ഇക്കയും കുഞ്ഞനിയൻമാരും ഉറങ്ങുകയാണ്, കണ്ണീരോടെ ഇസ്സമോളുടെ അന്ത്യചുംബനം: ആ ഖബറുകൾ ഇനി കണ്ണീരോർമ Mother Bids Farewell to Children
Mail This Article
പൊന്നോമനകൾക്ക് മാതാവ് റുക്സാന അന്ത്യയാത്രയേകുന്നത് കണ്ടുനിൽക്കാനാകാതെ അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി മുഴുവൻ തേങ്ങി. റുക്സാനയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ആശുപത്രിയിൽ മൃതദേഹങ്ങൾ എത്തിച്ചായിരുന്നു യാത്രാമൊഴിയേകാൻ അവസരമൊരുക്കിയത്.
കുടുംബത്തെ ആശ്വസിപ്പിക്കാനാണ് ആശുപത്രിയിലുള്ള ഡയറക്ടർ ഫൈസൽ ഉൾപ്പെടെ മുഴുവൻ സ്വദേശി ജീവനക്കാരും എത്തിയതെങ്കിലും റുക്സാനയുടെ സങ്കടക്കടലിൽ ആർക്കും പിടിച്ചുനിൽക്കാനായില്ല. വീൽചെയറിലെത്തിച്ച അബ്ദുൽ ലത്തീഫിനെ ഡയറക്ടർ ഫൈസൽ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.
അതുവരെ പിടിച്ചുനിന്ന ലത്തീഫിന്റെയും നിയന്ത്രണം വിട്ടു. പത്തുവയസ്സുകാരി ഇസ്സയും മാതാപിതാക്കൾക്കൊപ്പം 4 സഹോദരന്മാർക്കും അന്ത്യചുംബനം നൽകുന്നതും കരളലിയിക്കുന്നതായിരുന്നു.
നോവായി എട്ടു വയസ്സുകാരന്‍ അസാം: വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി! സങ്കടക്കടലില്‍ പ്രവാസലോകം
ചരിത്രത്തിൽ ആദ്യമായാണ് ഒരു രോഗിയെ കാണിക്കാനായി നാലു മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിക്കുന്നത്.കബറടക്ക ചടങ്ങിനു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ദുബായിലേക്കു പോകാൻ ബസും ആശുപത്രി ഏർപ്പാടാക്കിയിരുന്നു.
∙ അടുത്തടുത്ത കബറുകളിൽ അവർ നിത്യമായി ഉറങ്ങും
അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ച അഷസ് (14), അമ്മാർ (12), അസം (7), അയാഷ് (5) എന്നിവരുടെ കബറടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ദുബായ് ഖിസൈസിലെ ശ്മശാനത്തിൽ നടത്തി. അടുത്തടുത്ത കബറുകളിലാണ് നാലു പേർക്കും അന്ത്യവിശ്രമമൊരുക്കിയത്. മലപ്പുറം കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫിന്റെയും ഭാര്യ വടകര കുന്നുമ്മക്കര സ്വദേശി റുക്സാനയുടെയും നാലു മക്കളും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷ്റയുമാണു ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്.
അപകടത്തെ തുടർന്ന് അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന അബ്ദുൽ ലത്തീഫ് ദുബായിലെത്തി മക്കൾക്ക് അന്ത്യോപചാരമർപ്പിച്ചു. ലത്തീഫിനെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഏറെ പാടുപെട്ടു. ഒടുവിൽ അന്ത്യചുംബനം നൽകി 4 പേരെയും യാത്രയാക്കി. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായി ചികിത്സയിലുള്ള റുക്സാന അബുദാബിയിലെ ആശുപത്രിയിൽ നിന്ന് മക്കൾക്കു യാത്രാമൊഴി നൽകി. നൂറുകണക്കിന് ആളുകളാണ് കബറടക്ക ചടങ്ങിലും മയ്യിത്ത് നമസ്കാരത്തിലും പങ്കെടുത്തത്.
അപകടവിവരമറിഞ്ഞ് റുക്സാനയുടെ മാതാവ് ഷാഹിദയും സഹോദരിയും സഹോദരങ്ങളും നാട്ടിൽനിന്ന് എത്തിയിരുന്നു. അബ്ദുൽ ലത്തീഫിനെയും മകൾ ഇസ്സയെയും ഇന്നലെ ഡിസ്ചാർജ് ചെയ്തു. റുക്സാന ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരും.