എന്റെ അപ്പയുടെ അപരൻ, ഏവർക്കും പ്രിയങ്കരനായ കലാകാരൻ: നടന് രഘുവിന് യാത്രാമൊഴിയേകി ചാണ്ടി ഉമ്മൻ Chandy Oommen Pays Tribute to Raghu Kalamassery
Mail This Article
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുകരിച്ചും ഡ്യൂപ്പായെത്തിയും ചിരിപടർത്തിയിരുന്ന കലാകാരൻ രഘു കളമശേരിക്ക് അന്ത്യാഞ്ജലിയേകുകയാണ് കലാലോകം. മിമിക്രി വേദികളിലെ പ്രിയകലാകാരന് ആദരാഞ്ജലികളേകി പുതുപ്പള്ളി എംഎൽഎയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനും എത്തുകയാണ്. അദ്ദേഹത്തിന്റെ കലാജീവിതം മലയാളി മനസ്സുകളിൽ എന്നും നിലനിൽക്കുമെന്ന് ചാണ്ടി ഉമ്മൻ കുറിച്ചു. അപ്പയുടെ അപരനായും ഹാസ്യകലാകാരനായും മലയാളികൾക്ക് സുപരിചിതനായിരുന്നു രഘു കളമശേരിയെന്നും ചാണ്ടി ഉമ്മൻ കുറിച്ചു.
ചാണ്ടി ഉമ്മന്റെ കുറിപ്പ്:
മിമിക്രി കലാകാരനും പ്രിയ സുഹൃത്തുമായ രഘു കളമശ്ശേരിയുടെ വിയോഗം ഏറെ ദുഃഖകരമാണ്..
ഏഷ്യാനെറ്റിലെ ജനപ്രിയ പരിപാടിയായ സിനിമാലയിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ പ്രിയപ്പെട്ട രഘു കളമശ്ശേരി, അപ്പയുടെ അപരനായും ഹാസ്യകലാകാരനായും മലയാളികൾക്ക് സുപരിചിതനായിരുന്നു.
അദ്ദേഹത്തിന്റെ കലാജീവിതം മലയാളി മനസ്സുകളിൽ എന്നും നിലനിൽക്കും....
ആത്മാവിന് ശാന്തി നേർന്ന്, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
ആദരാഞ്ജലികൾ..
മിമിക്രി മേഖലയിൽ 35 വർഷമായി സജീവമായിരുന്ന രഘു നിരവധി കലാ ട്രൂപ്പുകളിൽ അംഗമായിരുന്നു. കടവന്ത്രയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പി.എസ്. രഘു എന്നാണ് യഥാർഥ പേര്. കളമശ്ശേരി നേവല്‍ ബേസിലെ ഉദ്യോഗസ്ഥനായിരുന്നു രഘു. സിനിമാലയിലൂടെയാണ് ടെലി സ്‌ക്രീന്‍ അഭിനയത്തില്‍ പേരെടുത്തത്. പല വേദികളിലും അദ്ദേഹം ഉമ്മന്‍ ചാണ്ടിയായി വേഷമിട്ടിരുന്നു.
കൊച്ചിൻ ഹരിശ്രീയിലൂടെയാണ് മിമിക്രി കലാകാരനായത്. ഓണക്കാലത്ത് ഇറങ്ങിയിരുന്ന ‘ദേ മാവേലി കൊമ്പത്ത്’ പോലുള്ള നിരവധി കോമഡി കാസറ്റുകളിൽ സജീവ സാന്നിധ്യമായിരുന്നു.
ദാമുവിന്റെയും ശാരദയുടെയും മകനാണ്. കളമശ്ശേരി ചന്ദനപുറത്ത് വീട്ടിലായിരുന്നു താമസം.ഭാര്യ: ബിനു. മക്കൾ: ദേവി, ദിയ, ദേവൻ.