ADVERTISEMENT

‘‘ആ താലി ഞാനവൾക്കു നൽകിയ ഉറപ്പാണ്. ജീവിതത്തിൽ എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നാലും ഞാനൊപ്പമുണ്ടെന്ന വാക്കാണത്’’ തുമ്പോളി മാധവം വീട്ടിൽ ആവണിയെ ചേർത്തുപിടിച്ചിരുന്നു ഷാരോൺ ഇങ്ങനെ പറയുമ്പോൾ മനസ്സിലേക്ക് ഓടി വന്നത് ആ കാഴ്ചയാണ്.

ആശുപത്രിക്കിടക്കയിൽ, അത്യാസന്ന നിലയിൽ കിട ക്കുന്ന പെൺകുട്ടിയെ താലികെട്ടുന്ന ചെറുപ്പക്കാരൻ. ആ ലപ്പുഴ സ്വദേശികളായ ഷാരോണിന്റെയും ആവണിയുടേയും വിവാഹം മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളിലേക്കെത്തി. പ്രാർഥനകളും സ്നേഹവും കമന്റുകളും മെസേജുകളുമായി നിറഞ്ഞു. എങ്കിൽപ്പോലും 21.11.2025 എന്ന തിയതി ഇരുവർക്കും ഒരു പേടി സ്വപ്നമാണ്. ഒരായിരം മോഹങ്ങളും പ്രതീക്ഷകളുമായി കാത്തിരുന്ന ദിവസം നിമിഷങ്ങൾക്കുള്ളിലാണു വേദനയുടെ നിഴല്‍ പടർത്തുന്ന ഓർമയായി മാറിയത്.

ADVERTISEMENT

അപകടത്തിൽ ശരീരത്തിനും മനസ്സിനുമേറ്റ ആഘാതത്തിൽ നിന്നു ഷാരോണിന്റെ കൈപിടിച്ച് ആവണി ജീവിതത്തിലേക്കു തിരികെ നടന്നു തുടങ്ങി. എങ്കിലും ആ ദിവസത്തിലേക്കു തിരിഞ്ഞുനോക്കാനൊരുങ്ങവേ ആവണിയുടെ വാക്കുകളിൽ ഭീതിയുടെ വിറയൽ പടർന്നു.

ഒാർക്കുമ്പോൾ ഇപ്പോളും ഭയം

ADVERTISEMENT

‘‘കല്യാണത്തിന് ഒരുങ്ങാൻ ആലപ്പുഴയിൽ നിന്നു കോട്ടയം വരെ പോയത് എന്തിനാണ് എന്നു പലരും ചോദിച്ചു. എല്ലാ പെൺകുട്ടികൾക്കും വിവാഹദിവസം ഏറ്റവും നല്ല രീതിയിൽ ഒരുങ്ങണമെന്നല്ലേ മോഹം. അതിൽ എനിക്കൊരു തീരുമാനമേ ഉണ്ടായിരുന്നുള്ളൂ. കോട്ടയത്തുള്ള ബ്രൈഡൽ മേക്ക്ഓവേഴ്സ്.

വിവാഹദിവസം പുലർച്ചെ രണ്ടു മണിയോടെ ഞാനും അപ്പച്ചിയും കസിനും കാറിൽ കോട്ടയത്തേക്കു തിരിച്ചു. കാർ ഓടിച്ചതു കസിനാണ്. ഞാൻ മുന്നിലും അപ്പച്ചി പിൻസീറ്റിലുമാണിരുന്നത്. അപകടത്തിനു തൊട്ടുമുൻപ് നോക്കുമ്പോൾ സ്റ്റുഡിയോയിൽ എത്താൻ പത്തു മിനിറ്റേയുള്ളൂ. പിന്നീടെന്താണു സംഭവിച്ചതെന്നു ഇപ്പോഴുമറിയില്ല.

ADVERTISEMENT

ഒരു വലിയ ശബ്ദം കേട്ടു, ചുറ്റും ഇരുട്ടു മൂടി. അപ്പച്ചി വേദനകൊണ്ടു കരയുന്നതു കേൾക്കാം. അപകടത്തിന്റെ ആഘാതത്തിൽ എന്റെ കഴുത്തിൽ സീറ്റ് ബെൽറ്റ് മുറുകിയിരുന്നു. അധികം വൈകാതെ ആളുകൾ ഓടിക്കൂടി. അവർ എന്നോടു പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും കാലുകൾ അനക്കാൻ സാധിച്ചില്ല. കാൽ ഒടിഞ്ഞു എന്നാണു ഞാൻ കരുതിയത്.

Avani3

ഒരു അപരിചിതൻ എന്നേയും എടുത്ത്, വാഹനങ്ങൾക്കു കൈ കാണിക്കുന്നത് ഇപ്പോഴും ഓർക്കുന്നു. പക്ഷേ ആ സമയം ആയതുകൊണ്ടാകും പലരും വാഹനം സ്ലോ ചെയ്യാൻ പോലും മനസ്സുകാണിച്ചില്ല.’’ ആവണിയുടെ വാക്കുകൾ മുറിഞ്ഞപ്പോൾ ഷാരോൺ ആ കൈകളിൽ മുറുകെ പിടിച്ചു. ആവണി വീണ്ടും സംസാരിച്ചു തുടങ്ങി.

‘‘കുറച്ചു സമയത്തിനുശേഷം ഒരു കാർ നിർത്തി. സീറ്റ് പിന്നിലേക്കു ചായ്ച്ച് എന്നെ കിടത്തി. ദേഹമാസകലം നുറുങ്ങുന്ന വേദനയായിരുന്നു. ബോധം മറയാത്തതുകൊണ്ടുതന്നെ പരുക്കുകൾ നിസാരമാകുമെന്നു കരുതി. വിവാഹം നിശ്ചയിച്ചതുപോലെ നടക്കും എന്നു ഞാൻ സ്വയം ആശ്വസിച്ചു.’’ ആവണി പറഞ്ഞു.

വിളിച്ചുണർത്തിയ ദുഃഖ വാർത്ത

സുന്ദരിയായി അണിഞ്ഞൊരുങ്ങി കതിർമണ്ഡപത്തിലേക്ക് എത്തുന്ന ആവണിയെ കാത്തിരുന്ന ഷാരോണിനെ വിളിച്ചുണർത്തിയത് ‘ആവണി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു’ എന്ന വാർത്തയാണ്. ‘‘കേട്ടപാടെ ഞാൻ ചാടി എഴുന്നേറ്റു. വിവാഹത്തലേന്നു പെണ്ണിന്റെ വീട്ടിൽ സാരി എത്തിക്കുന്ന ചടങ്ങുണ്ട്. സാധാരണ കല്യാണച്ചെക്കൻ പോകാറില്ലെങ്കിലും അന്നു ഞാനും ഒപ്പം കൂടി.

‘ഉറങ്ങിപ്പോകരുത്. രാവിലെ 6.30ന് ഫോട്ടോഷൂട്ട് ഉള്ളതാണ്’ ചടങ്ങു കഴിഞ്ഞു പിരിയുമ്പോൾ ആവണി ഓർമപ്പെടുത്തി. വിവരമറിഞ്ഞു കുറച്ചുസമയം എന്തു ചെയ്യണമെന്നറിയാതെയിരുന്നു. പിന്നെ കേട്ടതു ദുഃസ്വപ്നമാകണേ എന്ന പ്രാർഥനയോടെ ആവണിയുടെ സഹോദരൻ അതുലിനെ വിളിച്ചു. അപകടവാർത്ത സത്യമാണെന്നും ആവണിയെ എറണാകുളം ലേക്‌ഷോറിലേക്കു മാറ്റുകയാണെന്നും പറഞ്ഞു. പിന്നെ, എനിക്കു വീട്ടിൽ നിൽക്കാനായില്ല.

ആശുപത്രിയിലേക്കു പുറപ്പെടാനൊരുങ്ങുമ്പോൾ, അ ലമാരയ്ക്കുള്ളിൽ ആവണിക്കുള്ള താലി വാങ്ങിയ ചെറിയ പെട്ടി കണ്ടു. അതും കയ്യിലെടുത്താണു വീട്ടിൽ നിന്നിറങ്ങിയത്. ആശുപത്രിയിലെത്തിയപ്പോൾ, ഡോ. സുദീഷ് കരുണാകരനാണു വിശദവിവരങ്ങൾ എന്നോടും ആവണിയുടെ അച്ഛനോടും പറഞ്ഞത്. സംസാരിച്ചിരിക്കവേ ആവണിയുടെ അച്ഛൻ ‘ഇപ്പോള്‍ കതിർമണ്ഡപത്തിലുണ്ടാകേണ്ട കുട്ടിയാണ്’ എന്നു പറഞ്ഞു ഒരുപാടു കരഞ്ഞു.

ആ താലിയുടെ ഉറപ്പ് ഞാൻ അവൾക്കു കൊടുത്തോട്ടെ എന്നു ഞാൻ ചോദിച്ചപ്പോൾ എല്ലാവർക്കും സമ്മതമാണെങ്കിൽ ആകാമെന്ന്് അദ്ദേഹം പറഞ്ഞു. അങ്ങനെ നിശ്ചയിച്ച ദിവസം തന്നെ ഞാനവൾക്കു താലി ചാർത്തി. ആ ദൃശ്യങ്ങളാണ് എല്ലാവരും കണ്ടത്.’’ ഷാരോൺ പറഞ്ഞവസാനിപ്പിച്ചിടത്തുനിന്ന് ആവണി സംസാരിച്ചു തുടങ്ങി.

‘‘നട്ടെല്ലിനാണു പരുക്കെന്ന് അപ്പോഴേക്കും ഞാൻ അ റിഞ്ഞിരുന്നു. വാരിയെല്ലിനും പൊട്ടലുണ്ട്. അതുകൊണ്ടുതന്നെ ഷാരോണിനോട് എന്തു പറയണം എന്നറിയാതെ ആകെ കുഴഞ്ഞു. വിവാഹത്തിൽ നിന്നു പിന്മാറിക്കോളൂ എന്നു പറഞ്ഞെങ്കിലും ഷാരോണിന്റെ തീരുമാനം മാറിയില്ല’’ ആവണി ഉഷാറാകുന്നുവെന്നു മുഖത്തെ ചിരിയിൽ നിന്നറിയാം. ‘‘ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിൽ കയറി കാണുമ്പോഴും ഇതു വേണമായിരുന്നോ എന്നാണ് ആൾ ചോദിച്ചത്’’ ഷാരോൺ പറഞ്ഞു.

‘‘ അന്ന് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഷാരോൺ ഇല്ലാണ്ടെനിക്ക് പറ്റില്ല കേട്ടോ...’’ ആവണി ചിരിച്ചു.

കാത്തിരുന്ന കല്യാണം

ജോലി കിട്ടിയശേഷം മതി കല്യാണം എന്നു പറഞ്ഞിരുന്ന ആവണിയേയും എംഎൻസിയിലെ ജോലി തിരക്കുകൾ പ റഞ്ഞ് പെണ്ണുകാണലുകളിൽ നിന്ന് ഒഴിഞ്ഞു നടന്ന ഷാരോണിനേയും ഒന്നിപ്പിച്ചതു കുടുംബ സുഹൃത്താണ്. ഒരു വർഷം മുൻപാണു വിവാഹം വീട്ടുകാർ ഉറപ്പിക്കുന്നത്.

‘‘വിവാഹം ഉറപ്പിച്ച ശേഷമാണു ഞങ്ങൾ പരസ്പരം അ ടുത്തത്. അന്നു ഞാൻ ജോലി ചെയ്തിരുന്നതു മൂവാറ്റുപുഴയിൽ ഒരു എംഎൻസി കമ്പനിയിലായിരുന്നു. വീട്ടിലേക്കു വരാനേ സമയമില്ലാതിരുന്ന ഞാൻ പിന്നെ ആഴ്ചതോറും നാട്ടിൽ വന്നു തുടങ്ങി, ആവണിയെ കാണാലോ. ആയിടയ്ക്കാണ് കെവിഎം എൻജിനീയറിങ് കോളജിൽ അധ്യാപകനായി ജോലി കിട്ടിയത്. തൊട്ടു പിന്നാലെ ബിഷപ് മൂർ സ്കൂളിൽ പ്രൈമറി ടീച്ചറായി ആവണിയും ജോലിയിൽ പ്രവേശിച്ചു.’’ ഷാരോൺ പറഞ്ഞു

‘‘ അതോടെ എല്ലാം സെറ്റ് എന്നാണു ഞങ്ങൾ കരുതിയത്. പക്ഷേ, ഒന്നും നമ്മുടെ പ്ലാൻ അനുസരിച്ചു നടക്കില്ലെന്ന് ഇപ്പോൾ മനസ്സിലായി. ഒരു വിഷമമേയുള്ളൂ, എന്റെ കല്ല്യാണ സാരി ദാ അവിടെ വെറുതേ ഇരിക്കുന്നു.’’ റാണി പിങ്ക് നിറത്തിലുള്ള പട്ടു സാരിയിലേക്കു വിരൽ ചൂണ്ടി ആവണി പറഞ്ഞു.

Avanitwo

‘‘സാരമില്ല. എല്ലാം ഓക്കെയായി പെട്ടെന്ന് വാ, നമുക്കൊരു ഇന്റിമേറ്റ് വെഡ്ഡിങ്ങ് പ്ലാൻ ചെയ്യാം. ബ്രൈഡൽ മേക്ക് ഓവറിന് എത്തിയേക്കാമെന്ന് അനു ചേച്ചി വാക്കു തന്നിട്ടുണ്ട്.’’ ആവണിയുടെ തോളിൽ തട്ടി ഷാരോൺ ഉറപ്പു നൽകി. ഇപ്പോൾ ആവണിക്ക് ചെറിയ ചുവടുകൾ, സ ഹായത്തോടെ നടക്കാമെന്ന അവസ്ഥയിലെത്തി. രണ്ടു മാസത്തെ ഫിസിയോ തെറപി കൂടി കഴിയുമ്പോൾ സഹായമില്ലാതെ നടക്കാനാകുമെന്നാണു പ്രതീക്ഷ. ആരോഗ്യവതിയായി തിരികെ എത്തിയാലുടൻ ആഘോഷങ്ങൾക്കുള്ള ഒരുക്കം ആരംഭിച്ചേക്കാമെന്നു പറഞ്ഞ് ആവണിയുടെ അച്ഛൻ ജഗദീഷും അമ്മ ജ്യോതിയും സഹോദരൻ അതുലും ചിരിയിൽ പങ്കുചേർന്നു. അങ്ങനെയാകട്ടെയെന്ന് ആശംസിച്ച് ഷാരോണിന്റെ അച്ഛൻ മനുവും അമ്മ രശ്മിയും അനിയൻ റോഷനും കയ്യടിച്ച് രംഗം ഭംഗിയാക്കി.

ADVERTISEMENT