‘റീച്ച് കിട്ടിയപ്പോൾ ചെക്കനെ നൈസ് ആയി ഒഴിവാക്കി, പെൺവർഗം’: വായടപ്പിച്ച് മറുപടി: യദു–ജ്യോതിക റീൽ വൈറൽ Viral Video That Silenced the Haters
Mail This Article
ആർക്കെതിരെയും എന്തും പറയാമെന്ന മട്ടിലാണ് ചിലരുടെ സോഷ്യൽ മീഡിയ സമീപനങ്ങൾ. താരങ്ങളെന്നോ സാധാരണക്കാരെന്നോ വ്യത്യാസമില്ലാതെ ആരെയും വാക്കുകൾ കൊണ്ട് കുത്തിനോവിക്കാനും അസഭ്യം ചൊരിയാനുമുള്ള ലൈസൻസുമായി ചിലർ നമുക്ക് ചുറ്റുമുണ്ട്. അതിൽ കേട്ടാലറയ്ക്കുന്ന ചീത്ത വാക്കുകൾ മുതൽ ബോഡി ഷെയ്മിങ് വരെ വരും.
വേദനകളോടും വിധിയോടും പോരാടി ജീവിതത്തെ തിരിച്ചുപിടിച്ച ദമ്പതികളായ ജ്യോതികയും യദുവും സോഷ്യൽ മീഡിയയിൽ തങ്ങൾ നേരിട്ട മോശം കമന്റിനെ കുറിച്ച് പങ്കുവയ്ക്കുകയാണ്. പക്ഷേ മോശം സമീപനത്തിന് ഇരുവരും നൽകിയ മറുപടിയാണ് ഏറ്റവും ഹൃദ്യം.
‘ആ വീൽ ചെയറിൽ ഉള്ള ചെക്കനെ തല്ലിക്കൊന്നോ, ഇപ്പോള്‍ ഉള്ള റീൽ ഒന്നും കാണാൻ ഇല്ലല്ലോ. റീച്ച് കിട്ടിയപ്പോൾ ചെക്കനെ നൈസ് ആയി ഒഴിവാക്കി. പെണ്‍വർഗം.’– കാർഗിൽ നാരായണൻ എന്ന പ്രൊഫൈലില്‍ നിന്നുമായിരുന്നു ഈ അധിക്ഷേപ കമന്റ് എത്തിയത്. എന്നാൽ തൊട്ടുപിന്നാലെ മനോഹരമായൊരു വിഡിയോയിൽ ഒന്നിച്ചെത്തി ഇരുവരും കൃത്യമായി മറുപടി നൽകി. ‘വീൽചെയർ വാങ്ങാൻ ദുബായി വരെ പോകേണ്ടി വന്നു എന്ന തലക്കെട്ടും ഹാസ്യരൂപേണ ഇരുവരും നൽകുന്നുണ്ട്. ഹിറ്റ് ചിത്രം ധുരന്തറിലെ വൈറൽ ഗാനത്തിന്റെ അകമ്പടിയിലാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. അറബ് വേഷത്തിലെത്തിയ ഇരുവരും പ്രകടനം കൊണ്ടും പോസിറ്റീവ് എനർജി കൊണ്ടും റീലിൽ വിസ്മയിപ്പിക്കുന്നുമുണ്ട്.
വാഹനാപകടത്തിന്റെ രൂപത്തിലെത്തിയ വിധി തളർത്തിയിട്ടും തന്റെ പ്രിയപ്പെട്ടവന്റെ പ്രണയം ഉപേക്ഷിക്കാത്ത ജ്യോതിക സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടവളാണ്. വേദനകളെ പൊസീറ്റിവായി നേരിടുന്ന യദുവും സോഷ്യൽ മീഡിയക്ക് പ്രിയങ്കരനാണ്. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.