‘രണ്ടു പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ചു’; ബോഡി ഷെയ്മിങ് നടത്തുന്നവരോട് പേളി മാണി Pearle Maaney Responds to Body Shaming
Mail This Article
മറ്റൊരാളുടെ നിറം, ശരീരം, വ്യക്തിത്വം... ഇവ മൂന്നിനെക്കുറിച്ചും എന്തും പറയാം, എങ്ങനെയും വിധിയെഴുതാം എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയിൽ ഒരു വിഭാഗമുള്ളത്. പ്രത്യേകിച്ച് ഒരു സ്ത്രീക്ക് കാലം നൽകുന്ന മാറ്റങ്ങളെ പോലും പരിഗണിക്കാതെ കണ്ണുംപൂട്ടി ബോഡി ഷെയ്മിങ് ചെയ്യുന്ന ഒരു വിഭാഗം നമുക്കു ചുറ്റുമുണ്ട്. പ്രസവശേഷം താൻ നേരിടേണ്ടി വന്ന പരിഹാസ ശരങ്ങളെക്കുറിച്ച് പേളി മാണി നടത്തിയ പ്രതികരണമാണ് മേൽപ്പറഞ്ഞ വിമർശനങ്ങളെ അടിവരയിടുന്ന പുതിയ സംഭവം.
പ്രസവശേഷം തന്റെ ശരീരത്തിനുണ്ടായ മാറ്റങ്ങളേയും ശരീരപ്രകൃതിയെ പരിഹസിക്കുന്നവർക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് പേളി എത്തിയിരിക്കുന്നത്. തന്റെ ശരീരത്തെ താൻ അത്രമേൽ സ്നേഹിക്കുന്നുവെന്നും മാറ്റങ്ങൾ അഭിമാനത്തോടെയാണ് കാണുന്നതെന്നും പേളി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ‘ബോഡി ഷേമിങ് എന്നത് ഒരു സാധാരണ കാര്യമാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം മൗനം പാലിക്കാം’ എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
‘‘ശരീരത്തെ പരിഹസിക്കുന്നത് സർവസാധാരണമായ ഒന്നാണ് എന്ന മട്ടിൽ പെരുമാറുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം. എന്നാൽ അത് ഒട്ടും ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല. ഞാൻ എന്റെ ശരീരത്തെ വളരെയധികം സ്നേഹിക്കുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച എന്റെ ഈ ശരീരം, മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു.’’– പേളി മാണി കുറിച്ചു.
പേളിയുടെ പോസ്റ്റിന് ഉറച്ച പിന്തുണ നൽകി പങ്കാളി ശ്രീനിഷ് അരവിന്ദ് പിന്നാലെയെത്തി. ‘പേളി 4.0 തിരിച്ചു വന്ന.’ എന്നാണ് പേളിയുടെ ഫിറ്റ്നസ് ഫ്രീക്ക് ചിത്രത്തിന് പിന്തുണയറിയിച്ച് ശ്രീനിഷ് കമന്റായി രേഖപ്പെടുത്തിയത്.
നടിമാരായ ശിവദ, സാനിയ അയ്യപ്പൻ എന്നിവരും പേളിക്ക് പിന്തുണയുമായി പിന്നാലെയെത്തി.