ADVERTISEMENT

 കലുങ്കിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. വില്യാപള്ളി സ്വദേശി മൂസയാണ് മരിച്ചത്. ഇന്നലെ രാത്രി വില്യാപള്ളി അമരാവതിയിലാണ് അപകടം നടന്നത്. റോഡിൽ കലുങ്കിനായി കുഴിയെടുത്തിരുന്നു. ഈ കുഴിയിലേക്കാണ് മൂസ വീണത്. സാധനം വാങ്ങാനായി വീട്ടിൽ നിന്നു പോയതായിരുന്നു മൂസ. തിരിച്ചുവരാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് കലുങ്കിൽ മൂസ വീണു കിടക്കുന്നതായി കണ്ടെത്തിയത്.

കുഴിയിൽ തല താഴ്ന്ന നിലയിലായിരുന്നു മൂസ കിടന്നിരുന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം വടകര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കലുങ്കിന് സമീപത്ത് സുരക്ഷ സംവിധാനങ്ങളോ അപകട മുന്നറിയിപ്പോ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ADVERTISEMENT

ആരെങ്കിലും ഒന്നു കണ്ടിരുന്നെങ്കിൽ...

വടകരയിലെ കലുങ്ക് കുഴിയിൽ വീണു മരിച്ച മൂസ രണ്ടര മണിക്കൂറാണ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ കുഴിയിൽ കിടന്നത്. ഒരു പക്ഷേ നേരത്തേ കണ്ടിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. രാത്രി 7 നു ശേഷമാണ് എംജെ സ്കൂൾ പരിസരത്തെ വീട്ടിൽ നിന്നിറങ്ങിയത്. വില്യാപ്പള്ളി ടൗണിൽ പോയി സാധനങ്ങൾ വാങ്ങിയ ശേഷം മൂസ വീട്ടിലേക്ക് മടങ്ങി പോകുന്ന ദൃശ്യം സമീപത്തെ ഫർണിച്ചർ കടയിലെ ക്യാമറയിൽ കാണാം. രാത്രി 8.52 ന് ആണിത്. ഈ കടയുടെ മുൻപിൽ നിന്ന് ഒരു മിനിറ്റിനകം കലുങ്കിന് സമീപം എത്താം. വീടും വീണ സ്ഥലവും തമ്മിൽ 150 മീറ്റർ ദൂരം.

ADVERTISEMENT

തെരുവു വിളക്ക് കത്താത്തതു കൊണ്ട് കുഴിയിലേക്ക് ആരും എളുപ്പത്തിൽ കാണില്ല. കലുങ്കിനും മൺ തിട്ടയ്ക്കും ഇടയിലുള്ള ചെറിയ വിടവിലേക്ക് വീണതു കൊണ്ട് പെട്ടെന്ന് കാണാനും ബുദ്ധിമുട്ടാണ്. വീതി കുറഞ്ഞ റോഡിലൂടെ ന‍ടന്നു പോകുന്നവർ വാഹനം വരുന്നതു കൊണ്ട് വേഗത്തിലാണ് ഈ വഴി കടന്നു പോകുക.

നേരം ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ച് എത്താത്തതു കൊണ്ട് നാട്ടുകാരും ബന്ധുക്കളും പല ഭാഗത്തും അന്വേഷിച്ചിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. വീട്ടിൽ നിന്നു പോയി തിരിച്ചു വരുന്ന വഴി മുഴുവൻ തിരഞ്ഞപ്പോഴാണ് ഇവിടെ വീണു കിടക്കുന്നത് കണ്ടത്. വീട്ടിലേക്കുള്ള സാധനങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു.

ADVERTISEMENT

പോസ്റ്റ്മോർട്ടം ഇന്ന്

മൂസയുടെ പോസ്റ്റ്മോർട്ടം ഇന്ന്. ഞായറാഴ്ച രാത്രി 11.30ന് കണ്ടെടുത്ത മൃതദേഹം ഏറെ വൈകാതെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു.ഇന്നലെ രാവിലെ ഇൻക്വസ്റ്റും എഫ്ഐആറും പുർത്തിയാക്കിയ ശേഷമാണ് ഫൊറൻസിക് പരിശോധന വേണമെന്നും മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകണമെന്നും പറയുന്നത്. അപ്പോൾ സമയം 3 മണിയായി. മെഡിക്കൽ കോളജിൽ എത്തിയപ്പോൾ പോസ്റ്റ്മോർട്ടത്തിന്റെ സമയം കഴിഞ്ഞു. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടം നടത്തും. ഉച്ചയ്ക്ക് ശേഷം കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.

moosa-accident-5-
മൂസ വീണുമരിച്ച വിഭാഗം

പ്രതിഷേധം വ്യാപകം

സുരക്ഷയ്ക്കായി വച്ചത് കനമില്ലാത്ത ഫൈബർ ടാങ്ക്! റോഡരികിലെ കലുങ്ക് നിർമാണത്തിന് ഇരയായി ജീവൻ പൊലിഞ്ഞു. വടകര – ചേലക്കാട് റോഡിന്റെ പണി നടക്കുന്ന അമരാവതിയിൽ ഏലത്ത് മൂസ വീണു മരിക്കാൻ ഇടയായ സംഭവത്തിൽ പ്രദേശത്ത് വ്യാപക പ്രതിഷേധം. റോഡിന്റെ പകുതി ഭാഗം മുറിച്ച് പണിത കലുങ്കിന്റെ ഇരു ഭാഗത്തും ആളുകൾ വീഴാൻ പാകത്തിൽ 2 മീറ്റർ ആഴത്തിൽ വിടവുണ്ടായിരുന്നു. റോ‍ഡിന് ഒരു ബസ് കടന്നു പോകേണ്ട വീതി മാത്രം. റോഡിലേക്ക് പെട്ടെന്ന് വാഹനം വന്നപ്പോൾ മൂസ വീണതാകാം എന്നു കരുതുന്നു.

സന്ധ്യയോടെ മൂസ നടന്നു പോകുന്ന സിസി ‍ടിവി ദൃശ്യങ്ങളുണ്ട്. രാത്രി 7 നു മുൻപായി വീണിട്ടുണ്ടാവാം എന്നു സംശയിക്കുന്നു. മൂസയെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിൽ 11.30 ന് ആണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. ചെരിപ്പ് സമീപത്ത് കാണുന്നുണ്ട്. സ്ഥലത്ത് തെരുവു വിളക്കുകളില്ലാത്തതിനാൽ മൂസ വീണത് രാത്രി ആരും കണ്ടില്ല. കലുങ്കിനോട് ചേർന്ന് നടന്നു പോകുന്നവർക്ക് ഒരു സുരക്ഷയുമില്ലെന്നാണ് പരാതി.

വടം കെട്ടുകയോ കുറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. നാലായിരം കുട്ടികൾ പഠിക്കുന്ന എംജെ സ്കൂൾ ഇതിനു തൊട്ടടുത്താണ്. ഫൈബർ ടാങ്ക് ഇവിടെ വച്ചത് സുരക്ഷയ്ക്ക് പകരം അപകടമുണ്ടാക്കാനാണ് സാധ്യത. വാഹനം വരുമ്പോൾ അരികിലേക്ക് ഒതുങ്ങി ബാരൽ പിടിച്ചാൽ നേരെ കുഴിയിലേക്കാണ് വീഴുക.

English Summary:

Road accident: A pedestrian died after falling into a pit dug for a culvert in Vadakara. The incident highlights the critical need for enhanced road safety measures during construction.

ADVERTISEMENT