‘ദൂരെയുള്ള ഏതോ കാട്ടിൽ പോയി കല്യാണം കഴിച്ചു എന്നായിരുന്നു അവരുടെ പരിഹാസം’: ബോഡി ഷെയ്മിങ് എന്ന ട്രോമ The Mental Trauma of Body Shaming
Mail This Article
ബോഡി ഷെയ്മിങ്ങ് ഒരു വ്യക്തിക്ക് ജീവിതത്തിൽ നൽകുന്ന മാനസികാഘാതത്തെ കുറിച്ച് തുറന്നു സംസാരിക്കുകയാണ് നിഖില ശ്രാവൺ എന്ന യുവതി. ഒരു വ്യക്തിയുടെ ശരീരത്തെക്കുറിച്ച് പറയുന്ന ഒരു വാക്ക് പോലും ആത്മവിശ്വാസം തകർക്കാൻ പോന്നതാണെന്ന് നിഖില ഓർമിപ്പിക്കുന്നു. ആഗ്രഹിച്ച വിവാഹ ജീവിതം തിരഞ്ഞെടുത്തതിനു പിന്നാലെ ചുറ്റുനിന്നും കേൾക്കേണ്ടി വന്ന പരിഹാസം കലർന്ന വാക്കുകളെ കുറിച്ചും ശരീരത്തെക്കുറിച്ചുള്ള മോശം കമന്റുകളെ കുറിച്ചും നിഖില തുറന്നു പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് തന്റെ ജീവിതത്തിലെ മെന്റൽ ട്രോമയെ കുറിച്ച് നിഖില തുറന്നു സംസാരിച്ചത്.
വിവാഹം ഉറപ്പിച്ചതിനു പിന്നാലെ കൊല്ലത്തെ ഭർത്താവിന്റെ വീട്ടിലേക്കു വരുമ്പോൾ പലർക്കും ഉണ്ടായിരുന്ന സംശയം താൻ ആദിവാസിയായിരുന്നോ എന്നതായിരുന്നു എന്ന് നിഖില പറയുന്നു. അത് രഹസ്യമായും പരസ്യമായും ചോദിച്ചവർ വരെയുണ്ടെന്ന് നിഖില പറയുന്നു.
‘ഭർത്താവ് ശ്രാവൺ ദൂരെയുള്ള ഏതോ കാട്ടിൽ പോയി ഒരു പെണ്ണിനെ കണ്ടുപിടിച്ച് കല്യാണം കഴിക്കുന്നതു കൊണ്ട് രണ്ട് മൂന്ന് ഏക്കർ കിട്ടിയെന്നു കരുതുന്നവർ ഉണ്ട്. അങ്ങനെ കിട്ടിയ കാശു കൊണ്ടാണ് വീടു വച്ചതെന്നു പറയുന്നവരും ഉണ്ട്. നാട്ടുകാരുടെ വിഷമം ആലോചിച്ചു നോക്കണേ... നൂറ്– നൂറ്റിയമ്പതു കിലോമീറ്റർ കഴിഞ്ഞ് വന്ന് എന്നെ കല്യാണം കഴിക്കേണ്ടതുണ്ടായിരുന്നോ എന്നു ചോദിച്ചവരും ഉണ്ട്. വിവാഹത്തിന് എന്റെ മേക്കപ്പ് മോശമായിരുന്നു. പോരാത്തതിന് വണ്ണവും ഉണ്ടായിരുന്നു. അതിന്റെ പേരിൽ ഞാൻ ശ്രാവണിനെക്കാളും മൂത്തതാണോ എന്ന് ചിന്തിച്ചവരുണ്ട്. ഇതേതാ ഈ പെണ്ണ് എന്ന് ശ്രാവണിനോട് നേരിട്ട് ഒരു വീട്ടിൽ ചെന്നപ്പോൾ ചോദിക്കുകയും ചെയ്തു. ആദിവാസിയാണോ എന്ന് ചോദിച്ചതിനോട് പരിഭവം ഇല്ല. അവരും മനുഷ്യരാണ്. പക്ഷേ ബോഡി ഷെയ്മിങ് ഒരുപാട് അനുഭവിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വണ്ണമുള്ള കുട്ടിയാണ് ഞാൻ. അത്യാവശ്യം കറുപ്പുമാണ്. അമ്മയ്ക്ക് നല്ല വണ്ണമുണ്ട്. ആ പ്രകൃതമാണ് എനിക്ക്. പക്ഷേ അതിന്റെ പേരിൽ അനുഭവിക്കുന്ന മെന്റൽ ട്രോമ അസഹനീയമാണ്. ചെറുപ്പത്തിലെ ഇത്തരം കളിയാക്കലുകൾ ഇപ്പോൾ തമാശയായിരിക്കും. പക്ഷേ അതെല്ലാം പെൺകുട്ടികൾക്ക് നൽകുന്ന വേദന അസഹനീയമാണ്.’– നിഖില പറയുന്നു.
നിരവധി പേരാണ് നിഖിലയ്ക്ക് പിന്തുണയുമായി കമന്റ് ബോക്സിൽ എത്തുന്നത്. മോശമായ എന്തിനേയും കറുപ്പുമായി ബന്ധിപ്പിക്കുന്നത് മാനസിക വൈകൃതമെന്ന് ഒരാള്‍ കുറിച്ചു. മനസിന്റെ ഭംഗിയാണ് ഏറ്റവും വലുതെന്ന് മറ്റൊരാൾ കുറിച്ചു.