‘നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ അവർ ഒന്നിച്ച ദിനം’: മോഹനന്റെ കുറിപ്പ് Remembering Sreenivasan on His Wedding Anniversary
Mail This Article
വിടപറഞ്ഞ ശേഷമുള്ള ആദ്യ വിവാഹ വാർഷികം. അന്തരിച്ച പ്രിയനടൻ ശ്രീനിവാസന്റെ വിവാഹ വാർഷിക ദിനത്തിൽ ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവച്ച് സംവിധായകനും ഭാര്യാസഹോദരനുമായ മോഹനൻ.
‘ഇന്നാണ് ആ ദിവസം’ എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ശ്രീനിവാസന്റെയും ഭാര്യ വിമലയുടേയും സ്നേഹചിത്രം മോഹനൻ പങ്കുവച്ചത്.
‘ഇന്നാണ് ആ ദിവസം, ജനുവരി 13. മമ്മൂക്കയും ഇന്നസന്റേട്ടനും കൊടുത്ത കാശു കൊണ്ട്, ഫോട്ടോഗ്രാഫറോ വിഡിയോഗ്രാഫറോ ഇല്ലാതെ നിലവിളക്കിന്റെ വെളിച്ചമോ, ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവർ, ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം. എല്ലാ യാത്രകളും ഇങ്ങനെയാണ്, എവിടെവച്ചെങ്കിലും ഏതെങ്കിലും ഒരാൾ പെട്ടെന്നങ്ങ് പോകും,’ മോഹനൻ കുറിച്ചു.
വികാരനിർഭരമായ പ്രതികരണങ്ങളാണ് മോഹനന്റെ പോസ്റ്റിനു ലഭിക്കുന്നത്. ‘ഈ ബന്ധത്തിന്റെ ഊഷ്മളത ശ്രീനിയേട്ടന്റെ അവസാന നാളുകളിൽ എല്ലാവരും കണ്ടതാണ്. എത്ര കരുതലോടെ അവർ അത് നിർവഹിച്ചു എന്നത്... ഇനിയുള്ള ജീവിതകാലം മുഴുവൻ സ്വസ്തി ലഭിക്കാൻ ഇതിൽ കൂടുതലായൊന്നും ചെയ്യാനില്ല. മാതൃകപരമായി ജീവിച്ചു കാണിച്ച രണ്ടു പേർ,’ എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കുറിച്ചത്. കുടുംബത്തിലെ ഒരു അംഗം നഷ്ടപ്പെട്ടതു പോലുള്ള വേദന എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ‘ശ്രീനിയേട്ടന് മരണമില്ല....ലക്ഷങ്ങളുടെ മനസിൽ എന്നും ജീവിച്ചുകൊണ്ടിരിക്കും.’ എന്ന കമന്റും പിന്നാലെയെത്തി.