ADVERTISEMENT

നൃത്തം പഠിക്കണം, വേദികളിൽ കയറണം. കുഞ്ഞുനാൾ മുതൽ കെ.എം. മാളവികയുടെ ആഗ്രഹമതായിരുന്നു. പക്ഷേ, വനത്തിനു നടുവിലെ വീട്ടിൽ നിന്നു നൃത്തം പഠിക്കാൻ പോകുന്നതെങ്ങനെ? അച്ഛൻ ഉപേക്ഷിച്ചുപോയ ശേഷം വീട്ടുജോലി ചെയ്തു കുടുംബം നോക്കാൻ കഷ്ടപ്പെടുന്ന അമ്മയ്ക്കു നൃത്തപഠനത്തിന്റെ ചെലവു താങ്ങാൻ കഴിയുന്നതെങ്ങനെ? മോഹത്തെ അടക്കി നിർത്താൻ കഴിയാതെ വന്നപ്പോൾ മാളവിക യൂട്യൂബിൽ നിന്നു ചുവടുകൾ പഠിച്ചു. വേഷവിധാനങ്ങൾ വാങ്ങാൻ പണമില്ലാത്തതുകൊണ്ടു മംഗലംകളിയിലേക്കു ചുവടുമാറ്റി.  ആദ്യമായി പങ്കെടുത്ത സംസ്ഥാന കലോത്സവത്തിൽ തന്നെ ടീമിനൊപ്പം എ ഗ്രേഡും നേടി.

പീച്ചി ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ മാളവിക എച്ച്എസ് വിഭാഗം മംഗലംകളിയിലാണു മത്സരിച്ചത്. പീച്ചി വനത്തിനു നടുവിൽ താമരവെള്ളച്ചാലിലെ വീട്ടിലായിരുന്നു രണ്ടു വർഷം മുൻപു വരെ മാളവികയുടെ താമസം. അച്ഛൻ ഉപേക്ഷിച്ചതോടെ മാളവികയും അമ്മ അജിതയും അനുജൻ അനിരുദ്ധും അനിയത്തിമാരായ അവന്തികയും അക്ഷരയും അടങ്ങുന്ന കുടുംബം ഇരുട്ടിലായി. സിമന്റ് തേക്കാത്ത കുടുംബവീട്ടിലേക്കു താമസം മാറ്റേണ്ടിവന്നു. വീട്ടുപണികൾക്കു പോയാണ് അജിത മക്കളെ പഠിപ്പിക്കുന്നതും വീട്ടുചെലവുകൾ നോക്കുന്നതും. ശാസ്ത്രീയ നൃത്തം പഠിക്കണമെന്ന ആഗ്രഹം നടക്കാതെ വന്നതോടെ മാളവിക യൂട്യൂബ് വിഡിയോകൾ നോക്കി നാടോടിനൃത്തം പഠിച്ചു.

ADVERTISEMENT

മറ്റു ക്ലാസിക്കൽ നൃത്തയിനങ്ങളിലും കണ്ടുപഠിച്ചു സ്കൂളിലെ വേദിയിൽ കളിച്ചു. പക്ഷേ, കലോത്സവങ്ങളിൽ പങ്കെടുക്കാൻ മികച്ച വേഷങ്ങളും ആഭരണങ്ങളും വേണം എന്നതിനാൽ ആഗ്രഹം ഉപേക്ഷിച്ചു. ഏതെങ്കിലുമൊരു നൃത്തവേദിയിൽ കയറാൻ കഴിഞ്ഞിരുന്നെങ്കിലെന്നു മോഹിച്ചു നിൽക്കെയാണു മംഗലംകളിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ആദ്യ അവസരത്തിൽ തന്നെ എ ഗ്രേഡ് നേടാനായി.   

ADVERTISEMENT
English Summary:

Dance, a passion ignited by YouTube tutorials, led Malavika to A Grade in Kerala Kalolsavam's Mangalam Kali despite facing financial hardships. Overcoming poverty, she turned her dreams into reality by mastering dance through online videos and securing success in the state youth festival.

ADVERTISEMENT
ADVERTISEMENT