തോറ്റുപോയത് നീയല്ലേ വിധിയേ... അപകടത്തിൽ അരയ്ക്കു താഴെ തളർന്നിട്ടും തളരാതെ പഠിച്ചു; വിഷ്ണു പ്രചോദനം Disability is Not a Barrier: A Success Story
Mail This Article
അപകടത്തിൽ അരയ്ക്കു താഴെ തളർന്നിട്ടും പതറാതെ പഠിച്ചു പിഎസ്‌സി പരീക്ഷയിലെ മാർക്കിൽ ഒന്നാമനായ കെ.വിഷ്ണു ഇനി കൊല്ലങ്കോട് സബ് റജിസ്ട്രാർ ഓഫിസിൽ അറ്റൻഡന്റ് ആയി ജോലി ചെയ്യും. റജിസ്ട്രേഷൻ വകുപ്പിൽ പട്ടാമ്പിയിലാണു നിയമനം ലഭിച്ചതെങ്കിലും ജോലി ക്രമീകരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊല്ലങ്കോട് ഓഫിസിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. നെന്മേനിയിലെ വീട്ടിൽ നിന്നു മുച്ചക്ര സ്കൂട്ടറിൽ വിഷ്ണു കൊല്ലങ്കോട്ടെ ഓഫിസിലെത്തും.
അവിടത്തെ ജീവനക്കാരുടെ സഹായത്തോടെ വീൽ ചെയറിലേക്കു മാറി ഓഫിസ് ജോലിയിലേക്ക്. വീട്ടിലെ വീൽ ചെയർ കൂടാതെ ഓഫിസിൽ ഉപയോഗിക്കാനായി മറ്റൊന്നു കൂടി വാങ്ങിയിട്ടുണ്ട്. ഓഫിസിലെത്തുന്നവർക്കു വേണ്ട കാര്യങ്ങൾ പരിമിതികൾ മറികടന്ന് ചെയ്യുന്നതിനുള്ള തളരാത്ത മനസ്സാണു വിഷ്ണുവിന്റെ കരുത്ത്. നെന്മേനി വലിയവീട്ടിൽ കൃഷ്ണന്റെയും വസന്തയുടെയും മകനായ കെ.വിഷ്ണുവിന് 2020 ഫെബ്രുവരി 12നു പുലർച്ചെ കിണാശ്ശേരിയിൽ വച്ചു ബൈക്കിൽ നിന്നു വീണുണ്ടായ അപകടത്തിൽ നട്ടെല്ലിനു ക്ഷതം സംഭവിച്ചതിനെ തുടർന്നാണ് അരയ്ക്കു താഴെ തളർന്നത്.