ADVERTISEMENT

തെന്നിന്ത്യയുടെ പ്രിയതാരം രമ്യ നമ്പീശൻ നിലപാടുകൾ തുറന്നു പറയുന്നു. 2024 ജനുവരി ആദ്യ ലക്കം വനിതയില്‍ പ്രസിദ്ധീകരിച്ചു വന്ന അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം.

‘സെൽഫ് മെയ്ഡ് വുമൺ’ എന്ന സ്വാതന്ത്ര്യം എത്രത്തോളം സഹായകരമാണ് ? 

ADVERTISEMENT

സ്ത്രീകളെ സംബന്ധിച്ച് പണം തരുന്ന സ്വാതന്ത്യം എന്തിനെക്കാളും വലുതാണ്. അതാണ്  ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കാനും യാത്രകൾ ചെയ്യാനും സഹായിക്കുന്നത്. കസിൻസിനോടും സുഹൃത്തുക്കളോടും ഞാനിത് പറയാറുണ്ട്. ആത്മാഭിമാനത്തോടെ മുന്നോട്ടു പോകണമെങ്കിൽ സാമ്പത്തിക സ്വയംപര്യാപ്തത അത്യാവശ്യമാണ്.അപ്പോൾ ആ ത്മവിശ്വാസം കൂടും.

‘നിങ്ങളെ കല്യാണം കഴിപ്പിക്കും. നല്ല പയ്യനെ കിട്ടും. അവന്റെ കൂടെ നീ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ’ എന്നൊണ് മിക്ക വീട്ടുകാരും  പറയുക. പലപ്പോഴും സ്ത്രീ ഒരു ‘ഡമ്മി പീസ്’ ആണ്. 

ADVERTISEMENT

37–ാം വയസ്സിലും ഞാൻ ജോലി ചെയ്യുന്നു. ഇനിയും മുന്നോട്ടു പോകാനുണ്ട്. മറ്റുള്ളവരുടെ സംരക്ഷണയിലാണു ജീവിക്കുന്നതെങ്കിൽ മാനസികമായോ സാമൂഹികമായോ വളരാനാകില്ല. എനിക്കറിയാവുന്ന പലരും ജോലി കിട്ടിയിട്ടു കല്യാണത്തെക്കുറിച്ചാലോചിക്കാം എന്ന നിലപാടിലാണ് ഇപ്പോൾ. കല്യാണം എന്നത് ‘എൻഡ് ഓഫ് ദ വേൾഡ് അല്ല,  പാർട് ഓഫ് ദ് ലൈഫ്’ മാത്രമാണ്. 

സിംഗിൾ മദേഴ്സ് ആയ ഒരുപാട് സുഹൃത്തുക്കളുണ്ട്. പലരും അത്രയേറെ ടോക്സിക് ആയ ബന്ധങ്ങളിൽ നിന്നു പുറത്തെത്തി, സ്വന്തം പ്രയത്നത്തിലൂടെ ജീവിതം തിരികെപ്പിടിച്ചവരാണ്. ഒന്നു കൂടി നന്നായി സ്വയം വാ‍ർത്തെടുക്കണമെന്ന ഊർജമാണ് അവരിൽ നിന്നു കിട്ടുന്നത്. അവരോടാണ് കൂടുതൽ ബഹുമാനം. 

ADVERTISEMENT

നിലപാടുകളുടെ പേരിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടോ? 

നിലപാട് സ്വീകരിച്ചാൽ പിന്നെയതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചു ചിന്തിക്കരുത്.  നല്ലത് വന്നാലും മോശം വന്നാലും ഉൾക്കൊള്ളുക. 

ഒരാളെ അയാളുടെ നിലപാടിന്റെ പേരില്‍‌ തൊഴിലിടത്തിൽ ബുദ്ധിമുട്ടിക്കുന്നതു നല്ല പ്രവണതയല്ലെന്നു മാത്രമേ പ റയാനുള്ളൂ. ഞാനത് അതിജീവിക്കും. മറ്റൊരാൾക്ക് അങ്ങനെയാകണമെന്നില്ല. എന്നെ സംബന്ധിച്ചു സമാധാനമാണു പ്രധാനം. കിടന്നാൽ സുഖ മായി ഉറങ്ങാനാകണം. നിലപാടുകൾ എടുക്കാതിരുന്നാൽ ആ ഉറക്കം എനിക്കു കിട്ടില്ല. 

സുഹൃത്തുക്കളാണോ ദൗർബല്യം ?

വലിയ സുഹൃദ്‌വലയമില്ല. കോളജ് കാലത്തും കുറച്ച് കൂട്ടുകാരേ ഉണ്ടായിരുന്നുള്ളൂ. അവരൊക്കെ ഇപ്പോഴും സുഹൃത്തുക്കളാണ്. സിനിമയിലെത്തിയ ശേഷവും നല്ല കുറച്ച് സുഹൃത്തുക്കളെ ലഭിച്ചു. അപ്പോഴും ക്ലോസ് സർക്കിൾ വളരെ ചെറുതാണ്. അൽപം കരുണയും കരുതലുമാണ് ഓരോ സൗഹൃദത്തിൽ നിന്നും നമ്മളോരോരുത്തരും പ്രതീക്ഷിക്കുക. അത്ര മതി. 

തിരക്കുകളില്ലാത്ത നേരങ്ങളിലെ ജീവിതം എങ്ങനെയാണ് ?

നല്ല സിനിമകൾ വന്നാൽ ചെയ്യണം. ജീവിതം പരമാവധി ആസ്വദിക്കണം. അതാണ് എപ്പോഴത്തെയും ചിന്ത.  സിനിമ ഒരു ജോലി കൂടിയാണെങ്കിലും അതിലെ  ചില പൊളിറ്റിക്സുകൾ കൈകാര്യം ചെയ്യാൻ അത്ര വശമില്ല.

പലപ്പോഴും സിനിമയിൽ അഭിനയിക്കുന്ന ആളാണെന്നൊക്കെ മറന്നു പോകും. അതിൽ കൂടുതൽ  ആഘോഷിക്കുക ചെറിയ കാര്യങ്ങളിലാണ്. വെറുതേ ‘അനന്തമായ അണ്ഡകടാഹത്തിലേക്ക്’ അന്തം വിട്ട് നോക്കിയിരിക്കുന്നതു വളരെ ഇഷ്ടമാണ്. ‘ആർട്ട് ഓഫ് ഡൂയിങ് നതിങ്’ എന്നു കേട്ടിട്ടില്ലേ. അങ്ങനെ ഇരുന്നിരുന്ന് ബോറടിക്കുമ്പോൾ ഇനി എന്തെങ്കിലും ചെയ്യണം എന്നു തോന്നും. അ താണേറ്റവും രസം.

സുഹൃത്തുക്കൾക്കൊപ്പം പുറത്തു പോയി ഭക്ഷണം ക ഴിക്കുകയാണു മറ്റൊരു പ്രധാന വിനോദം. ‘അന്ന വിചാരം മുന്നവിചാരം’ എന്നതാണ് മുദ്രാവാക്യം. പാചകം അത്ര താൽപര്യമില്ല. ‍‘സർവൈവൽ കുക്കിങ് ഒൺലി’. അപ്പോഴും എളുപ്പപരിപാടികളേയുള്ളു. എന്തെങ്കിലും പരീക്ഷിച്ചാലും ഞാൻ മാത്രമേ കഴിക്കൂ. മറ്റുള്ളവർക്കു പാചകം ചെയ്തു കൊടുത്ത്, അവർക്കത് ഇഷ്ടപ്പെട്ടാൽ വീണ്ടും ഒരുക്കി കൊടുക്കേണ്ടി വരുമല്ലോ. അത്ര മെനക്കെടാൻ വയ്യ. വലിയ ഭാരമൊന്നുമെടുക്കാതെ, ഇങ്ങനെയങ്ങ് പോണം.

എന്താണു സന്തോഷത്തിന്റെ കീ വേഡ് ? 

നമ്മൾ എപ്പോഴും വലിയ കാര്യങ്ങളാണ് ആഘോഷിക്കുന്നത്.  ചെറിയ കാര്യങ്ങളിൽ  സന്തോഷം കണ്ടെത്തുകയെന്നതാണ് എന്റെ ഫിലോസഫി. രാവിലെ നല്ലൊരു ഗീ റോസ്റ്റ് കിട്ടിയാൽ, അല്ലെങ്കിൽ രുചികരമായ അപ്പവും മുട്ടക്കറിയും കിട്ടിയാൽ ഞാൻ ഹാപ്പി.  

‘എങ്ങനെ വലിയ നേട്ടങ്ങളുണ്ടാക്കാം’, ‘കോടീശ്വരനാകാം’ എന്നാണു കുട്ടിക്കാലം മുതലേ നമ്മളെ പഠിപ്പിക്കുന്നത്. അല്ലാതെ, ‘എങ്ങനെ പരാജയങ്ങളെ നേരിടാം’, ‘ചെറിയ കാര്യങ്ങളിൽ സന്തോഷിക്കാം’ എന്നൊന്നുമല്ല.  ആ ഭാരങ്ങളൊക്കെ കളഞ്ഞ്, കെട്ടുകൾ പൊട്ടിച്ച്, മനുഷ്യനെ അറിഞ്ഞു മുന്നോട്ടു പോകണം.

സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് വലിയ ഭാഗ്യമാണ്. പക്ഷേ, അതൊരു വലിയ സംഭവമാ‌ണെന്നു സ്വയം തോന്നിയാൽ തീർന്നു.  അഭിനയിക്കുന്നു, പണം കിട്ടുന്നു, ജീവിക്കുന്നു. അതിനു മേലെ ഒന്നുമില്ല. എല്ലാവരും മനുഷ്യരാണ്. ശ്വസിക്കുന്നു, ഭക്ഷണം  കഴിക്കുന്നു, സന്തോഷിക്കുന്നു, മരിക്കുന്നു. അത്രയൊക്കെയേ ഉള്ളൂ.   

Ramya Nambeesan's Perspective on Life and Cinema:

Ramya Nambeesan, a celebrated South Indian actress, shares her perspective on life, financial independence, and cinema in a recent interview. She emphasizes the importance of finding happiness in small things and staying true to oneself.

ADVERTISEMENT