17 വയസ്സിനിടെ അഞ്ചു ദേശീയ സ്വർണം: ഗോപിക സ്വർണം കൊയ്ത കളരിയിൽ ഒടുവിലത്തേത് ചരിത്രനേട്ടം Gopika's Journey into the World of Kalari
Mail This Article
കളരി പഠിക്കാനായി ആദ്യദിനം തുള്ളിച്ചാടി പോകുകയാണു ഗോപിക. ഓട്ടത്തിനിടെ ചെറുവിരൽ കല്ലിലിടിച്ചു ചോര പൊടിഞ്ഞു. വേദനയും വിഷമവും കാരണം കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് അവൾ കളരിയിലെത്തിയത്.
മൂന്നു വർഷങ്ങൾക്കിപ്പുറം, കളരി സംസ്ഥാന ചാംപ്യൻഷിപ് വേദി. പയറ്റിനിടെ മുറിവേറ്റ കയ്യിൽ അഞ്ചു തുന്നിക്കെട്ടുമായി മത്സരിക്കാനിറങ്ങിയതാണു ഗോപിക. ഇടയ്ക്കു മുറിവിൽ കെട്ടിയ തുണിയിൽ ചുവപ്പു നിറം പടരുന്നു, പിന്നെ കയ്യിലൂടെ ചോരയൊഴുകുന്നു. തുന്നൽ പൊട്ടി കാർന്നുതിന്നുന്ന വേദനയിലും ഗോപിക മനസ്സിലുറപ്പിച്ചു, മത്സരം കഴിയാതെ വേദി വിടില്ല.
അടുത്തിടെ ഗോപിക എസ്. മോഹൻ വാർത്തകളിൽ നിറഞ്ഞതു കളരിയിലെ ചരിത്രനേട്ടത്തിന്റെ ക്രെഡിറ്റിലാണ്. സംസ്ഥാന സ്കൂൾ ഗെയിസ് കളരിയിലെ ആദ്യസ്വർണം. തിരുവനന്തപുരത്തെ കളരിയിൽ ദേശീയ മത്സരത്തിനായുള്ള തയാറെടുപ്പിനിടെ, കളരി തന്ന ഏറ്റവും വലിയ മെഡൽ ധൈര്യമാണെന്നു പറഞ്ഞാണു ഗോപിക സംസാരം തുടങ്ങിയത്.
‘‘എൽകെജി മുതല്‍ സ്കൂളിലെ എല്ലാ പ്രോഗ്രാമുകളിലും മത്സരിക്കാൻ വ ലിയ ഉത്സാഹമായിരുന്നു. നേമം യുപി സ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം. എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളുടെ ഭാഗമായി സ്കൂളിൽ കളരി പരിശീലന ക്യാംപ് വന്നു. അത്ര താത്പര്യം ഇല്ലാതെയാണു ചേർന്നത്. കളരി പഠിക്കണമെന്ന് ആത്മാർഥമായി ആഗ്രഹം തോന്നാതിരുന്നത് അതിനെ കുറിച്ചു കാര്യമായി ഒന്നും അറിയാത്തതാണ്.
ആ ബാച്ചിലുണ്ടായിരുന്ന 50 പേരിൽ നിന്നു 15 പേരെ കളരി വിദഗ്ധ പരിശീലനത്തിനായി സെലക്ട് ചെയ്തു. കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. അവിടെ പഠിപ്പിച്ച രാഹുൽ ആശാനാണ്, കളരിയിൽ വലിയ മത്സരങ്ങൾ ഉണ്ടെന്നും നാഷനൽ ലെവലിൽ വരെ പങ്കെടുക്കാനുള്ള അവസരം കിട്ടുമെന്ന് ആദ്യമായി പറഞ്ഞുതന്നത്. വിജയിക്കുന്നവർക്കു മാസാമാസം സ്കോളർഷിപ്പും കിട്ടും. ആ സമ്മാനത്തെ കുറിച്ചു കേട്ടപ്പോഴാണു കളരിയോടു സത്യം പറഞ്ഞാൽ താത്പര്യം തോന്നിയത്. വീട്ടിലെ സാമ്പത്തിക സ്ഥിതി അതായിരുന്നു. എത്ര കഠിനാധ്വാനം ചെയ്താലും സാരമില്ല, മെഡൽ നേടണം എന്ന വാശിയായി.
പിന്നാലെ തന്നെ ഒരു മത്സരം വന്നു. അതിനു വേണ്ടി നടത്തിയ പരിശീലനത്തിൽ മുഴുവൻ ദിവസവും പങ്കെടുക്കാൻ പറ്റിയില്ല. സെലക്‌ഷൻ ട്രയൽസിൽ പങ്കെടുത്ത പത്തു പേരിൽ ഏറ്റവും കുറവു മാർക്ക് എനിക്കായിരുന്നു.’’
പരാജയത്തിൽ തുടങ്ങിയ ഗോപിക 17 വയസ്സിനിടെ സ്വന്തമാക്കിയത് അഞ്ചു ദേശീയ സ്വർണ മെഡലുകളാണ്. ആ കഥ വിശദമായി വായിക്കാം, പുതിയ ലക്കം (ജനുവരി 17– 23) വനിതയിൽ.
