‘ഞങ്ങൾക്ക് അവനെ പേടിയാ... അവനെന്തും ചെയ്യും’: ഈ പുഞ്ചിരി മായ്ച്ചു കളഞ്ഞ സൈക്കോ: ദൃശ്യ കൊലക്കേസ് പ്രതി ചാടിപ്പോയി Drishya Murder Case: Accused Escapes Mental Hospital
Mail This Article
ആ ദു:ഖ വ്യാഴാഴ്‌ച പെരിന്തൽമണ്ണക്കാർക്ക് നടുക്കത്തോടെ മാത്രമേ ഓർക്കാനാകൂ. 2021 ജൂൺ 17 ന് രാവിലെ എട്ടോടെയായിരുന്നു എൽഎൽബി വിദ്യാർഥിനിയായിരുന്ന ദൃശ്യ വീട്ടിലെ കിടപ്പു മുറിയിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. കത്തികൊണ്ട് കുത്തിയ 22 മുറിവുകളായിരുന്നു ശരീരത്തിലാകെ ഉണ്ടായിരുന്നത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമായതെന്ന് പോസ്‌റ്റ്മോർട്ടത്തിൽ വ്യക്തമായി. വിനീഷ് രക്ഷപ്പെട്ടതറിഞ്ഞ് ഏറെ ഭീതിയിലാണ് ദൃശ്യയുടെ അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ. അവനിത് മൂന്നാം തവണയാണ് രക്ഷപ്പെടുന്നതെന്നും അവൻ ഏതിലൂടെ വരുമെന്ന് അറിയില്ലെന്നും ഭയമുണ്ടെന്നും ദൃശ്യയുടെ അമ്മ പറഞ്ഞു.
അവനെന്തും ചെയ്യുന്ന ആളാണ്, അത്ര വലിയ ക്രിമിനലാണ്. ജോലി ചെയ്‌ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം വേണം. രാത്രിയാണ് കട അടച്ച് പോകാറ്. അവൻ എപ്പോൾ വേണമെങ്കിലും വരുമെന്ന് തന്നെയാണ് കരുതുന്നതെന്നും പൊലീസിൽ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. ദൃശ്യയുടെ മരണം കുടുംബത്തെ വല്ലാതെ ഉലച്ചിരുന്നു. പിതാവ് ബാലചന്ദ്രൻ നിത്യരോഗിയായി മാറി. ഇതോടെ കുടുംബം ആറു മാസങ്ങൾക്ക് മുൻപ് ഏലംകുളത്തെ വീട് അടച്ചിട്ട് മങ്കടയിലേക്ക് താമസം മാറ്റിയിരുന്നു. കഴിഞ്ഞ നവംബർ 12 ന് ബാലചന്ദ്രൻ മരിച്ചു. ഇന്നലെ മങ്കടയിലെ വീടിനും പെരിന്തൽമണ്ണയിലെ ഇവരുടെ കടയ്‌ക്കും സമീപം മഫ്‌ടിയിൽ പൊലീസ് ഉണ്ടായിരുന്നു.
മഞ്ചേരി നറുകര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദും ഏലംകുളം എളാട് കൂഴന്തറ ചെമ്മാട്ടിൽ വീട്ടിൽ ദൃശ്യയും പ്ലസ്‌ടുവിന് സഹപാഠികളായിരുന്നു. ദൃശ്യയെ ശല്യം ചെയ്‌തതിന് സംഭവം നടക്കുന്നതിന്റെ 2 മാസം മുൻപ് പൊലീസ് സ്‌റ്റേഷനിൽ വച്ച് താക്കീത് ചെയ്തതായിരുന്നു. അന്ന് ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയിരുന്നു. അതിനു ശേഷമായിരുന്നു അരുംകൊല. കൊലപാതകത്തിന്റെ തലേന്ന് ബുധനാഴ്‌ച രാത്രിയിൽ ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തൽമണ്ണ കിഴക്കേതിൽ കോംപ്ലക്‌സിലെ സി.കെ.സ്‌റ്റോഴ്‌സ് എന്ന പേരിലുള്ള കളിപ്പാട്ടക്കട തലേന്ന് പ്രതി തീവച്ച് നശിപ്പിച്ചിരുന്നു. അതിനു ശേഷമാണ് ദൃശ്യയുടെ വീട്ടിലേക്ക് പ്രതി എത്തിയത്.
വീടിനുള്ളിൽ കടന്നത് അടുക്കള വാതിൽ വഴിയായിരുന്നു. കുത്താനുള്ള കത്തി എടുത്തതും അടുക്കളയിൽ നിന്നു തന്നെ. ബഹളം കേട്ട് ഓടിയെത്തി കുത്ത് തടയാൻ ശ്രമിച്ച ദൃശ്യയുടെ സഹോദരി ദേവശ്രീക്കാണ് ആദ്യം കുത്തേറ്റത്. കൃത്യം നടത്തി വിനീഷ് മടങ്ങിയ ഓട്ടോ ഡ്രൈവർ ജൗഹറിന്റെ സധൈര്യമുള്ള ഇടപെടലും തന്ത്രപരമായ നീക്കവുമാണ് വിനീഷ് ഉടൻ പിടിയിലാവാനിടയാക്കിയത്. അപകടത്തിൽ പ്പെട്ടതാണെന്ന് പറഞ്ഞാണ് പെരിന്തൽമണ്ണയിലേക്ക് വിനീഷ് ഓട്ടോ വിളിച്ചത്. സംശയം തോന്നി നാട്ടിൽ നിന്ന് ചിലർ ജൗഹറിനെ വിളിച്ച് കാര്യം പറഞ്ഞതോടെ ഓട്ടോ സ്‌റ്റേഷനിലേക്ക് വിടുകയായിരുന്നു. കേസിൽ റിമാൻഡിലായിരുന്ന സമയത്ത് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൊലപാതകം നടന്ന് 57–ാം ദിവസം പൊലീസ് 518 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. 3 സാക്ഷികളുടെ രഹസ്യ മൊഴി ഉൾപ്പെടെ 81 പേരുടെ മൊഴിയും 80 തൊണ്ടിമുതലുണ്ടായിരുന്നു.
ദൃശ്യ കൊലക്കേസ് പ്രതി ചാടിപ്പോയി; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതിയും വിചാരണത്തടവുകാരനുമായ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിപ്പോയി. 2021 ജൂണിൽ പെരിന്തൽമണ്ണ ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യയെ(21) വിവാഹാഭ്യർഥന നിരസിച്ചതിനു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദ് (26) ആണ് തിങ്കൾ രാത്രി 11 മണിയോടെ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞത്. മൂന്നാം വാർഡിലെ ശുചിമുറിയുടെ ചുമർ തുരന്നു പുറത്തെത്തിയ ശേഷം ചുറ്റുമതിൽ ചാടി കടന്നുകളയുകയായിരുന്നു. 11 മണിയോടെ ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണു ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്.
പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും പൊലീസ് പരിശോധന തുടരുകയാണ്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായിരുന്ന വിനീഷിനെ കോടതിയുടെ നിർദേശപ്രകാരമാണ് ഡിസംബർ 10ന് കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ ആത്മഹത്യാശ്രമം നടത്തിയതിനെ തുടർന്നാണു ചികിത്സയിലാക്കിയത്. 2022ലും ഇവിടെ നിന്ന് രക്ഷപ്പെട്ട പ്രതിയെ അന്ന് കർണാടകയിലെ ധർമസ്ഥലയിൽ നാട്ടുകാർ പിടികൂടിയാണ് പൊലീസിൽ ഏൽപിച്ചത്.
ഒറ്റപ്പാലം നെഹ്റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയായിരുന്നു കുത്തേറ്റുമരിച്ച ദൃശ്യ. ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട് ശ്രദ്ധ തിരിച്ച ശേഷമാണ് വിനീഷ് പത്തു കിലോമീറ്റർ അകലെയുളള വീട്ടിലെത്തി കൊലപാതകം നടത്തിയത്. തുടർന്ന് ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ നൽകിയ വിവരങ്ങളുടെ സൂചനപ്രകാരം ഓട്ടോഡ്രൈവർ ജൗഹർ തന്ത്രപൂർവം പ്രതിയെ സ്റ്റേഷനിൽ എത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.
വിനീഷ് രക്ഷപ്പെട്ടതറിഞ്ഞ് ഏറെ ഭീതിയിലാണ് ദൃശ്യയുടെ അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ. മൂന്നാം തവണയാണ് വിനീഷ് രക്ഷപ്പെടുന്നതെന്നും ഭയമുണ്ടെന്നും ദൃശ്യയുടെ അമ്മ പറഞ്ഞു. അവനെന്തും ചെയ്യുന്ന വലിയ ക്രിമിനലാണ്. രാത്രിയാണ് കട അടച്ച് പോകാറ്. അവൻ എപ്പോൾ വേണമെങ്കിലും വരുമെന്നുതന്നെയാണ് കരുതുന്നതെന്നും അതേസമയം പൊലീസിൽ വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.