കുഞ്ഞുങ്ങളാണെന്ന മര്യാദ പോലുമില്ലേ... ഒന്നാംക്ലാസുകാരിയെ ഉപദ്രവിച്ചെന്നാരോപിച്ച് 7 വയസ്സുകാരനു മർദനം Palakkad Child Abuse Case
Mail This Article
ഒന്നാംക്ലാസുകാരിയെ സ്കൂൾ വാനിനുള്ളിൽ തള്ളിയിട്ടെന്ന് ആരോപിച്ചു പെൺകുട്ടിയുടെ പിതാവ് ഏഴു വയസ്സുകാരനെ വീടിനുള്ളിൽ കയറി ആക്രമിച്ചെന്നു പരാതി. മുഖത്തും കവിളിലും അടിയേറ്റ രണ്ടാം ക്ലാസ് വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കുട്ടിയുടെ അയൽവാസി കൂടിയായ കിഴക്കേ അട്ടപ്പള്ളം സ്വദേശി ഉണ്ണിക്കൃഷ്ണനെതിരെ (38) വാളയാർ പൊലീസ് കേസെടുത്തു.
വാളയാർ കിഴക്കേ അട്ടപ്പള്ളത്ത് സുധീഷ്കുമാറിന്റെയും ശോഭനയുടെയും മകൻ അമൽനന്ദിനാണു പരുക്കേറ്റത്. കവിളിൽ നീരു വന്ന കുട്ടിക്കു സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം രാത്രിയോടെ വീട്ടിലേക്കയച്ചു. പാലക്കാട് നഗരത്തിലെ സ്കൂളിലെ വിദ്യാർഥിയാണ്. ഇന്നലെ വൈകിട്ട് സ്കൂൾ വാനിൽ മടങ്ങുമ്പോൾ ഒന്നാം ക്ലാസുകാരിയെ സീറ്റിൽ നിന്ന് തള്ളിയിട്ടെന്ന് ആരോപിച്ചാണ് ആക്രമണം. സ്കൂൾ വിട്ടു വീട്ടിലെത്തിയ അമൽനന്ദ് ആരോടും മിണ്ടാതെ മുറിയിലേക്കു കടന്നുപോയെന്നും അസ്വസ്ഥനായിരുന്നെന്നും രക്ഷിതാക്കൾ പറയുന്നു.
രാത്രി ഏഴോടെ ഒന്നാം ക്ലാസ് വിദ്യാർഥിയുടെ പിതാവും സമീപവാസിയുമായ ഉണ്ണിക്കൃഷ്ണൻ വീട്ടിൽ കയറി വന്ന് അമൽനന്ദിന്റെ മുഖത്തടിച്ചെന്നാണു രക്ഷിതാക്കൾ വാളയാർ പൊലീസിൽ നൽകിയ പരാതി. കുട്ടികൾക്കു നേരെയുള്ള അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഉണ്ണിക്കൃഷ്ണനെതിരെ വാളയാർ പൊലീസ് കേസെടുത്തത്. വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.