ഇത് കേരളമാണ്, ഇവിടിങ്ങനാണ്... ക്ഷേത്ര പൂജാരി പഠിപ്പിച്ച പിള്ളേർക്ക് അറബനമുട്ടിൽ എ ഗ്രേഡ് Arabana Muttu: A Priest's Passion for Rhythm
Mail This Article
ക്ഷേത്ര പൂജാരിയായ ധനേഷ് കുമാറിനു മന്ത്രനാദങ്ങളാണു വഴക്കം. പക്ഷേ, കട്ടപ്പന ഇരട്ടയാർ സെന്റ് തോമസ് എച്ച്എസ്എസിലെ വിദ്യാർഥികളെ അറബനമുട്ടിന്റെ താളം പഠിപ്പിച്ചു കലോത്സവത്തിനെത്തിച്ചതു ധനേഷ് കുമാർ തന്നെ. മുണ്ടിയെരുമ ദേവഗിരി മഹാദേവി ക്ഷേത്രത്തിലെ പൂജാരിയായ ധനേഷിന്റെ ശിക്ഷണത്തിൽ എച്ച്എസ്എസ് അറബനമുട്ടിൽ പങ്കെടുത്ത ടീമിന് എ ഗ്രേഡ് സ്വന്തം.
11 വർഷങ്ങൾക്കു മുൻപു കല്ലാർ ജിഎച്ച്എസ്എസിൽ പ്ലസ്ടുവിനു പഠിക്കുമ്പോൾ സ്കൂളിലെ സീനിയർ ആയിരുന്ന അബു ആണ് ധനേഷിനെയും കൂട്ടുകാരെയും ദഫ്മുട്ടും കോൽക്കളിയും പഠിപ്പിച്ചത്. തൊട്ടടുത്ത ഗ്രൗണ്ടിൽ ജൂനിയർ വിദ്യാർഥികളെ പഠിപ്പിച്ചിരുന്ന അറബനമുട്ടിലാണു ധനേഷിനു കൂടുതൽ താൽപര്യം തോന്നിയത്. എന്നാൽ, രണ്ടു ഗ്രൂപ്പിനങ്ങളിലേ മത്സരിക്കാനാകൂ എന്നതിനാൽ ധനേഷിന് അന്നു മത്സരിക്കാനായില്ല. വർഷങ്ങൾക്കു ശേഷം അറബനമുട്ടിൽ പരിശീലനം നൽകാൻ തുടങ്ങിയപ്പോൾ ഇടുക്കി ജില്ലയിലെ 3 ടീമുകളെ പഠിപ്പിച്ചു തട്ടിൽ കയറ്റി.