരിച്ചു തുടങ്ങുകയാണ്.

ADVERTISEMENT

കോട്ടയമാണ് സ്വദേശം. ജനിച്ചു വളർന്നതെല്ലാം അക്ഷരനഗരിയിൽ തന്നെ. അമ്മ കാനഡയിൽ‌ അഭിഭാഷകയാണ്. അച്ഛൻ എഞ്ചിനീയർ. കോട്ടയത്തു നിന്നു തന്നെയാണ് എംബിബിഎസ് പാസായത്, 1992ൽ. അതിനു ശേഷം മെഡിസിൻ ഡിപ്പാർ‌ട്ട്മെന്റിലും ഫോറൻസിക് വിഭാഗത്തിലും കുറച്ചു കാലം ജോലി ചെയ്തു. 2001 മുതൽ 2003 ഫോറൻസിക് മെഡിസിൻ ഡിപ്പാർ‌ട്ട്മെന്റിൽ ജോലി നോക്കിയിരുന്നു. അതിനു ശേഷം മെഡിസിന്‍ ഡിപ്പാർട്ട്മെന്റിലേക്ക് മാറി. ഇതിനിടെ മെഡിസിനിൽ പോസ്റ്റ് ഗ്രാജുവഷൻ ചെയ്തു. കോട്ടയത്തു തന്നെ എച്ച്ഐവി ക്ലിനിക്കിൽ മെഡിക്കൽ ഓഫീസറായികുറച്ചു കാലം. വെല്ലൂർ സിഎംസിയിൽ നിന്നും ഫെലോഷിപ്പ് ഇൻ എച്ച്ഐവി മെഡിസിൻ ഫെലോഷിപ്പ് എടുത്തിട്ടുണ്ട്. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സും എടുത്തിട്ടുണ്ട്. 2017ലാണ് കോട്ടയത്തെ ട്രാൻസ്ഡെൻഡർ ക്ലിനിക്കിലെ സുപ്രധാന ചുമതലയിലേക്ക് എത്തുന്നത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുന്നു.  

zachariah-sue-anne-11

കരുതലിന്റെ കരങ്ങൾ

ADVERTISEMENT

ആത്മസംതൃപ്തി, സേവന സന്നദ്ധത, ആർദ്രത... മെഡിക്കൽ പ്രഫഷന്റെ പ്രഥമമായ ലക്ഷ്യങ്ങൾ എന്ന് ഞാൻ മനസിലാക്കിയ വർഷങ്ങളാണ് കടന്നു പോയത്. നമ്മളെ വിശ്വസിച്ച് ഒരു ജീവനെ ഏൽപിച്ചു പോകുമ്പോൾ അതിനുമേൽ നമ്മൾ കാട്ടുന്ന ഉത്തരവാദിത്തം ഏറ്റവും വലുതായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാം അവസാനിച്ചുവെന്ന് കരുതുന്നവർ, ജീവിതത്തിന്റെ പ്രതീക്ഷയറ്റു പോയവർ... അവരെല്ലാം ഒരു ഡോക്ടറെ വിശ്വസിക്കും.തങ്ങൾക്കു പ്രിയപ്പെട്ടവരെ ജീവതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് പ്രത്യാശിക്കും. ഇതെല്ലാം ഈ ജോലിയെ മഹത്തരമാക്കുന്നുണ്ട്.

എന്റെ സീനിയർ ഡോക്ടർ എന്നോടു പറയാറുണ്ട്. എത്ര പ്രതീക്ഷയറ്റു പോയാലും, ഒരു രോഗിയോടും അവരുടെ ബന്ധുക്കളോടും ‘ഇനി ഞങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന് പറയരുതെന്ന്.’ കാരണം നമ്മൾ നൽകുന്ന ഒരു മരുന്നു കുറിപ്പടിയോ ചികിത്സയോ അവരിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. വേദന കൊണ്ടു പുളയുന്നൊരാൾക്ക് സ്വസ്ഥമായൊരു ഉറക്കം നൽകാൻ കഴിഞ്ഞാൽ പോലും അതു വലിയ കാര്യമാണ്. ഒരു വേദന ശമിപ്പിക്കുന്നതു പുണ്യവും.

zachariah-sue-anne-18

പുതിയ ദൗത്യങ്ങൾ... പുതിയ പാഠങ്ങൾ

യാദൃശ്ചികമെന്ന് പറയട്ടെ, 2016–17 കാലഘട്ടത്തിൽ ട്രാൻസ് ജെൻഡർ വിഭാഗം നേരിടുന്ന മാനസികവും ആരോഗ്യ സംബന്ധവമായ പ്രശ്നങ്ങളെ കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും പഠിക്കാൻ നാഷനല്‍ ലീഗൽ സർവീസ് അതോറിറ്റി ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ടീമിനെ നിയോഗിച്ചു. ഓരോ ജില്ലകളിലെയും ഡോക്ടർമാരും വിദഗ്ധരും അടങ്ങുന്ന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. കോട്ടയം ജില്ല ലീഗൽ അതോറിറ്റി നിർദ്ദേശ പ്രകാരം ഞാനും ഡോക്ടർ വർഗീസ് പുന്നൂസും അടങ്ങുന്ന ടീമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ലീഗൽ അതോറിറ്റി നിർദ്ദേശ പ്രകാരം മുപ്പതോളം ട്രാൻസ് ജെൻഡറുകളുമായി സംവദിച്ചു, അവരുടെ പ്രശ്നങ്ങൾ പഠിച്ചു, വിലയിരുത്തി. എത്ര മാത്രം അവഗണനയാണ് ഈ സമൂഹത്തിൽ നേരിടുന്നതെന്ന മനസിലാക്കി. സൈക്യാട്രി, പ്ലാസ്റ്റിക് സർജറി, ഡെർമറ്റോളജി യൂറോളജി വിഭാഗങ്ങളെ പ്രത്യേകം ഏകോപിപ്പിച്ച് ട്രാൻസ് ജെൻഡറുകൾ ചെയ്യുന്ന സെക്സ് റീ അസൈൻമെന്റ് സർജറിയെക്കുറിച്ചെല്ലാം അവരെ ബോധവാൻമാരാക്കി. ചികിത്സയുടെയും സർജറിയുടെയും പേരിൽ അവർ നേരിടുന്ന ചൂഷണങ്ങള്‍ ചെറുതല്ല എന്ന വലിയ തിരിച്ചറിവാണ് ആ കാലം സമ്മാനിച്ചത്. പാളിപ്പോകുന്ന സർജറിയുടെ പേരിൽ ആത്മഹത്യയിലേക്ക് പോകുന്ന എത്രയോ പേർ. ട്രാൻസ് ആകാൻ തീരുമാനിച്ചതിന്റെ പേരിൽ കുടുംബത്തിൽ നിന്നും അകറ്റി നിർത്തിയവർ വരെ അക്കൂട്ടത്തിലുണ്ട്. അവർക്കെല്ലാം ജീവിതത്തിൽ പുതിയ ദിശാബോധം നൽകാനായത് കർമവഴിയിലെ ചാരിതാർഥ്യമാണ്.

അവരും മനുഷ്യരാണ്

കാലംമാറുമ്പോൾ‌ ട്രാൻസ് സമൂഹത്തേയും നാട് ചേർത്തു നിർത്തുന്നുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ ഇപ്പോഴും പഴകി ദ്രവിച്ച ചിന്തകളുമായി ജീവിക്കുന്ന ഒരു വിഭാഗം, ട്രാൻസ് സമൂഹത്തെ അകറ്റി നിർത്തുന്നതും ആട്ടിയോടിക്കുന്നതും സങ്കടകരമാണ്. സ്വന്തം ഐഡന്റിറ്റി തിരിച്ചറിഞ്ഞതിന്റെ പേരിൽ ‘അവർക്ക് ഭ്രാന്താണെന്ന്’ പറഞ്ഞവരെ എനിക്കറിയാം.

തന്റെയുള്ളിലൊരു ട്രാൻസ് വ്യക്തിത്വം ഉണ്ടെന്ന് മകനോ മകളോ പറഞ്ഞാൽ, അതല്ലെങ്കിൽ അതു വീട്ടുകാർ തിരിച്ചറിഞ്ഞാൽ ആ നിമിഷം മുതൽ അവർ പല വീട്ടുകാർക്കും ശപിക്കപ്പട്ടവരാകും. പ്രായമോ ആൺ പെൺ വ്യത്യാസമോ പോലും നോക്കാതെ വീട്ടിൽ നിന്നും ഇറക്കിവിട്ട സംഭവം വരെ ഉണ്ടായിട്ടുണ്ട്. നിറത്തിന്റെ പേരിൽ, ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ, രൂപത്തിന്റെ പേരിൽ അങ്ങനെ എത്രയെത്ര അനുഭവങ്ങൾ. ട്രാൻസ് വിഭാഗത്തിനെ പരിഹസിക്കുന്നതിൽ നമ്മുടെ ടിവി ഷോകൾക്കു പോലുംപങ്കുണ്ടെന്നതാണ് ഏറെ ഖേദകരം. ഇതൊരു രോഗമോ ശാപമോ അല്ലെന്നും ശാരീരിക–മാനസിക അവസ്ഥ ആണെന്നും തിരിച്ചറിയുന്നിടത്താണ് മാറ്റങ്ങള്‍ പിറവിയെടുക്കുന്നത്.

zachariah-sue-anne-55

ടെക്സ്റ്റ് ബുക്കുകളിലെ പഴയ തിയറികളല്ല, കാലം ഡിമാൻഡ് ചെയ്യുന്ന പുതിയ ശാസ്ത്രീയ പാഠങ്ങൾ ആണ് ട്രാൻസ് സമൂഹം കൂടി ഉൾക്കൊള്ളുന്ന സമൂഹത്തിന് വേണ്ടത്. അതു തിരിച്ചറിയാത്ത പക്ഷം ട്രാൻസ് സമൂഹത്തിനും മറ്റുള്ളവർക്കും ഒരുപോലെ കാര്യങ്ങൾ ദുഷ്ക്കരമായിരിക്കും.

പുതിയ ലോകം... പുതിയ ജീവിതം

ഒരു അനുഭവം പറയാം. കുടുംബത്തിലെ മൂത്ത മകൻ ട്രാൻസ് ജെൻഡറായി. രണ്ടാമത്തെ മകനും അതേ പാതയിലാണ്. രൂപത്തിലും ഭാവത്തിലും വസ്ത്ര ധാരണത്തിലും ട്രാൻസ് ജെൻഡറിനെ പോലെ. എന്തെങ്കിലും മരുന്ന് കൊടുത്ത് നേരെയാക്കാമോ എന്നു ചോദിച്ചൊരു രക്ഷിതാവ് ഒരിക്കൽ എന്നെകാണാൻ വന്നിട്ടുണ്ട്. അവർക്ക് മനസിലാകുന്ന ഭാഷയിൽ ശാസ്ത്രീയ അവബോധം നൽകിയിരുന്നു.

എടുത്തു ചാട്ടമല്ല വേണ്ടതെന്ന് ട്രാൻസ് സമൂഹത്തിനോടും എനിക്കു പറയാനുണ്ട്. രൂപം കൊണ്ട് പെണ്ണായൊരു പെൺകുട്ടി, ഒരു ഒമ്പതാം ക്ലാസുകാരി. അവൾ മാറാൻ ആഗ്രഹിക്കുന്നത് പുരുഷ ശരീരത്തിലേക്കാണ്. പെൺശരീരം തിരിച്ചറിയപ്പെടാതിരിക്കാൻ മാറത്ത് തുണിയും ബാൻഡേജും മുറുക്കി കെട്ടി ശരീരത്തെ വേദനിപ്പിച്ച അവളുടെ അനുഭവം ഞെട്ടിപ്പിക്കുന്നതാതിയിരുന്നു. അതു മാത്രമല്ല പ്രായപൂർത്തിയായ ആണുങ്ങളോടായിരുന്നു അവൾ കൂട്ടുകൂടിയിരുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആൺകുട്ടികളോടൊപ്പം യാത്ര പോകും, കറങ്ങും, അടിച്ചു പൊളിക്കും. പക്ഷേ പതിയിരിക്കുന്ന ചതിക്കുഴികളെ കുറിച്ച് അവളെ ഞാൻ ബോധവതിയാക്കി കൊണ്ടിരുന്നു. വർഷങ്ങൾക്കു ശേഷം... ഇരുപതാം വയസിൽ ആ പഴയ ഒമ്പതാം ക്ലാസുകാരി തിരികെ വന്നു. പൂർണമായും അവളിൽ നിന്നും അവനിലേക്കുള്ള യാത്ര പൂർത്തിയാക്കി. സർജറിയെല്ലാം പൂർത്തിയാക്കി അടിമുടി ആണായി മാറിക്കൊണ്ടായിരുന്നു ആ വരവ്.

zachariah-sue-anne-8

ജീവിതം നൽകുന്ന പുതിയ ഉത്തരവാദിത്തങ്ങൾ പുതിയ പാഠങ്ങൾ കൂടി നമുക്ക് നൽകാറുണ്ടെന്ന് പറഞ്ഞില്ലേ. ഈ കടന്നു പോയ വർഷങ്ങളും ഇതുപോലുള്ള സ്നേഹ സാന്ത്വനങ്ങളുടെ കഥകൾ എനിക്ക് നൽകിയിട്ടുണ്ട്. ട്രാൻസ് സമൂഹത്തെ സമഹം അംഗീകരിക്കുമ്പോഴും അവർ നേരിടുന്ന മാനസിക സംഘർഷങ്ങൾ കൂടി തിരിച്ചറിയണം എന്നു കൂടി ഓർമിപ്പിക്കട്ടെ. അവരുടേത് കൂടിയാണ് ഈ ലോകം.– ഡോക്ടർ സക്കറിയ സ്യൂ ആന്‍ പറഞ്ഞു നിർത്തി.

English Summary:

Transgender individuals face unique challenges and require understanding and support. Dr. Sue Ann Zachariah shares her experiences of providing care and guidance to the transgender community, emphasizing the importance of acceptance and medical support in their journey.

ADVERTISEMENT