‘ഇങ്ങനെയായിരുന്നു ഞാൻ’: 30കിലോ കുറഞ്ഞു, മുടിയും പുരികവും കൊഴിഞ്ഞു: കാൻസറിൽ തളരാതെ റിദ്‍വാൻ Ridhwan's Battle Against Cancer
Mail This Article
‘വേദനകളേ... പ്രതിസന്ധികളേ... ഒടുവിൽ തോറ്റുപോകുന്നത് നിങ്ങളായിരിക്കും നോക്കിക്കോ.’ പച്ചമാംസം തുളച്ചു കയറുന്ന കാൻസര്‍ വേദന. അകവും പുറവും ഒരുപോലെ പൊള്ളിക്കുന്ന കീമോ രശ്മികൾ. എന്നിട്ടും പുഞ്ചിരി കൈവിടാതെ പോരാട്ടത്തിന്റെ പാതയിലാണ് റിദ്‍വാൻ എന്ന പോരാളി.
ബോഡി ബിൽഡറായും ഫിറ്റ്നസ് ഫ്രീക്കെന്ന നിലയിലും സോഷ്യൽ മീഡിയക്ക് പരിചിതനായ റിദ്‍വാനെ പലർക്കും അറിയും. ഒരു സമയത്ത് അസാമാന്യ മെയ്‍വഴക്കത്തോടെയും നിശ്ചയദാർഢ്യത്തോടെയും ഫിറ്റ്നസ് പ്രേമികളെ ഞെട്ടിച്ച റിദ്‍വാന്റെ ഇന്നത്തെ അവസ്ഥ വേദന ജനിപ്പിക്കുന്നതാണ്. കാൻസർ വേരുകൾ ശരീരത്തിൽ ആഴ്‍ന്നിറങ്ങിയതോടെ പഴയ രൂപം മാറി. പക്ഷേ തോറ്റുകൊടുക്കില്ലെന്നും പൂർവാധികം ശക്തിയോടെ മടങ്ങി വരുമെന്നും റിദ്‍വാൻ പറയുന്നു. മുടികൊഴിഞ്ഞ്, ശരീരം ശോഷിച്ച് വിഡിയോയിൽ എത്തുമ്പോഴും തന്റെ ആത്മവിശ്വാസവും കരളുറപ്പും റിദ്‍വാൻ കൈവിട്ടിട്ടില്ലെന്ന് വ്യക്തം.
‘എന്നെ ഇങ്ങനെ കാണുമ്പോൾ ആർക്കും മനസിലാകില്ല. നിങ്ങളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതായിരുന്നു എന്റെ പഴയ കോലം. ഇപ്പോള്‍ ഈ പരുവമായി. ആ പഴയ ബോഡിയില്‍ നിന്നും പത്തു മുപ്പതു കിലോ കുറഞ്ഞു. എന്റെ കയ്യൊക്കെ നോക്ക് ഒരു വര വരച്ച പോലെ ആയി. സംഭവം വേറൊന്നുമല്ല, കഴിഞ്ഞ ഏഴെട്ട് മാസമായി കാൻസറുമായി ബന്ധപ്പെട്ട് ആർസിസിയിൽ ചികിത്സയിൽ ആയിരുന്നു. ട്രീറ്റ്മെന്റിന്റെ ഭാഗമായിട്ട് 6 കീമോ ഉണ്ടായിരുന്നു. ട്രീറ്റ്മെന്റ് ഇപ്പോൾ കഴിഞ്ഞു. കീമോയുടെ ഭാഗമായിട്ട് എന്റെ മുടിയും താടിയും പുരികവുമെല്ലാം പോയി. കൂടെ സ്ട്രെങ്തും പോയി. മുൻപ് ഡംബലൊക്കെ സിംപിളായി പൊക്കിയിരുന്ന ഞാനാ. ഇപ്പോൾ ഒരു കുപ്പി വെള്ളമെടുത്താൽ ഇരുന്ന് കറങ്ങും. അതാണ് ആരോഗ്യത്തിന്റെ അവസ്ഥ. പക്ഷേ സാരമില്ല, പതുക്കെ റിക്കവറാക്കി പഴയ അവസ്ഥയിലേക്കെത്തണം. സാരമില്ല... കുറച്ചധികം പണിയെടുക്കണം എന്നു മാത്രം’– റിദ്‍വാന്റെ ഉറച്ച വാക്കുകൾ.
നിരവധി പേരാണ് റിദ്‍വാന് പ്രാർഥനയും പിന്തുണയും അറിയിച്ച് എത്തിയിരിക്കുന്നത്. വേദനകൾ ആയാസ രഹിതമാകട്ടെ എന്ന പ്രതീക്ഷയാണ് നടൻ ഉണ്ണിമുകുന്ദൻ പങ്കുവച്ചത്. കാൻസറിനെ മലർത്തിയടിച്ചില്ലേ ഇനി ജിമ്മൊക്കെ നിസ്സാരം എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.