ഒരു കെട്ട് മുല്ലപ്പൂക്കളുമായി ശ്രീനിയെ കാണാനെത്തിയ പാർത്ഥിപൻ: പിന്നില് ഹൃദയംതൊടും കഥ: കുറിപ്പ് Parthiban's Tribute to Sreenivasan
Mail This Article
ഭാഷയുടെ അതിരുകൾപ്പുറമായിരുന്നു ശ്രീനിവാസൻ എന്ന പ്രതിഭയുടെ മികവും ജനപ്രീതിയും. മലയാളത്തിന്റെ പ്രിയകലാകാരെ തേടി തമിഴകത്തു നിന്നും ആദരത്തിന്റെ പൂച്ചെണ്ടുകൾ എത്തുന്നത് അങ്ങനെയാണ്. കമൽ ഹാസൻ, രജനികാന്ത്, സൂര്യ, കാർത്തി, കരുണാസ് തുടങ്ങി നിരവധി പേരാണ് ശ്രീനിവാസന് ആദരാഞ്ജലികളുമായി എത്തിയത്. ഇപ്പോഴിതാ നടൻ പാർഥിപൻ ശ്രീനിവാസനെ അവസാനമായി ഒരുനോക്കു കാണാനെത്തിയതിനെ കുറിച്ച് എഴുതുകയാണ് സംവിധായകൻ എം.എ നിഷാദ്. ഒരു കെട്ട് മുല്ലപ്പൂക്കളുമായി മലയാളത്തിന്റെ ശ്രീനിയെ കാണാനെത്തിയതിലെ കൗതുകം പങ്കുവച്ചു കൊണ്ടാണ് നിഷാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ശ്രീനിയേട്ടനെ കാണാൻ പാർത്ഥിപൻ സാർ വന്നപ്പോൾ...
മലയാളത്തിന്റെ സ്വന്തം ശ്രീനിയേട്ടന്റെ മരണ വാർത്തയറിഞ്ഞ് തിരുവനന്തപുരത്തു നിന്നും തിരിക്കുമ്പോൾ എനിക്കൊരു കോൾ വന്നു..മറുതലക്കൽ പാർത്ഥിപൻ സാറാണ്. അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമാണുളളത്. എന്റെ തമിഴ് ചിത്രമായ 'കേണി'യിൽ അദ്ദേഹം, അഭിനയിച്ചിട്ടുണ്ട്. അവസാനമായി ഞങ്ങൾ സംസാരിച്ചത് എന്റെ പുതിയ ചിത്രമായ ‘ലർക്കി'ന്റെ ടൈറ്റിൽ ലുക്ക് റിലീസ് ചെയ്യുന്നതിനായിരുന്നു.
ഫോണിലൂടെ വിറയാർന്ന ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു...
''സാർ നീങ്ക എങ്കെയിരുക്ക്..?
ഞാൻ കൊച്ചിയിലേക്കുളള യാത്രയിലാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം ശ്രീനിയേട്ടനെ കാണാൻ കൊച്ചിയിൽ വരുന്നുണ്ടെന്നും. രാവിലത്തെ ഫ്ളൈറ്റിന് എത്താൻ ശ്രമിക്കുകയാണെന്നു പറഞ്ഞു. അങ്ങനെയെങ്കിൽ ഞാൻ എയർപ്പോട്ടിലെത്താമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും വിളിക്കുന്നു… രാത്രി തന്നെ പുറപ്പെടുകയാണ്, എയർപ്പോട്ടിൽ വരണമെന്നില്ല. രാവിലെ തൃപ്പുണിത്തുറയിലെ NM കൗണ്ടി ഹോട്ടലിൽ എത്തിയാൽ ഒരുമിച്ച് പോകാം...
ഞാൻ രാവിലെ ഹോട്ടലിൽ എത്തുമ്പോൾ അദ്ദേഹം റെഡിയായി നിൽക്കുന്നു. കയ്യിൽ ഒരു കെട്ട് മുല്ലപ്പൂക്കളുമുണ്ട്..
'’സർ ഈ പൂക്കൾ എവിടെ നിന്നും കിട്ടി..?'’
എന്ന് അടക്കാനാവാത്ത കൗതുകത്തോടെ ഞാൻ ചോദിച്ചപ്പോൾ ചെറു ചിരിയോടെ അദ്ദേഹം പറഞ്ഞു
''കാലേയിലെ നാൻ താൻ അറേഞ്ച് പണ്ണി സാർ..''
ഒരു കലാകാരന് തനിക്കേറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകനോടുളള ആത്മാർത്ഥ സ്നേഹത്തിന്റെ പ്രതിഫലനം ഞാൻ കണ്ടു…
എന്റെ കാറിൽ ശ്രീനിയേട്ടന്റെ വീട്ടിലേക്ക് പോകുമ്പോൾ അദ്ദേഹം സംസാരിച്ചതത്രയും ശ്രീനിയേട്ടനെക്കുറിച്ചായിരുന്നു. ഇത്രയും ജീനിയസ്സായ ഒരു മനുഷ്യൻ തമിഴിലോ, മലയാളത്തിലോ ഇല്ലെന്ന് അദ്ദേഹം ആണയിടുമ്പോൾ, നമുക്കു സംഭവിച്ച നഷ്ടത്തിന്റെ ആഴമളക്കാൻ പാടുപെടുകയായിരുന്നു ഞാൻ. തമിഴിൽ ശ്രീനിയേട്ടനെ അവതരിപ്പിച്ചത് പാർത്ഥിപൻ സാറായിരുന്നു.
മലയാളത്തിലും അവരൊന്നിച്ച് അഭിനയിച്ചിരുന്നു. ശ്രീനിയേട്ടനെ കണ്ട്, ആ കാലടികളിൽ തന്റെ കയ്യിലിരുന്ന മൂല്ലപ്പൂക്കളർപ്പിച്ചു നിൽക്കുമ്പോൾ ആ വലിയ മനുഷ്യൻ നിശ്ശബ്ദനായിരുന്നെങ്കിലും ഉള്ളിലൊരു കടലിരമ്പുന്നത് എനിക്ക് കേൾക്കാമായിരുന്നു. തമിഴകത്തിന് മലയാളത്തിനോടുള്ള ആദരം, കളങ്കമില്ലാത്ത സ്നേഹം.. അതൊക്കെ ആ ഒരൊറ്റ ഫ്രെയിമിൽ ഞാൻ കണ്ടു.
തമിഴിലെ, എണ്ണം പറഞ്ഞ സംവിധായകനും നടനുമായ പാർത്ഥിപൻ സാറടക്കമുള്ള പ്രതിഭകൾ പോലും നമ്മുടെ ശ്രീനിയേട്ടനെ എത്ര ബഹുമാനിക്കുന്നു എന്ന് കണ്ടറിഞ്ഞ നിമിഷം, ഒരു മലയാളി എന്ന നിലയിൽ,ഏറെ അഭിമാനം തോന്നി. ശ്രീനിയേട്ടനെ അവസാനമായി കണ്ടു ചെന്നൈയിലേക്ക് മടങ്ങുമ്പോൾ അദ്ദേഹം എനിക്കൊരു സന്ദേശമയച്ചു - എല്ലാത്തിനും നന്ദി… അദ്ദേഹം എന്നോടെന്തിന് നന്ദി പറയുന്നുവെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അതങ്ങനെയാണ്.. ചില മനുഷ്യരെയും, അവരുടെ സ്നേഹത്തെയും മനസ്സിലാക്കാൻ നമുക്കെപ്പോഴും കഴിഞ്ഞെന്ന് വരില്ലല്ലോ..