ADVERTISEMENT

 ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു യുവതി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ ദൃശ്യം പ്രചരിപ്പിച്ചതിനെ തുടർന്നു യുവാവു ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ടി.പി.ഗോപാലൻ റോഡിലെ ഉള്ളാട്ട്തൊടി ‘ദീപക്കി’ൽ യു.ദീപക് (42) ആണു മരിച്ചത്. ഇന്നലെ രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സംസ്കാരം നടത്തി. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം.

ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് അരീക്കോട് സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു.  ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.

ADVERTISEMENT

ശനിയാഴ്ച രാത്രി പത്തു മണിയോടെ ഉറങ്ങാൻ പോയ ദീപക് രാവിലെ ഏഴരയ്ക്കും മുറി തുറക്കാത്തതിനെ തുടർന്നു മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടത്. കട്ടിലിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും ടാബും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടു രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നൽകി.

കണ്ണീർ തോരാതെ അച്ഛനും അമ്മയും
കോഴിക്കോട്∙ ഇന്നലെ ഉച്ചയ്ക്കുശേഷം ദീപക്കിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അച്ഛൻ ചോയിയും അമ്മ കന്യകയും നെഞ്ചുപൊട്ടിക്കരയുകയായിരുന്നു – അത്താണിയായ ഏകമകൻ ജീവിതം പാതിവഴിയിൽ അവസാനിപ്പിച്ചിരിക്കുന്നു. ആ വീട്ടിൽ ഇനി ഇവർ മാത്രം. മകന്റെ ചേതനയറ്റ മുഖത്തേക്കുനോക്കിയ അമ്മ തൊട്ടടുത്ത സോഫയിലേക്ക് ചാഞ്ഞു. നാട്ടിലും വീട്ടിലും അധികമാരോടും സംസാരിക്കാത്ത ശാന്തനായ ദീപക്കിനെയാണ് എല്ലാവർക്കും പരിചയം. ഇത്തരം ആരോപണങ്ങളൊന്നും മുൻപു കേൾക്കാത്ത വ്യക്തിയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ADVERTISEMENT

കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ദീപക് കഴിഞ്ഞ വെള്ളിയാഴ്ച കമ്പനി ആവശ്യങ്ങൾക്കാണു കണ്ണൂരിൽ പോയത്. ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നു പറഞ്ഞാണു മലപ്പുറം അരീക്കോട് സ്വദേശിയായ യുവതി റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ തവണ അരീക്കോട് പഞ്ചായത്ത് അംഗമായിരുന്ന യുവതി വിവാഹശേഷം വടകരയിലാണ് താമസം. പയ്യന്നൂരിൽ രക്തദാനത്തിനു പോകുമ്പോഴാണു യുവതി വിഡിയോ ചിത്രീകരിച്ചത്.

വിഡിയോ പ്രചരിക്കുന്ന വിവരം ചില സുഹൃത്തുക്കളിൽനിന്നാണ് ദീപക് അറിഞ്ഞതെന്ന് ദീപക്കിന്റെ പിതൃസഹോദര പുത്രൻ യു. സനീഷ് പറഞ്ഞു. അച്ഛനും അമ്മയും സമൂഹമാധ്യമം ഉപയോഗിക്കാത്തതിനാൽ‍ ഇക്കാര്യം അറിഞ്ഞില്ല. സനീഷിനെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ച് ദീപക് വിഷമം പങ്കുവച്ചിരുന്നു.

ADVERTISEMENT

ഇന്നലെ രാവിലെ വീടിന്റെ മുകൾനിലയിലെ കിടപ്പുമുറിയുടെ വാതിൽ ദീപക് തുറക്കാതിരുന്നതോടെ അച്ഛനും അമ്മയും സമീപവാസികളെ വിളിച്ചു. വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിടക്കയിൽ മൊബൈൽഫോണും ടാബും ഉണ്ടായിരുന്നുവെന്നും സനീഷ് പറഞ്ഞു. മെഡിക്കൽ കോളജ് പൊലീസ് എത്തിയ ശേഷമാണ് ശരീരം പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയത്.

അതേസമയം, ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ പൊലീസ് സംസാരിച്ചതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയിയോയിൽ ദീപക് യുവതിയുടെ മുന്നിലാണു നിന്നതെന്നും ദീപക്കിൽനിന്ന് അസ്വാഭാവികമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിശദ അന്വേഷണം നടത്തുമെന്നാണ് മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി അന്ന് ദീപക്കും യുവതിയും സഞ്ചരിച്ച ബസിലെ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ദീപക്  പറഞ്ഞു: സ്ഥാപന ഉടമ

കോഴിക്കോട്∙ ‘7 വർഷമായി എന്റെ സ്ഥാപനത്തിൽ ആത്മാർഥമായി ജോലി ചെയ്യുന്നയാളാണ് ദീപക്ക്. വിഡിയോ കണ്ടപ്പോൾത്തന്നെ ദീപക്കുമായി സംസാരിച്ചിരുന്നു’ – ദീപക് ജോലി ചെയ്തിരുന്ന ഈസ്റ്റ്ഹിൽ മുദ്ര ഇംപക്സ് വസ്ത്രസ്ഥാപനത്തിന്റെ ഉടമ വി.പ്രസാദ് പറഞ്ഞു. ജോലിയുടെ ഭാഗമായി വിവിധ കമ്പനികളിൽ സന്ദർശിച്ച് ഓർഡർ എടുക്കുകയും വിൽപന ഉറപ്പാക്കുകയും ചെയ്തിരുന്നത് ദീപക്കാണ്. രാവിലെ ട്രെയിനിൽ‍ പയ്യന്നൂർ സ്റ്റേഷനിലിറങ്ങിയ ദീപക് ബസിൽ കയറി സ്റ്റാൻഡിലേക്ക് യാത്ര ചെയ്യുമ്പോഴാണ് വിഡിയോ ചിത്രീകരിച്ചത്.

അന്നു രാത്രിയാണ് തൃപ്പൂണിത്തുറയിൽനിന്ന് ഒരു വ്യാപാരി ദീപക്കാണെന്നു സംശയം പ്രകടിപ്പിച്ച് വിഡിയോ ലിങ്ക് അയച്ചുതന്നതെന്നും  പ്രസാദ് പറഞ്ഞു. ഉടനെ ദീപക്കുമായി ഫോണിൽ സംസാരിച്ചു. തൊട്ടടുത്ത ദിവസം രാവിലെ നേരിൽ കാണണമെന്ന് പറഞ്ഞു. തുടർന്ന് ശനി ഉച്ചയ്ക്കുശേഷം മൂന്നോടെ ദീപക്കിനെ കണ്ടു. വിഡിയോയുടെ താഴെവന്ന കമന്റുകളിൽ 99 ശതമാനവും യുവതിയെ കുറ്റപ്പെടുത്തന്നതായിരുന്നു. അന്നുതന്നെ അഭിഭാഷകനെ സമീപിച്ച് യുവതിക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കണമെന്നു ദീപക്കിനോട് പറഞ്ഞിരുന്നു. ഞായർ രാവിലെ അഭിഭാഷകനെ കാണുമെന്ന് ദീപക്ക് പറ‍ഞ്ഞിരുന്നു. ഇന്നലെ രാവിലെ ദീപക്കിന്റെ ബന്ധു മരണവിവരം വിളിച്ചറിയിക്കുകയായിരുന്നുവെന്നും പ്രസാദ് പറഞ്ഞു.

English Summary:

Suicide followed sexual harassment allegation. Deepak's death in Kozhikode due to social media video accusing him of misconduct has sparked controversy and calls for action against the woman who posted the video.

ADVERTISEMENT