ADVERTISEMENT

മലയാളത്തിന്റെ മഹാസാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെയും അദ്ദേഹത്തിന്റെ ആദ്യഭാര്യയും പ്രശസ്ത എഴുത്തുകാരിയുമായ പ്രമീള നായരുടെയും വ്യക്തിജീവിതം പരാമർശ വിധേയമാകുന്ന പുസ്തകമാണ് ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’. എന്നാൽ, കഴിഞ്ഞ മാസം പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തിലുള്ള ഭൂരിഭാഗം കാര്യങ്ങളും തികച്ചും വാസ്തവവിരുദ്ധവും അസത്യവുമാണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് എംടിയുടെ മക്കളായ സിതാരയും അശ്വതിയും.

ഫെയ്സ്ബുക്കിൽ പങ്കുവെച്ച സംയുക്ത‌ പ്രസ്താവനയിലൂടെയാണ് എംടിയുടെ മക്കൾ പുസ്തകത്തിനെതിരെ രംഗത്തെത്തിയത്.

ADVERTISEMENT

പ്രമീള നായർ മരിച്ച് 26 വർഷത്തിനു ശേഷവും എം.ടി.വാസുദേവൻ നായർ മരിച്ച് ഒരു വർഷത്തിനു ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും തങ്ങളുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആർജ്ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വിറ്റു പോവാനും രചയിതാക്കൾക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നാണ് ഇരുവരും പറയുന്നത്.

പറഞ്ഞു കേട്ട അറിവുകൾ വെച്ചാണ് ഈ പുസ്തകം എഴുതിയിരിക്കുന്നതെന്ന് ആർക്കും മനസിലാവും. ഈ പുസ്തകത്തിലെ പല പരാമർശങ്ങളും എം.ടിയെ കുറിച്ചുള്ള ആരോപണങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. ഇത് കാരണം മക്കൾ എന്ന നിലയിൽ തങ്ങളും കുടുംബവും മനോവിഷമം അനുഭവിക്കുകയാണ്.

ADVERTISEMENT

പ്രശസ്തിക്കും പണത്തിനും വേണ്ടി മരിച്ച വ്യക്തികളെ തേജോവധം ചെയ്യുകയല്ല വേണ്ടത്. ഈ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ അർദ്ധ സത്യങ്ങളും കളവും വളച്ചൊടിക്കലുമാണെന്ന് പ്രിയപ്പെട്ട വായനക്കാരെ അറിയിക്കുന്നു. അത് കൊണ്ട് തന്നെ സാംസ്കാരിക മേഖല ഈ പുസ്തകത്തെ തള്ളി കളയുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. ഈ പുസ്തകം ഉടനടി പിൻവലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം യുക്തമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും ഇരുവരും അറിയിച്ചു.

‘‘ഞങ്ങൾക്കു പറയാനുള്ളതെല്ലാം ആ സോഷ്യൽ മീഡിയ പോസ്റ്റിലുണ്ട്. ബാക്കി കാര്യങ്ങൾ പിന്നാലെ ആലോചിച്ചു തീരുമാനിക്കും’’ എന്നാണ് സംഭവത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോൾ അശ്വതി ‘വനിത ഓൺലൈനോട്’ പറഞ്ഞത്.

ADVERTISEMENT

എംടിയുടെയും പ്രമീള നായരുടെയും മകളാണ് സിതാര. എംടി–കലാമണ്ഡലം സരസ്വതി ദമ്പതികളുടെ മകളാണ് പ്രശസ്ത നർത്തകിയും സംവിധായികയുമായ അശ്വതി.

MT Vasudevan Nair's Daughters Denounce 'MT Space' Book:

MT Space book controversy arises as MT Vasudevan Nair's daughters refute claims made in the book. The daughters, Sitara and Aswathi, denounce the book as defamatory and demand its withdrawal.

ADVERTISEMENT