‘എന്റെ കുഞ്ഞിനും എയ്ഡ്സ് വരുമോ ഡോക്ടറേ...’: ആ സത്യം മറച്ചുവച്ച് വിവാഹം, ചെയ്യുന്നത് ദ്രോഹം: കുറിപ്പ് The Importance of Premarital Medical Checkups
Mail This Article
‘അവന് ചെറിയ മാനസിക പ്രശ്നങ്ങളുണ്ട്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു പെൺകുട്ടിയുടെ സ്നേഹവും കരുതലും കിട്ടുന്നതോടെ അതൊക്കെ മാറും.’
വിവാഹമെന്നാൽ ശാരീരിക മാനസിക പ്രശ്നങ്ങൾ മാറുന്നതിനുള്ള പ്രതിവിധിയെന്ന് കരുതുന്നവർ നമുക്ക് ചുറ്റുമുണ്ട്. പക്ഷേ അതിന്റെ അന്തര ഫലങ്ങൾ അറിയുന്നത് ജാതകവും പൊരുത്തവും നല്ല നേരവും കുറിച്ചു നൽകുന്ന കാരണവൻമാർ ആയിരിക്കില്ല. നല്ലൊരു ജീവിതം സ്വപ്നം കണ്ട് വിവാഹത്തിനൊരുങ്ങുന്ന സ്ത്രീയോ പുരുഷനോ ആയിരിക്കും. ഈ സാഹചര്യത്തിൽ വിവാഹത്തിനു മുൻപുള്ള വൈദ്യ പരിശോധനയുടെ പ്രസക്തിയെക്കുറിച്ച് സംസാരിക്കുകയാണ് ഡോ. വിദ്യ വിമൽ. മയക്കു മരുന്ന്, പെരുമാറ്റവൈകല്യങ്ങൾ, അപസ്‌മാരം, ഇതിനൊക്കെ ചികിത്സ ഒരു വിവാഹം ആണ് എന്നുള്ള തെറ്റിദ്ധാരണ മാറണമെന്ന് ഡോ. വിദ്യ കുറിക്കുന്നു. വിവാഹത്തിനു മുൻപ് ചില മതവിഭാഗങ്ങളിൽ നടക്കുന്ന മാര്യേജ് കൗൺസലിംഗ് പോലെ മെഡിക്കൽ പരിശോധനയും നിർബന്ധമാക്കണമെന്ന് ഡോ. വിദ്യ കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
എന്റെ കുഞ്ഞിനും ഈ രോഗം വരുമോ ഡോക്ടറെ? കുറച്ചു വർഷം മുൻപ് ഒരമ്മ കരഞ്ഞു കൊണ്ട് ചോദിച്ചതോർക്കുന്നു. ലേബർ റൂമിൽ വച്ചു എച്ച്ഐവി പോസിറ്റീവ് ആയിരുന്നു അമ്മ.
വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹം. പത്തിൽ പത്ത് പൊരുത്തവും എല്ലാ ഗുണങ്ങളും ചേർന്ന ജാതക പൊരുത്തം. ആദ്യത്തെ കണ്മണിയെ സന്തോഷത്തോടെ മാറോടു ചേർത്ത് നിർത്തേണ്ട സമയം വേദനയോടെകുഞ്ഞിന്റെ അവരുടെ ജീവിതത്തെക്കുറിച്ച് ആലോചിച്ചു തോരാത്ത കണ്ണീരുമായായിരുന്നു അമ്മ എത്തിയത്.
രോഗമറിഞ്ഞും അറിയാതെയും പകർന്നു കിട്ടിയവരുണ്ട്. പുരുഷന്മാർ മാത്രം അല്ല രോഗം മറച്ചു വയ്ക്കുന്നത്. സ്ത്രീകളുമുണ്ട്. മകളുടെ വിഷാദരോഗം, മാനസിക രോഗം മറച്ചു വയ്ച്ചു വിവാഹം കഴിപ്പിച്ചു വിടുന്നവരുമുണ്ട്. ആരും പറഞ്ഞില്ല ഡോക്ടറെ പഠിക്കാൻ മിടുക്കി, പക്ഷെ അമിത ഉത്കണ്ഠ, ഡിപ്രഷൻ കാരണം മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഒരു സ്വസ്ഥത തരില്ല, എന്തിനും സംശയം വീട്ടിൽ എന്നും വഴക്കാണ്. കുഞ്ഞുങ്ങളെ ഓർത്തിട്ടാണ് ഡിവോഴ്സ് വേണ്ടാന്ന് കരുതി പോണേ. എത്ര നാൾ ഇങ്ങനെ പോകും. മക്കൾക്ക് പോലും മടുത്തുതുടങ്ങി. മയക്കു മരുന്ന്, പെരുമാറ്റവൈകല്യങ്ങൾ, അപസ്‌മാരം, ഇതിനൊക്കെ ചികിത്സ ഒരു വിവാഹം ആണ് എന്നാണ് നമ്മുടെ സമൂഹത്തിൽ ഉറച്ച അന്ധവിശ്വാസം.
പ്രീ മാരിറ്റൽ കൗൺസലിംഗ്, മെഡിക്കൽ ചെക്കപ്പ്, ഇതെല്ലാം ഇനി മുൻപോട്ട് ഉള്ള കാലം വേണ്ട കാര്യം ആണ്. ചില മതവിഭാഗങ്ങളിൽ ഈപ്രീ മാരിറ്റൽ കൗൺസലിംഗ് ചെയ്യുന്നുണ്ട്. നമുക്കും ജാതകം നോക്കുന്നതിനൊപ്പം ഈ പ്രീ മാരിറ്റൽ കൗൺസലിംഗ് മെഡിക്കൽ ചെക്കപ്പ് ഇവയൊക്കെ ആലോചിക്കേണ്ട സമയമായി. നമ്മുടെ ജീവിതം ഒളിച്ചു വച്ചു തുടങ്ങേണ്ടത് അല്ല. പുറത്തു മാന്യത അകത്തു??? ഈ ചോദ്യത്തിനു ഉത്തരം നൽകുകവഴി കിട്ടുക ഒരുപാട് കുടംബങ്ങൾക്ക് സ്വസ്ഥതയും സമാധാനവും ആണ്....
സമീപകാലത്ത് ഒമാനില്‍ വിവാഹം കഴിക്കണമെങ്കില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ജനിതക, പാരമ്പര്യ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുക എന്നതാണ് പരിശോധനയിലൂടെ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നത്. വിവാഹിത ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് ആരോഗ്യ സുരക്ഷ ഉറപ്പാക്കുതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. വിദ്യ വിമൽ
സീനിയർ കൺസൽട്ടന്റ് ആൻഡ് പീഡിയാട്രീഷ്യൻ