ഈ ഭൂമിയിൽ ആർക്കും ഒരു ഉപദ്രവവുമില്ലാതെ ജീവിച്ച ഒരു മനുഷ്യൻ: ദീപക് കണ്ടന്റ്-റീച്ച് മോഹികളുടെ ഇര: കുറിപ്പ് The Tragic Impact of Social Media on Deepak's Life
Mail This Article
ദുഷിപ്പു നിറഞ്ഞ സോഷ്യൽ മീഡിയ കാലത്തിന്റെ ഇരയാണ് ദീപക്. സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാനം ഭയന്നു യുവാവ് ജീവനൊടുക്കിയ ദീപക് കേരള മനഃസാക്ഷിയെ ഒന്നാകെ വേദനിപ്പിക്കുകയാണ്. മുന്നുംപിന്നും നോക്കാതെ ഒരാളെ വിധിക്കുന്ന സോഷ്യൽ മീഡിയക്കും നിയമ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്ന ഒരു വിഭാഗത്തിനുമെതിരെ കുറിപ്പ് പങ്കുവയ്ക്കുകയാണ് നജീബ് മൂടാടി.
ഒരാളെ അർഹിക്കുന്നതിലേറെ ഉയരത്തിൽ പ്രതിഷ്ഠിക്കാനും, തകർത്ത് ഇല്ലാതാക്കാനും കഴിവുള്ള ഒന്നാണ് സോഷ്യൽ മീഡിയയെന്ന് നജീബ് മൂടാടി കുറിക്കുന്നു. അതുകൊണ്ട് തന്നെ അതിങ്ങനെ ലാഘവത്തോടെ ഉപയോഗിക്കേണ്ട ഒന്നല്ലെന്നും നജീബാ മൂടാടി കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പ്രായമായ അച്ഛനുമമ്മയ്ക്കും ഏക ആശ്രയമായിരുന്ന ഒരേയൊരു മകൻ. 42 വർഷം ഈ ഭൂമിയിൽ ആർക്കും ഒരു ഉപദ്രവവുമില്ലാതെ ജീവിച്ച ഒരു മനുഷ്യൻ. അയാളുടെ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ നാട്ടുകാർക്കോ തൊഴിലിടത്തോ ആർക്കും അയാളെ കുറിച്ചൊരു മോശമായ അഭിപ്രായവുമില്ല. ജോലിക്ക് പോവുക കുടുംബം നോക്കുക എന്നതിനപ്പുറം വേറൊന്നുമില്ലാതെ ജീവിക്കുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരെയും പോലെ ഒരു സാധു. ആ ബസ്സിൽ കയറിയ സമയം വരെ, അതല്ലെങ്കിൽ ആ വീഡിയോ പുറത്തു വരുന്നത് വരെ അയാൾ ഓർത്തിട്ടുപോലുമുണ്ടാവില്ല ഇത് അയാളുടെ ജീവനെടുക്കുന്ന യാത്രയാണെന്ന്!.
വധശിക്ഷ വിധിക്കപ്പെടാൻ മാത്രമുള്ള എന്ത് തെറ്റാണ് ആ ചെറുപ്പക്കാരൻ ചെയ്തത്.
ഒരാളെ അർഹിക്കുന്നതിലേറെ ഉയരത്തിൽ പ്രതിഷ്ഠിക്കാനും, തകർത്ത് ഇല്ലാതാക്കാനും കഴിവുള്ള ഒന്നാണ് സോഷ്യൽ മീഡിയ. അതുകൊണ്ട് തന്നെ അതിങ്ങനെ ലാഘവത്തോടെ ഉപയോഗിക്കേണ്ട ഒന്നല്ല.
പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പടുവൃദ്ധകൾ വരെ കാമത്തിന് ഇരയാകേണ്ടി വരുന്ന നാടു തന്നെയാണ് നമ്മുടേത്. പഠനത്തിനായാലും ജോലിക്കായാലും മറ്റ് ആവശ്യങ്ങൾക്കായാലും വീട്ടിൽ നിന്ന് പുറത്തിറങ്ങി തിരിച്ചെത്തും വരെ ഓരോ പെണ്ണും, നോട്ടമായും സ്പർശമായും അതിനപ്പുറവും അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങൾ ചെറുതല്ല. ആ അക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധങ്ങളെ ദുർബലമാക്കാനേ ഈ കണ്ടന്റ്-റീച്ച് മോഹികളുടെ ചെയ്തികൾ കൊണ്ട് സാധിക്കൂ.
നാലുദിവസം നാമിവിടെ വാദി പ്രതിയായും പ്രതി വാദിയായുമൊക്കെ മാറിമറിഞ്ഞു ഘോരഘോരമായി ചർച്ച നടത്തും. അതു കഴിഞ്ഞു മറക്കും.വാർദ്ധക്യകാലത്ത് താങ്ങാവേണ്ട ഒരേ ഒരു മകൻ നഷ്ടപ്പെട്ട ആ അച്ഛനുമമ്മയ്ക്കും അത് പറ്റില്ലല്ലോ. ശിഷ്ടകാലം മുഴുവൻ
മകൻ മരണപ്പെട്ടതിന്റെ വേദനയും പേറി അനാഥരായി......
എത്ര വലിയ ക്രൂരതയാണ്.