വത്തിക്കാൻ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം പേരും മലയാളികൾ; ഇതു മാർപ്പാപ്പയുടെ സ്വന്തം ടീം Malayali Priests Shine in Vatican Cricket Team
Mail This Article
വത്തിക്കാൻ നഗരത്തിനു മകുടം ചാർത്തിയതു പോലെയാണു സെന്റ് പീറ്റേഴ്സ് ബസലിക്ക. മാർപാപ്പയുടെ ആസ്ഥാനം. ബസലിക്കയുടെ സമീപത്തുള്ള പുൽമൈതാനത്ത് എല്ലാ വെള്ളിയാഴ്ചകളിലും ആർപ്പും ആരവവും മുഴങ്ങും. ഒന്നു ശ്രദ്ധിച്ചാൽ ക്രിക്കറ്റ് പരിശീലനമാണെന്നു മനസ്സിലാക്കാൻ വലിയ പ്രയാസമൊന്നുമില്ല. പക്ഷേ, പരസ്പരം പ്രോത്സാഹിപ്പിക്കാനും വിക്കറ്റിനു വേണ്ടി മത്സരിക്കാനും അവർ ആവേശം കൊള്ളുന്നതു മലയാളത്തിലാണെന്നു തിരിച്ചറിയുമ്പോൾ ആരും അദ്ഭുതപ്പെട്ടു പോകും.
ഇതാണു മാർപാപ്പയുടെ സ്വന്തം വത്തിക്കാൻ ക്രിക്കറ്റ് ടീം. വിശ്വാസത്തിന്റെ വെളിച്ചം ലോകമെമ്പാടും പകരുക എന്ന സന്ദേശം ഉൾക്കൊണ്ടു ഫ്രാൻസിസ് മാർപാപ്പയുടെ അനുഗ്രഹാശിസ്സുകളോടെ തുടക്കം കുറിച്ച വത്തിക്കാൻ ടീം.
പത്തു വർഷത്തെ ടീമിന്റെ കഥ പറയുമ്പോൾ സുവർണലിപികളിൽ തിളങ്ങുന്ന ഒരു അധ്യായം വിട്ടുകളയാനാകില്ല. 2024 ജൂലൈ മാസത്തിൽ ഇംഗ്ലണ്ടിലേക്കു നടത്തിയ പര്യടനത്തിൽ ടീം അംഗങ്ങളെല്ലാം മലയാളികളായിരുന്നു. വൈദികരും വൈദിക വിദ്യാർഥികളും കളിക്കാരായ വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ കഥ ഇങ്ങനെ.
വൈദികരുടെ ക്രിക്കറ്റ് ടീം
വത്തിക്കാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും മലയാളി വൈദി കനും ചങ്ങനാശേരി അതിരൂപതാംഗവുമായ ഫാദർ ജോ സ് ഈറ്റോലിലാണ് വത്തിക്കാൻ ടീമിന്റെ തുടക്കകാലത്തെ കുറിച്ചു പറഞ്ഞു തുടങ്ങിയത്. ‘‘വർഷങ്ങൾക്കു മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2013ൽ. റോമിലെ മരിയ മാദർഗ്ലേസ്യ സെമിനാരിയിലെ ഇന്ത്യക്കാരായ വിദ്യാർഥിക ൾ ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളിലും അവിടെയുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു.
അങ്ങനെയൊരു ദിവസം. ഓസ്ട്രേലിയയിൽ നിന്നു വ ത്തിക്കാനിലേക്കു വന്ന ജോൺ മക്കാർത്തി എന്ന അംബാസഡർ എന്തോ ആവശ്യത്തിനു സെമിനാരിയിൽ വന്നു. ആവേശപൂർവം ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യാക്കാരെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ആശയമാണു വൈദികരുടെ ക്രിക്കറ്റ് ടീം എന്നത്. ആ സെമിനാരിയിൽ ഉണ്ടായിരുന്ന അയർലൻഡുകാരനായ വൈദികൻ എയ്മനോ ഹിഗിൻസിനോട് അദ്ദേഹം ഈ ആശയം പങ്കുവച്ചു.
മത്സരവും വിശ്വാസവും
ആംഗ്ലിക്കൻ സഭയ്ക്കു നേരത്തേ തന്നെ ക്രിക്കറ്റ് ടീമുണ്ട്. മിക്കവാറും രാജ്യങ്ങളിലും ക്രിക്കറ്റ് ആരാധകരും. അതുകൊണ്ടുതന്നെ ലോകമെമ്പാടും ആരാധകരുള്ള ഒരു ഗെയിമിലൂടെ മതസാഹോദര്യം വളർത്താനും മറ്റു സഭകളുമായുള്ള എക്യുമെനിക്കൽ ബന്ധം കാത്തുസൂക്ഷിക്കാനും ലക്ഷ്യം വച്ചാണു വത്തിക്കാൻ ക്രിക്കറ്റ് ടീം ആരംഭിക്കാൻ തീരുമാനമായത്.
എയ്മനോ ഹിഗിൻസിന്റെ മേൽനോട്ടത്തിൽ ടീം സജ്ജമായി. അദ്ദേഹം തന്നെ ടീം മാനേജരുമായി. പല രാജ്യക്കാരുണ്ടായിരുന്നു ആദ്യ വത്തിക്കാൻ ടീമിൽ. അച്ചന്മാരാകാൻ സെമിനാരിയിൽ പഠിക്കുന്നവരും പള്ളിയിൽ ശുശ്രൂഷ ചെയ്യുന്ന അച്ചന്മാരും യൂണിവേഴ്സിറ്റികളിൽ ഡോക്ടറേറ്റിനു വേണ്ടി പഠിക്കുന്നവരുമൊക്കെ ടീമിന്റെ ഭാഗമായി. അവർക്കെല്ലാം അവരവരുടേതായ ഉത്തരവാദിത്തങ്ങളുണ്ടെങ്കിലും ടീമിന്റെ കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നു.
സാധാരണ ക്രിക്കറ്റ് ടീമിലെ പോലെ പന്ത്രണ്ടോ പതിനഞ്ചോ പേരല്ല വത്തിക്കാൻ ടീമിലുള്ളത്. മിക്കപ്പോഴും 20– 25 പേരുണ്ടാകും ടീമിൽ. ഓരോ ടൂറിനും വേണ്ടി 12 – 15 പേരുടെ ടീമിനെ അതിൽ നിന്നു സിലക്ട് ചെയ്യും. ബാക്കിയുള്ളവർ പരിശീലനം തുടരും.’’
രാജ്യങ്ങളും ക്രിക്കറ്റും
2014 ലാണ് ഫാ. ജോസ് ഈറ്റോലിൽ റോമിലേക്കു വന്നത്. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ട് അതിനടുത്ത വർഷം തന്നെ ടീമിലെത്തിയെന്നു ഫാദർ പറയുന്നു. ‘‘ഏതു രാജ്യക്കാരനെയും സാഹോദര്യത്തോടെ ചേർത്തു നിർത്തുന്ന കായിക വിനോദമാണു ക്രിക്കറ്റെന്ന് ആദ്യദിനം തന്നെ തിരിച്ചറിഞ്ഞു. അന്നു ടീമിൽ മൂന്നു ശ്രീലങ്കക്കാരും ഒരു ഇംഗ്ലണ്ടുകാരനും ഒരു പാകിസ്ഥാനിയും ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മലയാളികൾ.’’
2014ലാണ് എന്റെ ആദ്യ വിദേശ പര്യടനം, ഇംഗ്ലണ്ടിലേക്ക്. പരസ്പര ബഹുമാനത്തിലൂന്നി മൂല്യങ്ങളുടെയും സുവിശേഷത്തിന്റെ ആനന്ദത്തിന്റെയും പങ്കിടലാണ് ഈ പര്യടനങ്ങളുടെ ലക്ഷ്യം. അതിനാൽ മത്സരത്തിൽ ജയവും തോൽവിയും അതേ ആവേശത്തിൽ തന്നെ ടീം എറ്റെടുക്കും.
മത്സരിക്കുന്നത് ഏതു രാജ്യക്കാരോടായാലും പരസ്പരം സ്നേഹിക്കുകയും മത്സരത്തിന്റെ വാശി ഗ്രൗണ്ടിൽ മാത്രം ഒതുക്കി നിർത്തുകയും ചെയ്യണമെന്ന നിഷ്കർഷ അതുപോലെ പാലിക്കുന്നു.
2016ൽ ഇംഗ്ലണ്ടിലേക്കും പോർച്ചുഗലിലേക്കും പര്യടനം നടത്തി. അടുത്ത വർഷം അർജന്റീനയിലേക്കും കെനിയയിലേക്കും. ഇറ്റലിയിലെ തന്നെ റേജോ കലേബറിയ എന്ന സ്ഥലത്തേക്കുള്ള പര്യടനത്തോടെയാണ് അതിനടുത്ത സീസൺ ആരംഭിച്ചത്. പിന്നാലെ മാൾട്ടയിലും സ്പെയിനിലും ക്രിക്കറ്റ് പര്യടനങ്ങൾ നടത്തി.
മലയാളീസ് ഫ്രം ഇന്ത്യ
‘‘എല്ലാ സമയത്തും വത്തിക്കാൻ ക്രിക്കറ്റ് ടീമിൽ മലയാളി ഭൂരിപക്ഷം ഉണ്ടായിരുന്നു. എന്നു കരുതി മറ്റു രാജ്യക്കാർ കുറവെന്നല്ല. ഓസ്ട്രേലിയ, കാനഡ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളിൽ നിന്നുള്ള വൈദികർ പല കാലങ്ങളിൽ വത്തിക്കാൻ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. പക്ഷേ, എന്നോടൊപ്പം ടീമിൽ കയറിയ ആരും തന്നെ ഇപ്പോൾ ടീമിലില്ല,’’ ഫാ. ജോസ് പറയുന്നു.
‘‘ഇപ്പോഴുള്ള മലയാളികളെല്ലാം 2018– 19 കാലത്തു ടീമിലെത്തിയവരാണ്. അങ്ങനെയാണ് ഇക്കഴിഞ്ഞ ജൂലൈയിൽ ആ അപൂർവ ഭാഗ്യം ലഭിച്ചത്. ഇംഗ്ലണ്ട് പര്യടനത്തിനു വേണ്ടിയുള്ള ക്ഷണം വന്ന പിറകേ ടീം മാനേജർ എയ്മനോ ഹിഗിൻസിന്റെയും കോച്ച് ഡെയ്ൻ കിർബിയുടെയും മേൽനോട്ടത്തിൽ ടീമിനെ നിശ്ചയിച്ചു. ആ സമയത്തു ടീമിൽ പരിശീലിക്കുന്ന മറ്റു രാജ്യക്കാരുണ്ട്. പക്ഷേ, അവധിക്കായി അവർ നാട്ടിൽ പോയിരിക്കുന്ന അവസരമായതിനാൽ ആ അപൂർവ ഭാഗ്യം ദൈവാനുഗ്രഹമായി കിട്ടി. ഞാൻ ക്യാപ്റ്റനായി എന്നു മാത്രമല്ല, ടീമിലെ 12 പേരും മ ലയാളികൾ തന്നെയായി.
നാലു കളികളാണ് ആ ഇംഗ്ലണ്ട് പര്യടനത്തിൽ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് സീനിയർ നാഷനൽസ് ടീമുമായുള്ള മാച്ച് ഗംഭീരമായിരുന്നു. രാജ്യാന്തര നിരയിൽ കളിക്കുന്ന താരങ്ങളുള്ള ടീമിനെതിരായി മത്സരിക്കാൻ സാധിച്ചു. വൈദികരായതു കൊണ്ട് മൈതാനത്തിനു പുറത്തു പ്രത്യേക ബഹുമാനവും പരിഗണനയുമൊക്കെ കിട്ടുമെങ്കിലും അതു ഗെയിമിലില്ല. ചീറിപ്പാഞ്ഞു വരുന്ന പന്തുകളൊക്കെ ബൗണ്ടറി കടത്തുക തന്നെ വേണം.
പക്ഷേ, ആ ഇംഗ്ലണ്ട് പര്യടനത്തിനിടെ ഒരു രസമുള്ള ഗെയിം പ്ലാനുണ്ടായി. ഫീൽഡിങ്ങിലെ മാറ്റങ്ങളും ബൗളർക്കു തന്ത്രങ്ങൾ പറഞ്ഞു കൊടുക്കുന്നതുമൊക്കെ നല്ല പച്ച മലയാളത്തിലാക്കി ഇംഗ്ലണ്ട് ടീമിലെ കൗണ്ടി ലെവലിൽ കളിക്കുന്ന പ്ലേയേഴ്സിനെ എറിഞ്ഞു വീഴ്ത്താൻ ഗ്രൗണ്ടിന്റെ ഏതറ്റത്തു നിന്നും മലയാളത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു കൊടുക്കുന്ന ടിപ്സ് ഗുണം ചെയ്തുവെന്ന് ഫാ. ജോസും സഹ കളിക്കാരും ഓർക്കുന്നു.
ഇംഗ്ലണ്ട് പര്യടനത്തിൽ തിളങ്ങിയ വത്തിക്കാൻ ക്രിക്കറ്റ് ടീമിലെ മലയാളികൾ ഇവരാണ്. ഫാദർ ജോസ് ഈറ്റോലിൽ (ക്യാപ്റ്റൻ), വൈദികരായ സാന്റോ തോമസ് എംസിബിഎസ്, നെൽസൺ പുത്തൻപറമ്പിൽ സിഎംഎഫ്, പ്രിൻസ് തെക്കേപ്പുറം സിഎസ്എസ്ആർ, ജോസ് റീച്ചാസ് എസ്എസി, അബിൻ മാത്യു ഒഎം, അബിൻ ഇല്ലിക്കൽ ഒഎം, ജോജി കാവുങ്കൽ (ബിജ്നോർ), പോൾസൺ കൊച്ചുതറ (കൊച്ചി), വൈദിക വിദ്യാർഥികളായ അബിൻ ജോസ് സിഎസ്‌റ്റി, ജെയ്സ് ജെയ്മി സിഎസ്‌റ്റി, അജയ് ജോ ജെയിംസ് സിഎസ്‌റ്റി. വത്തിക്കാനിൽ വൈദികരായി ചുമതലയുള്ളവരും വൈദിക വിദ്യാർഥികളായി സെമിനാരിയിൽ പഠിക്കുന്നവരും പിഎച്ച്ഡി ചെയ്യുന്നവരുമാണ് ടീം അംഗങ്ങൾ.
മാർപാപ്പയുടെ അനുഗ്രഹം
ഓരോ തവണയും പുറംരാജ്യങ്ങളിലേക്കു പര്യടനത്തിനു പോകുമ്പോൾ ടീം ഒന്നിച്ചു മാർപാപ്പയെ കാണുകയും പ്രാർഥനകൾ ചോദിക്കുകയും ചെയ്യാറുണ്ട്. ടീമിലെ എല്ലാവർക്കും വേണ്ടി മാർപാപ്പ പ്രാർഥിച്ച് ആശിർവദിക്കും.
‘‘മാർപാപ്പയ്ക്കു വേണ്ടിയാണു ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നത്. പക്ഷേ, ക്രിക്കറ്റ് കളിയെ കുറിച്ചു പാപ്പായ്ക്ക് അത്ര അറിവൊന്നുമില്ല. എങ്കിലും ടീമിനെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ തന്നെയുണ്ട്. മാർപാപ്പയുടെ കയ്യൊപ്പിട്ട ക്രിക്കറ്റ് ബാറ്റ് എല്ലാവർക്കും സ്നേഹസമ്മാനമായി കിട്ടിയിട്ടുണ്ട്. പര്യടനം നടത്തുന്ന രാജ്യങ്ങളിലെ കളിക്കാർക്കു സമ്മാനിക്കാനും മാർപാപ്പ ബാറ്റുകൾ തന്നയയ്ക്കും.
ഇപ്പോൾ വത്തിക്കാൻ ടീമിൽ ശ്രീലങ്കക്കാരുമുണ്ട്. നവംബർ അവസാനത്തോടെ തണുപ്പുകാലം തുടങ്ങിയാൽ പിന്നെ, മത്സരങ്ങൾ ഉണ്ടാകാറില്ല. എന്നു കരുതി പരിശീലനം മുടക്കില്ല. അടുത്ത ഏപ്രിൽ പകുതിയോടെ സീസൺ തുടങ്ങും. ക്രിസ്മസ് ആഘോഷങ്ങൾ കഴിയുമ്പോഴേക്കും അടുത്ത സീസണിനു വേണ്ടിയുള്ള തയാറെടുപ്പുകൾ തുടങ്ങും.’’ ഫാ. ജോസും ടീമും അടുത്ത മത്സരങ്ങൾക്കു വേണ്ടി ഗെയിം പ്ലാൻ തയാറാക്കി കാത്തിരിപ്പിലാണ്.
(2024 ഡിസംബറിൽ ക്രിസ്മസ് സ്പെഷൽ വനിതയിൽ പ്രസിദ്ധീകരിച്ച ഫീച്ചർ)
