‘ഇച്ചാ... എന്ത് ധൈര്യത്തിലാ എന്നെ ഇവിടെ ഒറ്റയ്ക്കാക്കി പോയത്’: രേഷ്മയുടെ നെഞ്ചിലിപ്പോഴും മരണത്തിന്റെ തണുപ്പ്: നോവോർമ Reshma's Journey: Finding Strength After Loss
Mail This Article
‘ഇച്ചാ... മരണത്തിന്റെ ലോകത്തു നിന്നും ഒരു തവണ... ഒരൊറ്റ തവണ എനിക്കു വേണ്ടി തിരിച്ചു വരാമോ?’
ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആ ഒരൊറ്റ മൊമന്റ്... അതിന് ഒരു നീർക്കുമിളയുടെ മാത്രം ആയുസാണ്. അങ്ങനെയൊരു നിമിഷത്തിലാണ് ഒന്നു യാത്ര പറയാന്‍ പോലും നിൽക്കാതെ നിഥിൻ, രേഷ്മയുടെ ജീവിതത്തിൽ നിന്നും പോയത്.
സന്തോഷിക്കാനും പ്രണയിക്കാനും ഓർത്തു വയ്ക്കാനും എട്ടു മാസം മാത്രമാണ് അവർക്ക് വിധി അനുവദിച്ചു നൽകിയത്. അതിനിടയിൽ രംഗബോധമില്ലാതെ കടന്നുവന്ന മരണത്തിന്റെ മാലാഖ, രേഷ്മയുടെ കൈ വിടുവിച്ച് നിഥിനെ സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരാതി പറയാനും, പരിഭവങ്ങൾ പങ്കുവയ്ക്കാനും, മതി വരുവോളം സ്നേഹിക്കാനും മറ്റൊരു തവണ കൂടി അനുവദിക്കാതെ നിഥിൻ പോയതോർക്കുമ്പോൾ രേഷ്മ ഉള്ളിന്റെയുള്ളിൽ ആ വാക്കുകൾ ആവർത്തിക്കും.
‘ഇച്ചാ... മടങ്ങി വരുമോ എനിക്കു വേണ്ടി.’
തിരുവനന്തപുരം പൂന്തുറ സ്വദേശിയായ രേഷ്മയുടെ ജീവിതം പറയുന്നത് ഒരു മരണം ഏൽപിച്ച ആഘാതം മാത്രമല്ല. ആ വേദന ജീവിച്ചിരിക്കുന്നവർക്ക് നൽകുന്ന ലൈഫ് ടൈം ട്രോമയെക്കുറിച്ചു കൂടിയാണ്. യൂട്യൂബ് വിഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീലുകളിലൂടെയും സോഷ്യൽ മീഡിയക്ക് സുപരിചിതയായ രേഷ്മയുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്? ആയിരം ആശ്വാസ വചനങ്ങൾക്ക് കൊണ്ട് തുലാഭാരം നടത്തിയാലും ഉണങ്ങാത്ത ആ വലിയ വേദനയുടെ കഥ അവൾ തന്നെ പറയട്ടെ...
മരണം കൊണ്ടുപോയി പ്രണയം
പഠിക്കണം, വിദേശത്ത് എവിടെയെങ്കിലും പോയി സെറ്റിൽ ആകണം... ജീവിതത്തിൽ ഈയൊരു ലക്ഷ്യം മാത്രം ഉണ്ടായത് വെറുതെയല്ല. നല്ലൊരു ജീവിതത്തിനായി അത്രമാത്രം കൊതിച്ചിട്ടുണ്ട്. കഷ്ടപ്പാടും പ്രാരാബ്ദങ്ങളുമില്ലാതെ വീട്ടുകാരെ നോക്കാൻ കൊതിച്ചൊരു സാധാരണക്കാരിക്ക് മറ്റെന്ത് ലക്ഷ്യമുണ്ടാകാൻ? ഇതിനിടെയിലെപ്പോഴോ മനസിൽ പണ്ടേക്കു പണ്ടേ കുഴിച്ചു മൂടിയ പ്രണയം കൊതിച്ച് ഒരാൾ വന്നു. സ്നേഹിച്ചും, കരുതലേകിയും എന്നിൽ നിന്ന് ആ പ്രണയം അയാൾ പിടിച്ചു വാങ്ങി. ഞാനും തിരികെ മനസു നിറഞ്ഞ് സ്നേഹിച്ചു. ഒരുമിച്ച് ജീവിച്ച് തുടങ്ങി സ്വപ്നങ്ങൾ കണ്ടു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ തന്ന സ്വപ്നങ്ങളും വാക്കുകളും ഈ മണ്ണിൽ ഉപേക്ഷിച്ച് ഞാൻ ഇച്ചാ... എന്നു വിളിക്കുന്ന നിഥിൻ അങ്ങുപോയി...–രേഷ്മ പറഞ്ഞു തുടങ്ങുകയാണ്.
ഒരു ബ്രേക്കപ്പ് നൽകിയ ആഘാതം ഉള്ളിലിട്ടു നടക്കുന്ന എനിക്ക് രണ്ടാമതൊരു പ്രണയത്തോട് വെറുപ്പായിരുന്നു. പക്ഷേ എന്റെ സുഹൃത്തിന്റെ സുഹൃത്തായി ജീവിതത്തിലേക്ക് ഒരു ദിവസം നിഥിൻ കടന്നു വന്നു.
തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനായിരുന്നു നിഥിൻ. പരസ്പരം ഉള്ള കൂടിക്കാഴ്ചകളിൽ എപ്പോഴോ, സൗഹൃദം അവന് പ്രണയമായി. പക്ഷേ ആ നിമിഷത്തിൽ എന്റെ വക റെഡ് സിഗ്നൽ.കാരണം പഴയ ബ്രേക്കപ്പ് തന്നെ.
ഡിസാസ്റ്റർ മാനേജ്മെന്റിലെ പിജിയും കഴിഞ്ഞ് പുറത്ത് പോയി സെറ്റിലാകണം അതു മാത്രമായിരുന്നു ലക്ഷ്യം. നല്ല സുഹൃത്തുക്കളായി തുടരാമെന്ന് പറഞ്ഞു. പക്ഷേ അവന്‍ വിട്ടില്ല. നാളുകൾ കടന്നു പോയി... ഒരു ദിവസം എന്നെക്കാണാൻ സർപ്രൈസായി നിഥിൻ കൊച്ചിയിലെത്തി. അതൊക്കെ കണ്ടപ്പോഴാണ് കക്ഷി ജെനൂയിൻ ആണെന്ന് മനസിലാകുന്നതും തിരിച്ച് പ്രണയം തോന്നുന്നതും. അങ്ങനെ ആ പ്രണയത്തില്‍ നിന്നുമാണ് എന്റെ പുതിയ ലോകം ജനിക്കുന്നത്.
അവിടം മുതലങ്ങോട്ട് ഞങ്ങളുടെ പ്രണയകാലം തുടങ്ങുകയായിരുന്നു. ജീവിതവും യാത്രകളും സ്വപ്നങ്ങളും ഇഷ്ടങ്ങളും എല്ലാം കോർത്തിണക്കിയുള്ള യൂട്യൂബ് ചാനല്‍ തുടങ്ങാൻ എന്നെ പിന്തുണച്ചത് നിഥിനാണ്. ഇതിനിടെ വീട്ടുകാരുടെ ആശീർവാദത്തോടെ പ്രണയം സഫലമായി. എന്റെ ഓരോ ഇഷ്ടത്തിലും ലക്ഷ്യങ്ങളിലും നിഴലായി നിഥിനുണ്ടാകും. കക്ഷിക്ക് ഇത്തിരി കുട്ടികളി കൂടുതലില്ലേ എന്ന് പണ്ട് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. പക്ഷേ അടുത്തറിഞ്ഞ നിമിഷം മുതൽ കക്ഷി പക്കാ... ഹസ്ബന്റ് മെറ്റീരിയൽ ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെ വീട്ടുകാരുടെ ആശീർവാദത്തോടെ 2024 ഡിസംബർ30ന് ഞങ്ങളുടെ വിവാഹം നടന്നു. എന്നന്നേക്കുമായി ഞാൻ നിഥിന്റെ ജീവിതപ്പാതിയായി.
തിരികെ വരാമോ, എനിക്കായി...
വിവാഹം കഴിഞ്ഞ് സന്തോഷത്തിന്റെ നാളുകൾ. ഞങ്ങളുടെ യൂട്യൂബ് ചാനലും കുഞ്ഞു വലിയ ലക്ഷ്യങ്ങളുള്ള ജീവിതവും മെല്ലെ മെല്ലെ മുന്നോട്ടുുപോയി. യുകെയിൽ പോയി സെറ്റിലാകുക എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം.
2025ലെ ഒരു ഓണക്കാലം. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബർ 7... ആ ദിവസം ഞാന്‍ യാന്ത്രികമായി ഓർക്കും. അങ്ങനെയൊരു ദിവസം ജീവിതത്തിൽ നിന്നും മാഞ്ഞുപോയെങ്കിൽ എന്ന് കൊതിക്കും. അന്നാണ് എന്റെ ജീവിതത്തിൽ നിന്നും നിഥിൻ പോയി മറഞ്ഞത്, ഒരു പൂവ് കൊഴിയുന്ന ലാഘവത്തോടെ.
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഓണാഘോഷങ്ങളുടെ തലപ്പത്ത് നിഥിനുണ്ടായിരുന്നു. അത്തപ്പൂക്കളവും പരിപാടികളും ഒക്കെയായി കക്ഷി ഓടിച്ചാടി നടക്കുകയാണ്. സെപ്റ്റംബർ 7ന്... നിഥിൻ പുലർച്ചെ തന്നെ എഴുന്നേറ്റു. ഓഫീസിലെ അത്തപ്പൂക്കളത്തിന് പൂ വാങ്ങാൻ പോയി. ഓഫീസിലെ മറ്റു കലാപരിപാടികളിൽ ആക്റ്റീവായി നിന്ന ശേഷം ഉച്ചയോടെ നിഥിന്‍ വീട്ടിലെത്തി. കുടുംബത്തിലെ സദ്യയിൽ പങ്കുകൊള്ളാൻ. വയറും മനസും നിറയെ സദ്യ കഴിച്ചശേഷം ഞങ്ങൾ നന്നായി ഉറങ്ങി. വൈകുന്നേരം നാട്ടിലെ പള്ളിത്തിരുനാളിന് പോകണമെന്ന് നേരത്തെ പറഞ്ഞുറപ്പിച്ചിരുന്നു. രണ്ടു പേരും പള്ളിയിലെത്തി. നിഥിന് ഏറ്റവും ഇഷ്ടമുള്ള രണ്ട് സുഹൃത്തുക്കളെ കണ്ടു. ജപമാല വാങ്ങണമെന്ന് പറഞ്ഞു, അതും വാങ്ങി. ഇതെല്ലാം ഓർത്തോർത്ത് ചെയ്തത്, മരണത്തിന് മുൻപ് പൂർത്തിയാക്കിയ അഭിലാഷം പോലെ എനിക്കു തോന്നി. കാരണം ഓരോന്നും അത്രമാത്രം കൃത്യമായിരുന്നു. എല്ലാം ചെയ്തു വച്ചിട്ട് ഒരു മനുഷ്യൻ പോയി മറഞ്ഞ പോലെ...
‘തിരികെയാത്രയില്‍ ബൈക്കിലിരിക്കുമ്പോൾ എന്റെ ഹാർട്ട് നിൽക്കും പോലെ തോന്നുന്നു മാളൂ... ’ എന്നു പറഞ്ഞത് ഓർമയുണ്ട്. അതു ഗ്യാസാകും എന്നു പറഞ്ഞ് ഞാൻ സമാധാനിപ്പിച്ചു. ഹാർട്ട് നിന്നാൽ പിന്നെ നമ്മൾ ഇല്ലല്ലോ ഇച്ചാ എന്നു പറഞ്ഞ് ഞാൻ കളിയാക്കി. പക്ഷേ വേദന കലശലായ നിമിഷം അടുത്തുള്ള ചെറിയ ആശുപത്രിയിലേക്ക് പോയി. അപ്പോഴും ഡോക്ടറുടെ മുന്നിലെത്തിയല്ലോ എന്ന ആശ്വാസമായിരുന്നു. നടന്നത് ഡോക്ടറോട് പറയുമ്പോൾ അദ്ദേഹം പറഞ്ഞത് ‘ഫിറ്റ്സ്’ ആണെന്നായിരുന്നു. വേറെ പേടിക്കാനില്ലെന്നും ഉറപ്പിച്ചു പറഞ്ഞു. പക്ഷേ വാക്കിലും നോക്കിലും നിഥിൻ കുഴഞ്ഞു പോകുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുകളിലേക്ക് നോക്കി നിഥിൻ തറയിലേക്ക് വീണു. ഒരു പക്ഷേ അതായിരുന്നിരിക്കണം അവസാന നോട്ടം...
അപ്പോഴും ഒന്നും സംഭവിക്കില്ലെന്ന് ആ ഡോക്ടർ പയ്യൻ ഉറപ്പിച്ചു പറഞ്ഞു. തൊട്ടടുത്തുള്ള ആശുപത്രിലേക്ക് കൊണ്ടുപോകാൻ കൂസലില്ലാതെയാണ് ഡോക്ടർ പറഞ്ഞത്. ആംബുലൻസ് ഇല്ലേയെന്നു ചോദിച്ചപ്പോൾ ഓട്ടം പോയെന്ന് മറുപടി. ഈ സമയം ഞാനൊരു ഓട്ടോ വിളിക്കാൻ പുറത്തിറങ്ങി. പള്ളി പെരുന്നാൾ ആയതു കൊണ്ടു തന്നെ ഓട്ടോ കിട്ടാനില്ല. ഇതിനിടെ അകത്തേക്കു നോക്കുമ്പോൾ ആ ഡോക്ടറും നഴ്സും നിഥിനെ കമിഴ്ത്തി കിടത്തുന്നതു കണ്ടു. ശ്വാസം കിട്ടാൻ നിവർത്തിയല്ലേ കിടത്തേണ്ടത് എന്ന് ചോദിക്കുമ്പോൾ ഫസ്റ്റ് എയിഡ് എല്ലാം ചെയ്തിട്ടുണ്ടെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും അവർ ആവർത്തിച്ചു.
ഒടുവിൽ സുഹൃത്തുക്കളേയും കൂട്ടി മറ്റൊരു ആശുപത്രിയിലേക്ക് പോകുമ്പോൾ ആ ശരീരത്തിൽ പൾസ് മിടിപ്പില്ലെന്ന് ഭീതിയോടെ ഞാൻ തിരിച്ചറിഞ്ഞു. സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ ടെൻഷനടിക്കരുതെന്ന് ആവർത്തിച്ചു. അദ്ഭുതം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു... അവൻ കണ്ണുതുറന്ന് എന്നെ മാളൂ എന്ന് വിളിക്കുമെന്നും ഞാൻ ആശിച്ചു. പക്ഷേ ആ ശരീരത്തിന്റെ മിടിപ്പ് മിനിറ്റുകൾക്കു മുൻപ് നിലച്ചു എന്ന സത്യം ഡോക്ടർ ഉറപ്പിച്ചു പറയുമ്പോൾ ഞാനും മരിച്ചതു പോലെയായി. അവന്റെ ശരീരത്തിലെ മരണത്തിന്റെ തണുപ്പ് എന്നിലേക്കും പകർന്ന പോലെ...
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ നിരവധിയാണ്. മരണം മുന്നിലുണ്ടായിരുന്ന മനുഷ്യന് ഫിറ്റ്സെന്ന് വിധിയെഴുതിയ ഡോക്ടർ? ആശുപത്രിയിലേക്ക് കൊണ്ടു പോകും മുൻപ് എന്തിന് നിഥിനെ കമിഴ്ത്തി കിടത്തി? എന്തുകൊണ്ട് നിഥിന്റെ അവസ്ഥ മനസിലാക്കിയില്ല? അങ്ങനെ കുറേ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ... അന്ന് വാശിപിടിച്ചാണ് നിഥിന്റെ ശരീരം പോസ്റ്റുമോർട്ടം ടേബിളിലേക്ക് അയച്ചത്. ഒരുപാട് ഫൈറ്റ് ചെയ്താണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് എനിക്ക് കിട്ടിയതും. അതിൽ എഴുതിയിരുന്നത് ഹെമറേജിക് വൈറസ് എന്ന അവസ്ഥയാണെന്ന ലഘു വിവരണം മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. ശരീരത്തിലേക്ക് കടന്നു കൂടിയ വൈറസ് ആണത്രേ മരണത്തിന്റെ വാഹകരായത്.
കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ നിഥിനെ എനിക്ക് തിരിച്ചു കിട്ടുമായിരുന്നു. പക്ഷേ... അവൻ പോയി, വെറും 8 മാസം മാത്രമുള്ള ജീവിതമെങ്കിലും, ഓർക്കാനൊത്തിരി നല്ല നിമിഷങ്ങൾ തന്നിട്ട് സ്വർഗ ലോകത്തേക്ക്.– രേഷ്മയുടെ നെടുവീർപ്പ് കണ്ണീരായി.
യൂട്യൂബിൽ പങ്കുവയ്ക്കുന്ന വിഡിയോ കണ്ടിട്ട് ഞാൻ കണ്ടന്റിനായി അവനെ ഉപയോഗിക്കുന്നു എന്ന് പലരും പറയാറുണ്ട്. അവനെക്കുറിച്ചല്ലാതെ ഞാനെന്ത് പറയാനാണ്. നിഥിന്റെ ഓർമകളും ആ മരണം ഏൽപിച്ച ആഘാതവും ജീവിതത്തെ തെല്ലൊന്നുമല്ല ഉലച്ചത്. എന്റെ സ്വപ്നങ്ങളിലും ഓർമകളിലും വരാറുള്ള നിഥിനോട് ഞാന്‍ കരഞ്ഞു കരഞ്ഞ് പരിഭവം പറയാറുണ്ട്. അവനെ മാത്രം ആശ്രയിച്ച് ജീവിച്ച എന്നെ എന്തു ധൈര്യത്തിലാ ഇവിടെ ഒറ്റയ്ക്കാക്കി പോയതെന്നു ചോദിക്കാറുണ്ട്. ഞാൻ ഇനി ജീവിക്കുന്നതും മരിക്കുന്നതും അവന്റെ ഓർമകളിലാണ്. അതല്ലാതെ മറ്റൊന്നും എനിക്ക് ഈ മണ്ണിൽ ബാക്കിയില്ലല്ലോ.– രേഷ്മ പറഞ്ഞു നിർത്തി.– രേഷ്മ പറഞ്ഞു നിർത്തി.
