‘ഞാൻ കണ്ട വിഡിയോയിൽ, ആ യുവാവ് തെറ്റുകാരനായി എനിക്ക് തോന്നുന്നില്ല’: വേദനയോടെ ഷംന കാസിം Deepak's Suicide: A Tragedy of Social Media's Dark Side
Mail This Article
ദുഷിപ്പും അറപ്പും നിറഞ്ഞ സോഷ്യൽ മീഡിയ കാലത്തിന്റെയും വിധിയെഴുത്തുകളുടെയും ഇരയാണ് ദീപക്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ ദീപക് കേരള മനഃസാക്ഷിയെ ഒന്നാകെ വേദനിപ്പിക്കുകയാണ്. സ്ത്രീസുരക്ഷ നിയമങ്ങളെ സ്വാർഥലാഭത്തിനു വേണ്ടി ഉപയോഗിക്കുന്നവർക്കെതിരെ പ്രതിഷേധം പുകയുമ്പോൾ പ്രതികരണവുമായി എത്തുകയാണ് നടി ഷംന കാസിം.ഒരു തെറ്റായ ആരോപണം, ഒരു ജീവിതം തകർക്കാമെന്നതിന്റെ തെളിവാണ് ദീപകിന്റെ ആത്മഹത്യയെന്ന് ഷംന കുറിക്കുന്നു. ഇൻസ്റ്റഗ്രാമിലാണ് ഷംന കുറിപ്പ് പങ്കുവച്ചത്.
ഷംന കാസിം പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
സ്ത്രീകളെ ഉപദ്രവിക്കുന്നവർ ഉണ്ടെങ്കിലും, അതിനെ നേരിടാൻ നിയമവഴികൾ നമ്മുക്ക് ലഭ്യമാണ്.
കേരളത്തിൽ, നിങ്ങൾക്ക് ബസിൽ തന്നെ പോലീസ്സ്റ്റേഷനിലേക്ക് വിടാൻ ആവശ്യപ്പെടാം.
അതുമില്ലെങ്കിൽ, നേരിട്ട് പോലീസ്സ്റ്റേഷനിൽ പോയി പരാതി നൽകാം.
ഒരു തെറ്റായ ആരോപണം, ഒരു ജീവിതം തകർക്കാം.
ആ അച്ഛന്റെയും അമ്മയുടെയും കരച്ചിൽ — ഒരിക്കലും നിർത്താനാവാത്ത വേദനയാണ്.
ഞാൻ കണ്ട വീഡിയോയിൽ, ആ യുവാവ് തെറ്റുകാരനായി എനിക്ക് തോന്നുന്നില്ല.
ഇനി ഒരാളും ഇത്തരമൊരു അവസ്ഥ അനുഭവിക്കേണ്ടി വരാതിരിക്കട്ടെ.
പ്രിയ ദീപക്, മാപ്പ്.
അമ്മേ… അച്ചാ… മാപ്പ്.
കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് (42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബസിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സോഷ്യല്‍ മീഡിയയിൽ ദൃശ്യങ്ങൾ പങ്കുവച്ചത്.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തില്‍ ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.