ADVERTISEMENT

‘എൻഡോക്രോനളജിയിൽ ഇതാരാ പുതിയ ഡോക്ടർ... മുൻപുണ്ടായിരുന്ന ആള് പോയോ’

ഒപിയിൽ ഊഴം കാത്തിരുന്നവർ ഡോ. ജീവൻ ജോസഫിനെ കണ്ടമാത്രയിൽ ചോദിക്കുകയാണ്. അൽപ സ്വൽപം വണ്ണമൊക്കെയുണ്ടായിരുന്ന പഴയ ഡോക്ടറുടെ സ്ഥാനത്ത് ‘പുതിയൊരാളെ’ കണ്ടവർ ഒരു നിമിഷം ഞെട്ടി. അവർക്ക് പരിചയമുള്ള ജീവൻ ഡോക്ടറുടെ സീറ്റിൽ സ്ലിം ഫിറ്റായി ദേ... പുതിയൊരു ഡോക്ടറിരിക്കുന്നു.  കണ്ടവരെയും കമന്റ് പറഞ്ഞവരെയും തെറ്റുപറയാനൊക്കില്ല. ‘ഇതെന്തൊരു മാറ്റമാണ് ‍ഡോക്ടറേ...’ എന്ന് അറിയാതെ പറഞ്ഞു പോകുന്ന അഡാർ ട്രാൻസ്ഫർമേഷൻ.

ADVERTISEMENT

വണ്ണം കുറയ്ക്കാൻ കുറുക്കുവഴികളും എളുപ്പമാർഗങ്ങളും തേടുന്നവരുടെ കാലത്ത് അതിശയിപ്പിക്കുന്ന മാറ്റത്തിന്റെ കഥ പറയുയുകയാണ് ഏറ്റുമാനൂർ സ്വദേശിയും വിമല ഹെൽത്ത് കെയറിന്റെ ഡയറക്ടറുമായ ഡോ. ജീവൻ ജോസഫ്. ആളെപ്പോലും തിരിച്ചറിയാതെയുള്ള ഈ മാറ്റത്തിന്റെ സീക്രട്ട് തിരയുന്നവരോട് ഡോക്ടറുടെ ആദ്യ മറുപടി ഇങ്ങനെ.

‘സ്ലോ... സ്റ്റെഡി... വിൻസ് ദ റേസ്. കഠിനാദ്ധ്വാനത്തിനും നിശ്ചയദാർഢ്യത്തിനും ഒടുവിൽ കാത്തിരുന്നു കിട്ടുന്ന ഫലങ്ങൾ‌ക്ക് മധുരമേറും എന്നു പറയാറില്ലേ... അങ്ങനെയൊരു കാത്തിരിപ്പിന്റെയും കഠിനാധ്വാനത്തിന്റേയും ഫലമാണ് നിങ്ങളീ കാണുന്ന മാറ്റം. പിന്നെ പൊണ്ണത്തടി കുറയ്ക്കാനുള്ള യാത്രയിൽ ഞാൻ കൂടെക്കൂട്ടിയ മൂന്ന് ‘ഡി’കൾ ഉണ്ട്. അതു വഴിയേ പറയാം. അതിനു മുൻപ് എളുപ്പവഴികളും ഒറ്റമൂലികളും ഇല്ലാത്ത എന്റെ ഫിറ്റ്നസ് ജേർണിയുടെ കഥ കേൾക്കണം. ഒന്നര വർഷം കൊണ്ട് 30 കിലോ കുറച്ച നിശ്ചയദാർഢ്യത്തിന്റെ കഥ’– ഡോ. ജീവൻ പറഞ്ഞു തുടങ്ങുകയാണ്.

ഹെൽത് മുഖ്യം ബിഗിലേ...

ADVERTISEMENT

അപ്പിയറൻസിലാണോ ആരോഗ്യത്തിലാണോ കാര്യം. അങ്ങനെ ചോദിച്ചാൽ ഡോക്ടറായ ഞാൻ ആരോഗ്യത്തിന്റെ പക്ഷംചേരും. ബോഡി ഫിറ്റായി ഇരുന്നാൽ നമ്മുടെ ആത്മവിശ്വാസം കൂടും എന്ന സത്യം ഞാൻ വിസ്മരിക്കുന്നില്ല. പക്ഷേ അമിതവണ്ണം നമുക്കുണ്ടാക്കാൻ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെകുറിച്ച് എത്രപേർ ബോധവാൻമാരാണ്. പ്രത്യേകിച്ച് നേരവും കാലവും ആരോഗ്യവും നോക്കാതെ ഫാസ്റ്റ്ഫുഡിന്റെ പിന്നാലെ പോകുന്ന പുതുതലമുറ.

dr-jeevan-weight-loss-15

ഞെട്ടിക്കുന്നൊരു കണക്ക് പറയട്ടേ. 2025ലെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തലില്‍ നാലിലൊരാൾക്ക് അമിതവണ്ണമുണ്ടെന്നാണ് കണക്ക്. വയറിൽ കൊഴുപ്പടിഞ്ഞു കൂടുന്നവരുടെ കണക്കിലും നമ്മൾ അതിവേഗം മുന്നോട്ടാണ്. കണക്കുകൾ പ്രകാരം 40 ശതമാനം സ്ത്രീകൾക്കും 12 ശതമാനം പുരുഷൻമാർക്കും വയറിൽ കൊഴുപ്പടിയുന്നതു കൂടുന്നതു മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുണ്ട്. 2030 ആകുമ്പോഴേക്കും 11 ശതമാനം കുട്ടികളും ഓവർ വെയിറ്റ് പട്ടികയിൽ ഉൾപ്പെടുമെന്നും വിലയിരുത്തലുകളുണ്ട്.

ADVERTISEMENT

ഇതെല്ലാം കേൾക്കുമ്പോൾ നിസാരമെന്നു തോന്നാം. പക്ഷേ പൊണ്ണത്തടി നമ്മളെ എത്ര വലിയ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്ന് അറിയാമോ. സ്ലീപ് അപ്നിയ മുതൽ ആറോ ഏഴോ കാൻസറുകളിലേക്ക് വരെ എത്തിക്കുന്ന മൂലകാരണമാണ് പൊണ്ണത്തടി. പ്രമേഹം, ബിപി, ഹൃദ്രോഗം, ഡിമൻഷ്യ,  ഫാറ്റിലിവർ തുടങ്ങിയ ഒരു മനുഷ്യന്റെ സ്വാഭാവിക ജീവിത പ്രക്രിയയെ തകിടം മറിക്കുന്ന പല പ്രശ്നങ്ങളിലേക്കും നമ്മളെ കൊണ്ടെത്തിക്കും. അതാണ് പറഞ്ഞത്,  പൊണ്ണത്തിടിയുടെ പേരിൽ സമൂഹം നമ്മുടെ അപ്പിയറൻസിന് ഇടുന്ന മാർക്കിൽ അല്ല കാര്യം. തടി ഒരു സാമൂഹിക പ്രശ്നവും അല്ല. പിന്നെയോ... നമ്മുടെ ആരോഗ്യത്തേയും ജീവിതത്തേയും കീഴ്മേൽ മറിക്കുന്ന ഗുരുതര പ്രശ്നമാണ് പൊണ്ണത്തടി.

പൊണ്ണത്തടിക്കെതിരെ പോരാട്ടം

ചെറുപ്പകാലത്തോ അതിനു ശേഷമോ കാര്യമായ തടിയൊന്നും ഉള്ള ആളായിരുന്നില്ല ഞാൻ. പക്ഷേ കാലം കടന്നു പോകേ... പ്രായം മുപ്പതുകൾ താണ്ടി നാൽപതിലേക്ക് പിച്ചവയ്ക്കുമ്പോൾ തടികൂടി  അടിമുടി മാറിയെന്നു തിരിച്ചറിഞ്ഞു.  എന്റെ മാത്രം അവസ്ഥയല്ല അത്, പഴയ വിവാഹ ഫൊട്ടോയും അതിനു ശേഷമുള്ള നമ്മുടെ രൂപവും ഒത്തു നോക്കിയാൽ നമ്മളിൽ പലരും വല്ലാതെ മാറിപ്പോയി എന്ന് തിരിച്ചറിയും. 

പ്രായം 45 തൊട്ടപ്പോഴേക്കും ശരീരഭാരം സെഞ്ചറി കടന്നു. 105 നോട്ട് ഔട്ട് എന്ന അവസ്ഥ. മേൽപറഞ്ഞതു പോലെ നമ്മുടെ പഴയ ഫൊട്ടോയും പുതിയ രൂപവും കൂടി കണ്ടപ്പോൾ ഒരു മാറ്റം അനിവാര്യമെന്നു തോന്നി. തടിയുടെ പേരില്‍ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാതിരുന്നിട്ടു കൂടി ഫിറ്റ്നസ് തിരികെപിടിക്കാൻ തുനിഞ്ഞിറങ്ങുന്നത് അങ്ങനെയാണ്. മറ്റൊന്നു കൂടിയുണ്ട് തൈറോയ്ഡും  ഹോർമോണൽ സംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന എൻഡോക്രൈനോളജിസ്റ്റ് എന്ന നിലയിൽ ഫിറ്റായി ഇരിക്കേണ്ട ഉത്തരവാദിത്തവും എനിക്കുണ്ട് എന്ന് മനസു പറഞ്ഞു. കരിയറും പ്രഫഷനും തേടിയുള്ള ഓട്ടപ്പാച്ചിലിനിടയിൽ മൈൻഡ് ചെയ്യാതെ വിട്ട ഫിറ്റ്നസ് എന്ന തപസിലേക്കുള്ള എന്റെ പ്രയാണം അങ്ങനെ തുടങ്ങുകയായി.

dr-jeevan-weight-loss-16

കത്തട്ടേ കാലറി

ഇഷ്ടമുള്ളത് എന്തും കഴിക്കും. ഇഷ്ടം പോലെ കഴിക്കരുത് എന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ലേ. അതായിരുന്നു എന്റെ ഫിറ്റ്നസ് മന്ത്ര.  കഴിക്കുന്നതിനേക്കാൾ കാലറി കത്തിക്കണം എന്നൊരു പോളിസികൂടി ഈ യാത്രയില്‍ ഞാൻ കൂടെ കൂടെക്കൂട്ടി. ഉദാഹരണത്തിന് വെറും സ്നാക്കായി നമ്മൾ പരിഗണിക്കുന്ന സമൂസയിൽ പോലുമുണ്ട് 300 കാലറി. 100 കാലറി എരിച്ചു കളയാൻ പോലും അരമണിക്കൂർ നടക്കണം എന്നിരിക്കേ... നമ്മൾ വലിച്ചുവാരി കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളെ എരിച്ചു കളയാൻ എന്തുമാത്രം അധ്വാനിക്കണം? ഹെൽതി ഭക്ഷണം എന്ന് കരുതുന്ന ചപ്പാത്തിയിലെ 200 കാലറി മുതൽ ആസ്വദിച്ചു കഴിക്കുന്ന ബിരിയാണിയിലെ 1000 കാലറി വരെ നമ്മുടെ ഉള്ളിൽ എരിഞ്ഞു തീരാതെ അടിഞ്ഞു കൂടി കിടക്കും എന്നോർക്കൂ. പറഞ്ഞു വരുന്നത് വെറും എക്സർസൈസും ജിം ബോഡിയും കൊണ്ടു മാത്രം വണ്ണം കുറയില്ലെന്നു ചുരുക്കം. കാർബോ ഹൈഡ്രേറ്റ് കുറച്ച് ചിട്ടയായി വ്യായാമം ചെയ്തു കൊണ്ടായിരുന്നു പൊണ്ണത്തടിക്കെതിരെ എന്റെ ആദ്യ യുദ്ധം തുടങ്ങുന്നത്.

ഹെൽതി... ഹെൽതി...

കാർബ് കുറച്ചതാണ് എന്റെ ആദ്യ സ്ട്രാറ്റജി എന്നു പറഞ്ഞല്ലോ. ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന ചോറ്, ഇഡലി, പീറ്റ്സ, ദോശ, പുട്ട്, കപ്പ, ചപ്പാത്തി, പാസ്ത, ബിസ്ക്കറ്റ്, കേക്ക്, മൈദ, ബേക്കറി തുടങ്ങിയ ഐറ്റംസിനെയെല്ലാം ഡയറ്റ് ചാർട്ടിൽ നിന്നും പൂർണമായോ ഭാഗികമായോ ഗെറ്റ് ഔട്ട് അടിപ്പിച്ചു. ഫ്രൂട്സിലൂടെ മാത്രം കാർബ് എന്നതായിരുന്നു എന്റെ രീതി. പേരയ്ക്ക, ആപ്പിൾ മുന്തിരി,. അവൊക്കാഡോ, വാട്ടർ മെലൻ, പൈനാപ്പിൾ തുടങ്ങിയ ഭക്ഷണങ്ങള്‍ ഏറെ ഇഷ്ടത്തോടെ തന്നെ ഭക്ഷണത്തിന്റെ ഭാഗമാക്കി.

dr-jeevan-weight-loss--18

ബ്രേക്ക് ഫാസ്റ്റിൽ നിന്നും തുടങ്ങാം. മേൽ പറഞ്ഞവയിൽ നിന്നും ഏതെങ്കിലും ഒരു ഫ്രൂട്സ് ഉണ്ടാകും. അതിനു കൂട്ടായി  പുഴുങ്ങിയ കൂൺ ബ്ലാക് കോഫി എന്നിവയെത്തും. കൃത്രിമ മധുരങ്ങളോ പഞ്ചസാരയോ കോഫിയുടെ പരിസരത്തേ ഉണ്ടാകില്ല. മോങ്ക് ഫ്രൂട്ട് സ്വീറ്റ്നറാണ് കോഫിക്ക് കൂട്ട്. ഉച്ചയ്ക്ക് നോർമൽ മീൽ തന്നെയാണ്. പക്ഷേ ചോറും ചപ്പാത്തിയും ഒഴിവാക്കും. പകരം അവയ്ക്ക് കൂട്ടായി നമ്മൾ കാണുന്ന  ചിക്കൻ, ഫിഷ്, തോരൻ , തൈര് എല്ലാം എടുക്കും.  രാത്രിയിലും ഏകദേശം ഇങ്ങനെ തന്നെ, ചോറും ചപ്പാത്തിയും ആനുപാതികമായി കുറച്ച് ചിക്കനും ഫിഷും ഫ്രൂട്സും കുക്ക്ഡ് വെജിറ്റബിൾസും കൊണ്ട് ആ ദിവസം സമ്പന്നമാക്കും,

ഇത്രയും കഴിക്കുന്നതു കൊണ്ട് വിശപ്പു കുറയുമോ എന്ന് പലരും ചോദിക്കാറുണ്ട്. അവിടെ എന്നെ സഹായിക്കുന്നത് പ്രോട്ടീൻ പൗഡ‍റുകളാണ്. വ്യാജൻമാരുടെ പുറകേ പോകാതെ നമ്മുടെ ആരോഗ്യവും സുരക്ഷയും ഫലവും ഉറപ്പു തരുന്ന  പ്ലാന്റ് പ്രോട്ടീനും വേ പ്രോട്ടീനുകളും, രാവിലെയും വൈകുന്നേരങ്ങളിലുമായി കഴിക്കും. കടലയും പംകിൻ സീഡും ഉൾക്കൊള്ളുന്ന പ്ലാന്റ് പ്രോട്ടീൻ രണ്ട് സ്കൂപ്പ് എടുത്ത് വെള്ളത്തിൽ മിക്സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തോടെ നമ്മളെ നിലനിർത്തും. രാത്രിയിൽ പാൽ ചേരുന്ന വേ പ്രോട്ടീനാണ് ഉന്മേഷം പകരുന്നത്. കണ്ണിൽ‌ കണ്ടതെല്ലാം പ്രോട്ടീൻ പൗഡറുകൾ ആണെന്ന ധാരണ വേണ്ട.സിറ്റിസൻ പ്രോട്ടീന്‍ പ്രോജക്ട് റാങ്കിങ് അനുസരിച്ചുള്ള ഏറ്റവും നല്ല പ്രോട്ടീൻ പൗഡര്‍ തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇതെല്ലാം കഴിച്ച് കൺട്രോളിൽ ഇരിക്കുമ്പോഴും വിവാഹ ചടങ്ങുകളും പാർട്ടികളും വിരുന്നുകളുമൊക്കെ നമ്മുടെ ലക്ഷ്യത്തിനു മുന്നില്‍ വെല്ലുവിളിയുമായി എത്തും. അപ്പോഴും ആദ്യം പറഞ്ഞ ഫോർമുല മനസിൽ വേണം. നിയന്ത്രിത അളവിൽ കഴിക്കുക. ഇനി കഴിച്ചു പോയാലും അതിനും കൂടി  കണക്കാക്കി തുടർന്നുള്ള ദിവസങ്ങളിൽ‌ ഭക്ഷണം നിയന്ത്രിക്കുക, എക്സർസൈസ് ചെയ്യുക.

ഡയറ്റിനൊപ്പം ചിട്ടയായഎക്സർസൈസും  എനിക്കൊപ്പമുണ്ടായിരുന്നു. രാവിലെയും വൈകിട്ടും 40 മിനിറ്റ് വീതം നടത്തം... അതു മസ്റ്റാ...  പിന്നെ എയറോബ്കിസും ... മസിലിനു വേണ്ടി വെയിറ്റ് ട്രെയിനിങ്ങും ചെയ്തു. 5 മുതൽ 10 കിലോ വരെയുള്ള ചെറിയ ഡംബലുകള്‍ കൊണ്ട് ‘ഭാരപരീക്ഷണം’ നടത്തി. വൈകുന്നേരം ആകുമ്പോൾ സൈക്ലിങ് കൂടിയെത്തും. 

dr-jeevan-story-125

സ്ഥിരത പ്രധാനം

ഫിറ്റ്നസിൽ പലരും പാളിപ്പോകുന്നൊരു ഘട്ടമുണ്ട്. വ്യായാമവും ഡയറ്റും കൊണ്ട് ആദ്യം ഒരു 10 കിലോ ശരീരത്തിൽ നിന്നും കുറയും. പിന്നീടങ്ങോട്ട് ശരീരം അതിന്റെ തനി സ്വരൂപം കാട്ടിത്തുടങ്ങും. ഹോർമോണുകൾ കൊണ്ട് ശരീരം ശരീരം നമ്മളോട് യുദ്ധം പ്രഖ്യാപിക്കും. അവിടെ നമ്മൾ വീണു പോകരുത്. അനങ്ങാപ്പാറ പോലെ നിൽക്കുന്ന ബാക്കി തടിയെ മൂന്ന് ‘D’ കൊണ്ട് തോൽപിക്കണം. ഡിസിപ്ലിൻ, ഡിറ്റർമിനേഷൻ, ഡെഡിക്കേഷൻ... ആ മൂന്ന് കാര്യങ്ങൾ മുറുകെപിടിച്ചാൽ ഫലം ഉറപ്പ്. ആ ഫലമാണ് നിങ്ങൾ ഇന്നു കാണുന്ന ഡോക്ടർ ജീവൻ. 105 കിലോയില്‍ നിന്നും ഒന്നര വർഷം കൊണ്ട് 30 കിലോ കുറച്ച്  75ലേക്കെത്തിയ പുതിയ ജീവൻ.

കുറുക്കുവഴികൾ വേണ്ടേ വേണ്ട

മറ്റൊന്നു കൂടി ഓർമിപ്പിക്കട്ടെ. പൊണ്ണത്തടി കുറയ്ക്കാനുള്ള യാത്രയിൽ കുറുക്കു വഴികളില്ല. ഒരു വൈദ്യനും ഒരു ഒറ്റമൂലിക്കും നിങ്ങളെ വണ്ണംകുറച്ച് ആരോഗ്യത്തോടെ നിലനിർത്താൻ ആകില്ല. വിപണിയിൽ കാണുന്ന ഒരു പൗഡ‍റിനും മാജിക്കും ഇല്ല. അതിന്റെ പേരിൽ ഇനി വണ്ണം കുറഞ്ഞാൽ തന്നെ അതിന് സ്ഥിരതയുണ്ടാകില്ല. സൈ‍ഡ് ഇഫക്റ്റുകൾ വേറെയും. തൈറഫോയ്ഡിന്റെ പേരിലോ വൃക്ക സംബന്ധമായോ ഉള്ള പ്രശ്നങ്ങളല്ല നിങ്ങളുടെ തടിക്ക് കാരണമെങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. തടിയുടെ പേരിലുള്ള അപകടങ്ങൾ തിരിച്ചറിഞ്ഞ് ഫിറ്റനസിലേക്ക് മടങ്ങിയെത്തണം.  ഉയരം കണക്കാക്കുമ്പോൾ 30ന് മുകളിൽ ആണ് ബിഎംഐ എങ്കിൽ ഉറപ്പായും നിങ്ങളുടെ ശരീരത്തെ നിലയ്ക്കു നിർത്തണം.

ഈ യാത്രയിൽ ഭാര്യഡോ.  പ്രീതി കോര നൽകിയ പിന്തുണയും വിലമതിക്കുന്നതാണ്. മാറ്റം തേടിയുള്ള യാത്രയുടെ ഓരോ ഘട്ടത്തിലും പ്രോത്സാഹനവുമായി പ്രീതിയുണ്ടായിരുന്നു. കൺസൾട്ടന്റ് കോസ്മറ്റിക് ഗൈനക്കോളജിസ്റ്റായ ഡോ. പ്രീതി  വിമല ഹോസ്പിറ്റൽ ജോയിന്റ് ഡയറക്ടർ കൂടിയാണ്. മക്കൾ രണ്ടു പേർ,
മൂത്തയാൾ റയാൻ ജോസഫ് ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർഥിയാണ്. രണ്ടാമത്തെയാൾ 9–ാം ക്ലാസ് വിദ്യാർഥി ഏയ്ഡൻ.  

English Summary:

Fitness transformation is the focus of this inspiring story. Dr. Jeevan Joseph shares his journey of weight loss, emphasizing the importance of dedication, discipline, and determination for achieving a healthier lifestyle.

ADVERTISEMENT