കുട്ടികളെ വീട്ടിൽ ഇനി ഒറ്റയ്ക്കാക്കി പോകേണ്ടി വരില്ല: പൊലീസ് വനിതാ സെല്ലിൽ ചൈൽഡ് കെയർ സെന്റർ തുടങ്ങി Kollam Police Launch Child Care
Mail This Article
കൊല്ലം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനായി വനിതാ സെല്ലിൽ ചൈൽഡ് കെയർ സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ചൈൽഡ് കെയർ സെന്റർ പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറെ സഹായകമാണെന്നും മന്ത്രി പറഞ്ഞു. നഴ്സ്, ഫയർഫോഴ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലിചെയ്യുന്നവരുടെ മക്കൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഭാവിയിൽ ചൈൽഡ് കെയർ സെന്ററിന്റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പെട്ടെന്ന് കുട്ടികളെ വീട്ടിൽ ഒറ്റയ്ക്കാക്കി പോകേണ്ട സാഹചര്യമുണ്ടെങ്കിൽ പൊതുജനങ്ങൾക്കും കുട്ടികളെ ഇവിടെ ഏൽപിക്കാമെന്നും സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു. എം. നൗഷാദ് എംഎൽഎ, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി.നായർ, എസിപി ഷെരീഫ്, സ്പെഷൽ ബ്രാഞ്ച് എസിപി എ.പ്രദീപ് കുമാർ, ശിശുക്ഷേമ സമിതി അധ്യക്ഷൻ ഡി.ഷൈൻദേവ് എന്നിവർ പങ്കെടുത്തു.
കുട്ടികൾക്കായി 24x7
24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് സെന്റർ സജ്ജീകരിച്ചിരിക്കുന്നത്. കമ്മിഷണർ കിരൺനാരായണന്റെ ആശയമാണ് സെന്ററിനു പിന്നിൽ. വനിതാ സെല്ലിലെ നിലവിലുള്ള മുറി തന്നെയാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. മുറിയുടെ ഭിത്തിയിലെ അക്ഷരമാലയും സംഖ്യകളും കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികളെ ആകർഷിക്കുന്ന തരത്തിൽ ക്രമീകരിച്ചു. പുഷ് റൈഡ്, സൈക്കിൾ, മറ്റു കളിപ്പാട്ടങ്ങൾ എന്നിവയ്ക്കായി 75,000 രൂപ വകുപ്പിൽ നിന്ന് അനുവദിച്ചിരുന്നതായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി ജിജു സി.നായർ പറഞ്ഞു.