മെയ്യഴകനിലെ അരവിന്ദ് സ്വാമിയുടെ കഥാപാത്രം– സുദർശൻ ഷാ, ചെന്നൈയിലെ തത്ത മനുഷ്യൻ The Parrot Man of Chennai: Sudarshan Sha's Story
Mail This Article
ചെന്നൈ നഗരത്തിലെ ചിന്ദാദ്രിപ്പേട്ട് അയ്യ മുതലി തെരുവ്. കുഞ്ഞു വാതിനു മുന്നിൽ അൻപതോളം പേർ കാത്തു നിൽക്കുന്നു. ചിലരുടെ കൈയിൽ നിലക്കടലയുടെയും പച്ചരിയുടെയും പായ്ക്കറ്റുകൾ. തുറക്കേണ്ടത് വാതിൽ ആണെങ്കിലും ആളുകളുടെ നോട്ടം ആകാശത്തേക്കാണ്.
ഒരുപാടു റീൽസുകളിൽ കണ്ട വീടുതേടിയാണ് ചെന്നൈയിലെത്തിയത്. മെയ്യഴകനിൽ അരവിന്ദ് സ്വാമിയുടെ കഥാപാത്രം വീടിന്റെ ടെറസിനു മുകളിൽ ദിവസവും ആയിരക്കണക്കിനു തത്തകൾക്കു തീറ്റകൊടുക്കുന്ന രംഗമുണ്ട്. സിനിമയ്ക്ക് പുറത്ത് അങ്ങനെയൊരാളുണ്ട്–സുദർശൻ ഷാ.
ബേർഡ്മാൻ എന്നും പാരറ്റ് സുദർശൻ എന്നുമെല്ലാം ആളുകൾ ആദരവോടെ വിളിക്കുന്ന സുദർശന്റെ വീടിനു മുന്നിൽ എല്ലാ ദിവസവും വൈകീട്ട് ആൾക്കൂട്ടമുണ്ടാവും. നാലരയാവുമ്പോഴേയ്ക്കും ആയിരക്കണക്കിനു തത്തകൾ സദ്യകഴിക്കാൻ എത്തും. വാക്കുകൾ തോറ്റുപോവുന്ന കാഴ്ചയനുഭവിക്കാൻ കാത്തു നിൽക്കുന്നവർക്കൊപ്പം ചേർന്നു.
കൃത്യം നാലുമണി. വാതിൽ തുറന്നു. മുൻകൂട്ടി ബുക്ക് ചെയ്തവരുടെ പേരുകൾ വിളിച്ചു. ഒരു കുഞ്ഞുമുറിയിലൂടെ വീടിനകത്തേക്കു കയറി. അകത്തെ ചെറിയൊരു ഹാളിൽ ചെറുചിരിയുടെ ചിറകടിയുമായി തൊഴുതുകൊണ്ട് സുദർശൻ സ്വാഗതം ചെയ്തു.
ആദ്യം മാജിക് പിന്നെ, കാഴ്ച
മുകൾനിലയിലുള്ള തത്തകളുടെ സദ്യാലയത്തിലേക്കു കയറും മുൻപു കുഞ്ഞു മാജിക് സെഷനുണ്ട്. കയറുകൾ കൊണ്ടും ചീട്ടുകൾ കൊണ്ടും സുദർശൻ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കയ്യിലെടുക്കുന്നു. കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ തത്തകൾക്കു പേടിയാണ്.അതുകൊണ്ടു തന്നെ ഇളംനിറത്തിലുള്ള ഉടുപ്പുകൾ അനുയോജ്യമെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. അതു മറന്നവർക്കു വേണ്ടി കുറച്ചു വെള്ള ടീ ഷർട്ടുകളും ഷാളുകളുമെല്ലാം സുദർശൻ സൂക്ഷിച്ചിട്ടുണ്ട്.
മുകളിലേക്ക് കയറും മുൻപ് തത്തകളുടെ അന്നദാതാവായ കാരണത്തെക്കുറിച്ച് സുദർശനോടു ചോദിച്ചു.
‘‘ മറാഠയിൽ നിന്ന് മൂന്നു തലമുറ മുൻപ് ചെന്നൈയിൽ വന്നു താമസിക്കുന്നവരാണ് ഞങ്ങൾ. മുത്തച്ഛന്‍ ഇവിടെ ഒരു ഇലക്ട്രിക് കമ്പനി തുടങ്ങി. പഠനശേഷം ഞാൻ ബിസിനസ് തുടങ്ങി. വർഷങ്ങളോളം ഇന്ത്യൻ ആർമിയിൽ ജിം ട്രെയിനറായി ജോലിനോക്കി. 16 വർഷം മുൻപാണ് അച്ഛന്റെ മരണം. മരിച്ചു പോയവരുടെ ആത്മാക്കളെ ഊട്ടാനായി കാക്കകൾക്ക് അന്നം കൊടുക്കുന്ന പതിവുണ്ടല്ലോ. അങ്ങനെ കാക്കകൾക്കായി ആദ്യമായി അരി വിതറി. ഇതൊരു പതിവായി. കാക്കകൾക്കൊപ്പം പലതരം കിളികളും വന്നു. പിന്നെ തത്തകളും. ഇപ്പോളത് എനിക്കും തത്തകൾക്കും ഒഴിവാക്കാനാവാത്ത ശീലമായി മാറി.
എനിക്ക് മറ്റെവിടെയും പോകാനാവില്ല. വെളുപ്പിനെയും വൈകീട്ടും കൃത്യസമയത്ത് ഇവരിവിടെ എത്തും. ഒരു ദിവസം ബെംഗളൂരുവിലേക്ക് അത്യാവശ്യമായി ഞങ്ങൾക്ക് പോവേണ്ടി വന്നു. വൈകുന്നേരമായപ്പോൾ അയൽവാസികൾ ഫോൺ ചെയ്തു. തത്തകൾ കരഞ്ഞു ബഹളമുണ്ടാക്കിയത്രെ. എന്നെ കാണാതെ കുറേ നേരം ഇവിടെ ചുറ്റിപ്പറന്നു. അന്നാണു മനസ്സിലായത്, ഒരു ദിവസം പോലും എനിക്കിവിടെ നിന്നു മാറി നിൽക്കാൻ പറ്റില്ല. ’’. മുകൾ നിലയിലേക്കുള്ള പടികൾ കയറുന്നതിനിടയിൽ സുദർശൻ പറഞ്ഞു.
തത്തകളെ കാണാനെത്തുമ്പോൾ
ചെന്നൈ സെൻട്രലിൽ നിന്നും നാലു കിലോമീറ്റർ ദൂരമേയുള്ളൂ ‘പാരറ്റ് ഹൗസി’ലേക്ക്. 9042048481 ഈ മൊബൈൽ നമ്പരിൽ വിളിച്ച് സീറ്റുറപ്പിക്കുക. ടിക്കറ്റോ ഡൊണേഷനോ ഇല്ല. തത്തകൾക്കുള്ള ഭക്ഷണമായ പച്ചരിയും നിലക്കടലയും സ്നേഹപൂർവം കൊണ്ടുവരുന്നത് സുദർശൻ സ്വീകരിക്കാറുണ്ട്. തത്തകളെ കാണാനെത്തുമ്പോൾ ഇളം നിറമുള്ള വസ്ത്രങ്ങളണിയുക.
ഫീച്ചറിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ
