പ്രിയപ്പെട്ടവൻ അവധിക്ക് നാട്ടിലെത്തുമ്പോള്‍ സുലജ ഈ മണ്ണിലുണ്ടാകില്ല: ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു
Mail This Article
ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചു. കൊട്ടാരക്കര കോട്ടാത്തല മൈലം ശിവഗംഗ വീട്ടിൽ സുലജ (41)യാണ് മരിച്ചത്. ഭരണിക്കാവ്– കൊട്ടാരക്കര പ്രധാന പാതയിൽ സിനിമാപറമ്പ് ജംക്‌ഷനിൽ രാവിലെ ഏഴിനാണ് സംഭവം. പൊലീസ് പറയുന്നത്: ബന്ധുവിനെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വിട്ട ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുലജ. അടൂർ റോഡിൽ നിന്നു കൊട്ടാരക്കര റോഡിലേക്ക് തിരിയുകയായിരുന്ന ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ സുലജ റോഡിലേക്ക് തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുലജയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലോറി കസ്റ്റഡിയിലെടുത്ത ശേഷം ഡ്രൈവർ ചെങ്കോട്ട സ്വദേശി മാണ്യക്യ(29)ത്തെ അറസ്റ്റ് ചെയ്തു.
പത്തു വർഷം മുൻപ് വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു സുലജ. നിയന്ത്രണം വിട്ട ലോറി, സുലജ സഞ്ചരിച്ച സ്കൂട്ടറിന് മേൽ മറിഞ്ഞായിരുന്നു അന്ന് അപകടം. സ്കൂട്ടർ തവിടുപൊടി ആയെങ്കിലും അപകടത്തിൽ നിന്നു സുലജ രക്ഷപ്പെട്ടു. 20 വർഷമായി ഗൾഫിൽ ജോലി നോക്കുന്ന ഭർത്താവ് ശ്രീകുമാർ ദിവസങ്ങൾക്കകം അവധിക്ക് എത്താനിരിക്കെയാണ് ഇപ്പോൾ വിധിയുടെ ക്രൂരത. ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ: ആദിത്യൻ, ആര്യൻ.