കന്നിയങ്കത്തിൽ പഞ്ചായത്ത് പ്രസിഡന്റ്: സൂര്യയ്ക്ക് ഇനി വിവാഹ മധുരം: ആശംസകളുമായി നാട്ടുകാർ
Mail This Article
കന്നിയങ്കത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പദവി ലഭിച്ച എസ്.സൂര്യയ്ക്കു ഇതു വിവാഹ മധുരം. 26 വയസ്സുള്ള സൂര്യയുടെ വിവാഹം 2026 ജനുവരി 12ന് ആണ്. പുതുപ്പരിയാരം വെണ്ണക്കര ചന്ദ്രാലയത്തിൽ ജെ.ആകാശ് ആണ് വരൻ. ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചാണു സൂര്യ രാഷ്ട്രീയത്തിൽ തുടക്കമിട്ടത്. പത്തിരിപ്പാല ഗവ. കോളജ് പഠന കാലത്ത് എസ്എഫ്ഐ യൂണിറ്റ് അംഗമായിരുന്നു. തിരുവനന്തപുരം ലോ കോളജിൽ നിയമ ബിരുദം പൂർത്തിയാക്കി സീനിയർ അഭിഭാഷകൻ വിനോദ് കയനാട്ടിന്റെ കീഴിൽ പ്രാക്ടിസ് തുടങ്ങി.
ഇതിനിടെ വന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 11–ാംവാർഡിൽ നിന്നും (ചെമ്പക്കര) എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് തികച്ചും അവിചാരിതം. ജനവിധി അനുകൂലമായതിനു പിന്നാലെ കോങ്ങാട് പഞ്ചായത്ത് നയിക്കാനുള്ള അവസരവും എത്തി. കോങ്ങാടിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ പ്രായം കുറഞ്ഞ ആദ്യത്തെ പ്രസിഡന്റ് എന്ന അംഗീകാരം ഇനി സൂര്യയ്ക്കു സ്വന്തം. കുന്നത്ത് ശിവദാസന്റെയും ലതയുടെയും മകളാണ് സൂര്യ. ജയകൃഷ്ണന്റെയും വത്സലയുടെയും മകനായ ആകാശ് സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ്.