നൃത്തം,പാട്ട്, അഭിനയം, പരിസ്ഥിതി പ്രവർത്തനം: ‘നല്ലേടത്തെ അടുക്കള’യിലൂടെ പേരെടുത്ത ശ്രീല ആളു പുലിയാണ് From Dance Classes to YouTube Stardom: The Sreela Nalledath Story
Mail This Article
ഡാൻസ് ക്ലാസും പാട്ടു ക്ലാസും യൂട്യൂബ് ചാനലും പിന്നെ അഭിനയവും,ഡബ്ബിങും.... ശ്രീല നല്ലേടത്ത് തന്റേതായ കൈയൊപ്പു പതിപ്പിച്ച മേഖലകൾ പലതുണ്ട്.
കുട്ടിക്കാലം തൊട്ടേ നൃത്തത്തിനോടായിരുന്നു താൽപര്യം. അതു കരിയർ ആയി തിരഞ്ഞെടുക്കാൻ ഉറപ്പിച്ചു. ഒപ്പം പാട്ടും അഭ്യസിച്ചു. വിവാഹ ശേഷം പാലക്കാട് തിരുവേഗപ്പുറയിലെ വിളത്തൂർ ഗ്രാമത്തിലെ നല്ലേടത്തു മനയിലേക്ക് ശ്രീലയെത്തി. അവിടെ നൃത്തത്തിന്റെയും പാട്ടിന്റെയും ക്ലാസുകൾ ആരംഭിച്ചു.
‘‘പരസ്യത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയപ്പോൾ ആദ്യം മടിച്ചു. എങ്കിലും ശിഷ്യ കൂടിയായ നടി അനുമോൾ അഭിനയിക്കാൻ നിർബന്ധിച്ചു. അങ്ങനെ ക്യാമറയ്ക്ക് മുന്നിലെത്തി. നല്ല മടിയും പേടിയും ഉണ്ടായിരുന്നു. പിന്നെ, ആൽബങ്ങളിലും സീരിയലിലും അഭിനയിച്ചു. വാസന്തി എന്ന സിനിമയിൽ സ്വാസികയുടെ അമ്മയായി. ആ സിനിമ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു. പ്രിയനന്ദൻ സംവിധാനം ചെയ്ത സൈലൻസർ എന്ന സിനിമയിലും ക്യാമറയ്ക്കു മുന്നിൽ നിന്നു. നിതീഷ് സുധ സംവിധാനം ചെയ്യുന്ന മലയാളി മെമ്മോറിയൽ ആണ് പുതിയ സിനിമ.
ഇതിൽ നിന്നൊക്കെ കിട്ടിയ ഒരു ധൈര്യം ഉണ്ട്. അതാണ് നല്ലേടത്തെ അടുക്കള എന്ന യൂട്യൂബ് ചാനലിലേക്ക് എത്തിച്ചത്. കോവിഡ് സമയത്താണ് എല്ലാവരേയും പോലെ യൂ ട്യൂബ് ചാനൽ എന്ന ചിന്തയിലേക്ക് എത്തിയത്. പക്ഷേ, ഇത്ര വിജയിക്കും എന്നൊന്നും കരുതിയില്ല. സുഹൃത്തും ഫൊട്ടോഗ്രഫറുമായ ബഷീർ പട്ടാമ്പിയുടെ പ്രോത്സാഹനം കൂടിയായപ്പോൾ നല്ലേടത്തെ അടുക്കള പ്രേക്ഷകർക്കു മുന്നിലെത്തി. നമ്മുടെയൊക്കെ അടുക്കളകളിൽ ഒരുപാടു വിഭവങ്ങൾ പുറം ലോകമറിയാതെ ജനിക്കുന്നുണ്ട്. രണ്ടോ മൂന്നോ ചേരുവകൾ കൊണ്ടുണ്ടാക്കിയ നാടൻ വിഭവങ്ങളാണ് പലതും. അത്തരം വിഭവങ്ങളെ തനി നാടനായി ഷൂട്ട് ചെയ്യാനാണ് ശ്രമിച്ചത്.
എന്റെ അടുക്കളയിൽ എന്താണോ ചെയ്യുന്നത് അതേപോലെ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. അടുപ്പിലുണ്ടാക്കുന്ന വിഭവങ്ങൾക്കു രുചി കൂടുമെന്ന് അമ്മയും അമ്മൂമ്മയുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ അനുഭവവും അതു തന്നെയാണ്. പഴമ അതേ പടി നിലനിർത്തി അടുപ്പിലാണു പാചകം ചെയ്യുന്നത്. കുറുക്കുകാളനും ആനത്തൂവ താളിച്ചതും മാന്നിക്കറിയും മുളകു വറുത്ത പുളിയും വറുത്തരച്ച കപ്പക്കറിയും ഒക്കെ അങ്ങനെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.’
പണ്ട് വീട്ടമ്മയെന്നാൽ വീട്ടിൽ ഒതുങ്ങിയിരിക്കുന്ന ആളെന്നായിരുന്നു ‘ധാരണ’. ഇന്ന് അതൊരു ‘തെറ്റിധാരണയായി’. പഴയ തലമുറയിലുള്ള എനിക്കു പോലും വീട്ടിലിരുന്ന് ഇത്രയുമൊക്കെ കാര്യം ചെയ്യാനാവുമെങ്കിൽ പുതിയ കാലത്തെ പെൺകുട്ടികൾക്ക് മുൻപിൽ ആകാശം പോലെ അവസരങ്ങളുണ്ട്. അതിൽ പറക്കാനുള്ള മനസ്സുണ്ടായാല്‍ മതി.’’
അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം
