ADVERTISEMENT

‘‘അവൻ എന്നെ ഇട്ടിട്ടു പോയെങ്കിലേയുള്ളൂ... എനിക്കവനില്ലാണ്ട് പറ്റത്തില്ല’’ മഴവിൽ മനോരമ ‘ഒരു ചിരി ഇരു ചിരി ബംബർ ചിരി’യുടെ വേദിയിൽ ചിരിമാലയുമായെത്തിയ ജ്യോതികയുടെ വാക്കുകൾ കേട്ടു കാണികളുടെ കണ്ണുനിറഞ്ഞു.

ചെങ്ങന്നൂർ എരമല്ലിക്കരയിലെ വീട്ടിൽ ഇപ്പോൾ യദുവിനു കൂട്ടായി ജ്യോതികയും ഒരു വീൽചെയറുമുണ്ട്. യദുവിന്റെയും ജ്യോതികയുടേയും ജീവിതത്തിൽ വില്ലനായെത്തിയത് ഒരപകടമാണ്.

ADVERTISEMENT

യദുവിന്റെ ബൈക്ക് പ്രൈവറ്റ് ബസുമായി കൂട്ടിയിടിച്ചപ്പോൾ ഇരുവർക്കും നഷ്ടമായതു സ്വപ്നംകണ്ട ജീവിതമാണ്. യദുവിനു ജ്യോതികയും ജ്യോതികയ്ക്ക് യദുവും ‘കുഞ്ഞനാ’ണ്. വീടിനടുത്തുള്ള പുഴക്കടവിലിരുന്നു പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും രണ്ടു കുഞ്ഞന്മാർ സംസാരിച്ചു തുടങ്ങി.

യദു: എട്ടു വർഷമായി കുഞ്ഞൻ എനിക്കൊപ്പമുണ്ട്. പ്ലസ്ടു സൗഹൃദം മെല്ലെ പ്രണയത്തിലെത്തി.

ADVERTISEMENT

ഉപരിപഠനത്തിനായി ജ്യോതിക ബിഎസ്‌സി സൈബർ ഫോറൻസിക് സയൻസാണ് തിരഞ്ഞെടുത്തത്. ഞാൻ അനസ്തിസിയയും. അവൾ ശിവകാശിയിലും ഞാൻ പോണ്ടിച്ചേരിയിലുമാണ് പഠിച്ചത്.

ലീവ് കഴിഞ്ഞു തിരികെ പോകുമ്പോൾ ഞാൻ കുഞ്ഞനെ കോളജിൽ വിട്ടിട്ടാണു പോണ്ടിച്ചേരിയിലേക്കു പോകുന്നത്. തിരികെ വരുന്നതും അങ്ങനെ തന്നെ. മിക്കവാറും ബൈക്കിൽ ആയിരിക്കും. ഹാ... അതൊക്കെ ഒരു കാലം. (കളിയും കാര്യവും കലർത്തി യദു ദീർഘമായൊന്നു നിശ്വസിച്ചു. യദുവിന്റെയുള്ളിലെന്താകുമെന്നു മനസ്സിലാക്കിയിട്ടെന്ന പോലെ ജ്യോതിക ബാക്കി പൂരിപ്പിച്ചു.)

ADVERTISEMENT

ജ്യോതിക: അതേ. നാമം ജപിക്കുന്നതുപോലെ യദുപുരാണം ചൊല്ലിയാണു ഞാൻ നടക്കുന്നതെന്നു കൂട്ടുകാർ കളിയാക്കും. ഇടയ്ക്കിടെ വീട്ടിൽ പൊക്കും. ഇവനുള്ള മെസേജുകൾ ചിലപ്പോൾ മാറി അച്ഛനും അമ്മയ്ക്കും ഒക്കെ അയയ്ക്കും.

ഒരു ദിവസം ഞങ്ങൾ ക്ലാസ് കട്ട് ചെയ്തു കറങ്ങാൻ പോകുവാണ്. ബസിൽ പോകുമ്പോൾ വഴിയിൽ എന്റെ ചേട്ടനെക്കണ്ടു. ഞാൻ കൈ വീശിക്കാണിച്ചു. പിന്നെ പറയണ്ടല്ലോ പുകില്. അങ്ങനെ ഒരുപാടു ‘ബുദ്ധിപരമായ നീക്കങ്ങൾ’ ഞാൻ നടത്തിയിട്ടുണ്ട്.

യദു: കുട്ടിക്കളിയാണെന്നു കരുതി വീട്ടുകാർ ആദ്യം എ തിർത്തു. പക്ഷേ, പിള്ളേരു സ്ട്രോങ്ങാണെന്നു മനസ്സിലായതോടെ കാർന്നോമ്മാരുടെ മനസ്സു മാറി. പഠനം പൂർത്തിയപ്പോഴേക്കും തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അനസ്തിസിയോളജിസ്റ്റായി ജോലി കിട്ടി. മാസ്‌റ്റേഴ്സ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു കുഞ്ഞൻ. ആ സമയത്താണു വിവാഹം ഉറപ്പിക്കാമെന്ന തീരുമാനത്തിലേക്കു വീട്ടുകാരെത്തുന്നത്. പിന്നീടുള്ള ഒരു മാസം സിനിമയിലൊക്കെ കാണും പോലെ ആ യിരുന്നു ജീവിതം.

എന്റെ വലിയ സ്വപ്നമായിരുന്നു പോളോ ജിടി കാർ. അതു ബുക്ക് ചെയ്തു. അങ്ങനെ സന്തോഷപ്പെരുമഴ. പ ക്ഷേ, അതിന് അധികം ആയുസ്സുണ്ടായില്ല. (യദുവിന്റെ ശ ബ്ദമിടറി. മുറിഞ്ഞ വാക്കുകൾ ജ്യോതികയുടെ കണ്ണിൽ നനവായി പടർന്നു.)

ജീവിതം വഴിതിരിഞ്ഞ വളവ്

യദു: തിരുവല്ല മഞ്ഞാടിയിലെ സൂപ്പർ മാർക്കറ്റിലാണ് അ മ്മ പ്രഭജയ്ക്കു ജോലി. രാവിലെ ആറു മണിയോടെ, അമ്മയെക്കൊണ്ടുവിടാൻ പോയതാണ്. സൂപ്പർമാർക്കറ്റിൽ എ ത്തുന്നതിന് 100 മീറ്റർ മുൻപുള്ള വളവിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രൈവറ്റ് ബസ് വന്നിടിച്ചു. വലിയൊരു ശബ്ദം കേട്ടതിനു പിന്നാലെ കണ്ണിൽ ഇരുട്ടുകയറി. ബോധം തെളിയുമ്പോൾ ഞാൻ തിരുവല്ലയിലെ സ്വകാര്യ  ആശുപത്രിയിലാണ്. അവിടുന്നു പിന്നെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ജ്യോതിക: രാവിലെ എഴുന്നേൽക്കുമ്പോൾ എന്നെ വിളിക്കുന്നതാണ്. അന്നു പക്ഷേ, വിളിച്ചില്ല. തലേ ദിവസത്തെ പിണക്കത്തിന്റെ ഹാങ്ഒാവറാകുമെന്നാണു കരുതിയത്. ഏറെ വൈകിയിട്ടും കോൾ വന്നില്ല. ഞാൻ വിളിച്ചപ്പോൾ ഒരമ്മൂമ്മയാണ് ഫോൺ എടുത്തത്. അപകടമുണ്ടായെന്നും പയ്യനേയും അമ്മയേയും ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നും അവർ പറഞ്ഞു. ഞാൻ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു. ആശുപത്രിയെത്തുന്നതുവരെ കേട്ടതൊന്നും സത്യമാവല്ലേ, പ്രശ്നമൊന്നും കാണല്ലേ എന്നൊക്കെ പ്രാർഥിച്ചിരുന്നു. അവിടെയെത്തിയപ്പോൾ മനസ്സിലായി, എന്റെ ലോകം കീഴ്മേൽ മറിഞ്ഞിരിക്കുന്നു.

യദു: നാലു ദിവസത്തോളം ഗുരുതരാവസ്ഥയിൽ ഐസിയുവിലായിരുന്നു. സ്പൈനൽകോഡ് കംപ്രസ്ഡ് ആയിപ്പോയി. ഡി3, ഡി4 ലെവൽ പരുക്ക് ആയിരുന്നു. ഇതിനുപുറമേ പെൽവിക് ഫ്രാക്ചറും ഗ്രേഡ് 4 ലിവർ ഇൻഞ്ച്വറിയും സ്കാപുലാർ ഫ്രാക്ചറും ഉണ്ടായിരുന്നു. മുൻനിരയിലെ പല്ലുകൾ പൊട്ടിപ്പോയി.

അമ്മയുടെ കാലിനു പൊട്ടലുണ്ടായിരുന്നു. ആരാ എ ന്നുപോലും തിരിച്ചറിയാനാകാത്ത വിധത്തിൽ അമ്മയുടെ മുഖത്തിനു പരുക്കേറ്റു. ശരീരമാസകലം വേദനയുണ്ടെങ്കിലും എവിടെയാണെന്നു കൃത്യം പറയാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാൻ. സത്യത്തിൽ അപ്പോഴേക്കും നെഞ്ചിനു താഴേക്കു തളർന്നിരുന്നു. റിക്കവറി ചാൻസ് ഒട്ടുമില്ലെന്ന് ഡോക്ടർമാർ എന്റെ മുന്നിൽ വച്ചാണു പറയുന്നത്. നാലു ദിവസത്തെ ഐസിയു വാസത്തിനു ശേഷം എന്നെ വാർഡിലേക്കു മാറ്റി. വേദനയെല്ലാം ഒരുവിധം ഭേദമായശേഷമാണ് സർജറി നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം വേദന കലശലായി.

ജ്യോതിക: കുഞ്ഞനു സർജറി നടക്കുമ്പോൾ ഞാൻ തിരുവൈരാണിക്കുളം ക്ഷേത്രത്തിലായിരുന്നു. പ്രാർഥന മാത്രമായിരുന്നു മുന്നിലുണ്ടായിരുന്ന ഏക വഴി. തിയറ്ററിൽ നിന്ന് ഇറക്കുമ്പോൾ കുഞ്ഞനെ കാണാൻ വേണ്ടി ഞാൻ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു.

വാർഡിലേക്കു മാറ്റിയശേഷം മിക്ക ദിവസവും ഞാൻ കുഞ്ഞനൊപ്പമുണ്ടായിരുന്നു. കുഞ്ഞന്റെ അപകടത്തിനു ശേഷം ഞാൻ വിഷാദാവസ്ഥയിലേക്കു പോയി. എന്റെ അവസ്ഥ ദിവസം ചെല്ലുന്തോറും വഷളാകുന്നതു കണ്ട് അച്ഛൻ ഭയന്നു. വിദേശത്തായിരുന്ന അമ്മ ജ്യോതിയെ നാട്ടിലേക്കു വരുത്തി. അമ്മ എത്തിയ ശേഷമാണ് എനിക്കാശ്വാസമായത്.

യദു: എല്ലാവരേയും കാണണം എന്ന ആഗ്രഹം കൊണ്ട് വേദനയൊന്നുമില്ലെന്ന് ഞാൻ ഡോക്ടറോടു കള്ളം പറഞ്ഞു. എങ്കിൽ മാത്രമേ ന്യൂറോ ഐസിയുവിൽ നിന്നു വാർഡിലേക്കു മറ്റുകയുള്ളൂ. സത്യത്തിൽ നല്ല വേദനയുണ്ടായിരുന്നു. എന്നാൽ, വിചാരിച്ചതുപോലെ നിസാരമായിരുന്നില്ല കാര്യങ്ങൾ. വേദനകൊണ്ടു പുളഞ്ഞുപോകുന്ന അവസ്ഥ.

ജ്യോതിക: അതിനുശേഷമാണു വലിയൊരു അബദ്ധം സംഭവിക്കുന്നത്. കുമ്പനാടുള്ള ഒരാശുപത്രിയിൽ പോയാൽ എല്ലാം ശരിയാകുമെന്നു ബന്ധു പറഞ്ഞു. അയാളത്ര ആ ത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ ഞങ്ങൾ വിശ്വസിച്ചു. ഫലപ്രദമായ ചികിത്സയൊന്നും നൽകാതെ ലക്ഷക്കണക്കിനു രൂപ അവർ തട്ടിയെടുത്തു. അതിനപ്പുറം ഒരദ്ഭുതവും അവിടെ സംഭവിച്ചില്ല. കാശുപോയതിനേക്കാൾ വിലയേറിയ സമയം നഷ്ടപ്പെട്ടതിലാണു സങ്കടം.

ഒടുവിൽ അവിടെനിന്നിറങ്ങി വെല്ലൂരിലേക്കു പോയി. കുഞ്ഞുങ്ങൾ പിച്ചവയ്ക്കുന്നതുപോലെ അവൻ വീൽചെയറുമായി പിച്ചവച്ചു പഠിച്ചു. ഇപ്പോൾ ആള് പ്രോ ആയി. വീൽചെയർ വീൽ ചെയ്യാനൊക്കെ അവർ പഠിപ്പിച്ചു. ഇ പ്പോൾ വീൽചെയറുമായി എന്റെ വീടുവരെയൊക്കെ വരും.

നോവുപാടം താണ്ടിയെത്തിയ ചിരിക്കാറ്റ്

ജ്യോതിക: എന്റെ അമ്മ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ യുടെ കടുത്ത ആരാധികയാണ്. അമ്മയ്ക്കുവേണ്ടിയാണ് ഓഡിഷനിൽ പങ്കെടുത്തത്. ഓരോ അണുവിലൂടെയും വേദന കയറിയിറങ്ങിപ്പോകുമ്പോഴാണു വേദിയിൽ കയറുന്നത്. എവിടെനിന്നാണ് ധൈര്യം കിട്ടിയതെന്ന് ഇപ്പോഴും അറിയില്ല. മനസ്സു മുഴുവൻ കുഞ്ഞനായിരുന്നു. കുഞ്ഞനും ഒരു കലാകാരനാണ്. ലളിതഗാനം, അഷ്ടപദി, സോപാന സംഗീതം, ഇടയ്ക്ക തുടങ്ങി സംഗീതം നിറഞ്ഞതാണ് അവന്റെ ലോകം. ജില്ലയിലും സ്‌റ്റേറ്റിലുമൊക്കെ സമ്മാനങ്ങൾ വാരിക്കൂട്ടിയ ആളാണ്.

യദു: ഞങ്ങൾ പോയ എപ്പിസോഡ് കഴിഞ്ഞപ്പോൾ കുഞ്ഞനു വലിയ സങ്കടങ്ങളുണ്ടായി. അല്ലേ?

ജ്യോതിക: അതിനു ശേഷം ചിലരുടെ കമന്റുകൾ വല്ലാതെ നോവിച്ചു. യദുവിന്റെ കാര്യം പറഞ്ഞു സിംപതി നേടിയതുകൊണ്ടാണോ ഷോയിൽ അവസരം ലഭിച്ചത്, കണ്ടന്റിന് വേണ്ടിയാണോ അവനെ സ്‌റ്റേജിൽ കയറ്റിയത് എന്നൊക്കെ ചോദിക്കുന്നുണ്ട്. യദുവിന്റെ കുറവുകളെ കണ്ടന്റിനായി ഉപയോഗിക്കുന്നു എന്നു പറയുന്നവർ അറിയാൻ, അവനൊരു പ്രോപർട്ടിയൊന്നും അല്ലല്ലോ. പിന്നെ അവനെന്തെങ്കിലും കുറവുള്ളതായി എനിക്കു തോന്നിയിട്ടുമില്ല.

കുഞ്ഞന്‍ പഴയതുപോലെ ആകാനുള്ള സാധ്യതകൾ കുറവായിരിക്കാം. പക്ഷേ, എനിക്കു പ്രതീക്ഷയുണ്ട്. വിൽപവർകൊണ്ടു മാത്രമാണ് അവൻ ഇത്ര ബെറ്റർ ആയത്. ഏ തവസ്ഥയിലും ഞങ്ങളുടെ പ്രണയത്തിനു മാറ്റമൊന്നു സംഭവിക്കില്ലെന്നു വിശ്വാസവുമുണ്ട്. ആക്സിഡന്റിന് ശേഷം ഈ ബന്ധവുമായി മുന്നോട്ടു പോകേണ്ടതുണ്ടോ എന്ന് ഒരുപാടുപേർ ചോദിച്ചു. എന്തിന് ഇവൻ വരെ എന്നോടു പറഞ്ഞു ‘നീ പൊയ്ക്കോ’ എന്ന്.

‘മോൾടെ തീരുമാനം എന്താണ്?’ എന്ന് ഒരിക്കൽ അ ച്ഛൻ ചോദിച്ചു. എനിക്ക് അവനില്ലാണ്ട് പറ്റില്ലെന്നു ഞാൻ തീർത്തു പറഞ്ഞു. അച്ഛൻ ചിരിച്ചു. എന്റെ തീരുമാനത്തിൽ സന്തോഷമേയുള്ളൂ എന്ന് ആ ചിരിയിൽ എനിക്കു മനസ്സിലായി. കാണിക്കാൻ ഒരു താലിച്ചരടോ, വിവാഹമോതിരമോ ഒന്നുമില്ല. മനസ്സു കൊണ്ടു ഞങ്ങൾ ഒന്നാണ്. മാതാപിതാക്കൾ മനസ്സു നിറഞ്ഞു ഞങ്ങളെ അംഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഞങ്ങൾ സമ്മതം മൂളിയാൽ അപ്പോൾ വിവാഹം നടത്താൻ അവർ ഒരുക്കമാണ്.’’ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ യദുവിന്റെ വീൽചെയർ ഉന്തുമ്പോൾ ജ്യോതിക പറഞ്ഞു.

നെഞ്ചിനു താഴേക്കു തളർന്നെങ്കിലും നെഞ്ചിൽക്കൊണ്ടു നടന്ന പെണ്ണിനെ യദു ചേർത്തു പിടിച്ചു.  

English Summary:

Yadu Jyothika's love story is an inspirational tale of resilience and unwavering commitment. Their lives took an unexpected turn after a tragic accident, but their bond only grew stronger, showcasing the power of love and support.

ADVERTISEMENT