ADVERTISEMENT

വികൃതമായിപ്പോയ മുഖം, ഭാഗികമായി പൊള്ളലേറ്റ തല, മങ്ങിപ്പോയ ഒരു കണ്ണിലെ കാഴ്ച... ക്രൂരമായൊരു പകയിൽ പിഞ്ഞിപ്പോയ ശരീരമാണ് നമ്മൾ കാണുന്നത്. പക്ഷേ ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ആത്മവിശ്വാസത്തിന്റെ തിളക്കം കാണാം. വിധിയിൽ തളരാത്ത കരളുറപ്പു കാണാം.

പ്രണയപ്പകയുടെ ജീവിക്കുന്ന രക്തസാക്ഷി... പ്രഗ്യ സിങ്ങിനെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കണം. ജീവിതത്തിന്റെ നല്ലകാലവും സ്വപ്നം കണ്ട്, സ്വന്തം മുഖവും ശരീരവും മനസും ആത്മവിശ്വാസത്തിന്റെ കണ്ണാടിയായി കൊണ്ടു നടന്നൊരു പെൺകുട്ടി. വിവാഹം കഴിഞ്ഞ് മധുവിധുവിന്റെ മധുര നിമിഷങ്ങളിലേക്ക് കടന്നതായിരുന്നു അവൾ. പക്ഷേ ആ യാത്ര അവളുടെ അടയാളം പോലും മായ്ച്ചു കളയും വിധമുള്ള ആക്രമണത്തിനു സാക്ഷിയായി.

ഇരുപത്തി മൂന്നാം വയസിലായിരുന്നു പ്രഗ്യയുടെ വിവാഹം. 2006 ഏപ്രിൽ 30-നാണ് സംഭവം നടക്കുന്നത്. പുതിയ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും പേറി വിവാഹത്തിന്റെ 12–ാം ദിനം പ്രിയതമനൊപ്പം ഡൽഹിയിലേക്ക് യാത്ര തിരിച്ചതായിരുന്നു പ്രഗ്യ. ജന്മനാടായ വാരണാസിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ട്രെയിനിലെ എസി കോച്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പ്രഗ്യ. പുലർച്ചെ രണ്ട് മണിയായി കാണും. ശരീരത്തെ മുഴുവൻ വരിഞ്ഞു മുറുക്കും വിധമുള്ള അസഹനീയമായൊരു പുകച്ചിൽ. ആ പുകച്ചിൽ ശരീരം മുഴുവൻ നീറ്റുന്ന വേദനയായി അതിവേഗം പടർന്നു കയറുന്നത് അവൾ അറിഞ്ഞു. വേദന ഇരട്ടിയായ നിമിഷം, അവൾ ശക്തമായി നിലവിളിക്കാൻ തുടങ്ങി. ട്രെയിനിലുണ്ടായിരുന്ന ഒരു ഡോക്ടർ അതൊരു ആസിഡ് ആക്രമണമാണെന്ന് തിരിച്ചറിയുകയും അവരുടെ ശരീരത്തിൽ വെള്ളമൊഴിക്കാൻ തുടങ്ങുകയും ചെയ്തു.

ADVERTISEMENT

നാളുകൾക്ക് മുൻപ് ഒരാളുടെ വിവാഹാഭ്യർഥന ഞാൻ നിരസിച്ചിരുന്നു. അതിന്റെ പക ഉള്ളിലിട്ടു വളർത്തിയ അയാൾ പകരം വീട്ടാൻ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് വൈകാതെ പ്രഗ്യ തിരിച്ചറിഞ്ഞു. ഡൽഹി യാത്രയിൽ പ്രഗ്യയെ പിന്തുടർന്നെത്തിയ അയാൾ കൃത്യമായി തക്കം പാത്തിരുന്ന് ഉറങ്ങിയ സമയത്ത് ആസിഡ് അവളുടെ ശരീരത്തിലേക്ക് ഒഴിച്ചു.

pragya-singh-9
പ്രഗ്യ സിങ്∙ ചിത്രം: pragya.p.singh.56/ Instagram

ഒരൊറ്റ നിമിഷത്തിന്റെ മൃഗീയ ആക്രമണത്തിൽ തന്റെ ജീവിതവും അടയാളവും മാറിമറിഞ്ഞുവെന്ന് പ്രഗ്യ തിരിച്ചറിഞ്ഞു. അവിടുന്നങ്ങോട്ട് ആശുപത്രിയും മരുന്നും സർജറി പരീക്ഷണങ്ങളുമായി കടന്നു പോയ നാളുകൾ. മുഖത്തു ഇരുണ്ടു കയറിയ പാടുകളോടൊപ്പം അവൾ ജീവിക്കാൻ തീരുമാനിക്കുന്നത് വരെ 13 ശസ്ത്രക്രിയകൾക്ക് പ്രഗ്യ വിധേയയായി. പിന്നീട് ഭർത്താവ് ജോലി ചെയ്യുന്ന ബെംഗളൂരുവിലേക്ക് താമസം മാറിയ അവർ, ആസിഡ് ആക്രമണത്തിന് ഇരയായ സ്ത്രീകൾക്കായി പ്രവർത്തിക്കാൻ തുടങ്ങി.

ADVERTISEMENT

‘ആ സംഭവത്തിനു ശേഷം രണ്ടു വർഷക്കാലം എന്റെ ജീവിതം ഓപ്പറേഷൻ തിയേറ്ററിലായിരുന്നു. മുഖം ബാൻഡേജിൽ പൊതിഞ്ഞ്, പച്ചമാംസം ഉരുകി ഞാൻ അനുഭവിച്ച വേദനകൾ... എന്നെ ഉപേക്ഷിച്ചു പോകൂ എന്ന് പലകുറി ഞാൻ ഭർത്താവിനോട് അപേക്ഷിച്ചു. പക്ഷേ, എനിക്കായിരുന്നു ഇങ്ങനെ സംഭവിച്ചതെങ്കിൽ നീ എന്നെ ഉപേക്ഷിക്കുമായിരുന്നോ? എന്ന ചോദ്യം കൊണ്ട് അദ്ദേഹം ചോദിച്ചു. സ്നേഹം കൊണ്ട് കരുതലേകി ഒപ്പം നിന്നു. കണ്ണാടിയിൽ എന്റെ മുഖം കാണാൻ ഭയന്ന് ഞാൻ മൂന്നു വർഷത്തോളം മുറിയടച്ചിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോൾ പ്രേതമെന്ന് വിളിച്ച് കുഞ്ഞുങ്ങൾ ഭയന്ന് നിലവിളിച്ചു. മുതിർന്നവർ ഓടിയകന്നു.’

പക്ഷേ തോറ്റു കൊടുക്കാൻ പ്രഗ്യ തയ്യാറല്ലായിരുന്നു. നിഴലായി കൂടെ നിൽക്കുന്ന ഭർത്താവിനും മക്കൾക്കും തന്നെ വേണമെന്ന് തിരിച്ചറിഞ്ഞ പ്രഗ്യ കരളുറപ്പോടെ വീണ്ടും ജീവിക്കാനിറങ്ങി. അനുഭവിച്ച തീർത്ത വേദനകളോടുംശരീരത്തെ തളർത്തിയ മുറിവുകളോടും പൊരുത്തപ്പെട്ട്, അവയെ അംഗീകരിച്ചു കൊണ്ട് പ്രഗ്യ സമൂഹത്തിലേക്കിറങ്ങി. ഇന്ന് ഇന്ത്യയിലുടനീളമുള്ള ആസിഡ് ആക്രമണത്തെ അതിജീവിച്ചവർക്ക് ഒരു വഴികാട്ടിയാണ് പ്രഗ്യ. അവർക്ക് കൗൺസിലിംഗ് നൽകുക, ശസ്ത്രക്രിയകൾക്ക് സാമ്പത്തികവും നിയമപരവുമായ സഹായം നൽകുക, ആത്മവിശ്വാസം പകരുക, അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കുക എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രഗ്യ സജീവമായുണ്ട്. 2013-ൽ അവർ തുടങ്ങിയ 'അതിജീവനം' (Atijeevan) എന്ന ഫൗണ്ടേഷനിലൂടെ 127-ലധികം പേർക്ക് സഹായം ലഭിച്ചു.

ADVERTISEMENT

ജീവിതം അവസാനിച്ചു എന്നു തോന്നുന്നവർക്കും ഇനിയെങ്ങനെ ജീവിക്കും എന്നു കരുതുന്നവർക്കും പ്രഗ്യ ഒരു പാഠ പുസ്തകമാണ്. മനഃക്കരുത്തു കൊണ്ട് ലോകം ജയിക്കാമെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ അതിജീവനത്തിന്റെ പ്രതീകം.

English Summary:

Acid attack survivor Pragya Singh is an inspiration. Her story showcases resilience, and determination to help other survivors after a devastating attack.

ADVERTISEMENT