വയസ് നൂറ്റിയൊന്ന്... ഇപ്പോഴും കൃഷിയെ നെഞ്ചോടു ചേർത്ത് ചെല്ലാനം സ്വദേശി ഫിലോമിന ബേബി ജോസഫ് Philomina Baby Joseph: A Lifetime Dedicated to Farming
Mail This Article
അന്താരാഷ്ട്ര സ്ത്രീ കർഷകരുടെ വർഷമായിട്ടാണ് 2026നെ ഐക്യരാഷ്ട്ര സഭ ഈ വർഷത്തെ വിഷേശിപ്പിച്ചിരിക്കുന്നത്.. ഗ്രാമങ്ങളിലുള്ള സ്ത്രീകളുടെ ഉന്നമനവും പരിസ്ഥിതി സംരക്ഷണവും അവബോധവും സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലൊരു പ്രഖ്യാപനം. ഈയവസരത്തിൽ നമുക്കിടയിലുള്ള ഒരു കൃഷി–മുത്തശ്ശിയെ പരിചയപ്പെടാം....
പതിനാറാം വയസു മുതൽ കർഷകനായിരുന്ന കെ.ജെ. ജോസഫിനെ കല്യാണം കഴിച്ചതോടെയാണ് ഫിലോമിന ബേബി ജോസഫ് കൃഷി രംഗത്തേക്കിറങ്ങുന്നത്. തുടക്കത്തിൽ നെൽവിത്തുകൾ വിതയ്ക്കുകയും അവയിൽ എത്ര ശതമാനം മുളച്ചെന്നു നോക്കുകയുമായിരുന്നു ഫിലോമിനയുടെ ജോലി. അതിനു ശേഷം കൃഷിയാവശ്യത്തിനായുള്ള സ്ത്രീ തൊഴിലാളികളെ കണ്ടെത്തുക പന്ത്രണ്ട് ഏക്കറിലെ കൃഷിപ്പണികൾ നോക്കുക എന്നതൊക്കെയായി അതു പുരോഗമിച്ചു..
നെല്ല് കൊയ്യുക, അവ തല്ലി വേർതിരിച്ചെടുക്കുക,, അടുത്ത കൃഷിയിറക്കാനാവശ്യമായ വിള കളപ്പുരകളിൽ സൂക്ഷിച്ചു വയ്ക്കുക എന്നീ ജോലികളും ഇതിൽ ഉൾപ്പെടും. പണ്ട് കൊയ്ത്തു കഴിഞ്ഞ് വീട്ടിലെത്തി നെല്ലിന്റെ അളവ് പരിശോധിച്ച് അതിനനുസരിച്ച് നികുതി ഈടാക്കുന്ന റെവന്യൂ ഉദ്ദ്യോഗസ്ഥനെ അനുഗമിക്കലും അതിന്റെ കാര്യങ്ങളും നോക്കുന്നതും കൃഷിപ്പണി.യുള്ള വീട്ടിലെ വീട്ടുകാരിയുടെ ഉത്തരവാദിത്വമായിരുന്നു..
അതിനു ശേഷം ഒക്റ്റോബർ നവംബർ മാസത്തിൽ കൊയ്ത്തു കഴിഞ്ഞുള്ള പ്രവർത്തികളിലും ഏർപ്പെട്ടു പോന്നു. കൊയ്ത്തു കഴിഞ്ഞ് വൈക്കോൽ തുറുക്കളായി വീട്ടിലും അയൽപ്പക്കങ്ങളിലും കൂന കൂട്ടി പിരമിഡു പോലെ ഉയർത്തുന്നതിനും ഫിലോമിന മേൽനോട്ടം നൽകി. അങ്ങനെ മണ്ണിൽ പല പണികളും ചെയ്ത് 84 വർഷമായി ഫിലോമിന കൃഷിരംഗത്തുണ്ട്.
ഇതിനിടെ പോക്കാളിപ്പാടങ്ങളിൽ ഉപ്പു വെള്ളം കയറി വിത്തു വിതയ്ക്കാനാവാത്ത സാഹചര്യത്തിൽ പാടശേഖര സമിതി വെള്ളം വറ്റിക്കാത്തതിൽ പ്രതിക്ഷേധിച്ച് സ്വന്തം വീട്ടു മുറ്റത്ത് വിത്തു വിതച്ചു പ്രതിക്ഷേധമറിയിക്കാനും ഫിലോമിന ധൈര്യം കാട്ടി.
മണ്ണിനെ മലിനമാക്കാത്ത കൃഷിക്കാരി
ചെല്ലാനത്തെ ഉപ്പിന്റെ അംശമുള്ള മണ്ണിൽ പൊക്കാളി കൃഷിയാണ് ചെയ്തു പോരുന്നത്. 115–120 ദിവസത്തിൽ വിളവു തരുന്ന പൊക്കാളിപ്പാടങ്ങളാണ് അവിടെയുള്ളത്. യാതൊരുവിധ രാസവസ്തുക്കളോ രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെയാണ് കൃഷി ചെയ്യുന്നത്. പാടത്തിന്റെ വരമ്പുകളിൽ ഇതോടൊപ്പം പ്രകൃതിദത്തമായ പച്ചക്കറികളും കൃഷി ചെയ്തു പോരുന്നു.
നിലവിൽ ചെല്ലാനം മറുവാക്കാട് 5 ഏക്കർ ഭൂമിലാണ് ഫിലോമിന കൃഷിയിറക്കുന്നത്. കൃഷി ഭവനിൽ നിന്നുള്ള കൃത്യമായ ഇടപെടലില്ലാതെ ഉപ്പു വെള്ളം കയറി ഇടയ്ക്ക് വിളകൾ നശിക്കുന്ന പ്രതിസന്ധിക്കിടയിലും ഫിലോമിന കൃഷിയോടുള്ള സ്നേഹം നിമിത്തം ഇപ്പോഴും അത് മുന്നോട്ട് കൊണ്ടു പോകുന്നു. ഭർത്താവിന്റെ വിയോഗ ശേഷം ഫിലോമിനയും മകൻ റിട്ട. അധ്യാപകൻ ഫ്രാൻസിസ് കളത്തുങ്കലും ചേർന്നാണ് തൊഴിലാളികളികളും ചേർന്നാണ് കൃഷിക്കാര്യങ്ങൾ നോക്കി നടത്തുന്നത്. നാൽ പെൺമക്കളും 7 ആൺമക്കളും കൊച്ചുമക്കളുമടങ്ങുന്നതാണ് ഫിലോമിനയുടെ കുടുംബം.
കൃഷി ഒരു കൂട്ടായ്മയുടെ അടയാളം കൂടിയാണ്. പല തലമുറകൾക്കുള്ള പരമ്പരാഗത കൃഷിയറിവുകൾ കൃത്യമായി ശേഖരിച്ചു വയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം, അല്ലെങ്കിൽ അതൊക്കെയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമെന്നും ഈ മുത്തശ്ശി ഓർമിപ്പുക്കുന്നു.
മണ്ണിനെ ആത്മാർഥമായി മനസിലാക്കുന്നവരേയും അതിന്റെ ശക്തി മനസിലാക്കുന്നവരേയും മണ്ണ് ചതിക്കില്ലെന്നാണ് ഫിലോമിന തന്നെ ജീവിതം കൊണ്ട് മനസിലാക്കിയ പാഠം. അതു തന്നയാണ് അവർ മറ്റുള്ളവർക്കു നൽകാനാഗ്രഹിക്കുന്ന സന്ദേശവും.
