‘ഈ കുട്ടി മരിച്ചു പോയിരുന്നെങ്കിൽ...’: മരണത്തെ ജയിച്ചുവന്ന ഞങ്ങളുടെ കുഞ്ഞ്: ക്രൂരം ഈ കമന്റ്: വേദനയോടെ സന്ദീപ് The Dark Side of Social Media
Mail This Article
പിഞ്ചു കുഞ്ഞെന്നോ നിസഹായരായ മനുഷ്യരെന്നോ ഇല്ല. ആർക്കെതിരെയും എന്തും പറയാമെന്ന ലൈസൻസുമായി കറങ്ങുന്നുണ്ട് ഒരു വിഭാഗം സോഷ്യൽ മീഡിയ ക്രൂരമനസുകൾ. മുഖമില്ലാത്തൊരു അക്കൗണ്ടും ഒരു മൊബൈലും കയ്യിലുണ്ടെങ്കിൽ കേട്ടാലറയ്ക്കുന്നതു പറയാനും ഷെയർ ചെയ്യാനും ആർക്കുമൊരു മടിയുമില്ല. ആരെയും വെറുതെവിടാത്ത സോഷ്യൽ മീഡിയ കെട്ടകാലത്തിന്റെ പുതിയ ഇര തൂലികയെന്ന പാവംകുഞ്ഞാണ്. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും അഭിനേതാക്കളുമായ സന്ദീപിന്റെയും മേഘയുടെയും മകളായ തൂലികയ്ക്കു നേരെയാണ് കണ്ണിൽ ചോരയില്ലാത്ത കമന്റുമായി ഒരു സോഷ്യൽ മീഡിയ ‘മനോരോഗി’ എത്തിയത്.
സന്ദീപും മേഘയും പങ്കുവച്ച ഒരു വിഡിയോക്കു കീഴെ ‘ഈ കുട്ടി മരിച്ചു പോയെങ്കിൽ കൊള്ളാമായിരുന്നു’ എന്ന് കമന്റിടാൻ അയാളെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് വ്യക്തമല്ല. പക്ഷേ ഒരു കുഞ്ഞിനെ പോലും വെറുതെ വിടാത്ത കഴുകൻമാരാണ് ചുറ്റുമുള്ളതെന്ന് വ്യക്തം. പരിധിവിടുന്ന സോഷ്യൽ മീഡിയ കമന്റുകളെ വേണ്ടവിധം കൈകാര്യം ചെയ്തു പരിചയമുള്ള മേഘയ്ക്കും സന്ദീപിനും ഈ കമന്റ് നൽകിയ ആഘാതം ചെറുതല്ല. പ്രസവ സമയത്തെ സങ്കീർണതകളും വേദനകളും അതിജീവിച്ച് തങ്ങളുടെ കൈകളിലേക്ക് വന്ന കുഞ്ഞിനെ കുറിച്ച് ഇവ്വിധം കമന്റ് ചെയ്ത വ്യക്തിയെ ഇരുവരും വെറുതെവിടാൻ ഉദ്ദേശിച്ചിട്ടുമില്ല. ജീവിതത്തിൽ സംഭവിച്ച ആ വലിയ ട്രോമയെക്കുറിച്ച് സന്ദീപ് സംസാരിക്കുന്നു.
യുദ്ധം ജയിച്ചുവന്നവൾ... ഞങ്ങളുടെ തൂലിക
സോഷ്യൽ മീഡിയയിലെ കമന്റുകൾക്കും അധിക്ഷേപങ്ങൾക്കും മറുപടി കൊടുക്കാൻ നിന്നാൽ പിന്നെ അതിനേ നേരമുണ്ടാകൂ എന്നറിയാം. വിവാഹത്തിനു മുൻപും ശേഷവും ഞാനും മേഘയും അത്തരം മനോരോഗങ്ങളെ വേണ്ടവിധം നേരിട്ടിട്ടുണ്ട്, കഴിയുന്ന വിധം കൈകാര്യം ചെയ്തിട്ടുമുണ്ട്. പ്രസവകാലത്ത് അറേബ്യൻ തീമിൽ ചെയ്ത ഞങ്ങളുടെ മെറ്റേണിറ്റി ഷൂട്ട് കണ്ടിട്ട് സംസ്കാരം പഠിപ്പിക്കാൻ കുറേയെറെ പേര്‍ വന്നിരുന്നു. ഇതിനു പുറമേ ഞങ്ങളുടെ പല വിഡിയോക്കു കീഴെയും കേട്ടാലറയ്ക്കുന്ന അശ്ലീല കമന്റുകളുമായി പലരും പലവട്ടം വന്നിട്ടുണ്ട്.അത്തരംപുഴുക്കുത്തുകളെയൊക്കെ നേരിടാനുള്ള അനുഭവ പരിചയം സോഷ്യൽ മീഡിയ തന്നെ ഞങ്ങൾക്കു തന്നിട്ടുണ്ട്. പക്ഷേ ഒന്നുമറിയാത്ത പാവം കുഞ്ഞ് എന്തു പിഴച്ചു? പിറന്നുവീണ മണിക്കൂറുകളിൽ ശ്വാസത്തിനു വേണ്ടി പിടഞ്ഞ പൈതൽ, ട്യൂബുകൾക്കും വയറുകൾക്കുമിടയിലൂടെ ജീവശ്വാസം തേടി. ഞങ്ങളുടെ തൂലിക... അവളെ കുറിച്ച് ഇങ്ങനെ പറയണമായിരുന്നോ?– വേദനയോടെ സന്ദീപ് ചോദിക്കുന്നു.
പിറന്നു വീണ സമയത്തെ ആദ്യ ഘട്ടങ്ങളിൽ ഒത്തിരി അനുഭവിച്ചു ഞങ്ങളുടെ കുഞ്ഞ്. നോർമൽ ഡെലിവറി പ്രതീക്ഷിച്ചിടത്ത് കാര്യങ്ങൾ കീഴ്‍മേൽ മറിഞ്ഞു. വേദനയ്ക്കുള്ള മരുന്ന് കൊടുത്തിട്ടും പ്രസവ സങ്കീർണതകൾ ഏറി വരുന്നതല്ലാതെ മറ്റൊന്നും സംഭവിക്കുന്നില്ല. ഒടുവിൽ അടിയന്തിരമായി സിസേറിയൻ നടപടി ക്രമങ്ങളിലേക്ക് കടന്നു. പ്രാർഥനകൾക്കൊടുവിൽ ഞങ്ങളുടെ തൂലിക വന്നു. പക്ഷേ അപ്പോഴും പരീക്ഷണം തുടർന്നു.
കൈകളിലേക്ക് ഏറ്റുവാങ്ങാൻ കൊതിച്ച കുഞ്ഞിന് ഹാര്‍ട്ട് റേറ്റ് കുറവാണെന്ന് പറഞ്ഞ് പിന്നെയും കാത്തിരിപ്പ്. ഡോക്ടറോടു തിരക്കുമ്പോൾ ‘കുഞ്ഞ് കരയുന്നില്ല, ശ്വാസം കിട്ടുന്നില്ല, ഫിക്സ് വരുന്നില്ല’ എന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. ഈ സമയങ്ങളിൽ കുഞ്ഞിന്റെ മുഖമൊന്നു കാണാൻ കൊതിച്ച് ആധിയോടെ ഞങ്ങൾ പുറത്തുണ്ടായിരുന്നു. ആശുപത്രിയിലെ കണ്ണാടിക്കൂട്ടിലൂടെ കാണുമ്പോൾ ശ്വാസമെടുക്കാൻ പിടഞ്ഞ്, ട്യൂബുകൾക്കും വയറുകൾക്കും നടുവിൽ ഞങ്ങളുടെ കുഞ്ഞ്...
മനസുകൊണ്ട് തളർന്ന് ആശുപത്രി വരാന്തയിലൂടെ അലഞ്ഞ നിമിഷങ്ങൾ ഇന്നും ഒരു പിടപ്പാണ്. എല്ലാം ഓ.കെയാകും എന്ന് ഓരോരുത്തര്‍ ആശ്വസിപ്പിക്കുമ്പോഴും ചലനമില്ലാതെ ചെറിയൊരു പിടപ്പ് മാത്രമായി ഞങ്ങളുടെ കുഞ്ഞ് അകത്തുണ്ടായിരുന്നു. പ്രതീക്ഷയോടെ നഴ്സുമാരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവർ തലതാഴ്ത്തി നിൽക്കും. അരുതാത്തത് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തരത്തിൽ. ഒടുവിൽ ഞാൻ നഴ്സുമാരോട് തന്നെ ചോദിച്ചു, ‘ഞാനെന്റെ കുഞ്ഞിനെ ഒന്നു തൊട്ടോട്ടെ... ’ കൈകളിൽ സാനിറ്റൈസർ പുരട്ടി ഞാനവളെ തൊട്ടു, പിന്നെ വിളിച്ചു, തൂലിക തിരികെ... വാ... ‘ആ വിളി ദൈവവും എന്റെ കുഞ്ഞും കേട്ടു. മൂന്ന് മണിക്കൂറിനുള്ളിൽ എന്റെ കുഞ്ഞ് മിഴിതുറന്നു, കരഞ്ഞു. അങ്ങനെ ആശുപത്രി ഐസിയുവിലെ മരുന്നു മണമുള്ള മുറിയില്‍ നിന്നും കുഞ്ഞിനെ ഞങ്ങളുടെ കൈകളിലേക്ക് കിട്ടി.
ക്രൂരമനസുകളോട് സന്ധിയില്ല
‘സോഷ്യൽ മീഡിയയിലെ ശരാശരി ചൊറി കമന്റുകൾക്കും അധിക്ഷേപങ്ങൾക്കും മറുപടി കൊടുത്തും നേരിട്ടും നല്ല ശീലമാണ്. പക്ഷേ ഒരു പാവം കുഞ്ഞ് എന്തു പിഴച്ചു എന്നാണ് എനിക്കു വീണ്ടും ചോദിക്കാനുള്ളത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിനു കീഴെയാണ് യാതൊരു പ്രകോപനവും ഇല്ലാതെ ‘ഈ കുട്ടി മരിച്ചു പോയെങ്കിൽ കൊള്ളമായിരുന്നു’ എന്ന് ഒരുത്തൻ കമന്റ് ചെയ്തത്. നിഖില്‍ വിനു എന്നു പേരുള്ള ഫെയ്ക്ക് അക്കൗണ്ടിൽ നിന്നാണ് കമന്റ്. അത്രയും വേദന സഹിച്ച് കാത്തിരുന്ന് കിട്ടിയ കുഞ്ഞിനെ കുറിച്ച് ഇങ്ങനെ കേട്ടത് മേഘയെ ശരിക്കും തളർത്തി. ശരിക്കും അവൾക്ക് ഉറങ്ങാൻ പോലും പറ്റിയില്ല.
ഐപി അഡ്രസ് അന്വേഷിച്ചു ചെന്നപ്പോൾ ആള് ഫെയ്ക്കാണെന്ന് മനസിലായി. പക്ഷേ പ്രൊഫൈലിനു പിന്നിലെ ആ ക്രൂര മനസിനെ വിടാൻ ഞങ്ങൾക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഐപി അഡ്രസ് വഴി പൊലീസ് അന്വേഷണം നടത്തിയപ്പോൾ തിരുവനന്തപുരത്തുള്ള ഏതോ വിരുതനാണ് ഇതിനു പിന്നിലെന്ന് വ്യക്തമായി. ദിവസങ്ങൾക്കകം അയാളെ പൊലീസ് കണ്ടുപിടിക്കും. കള്ളിവെളിച്ചത്താവുന്ന അന്ന് മുഖമില്ലാത്ത ആ ക്രൂരന്റെ യഥാർഥ മുഖം ഞാൻ ലോകത്തെ കാണിക്കും. ഇതിനു മുൻപ് സമാനമായ മനോരോഗവമായി ഒരാൾ വന്നിരുന്നു. മേഘയുടെ ചിത്രത്തിന് കീഴെ പുറത്തു പറയാൻ പറ്റാത്ത വൾഗർ കമന്റുമായി ഒരുത്തനെത്തി. അന്വേഷിച്ച് പോയപ്പോൾ 20 വയസ് മാത്രമേയുള്ളൂ. കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ നിന്നെ പുറംലോകത്തിനു മുന്നിലേക്ക് ഇട്ടുകൊടുക്കും എന്നു പറഞ്ഞപ്പോൾ ഡിലീറ്റ് ചെയ്തു സ്ഥലംവിട്ടു.
പറയാനുള്ളത് ഇത്രേയുള്ളൂ കുഞ്ഞുങ്ങൾ നമുക്ക് നിധികളാണ്. അവരെപോലും വെറുതെ വിടാത്ത ക്രൂരമനസുകൾക്ക് ഒന്നുകിൽ ചികിത്സ വേണം, അല്ലെങ്കിൽ കടുത്ത ശിക്ഷ വേണം. ഇനിയൊരു കുഞ്ഞിനും ഇങ്ങനയൊരു അവസ്ഥ ഉണ്ടാകരുത്.’– സന്ദീപ് പറഞ്ഞു നിർത്തി.
