ഗാഡ്ഗിൽ റിപ്പോർട്ട് എന്ന് കേൾക്കാത്തവരുണ്ടാകില്ല: പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ ഇനി ഓർമ Madhav Gadgil: Advocate for Environmental Protection Passes Away
Mail This Article
‘‘ഏതു ഗ്രാമത്തിൽ നിലവിൽ വരുന്ന ഏതു പദ്ധതികളെ കുറിച്ചും തീരുമാനമെടുക്കേണ്ടത് ആ നാട്ടിലെ ജനങ്ങളാകണം. ഗ്രാമങ്ങളിലെ കർഷകരും മുക്കുവരും ആദിമനിവാസികളുമാണ് പ്രകൃതിയെ പരിപാലിക്കുന്നതും സംരക്ഷിക്കുന്നതും. അതുകൊണ്ട് തന്നെ അവർക്കാണ് പ്രകൃതിയുടെ വിലയറിയുന്നതും അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയുന്നതും.’’ മാധവ് ഗാഡ്ഗിൽ എന്ന പരിസ്ഥിതി വിദഗ്ധന്റെ വാക്കുകളാണിത്.
1942ൽ പൂന്നെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ പൂന്നെ, മുംബൈ സർവ്വകലാശാലകളിൽ നിന്നും ജീവശാസ്ത്ര പഠനം കഴിഞ്ഞ് ഗണിത പരിസ്ഥിതിശാസ്ത്ര പഠനത്തിനായി ഹാർവാഡ് സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് എടുത്തു. 1973 –2004 വരെ ബംഗ്ലൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി. ഇതിനിടെ അദ്ദേഹത്തിന്റേതായി പല പ്രഭാഷണങ്ങളും 6 പുസ്തകങ്ങളും പുറത്തു വന്നു.‘പശ്ചിമഘട്ടം ഒരു പ്രണയകഥ’ എന്നാണ് ആത്മകഥയുടെ പേര്.
പശ്ചിമഘട്ട ജൈവ വിദഗ്ധ സമിതിയുടെ തലവനായിരുന്ന ഗാഡ്ഗിലിന് രാജ്യം പദ്മശ്രീ, പദ്മഭൂഷൻ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.
2011 ലെ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ തലപ്പത്തിരുന്ന ഗാഡ്ഗിലാണ് കേരള പരിസ്ഥിതിയെ വർഷങ്ങളോളം പഠിച്ച് ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അന്ന് ആ റിപ്പോർട്ടിനെതിരെ പലയിടത്തു നിന്നും ശക്തമായ എതിർപ്പുകളും മറ്റും വരികയും അത് സമൂഹത്തിന്റെ പുരോഗതിയെ തടയുന്നതാണെന്നും ഒക്കെ പ്രചരിച്ചിരുന്നു. എന്നാൽ 2018ഓടെ പ്രളയം, 2024 ലെ ഉരുൾപ്പൊട്ടൽ, വന്യമൃഗ പ്രശ്നങ്ങൾ ഒക്കെ വന്നതോടു കൂടെ സാധാരണക്കാർ പോലും ഗാഡ്ഗിലിനെ വായിക്കാൻ തുടങ്ങി. സെൻസിറ്റിവായിടങ്ങളിലെ അനധികൃത കെട്ടിട്ട നിർമാണങ്ങളും പാറ ഖനനവുമാണ് വലിയ ആപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നു. അദ്ദേഹം റിപ്പോർട്ടിൽ പറയുന്ന നടപടികൾ ശരിയായി നടപ്പാക്കിയില്ലെങ്കിൽ വരും കാലമാകും അതിന്റെ പിഴയോടുക്കേണ്ടി വരിക എന്നൊരു ഓർമപ്പെടുത്തൽ കൂടി ബാക്കി വച്ചാണ് അദ്ദേഹം യാത്രയാകുന്നത്.
