മൂന്നാം നിലയിൽ പരീക്ഷയെഴുതേണ്ടി വന്ന വീൽചെയർ യൂസർ ആര്യനന്ദയുടെ പരാതിക്കൊടുവിൽ നടപടിയെടുത്ത് ഡിസെബിലിറ്റി കമ്മീഷണർ Aaryanandha's Fight for Accessible Education
Mail This Article
‘‘ഇത് ഞാനെനിക്കു വേണ്ടി മാത്രം ചെയ്യുന്നതല്ല... കുറച്ചു മാസങ്ങൾക്കുള്ളിൽ എന്റെ പരീക്ഷ കഴിയും.... പക്ഷേ, ഇനിയും ഇവിടെ എന്നെപ്പോലുള്ള കുട്ടികൾ വരും. എനിക്ക് മുൻപേ വന്നവരും ഞാനും അനുഭവിച്ച ബുദ്ധിമുട്ടുകൾ അവർക്ക് അനുഭവിക്കേണ്ടി വരരുത്. എല്ലാവർക്കും അഭിമാനത്തോടെ ജീവിക്കാനിവിടെ അവകാശമുണ്ട്. ആ അവകാശത്തിനു വേണ്ടിയാണ് പരാതികൾ കൊടുത്തു കൊണ്ടേയിരുന്നത്.’’ കാലിക്കറ്റ് സർവകലാശാലയിലെ മൂന്നാം സെമസ്റ്റർ ലൈബ്രറി സയൻസ് വിദ്യാർഥിയാണ് ആര്യനന്ദ.
കഴിഞ്ഞ മാസം അവസാനം നടന്ന ‘സ്വയം’ നൈപുണ്യ വികസന പരീക്ഷയോട് അനുബന്ധിച്ചാണ് സംഭവം, എസ്.എം.എ. മൂലം 70 ശതമാനം ഡിസെബിലിറ്റിയുള്ള വീൽചെയർ യൂസറായ ആര്യനന്ദയ്ക്ക് 70 കിലോമീറ്റർ അകലത്തുള്ള മൂന്നാം നിലയിലുള്ള പരീക്ഷ കേന്ദ്ര അനുവദിച്ചത്. പരീക്ഷാ കേന്ദ്രം മാറ്റി തരണമെന്ന് ആവശ്യപ്പെട്ട് മെയിൽ അയച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. അടുത്തൊരു ടോയ്‌ലെറ്റ് ഇല്ലാത്ത എടുത്ത് കയറ്റാൻ പോലുമുള്ളത്ര വീതിയില്ലാത്ത പടികളുള്ള ഇടത്തിൽ മറ്റൊരു നിവർത്തിയുമില്ലാതെ കഷ്ടപ്പെട്ട് ആര്യനന്ദയ്ക്ക് പരീക്ഷ എഴുതേണ്ടി വന്നു.
അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങൾ കാട്ടി ഇനി വരാനുള്ള യുജിസി നെറ്റ് പരീക്ഷയ്ക്കെങ്കിലും ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് പറഞ്ഞ് വീണ്ടും മെയിലുകൾ അയച്ചു. ആ മെയിലുകൾക്കും മറുപടിയില്ല. അനുഭവിക്കേണ്ടി വന്നത് അതേ ബുദ്ധിമുട്ടുകളും. ഇത്തവണ രണ്ടാം നിലയിലായിരുന്നു പരീക്ഷാ സൗകര്യം!
ഇത്രയേറെ അവഗണനകൾക്ക് ശേഷമാണ് ആര്യനന്ദ കേന്ദ്ര ഡിസെബിലിറ്റി കമ്മീഷനു പരാതി നൽകിയത്. അതിൽ കമ്മീഷ്ണർ ഡോ. എസ്. ഗോവിന്ദരാജ് എൻ.ടി.എ.(നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി)യെ ഹിയറിങ്ങിനായി വിളിപ്പിച്ചു. എൻ.ടി.എയുടെ വാദങ്ങൾ അടക്കം കേട്ട ശേഷം ഡിസെബിലിറ്റിയുള്ളവർക്ക് ആത്മാഭിമാനത്തോടെ പരീക്ഷയെഴുതാനുള്ള നടപടിയുണ്ടാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതുമായി ബന്ധപ്പെട്ട് എല്ലാ പരീക്ഷാ കേന്ദ്രങ്ങളും ഡിസേബിലിറ്റി സൗഹൃദപരമാക്കണമെന്നും ഒരു ജില്ലയിൽ ഒരു കേന്ദ്രമെങ്കിലും ഡിസെബിലിറ്റി ഉള്ളവർക്കായി മാറ്റി വയ്ക്കണമെന്നും താഴത്തെ നിലയിൽ തന്നെ സൗകര്യങ്ങൾ ഒരുക്കണം എന്നും ഉത്തരവായി. 30 ദിവസത്തിനകം തന്നെ ഈ വിഷയത്തിൽ സർക്കുലർ ഇറക്കാനും എൻടിഎയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങളുടെ കാര്യങ്ങൾ വരുമ്പോഴുള്ള പിന്നത്തേക്കു വയ്ക്കൽ
‘‘ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോൾ തൊട്ട് എൻടിഎ പരീക്ഷകൾ എഴുതുന്നയാളാണ്. അന്നു തൊട്ടേ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. പക്ഷേ, എന്ത് ചെയ്യണമെന്നൊന്നും അറിയില്ലായിരുന്നു.. കാലിക്കറ്റ് സർവ്വകലാശാലയിൽ പഠിക്കാൻ തുടങ്ങിയതോടെയാണ് പ്രതികരിക്കാനുള്ള വഴികൾ മനസിലാക്കി തുടങ്ങിയത്.
ബുദ്ധിമുട്ടുകൾ വന്നതും എല്ലാവർക്കും മെയിൽ അയക്കാൻ തുടങ്ങി– എൻടിഎയ്ക്ക്, വിദ്യാഭ്യാസ മന്ത്രിക്ക് ഒക്കെ... ഒന്നിനും മറുപടി വന്നില്ല. അങ്ങനെ അന്വേഷിച്ചപ്പോഴാണ് ഇങ്ങനൊരു കമ്മീഷനുണ്ടെന്ന് അറിഞ്ഞ് പരാതി കൊടുത്തതും നടപടി വന്നതും.
ഈ നാട്ടിൽ പലതും ഡിസേബിൾഡ് ഫ്രണ്ട്‌ലി എന്നു പറഞ്ഞാലും അതങ്ങനെയല്ല. കയറാൻ പറ്റാത്ത കുത്തനെയുള്ള റാംപുകളും എടുത്തു കയറ്റുന്നതും ഒന്നുമല്ല ഡിസേബിൾഡ് ഫ്രണ്ട്‌ലി. ഒരാൾക്ക് ആയാസകരമായി ഉപയോഗിക്കാൻ പറ്റുന്ന സൗകര്യങ്ങൾ ഉണ്ടാകുമ്പോഴാണ് അത് ഉപകാരപ്പെടുന്നത്. ഞങ്ങൾ പഠിക്കുമ്പോൾ തന്നെ ഒരു ലൈബ്രറി ഉപയോഗിക്കാൻ സാധിക്കില്ല, കുറ്റികൾ വച്ച് അടയ്ക്കാത്ത പൊട്ടാത്ത ഒരു വാക്ക് വേ പോലുമില്ല. പഠിക്കാൻ വന്ന സമയം തൊട്ട് എപ്പോഴും ഓരോ കാര്യങ്ങൾക്കും വി.സി.യെ കാണാൻ പോക്കാണ്...
അച്ഛനും അമ്മയ്ക്കും ഒപ്പം നടക്കുന്ന കുറച്ച് സുഹൃത്തുക്കൾക്കും അല്ലാതെ പലർക്കും ഞങ്ങൾ ദിവസവും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാകുക കൂടിയില്ല.
വീട്ടിൽ അച്ഛൻ മനോജ്, അമ്മ ഷൈനി അനിയത്തി അലീന എന്നിവരാണ് ഉള്ളത്. ഒലിപ്രംക്കടവാണ് വീട്.
രാവിലെ തൊട്ട് വൈകുന്നേരം വരെ എല്ലാത്തിനും അമ്മ എനിക്കൊപ്പം വരും. അവർക്കു വേറെ ജോലിക്കു പോകാൻ കൂടി സാധിക്കില്ല. നമുക്ക് കുറേ കാര്യങ്ങൾ സ്വയം ചെയ്യാനുള്ള സംവിധാനങ്ങളുണ്ടായിരുന്നെങ്കിൽ ഞങ്ങളെ പോലുള്ള കുറേയാളുകൾക്കും അവരെ നോക്കുന്നവർക്കും ജീവിതം അൽപം കൂടി എളുപ്പമായേനേ. ഇപ്പോ ഓരോ ദിവസവും യുദ്ധമാണ്.
മുൻപ് അച്ഛന് കൂലിപ്പണിയായിരുന്നു. എന്നെ കൊണ്ടു നടക്കാനാണ് ഓട്ടോ ഡ്രൈവറായത്. ഒരു സ്ഥലത്തേക്ക് ഒരു വണ്ടി വിളിച്ചു പോകാൻ തന്നെ എന്ത് ചിലവാണ് വരുന്നത്. ഡിസെബിലിറ്റി സൗഹൃദപരമായ പൊതു വാഹനങ്ങളില്ലാത്തത് ഇവിടെ ചർച്ച പോലുമാകുന്നില്ല..
ഇപ്പോ തന്നെ ഞാനിങ്ങനൊയൊരു കാര്യം ആദ്യം പറയുമ്പോൾ ശ്രദ്ധിക്കാതിരുന്നവർ നടപടി വന്നു എന്നറിയുമ്പോൾ പുകഴ്ത്താൻ വരും. എന്നാലോ ഇക്കാര്യളൊക്കെ രണ്ടു ദിവസത്തിനുള്ളിൽ കെട്ടടങ്ങും. ശ്വാശ്വതമായ മാറ്റങ്ങൾക്കു വേണ്ടി കുറച്ചു പേർ മാത്രം സംസാരിക്കും.. ഞാനും ആ കുറച്ചു പേരിൽ ഒരാളാണ്. മാറ്റങ്ങൾ വന്നു കാണാൻ കാത്തിരിക്കുന്നൊരാൾ...
