കഴുത്തിൽ കൊന്ത, നാവിൽ അയ്യപ്പഗീതം: എം.ജിയുടെ സാമവേദം നാവിലുണർത്തി ഗായകൻ: വിഡിയോ വൈറൽ Viral Rendition of MG Sreekumar's Ayyappa Song.
Mail This Article
മണ്ഡലകാലമായാൽ ഏവരുടെയും ചുണ്ടുകളിൽ തത്തിക്കളിക്കുന്നത് പ്രധാനമായും എം.ജി കുമാർ പാടിയ അയ്യപ്പ ഭക്തിഗാനങ്ങളായിരിക്കും. അങ്ങകലെ മലമേലെ, സാമവേദം നാവിലുണർത്തിയ സ്വാമിയേ... തുടങ്ങി എത്രയോ ഹിറ്റ് പാട്ടുകൾ എം.ജി നമുക്കു സമ്മാനിച്ചിരിക്കുന്നു. ഇവിടെയിതാ എം.ജി ശ്രീകുമാറിന്റെ ഹിറ്റ് ഹാനം ഹൃദ്യമായി പാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ് ഒരു വ്യക്തി. . ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’ എന്ന ഗാനമാണ് ഇദ്ദേഹം പാടുന്നത്. ‘എല്ലാരുടെ ചുണ്ടിലും സാമവേദം’ എന്ന അടിക്കുറിപ്പോടെയാണ് എം.ജി ശ്രീകുമാർ വിഡിയോ പങ്കുവച്ചത്.
‘സാമവേദം’ ഗാനത്തിന്റെ ഭാവസാന്ദ്രമായ ആലാപനത്തിന് മനസു നിറഞ്ഞ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. ഗായകന്റെ കഴുത്തിലെ കൊന്ത മാല ആസ്വാദകർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്ര മനോഹരമായി ഭക്തി ഗാനം പാടുന്നുണ്ടെങ്കിൽ അദ്ദേഹം ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചയാളാണെന്ന് ആസ്വാദകർ കമന്റ് ചെയ്യുന്നു. പാട്ടുപാടിയ ചേട്ടൻ പഴയ പുലിയാണെന്നായിരുന്നു മറ്റൊരു കമന്റ്.
അനായാസം ഹൈ പിച്ച് പാടാനുള്ള കഴിവും ശബ്ദത്തിലെ നിയന്ത്രണവുമൊക്കെ ആളുകൾ എടുത്തുപറയുന്നുണ്ട്. വിഡിയോ പങ്കുവച്ച് ഈ ഗായകനെ പുറംലോകത്തിന് അറിയിച്ചുകൊടുത്ത എം.ജി ശ്രീകുമാറിനെയും ആസ്വാദകർ അഭിനന്ദിക്കുന്നു.
എംജി ശ്രീകുമാർ ആലപിച്ച ‘സ്വാമി അയ്യപ്പൻ’ എന്ന ആൽബത്തിലെ ഗാനമാണ് ‘സാമവേദം നാവിലുണർത്തിയ സ്വാമിയേ’. രാജീവ് ആലുങ്കൽ രചിച്ച ഈ ഗാനം പലരുടെയും പ്ലേ ലിസ്റ്റിലെ ഹിറ്റ് ഗാനമാണ്. 16 ദശലക്ഷത്തിലധികം പേരാണ് യുട്യൂബിൽ ഈ ഗാനം ആസ്വദിച്ചിട്ടുള്ളത്.