കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയ നിരോധിക്കണോ ? അതോ നിരീക്ഷണ ആപ്പുകൾ വേണോ ? മാതാപിതാക്കളും അധ്യാപകരും പറയുന്നു The Debate on Social Media Ban for Underage Children
Mail This Article
പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ നിരോധിക്കണോ?
16വയസ്സിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു കൊണ്ട് ഓസ്ട്രേലിയ നിയമം പാസാക്കിയതിനെ തുടർന്നാണ് ഈ ചർച്ച സജീവമായത്.ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നിരോധന നിയമം ഒരു രാജ്യത്തു നടപ്പാകുന്നത്. സോഷ്യൽ മീഡിയയുടെ അനിയന്ത്രിത ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം നഷ്ടപ്പെടുത്തുന്നു,സ്വഭാവഗുണങ്ങൾ ഇല്ലാതാക്കുന്നു എന്നീ കണ്ടെത്തലുകളാണു നിരോധനത്തിലേക്കു നയിച്ചത്.
ജപ്പാനും ഇക്കാര്യത്തിൽ സജീവ ജാഗ്രത പുലർത്തുന്നു.സ്കൂളുകളിൽ സ്മാർട് ഫോൺ ഉപയോഗത്തിനു ക ർശനമായ വിലക്കേർപ്പെടുത്തിക്കഴിഞ്ഞു.എങ്കിലും ജപ്പാനിലെ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിനു കുറവൊന്നുമില്ല.അതുകൊണ്ടു തന്നെ നിയന്ത്രണത്തേക്കാൾ നല്ല മാർഗം നിരോധനം ആണെന്ന വാദത്തിനു ബലമേറി.എങ്കിലും നിരോധനം അറ്റകൈക്ക് മതിയെന്ന നിലപാടാണു ജപ്പാൻകാർക്ക്.മോണിറ്ററിങ് ആപ്പുകളുടെ സഹായത്താൽ മാതാപിതാക്കൾ കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗവും സ്ക്രീൻ ടൈമും നിയന്ത്രിക്കുന്നതു ജപ്പാനിൽ കൂടുതൽ പോപ്പുലറായ പേരന്റിങ് രീതിയായി മാറി.
യുകെ,ഡെന്മാർക്,മലേഷ്യ,ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ചർച്ചകളിൽ നിയന്ത്രണം ഫലപ്രദമാകുമോ എന്ന ആശങ്കയാണ് ഒന്നാമതെത്തി നിൽക്കുന്നത്. അതുകൊണ്ടുതന്നെ ഭാവിയിൽ ഈ രാജ്യങ്ങളിലും നിരോധനം നിലവിൽ വന്നേക്കാം.
അമേരിക്കയിൽ രണ്ടുപക്ഷം
നിയന്ത്രണം മതിയോ നിരോധനം വേണോ എന്നുള്ള ചർച്ചയിൽ അമേരിക്കക്കാർക്കിടയിൽ ഭിന്നാഭിപ്രായമാണുള്ളത്.ടെക് കമ്പനികൾക്കു പിഴ ഈടാക്കുന്ന കാര്യമായതിനാൽ ഇത് അമേരിക്കൻ കമ്പനികളെ സാരമായി ബാധിക്കാം എന്ന ആശങ്കയും ഇതിനു പിന്നിലുണ്ട്.ഡിജിറ്റൽ സാക്ഷരതയാണ് വേണ്ടതെന്ന നിലപാടിനാണ് അമേരിക്കയിൽ മുൻതൂക്കം.
നോർവേ,സ്വീഡൻ,ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ പിന്തുടരുന്നത് ‘ഡിജിറ്റൽ മിനിമലിസം’ എന്ന അതിനൂതന പാതയാണ്.മൈതാനവിനോദങ്ങളിലേർപ്പെട്ടും സ്കൂളുകളിൽ നിന്ന് ഡിജിറ്റൽ ലോകത്തെക്കുറിച്ചു പഠിച്ചും വളരുകയാണ് അവിടങ്ങളിലെ ബാല്യം.
ഇന്ത്യയിലും ഇപ്പോൾ ഈ ചർച്ച സജീവമായിരിക്കുകയാണ്. കുട്ടികളുടെ മാനസികാരോഗ്യം, കൗമാരക്കാരുടെ വഴി മാറിയുള്ള സഞ്ചാരങ്ങൾ, ക്രിമിനൽ പ്രവർത്തനങ്ങൾ എന്നിവയിലൊക്കെ സോഷ്യൽ മീഡിയ കുറ്റാരോപിതന്റെ മുഖവുമായി നിൽക്കുന്നു. ഇക്കാര്യത്തിൽ കേരളം എങ്ങനെ ചിന്തിക്കുന്നുവെന്നു നോക്കാം.
പൊലീസ് സൈബർസെൽ ഉദ്യോഗസ്ഥർ, മാനസികാരോഗ്യവിദഗ്ധർ, മാതാപിതാക്കൾ, അധ്യാപകർ അങ്ങനെ സമൂഹത്തിന്റെ വിവിധമേഖലകളിൽ ഉള്ളവർ പങ്കുവയ്ക്കുന്ന ആശങ്കകളും അഭിപ്രായങ്ങളും വായിക്കാം.
വേണ്ടതു കർശന നിയന്ത്രണം
‘‘നിരോധിച്ച വസ്തുക്കള്‍ ഒളിച്ച് ഉപയോഗിക്കുന്ന സമൂഹമാണു നമ്മുടേത്. പലവിധ ലഹരി ഉപയോഗവും നിരോധിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടല്ലല്ലോ.വേണ്ടതു കർശന നിയന്ത്രണമാണ്.’’
മലപ്പുറം വാഴക്കാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയായ ഡോ.വിദ്യ ജി.എൻ.പറയുന്നു.
‘‘കുട്ടികൾ ഉപയോഗിക്കുന്ന ഫോണുകളിൽ നിരീക്ഷണ ആപ്പുകൾ ഇ ൻസ്റ്റാൾ ചെയ്യണം.വഴിതെറ്റിക്കുന്ന സൈറ്റുകളും മറ്റും ഈ ആപ്സ് വഴി ബ്ലോക്ക് ചെയ്യാം.ഇത്തരത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക സിം പ്രായപൂർത്തിയാകാത്തവർക്കായി ഏർപ്പെടുന്നതിനെക്കുറിച്ച് ആലോചിച്ചുകൂടെ?’’വിദ്യ ടീച്ചർ ചോദിക്കുന്നു.
നവമാധ്യമങ്ങൾ നിരോധിച്ചാൽ ഒരു തലമുറയുടെ ശുദ്ധീകരണം തന്നെ നടന്നേക്കാമെന്നു പറയുന്നു വിദ്യയുടെ സഹപ്രവർത്തകയായ ഡോ.സരിത എൽ.കെ.
‘‘കുട്ടികൾക്കു സ്വന്തം വീടിനോടും നാടിനോടുമുള്ള കടമകളെക്കുറിച്ചു തിരിച്ചറിവുണ്ടാകണം.ആ തിരിച്ചറിവു കുട്ടികൾ നേടണമെങ്കിൽ സോഷ്യൽ മീഡിയയുടെ മിഥ്യാലോകത്തു നിന്നു പുറത്തു കടന്നേ മതിയാകൂ.അതിനു മണ്ണിലിറങ്ങി നടക്കാനും മനുഷ്യരോട് ഇടപഴകാനും അവർക്ക് അവസരമുണ്ടാകണം.’’നിരോധനമാണു നല്ല മാർഗമെന്ന നിലപാടു വ്യക്തമാക്കാൻ സരിത ടീച്ചർ വാദങ്ങൾ നിരത്തി.
കൂട്ടുകൂടാം,നിരീക്ഷിക്കാം
‘‘മറച്ചുവയ്ക്കാൻ ശ്രമിക്കുന്തോറും അടുത്തുകാണാനുള്ള കൗതുകം കൂടും.ഇന്നത്തെകാലത്തു കുട്ടികൾക്ക് അപ്രാപ്യമായ ഒന്നല്ല സമൂഹമാധ്യമങ്ങളും സ്മാർട് ഫോണും.നമ്മൾ നോ പറഞ്ഞാൽ അവർ നമ്മളറിയാതെ അവ ഉപയോഗിക്കും.അതിനേക്കാൾ എത്രയോ നല്ലതാണ് അവർക്കൊപ്പം നിന്നുകൊണ്ട് അവരെ സംരക്ഷിക്കുന്നത്’’ നിയന്ത്രണങ്ങളോടെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന അഭിപ്രായമാണു കൗമാരക്കാരുടെ അമ്മയായ തിരുവനന്തപുരം സ്വദേശി റെയ്ഷിക്കുള്ളത്.
‘‘കഴിഞ്ഞ ദിവസം ആർടി ഓഫിസിന്റെ ലോഗോയോടു കൂടിയ അക്കൗണ്ടിൽ നിന്ന് ഒരു വാട്സാപ് സന്ദേശം വന്നു.ചെല്ലാന്‍ എന്നെഴുതിയിരുന്ന സന്ദേശത്തോടൊപ്പം ഒരു ലിങ്കും ഉണ്ടായിരുന്നു.’’റെയ്ഷിയുടെ സുഹൃത്ത് ഭാമ ഒരനുഭവകഥ പങ്കുവച്ചു.
‘‘വാഹനം ഉപയോഗിക്കുന്നതുകൊണ്ടു തന്നെ പിഴയോ മറ്റോ ആണോ എന്നു നോക്കാൻ ഞാൻ ധൃതിയിൽ ലിങ്ക് ക്ലിക്ക് ചെയ്യാനൊരുങ്ങി.എല്ലാ കണ്ടുകൊണ്ട് ഒപ്പമുണ്ടായിരുന്ന മകൻ എന്നെ തടഞ്ഞു. ‘അമ്മാ അത് സ്കാം’ ആണെന്നു പറഞ്ഞു.പ്രൊഫൈൽ പിക്ച്ചർ ശ്രദ്ധയോടെ നോക്കിയപ്പോൾ അവൻ പറഞ്ഞതു ശരിയാണ്.സമൂഹമാധ്യമങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഇന്നത്തെ തലമുറയ്ക്കുണ്ട്.സാധ്യതകൾ കൃത്യമായി പ്രയോജനപ്പെടുത്തണമെന്നും അവർക്കറിയാം.ട്യൂഷൻ ഇല്ലാത്തതുകൊണ്ടുതന്നെ മക്കൾ രണ്ടുപേരും സംശയങ്ങൾ അകറ്റാനും പ്രൊജക്ടുകൾ ചെയ്യാനുമെല്ലാം ഗൂഗിൾ,യൂട്യൂബ് മുതലായവയെ ആശ്രയിക്കാറുണ്ട്.
പേരന്റൽ കൺട്രോൾ സംവിധാനം ഓണ്‍ ആക്കിയതിനു ശേഷമാണ് ഞാൻ വൈഫൈ അനുവദിക്കുക.നിശ്ചിത സമയത്തിനപ്പുറം ഇൻറർനെറ്റ് ഉപയോഗിക്കാൻ സാധിക്കില്ലെന്നു മാത്രമല്ല അവർ ഏതൊക്കെ സൈറ്റുകൾ,എത്ര സമയം നോക്കുന്നു എന്നു നമുക്കറിയാനും സാധിക്കും.’’ ഭാമ പറയുന്നു.
ചതിക്കുഴികൾ തിരിച്ചറിയണം
സാധ്യതകൾ അനന്തമാണെങ്കിലും സോഷ്യല്‍മീഡിയ അക്കൗണ്ട് ഒക്കെ 18കഴിഞ്ഞുമതിയെന്നു തീർത്തു പറയുന്നു പതിനഞ്ചുകാരിയുടെ അമ്മയായ പ്രസീത. ‘‘പോസിറ്റീവ് വശങ്ങൾ ഒരുപാടുണ്ടെങ്കിലും പതുങ്ങിയിരിക്കുന്ന ചതിക്കുഴികളെ നാം ഭയക്കുകതന്നെ വേണം.
ചില കുട്ടികൾ അവരുടെ ചിത്രങ്ങളും ദൈനംദിന വിശേ ഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതു കാണാറുണ്ട്.അവർ എപ്പോൾ എവിടെയുണ്ടാകും, ഏതു സ്കൂളില്‍ പഠിക്കുന്നു,മാതാപിതാക്കൾ എന്തു ചെയ്യുന്നു തുടങ്ങി വ്യക്തിപരമായ എല്ലാ വിവരങ്ങളും ഫോളോ ചെയ്യുന്നവർക്ക് എളുപ്പത്തിൽ ലഭിക്കില്ലേ?ഇക്കാര്യങ്ങളിൽ കുട്ടികൾക്കു വ്യക്തമായ ബോധവൽക്കരണം നൽകണം.’കേരളത്തിലെ നിരവധി അമ്മമാരുടെയുള്ളിലെ ആശങ്കയാണ് പ്രസീത പങ്കുവയ്ക്കുന്നത്.
സാധ്യതകളുടെ ലോകം
തങ്ങളുടെ മുന്നിലേക്കു സമൂഹമാധ്യമങ്ങൾ തുറന്നു വയ്ക്കുന്ന സാധ്യതകളുടെ വലിയ ലോകം കൊട്ടിയടയ്ക്കുന്നതിനേക്കാൾ നല്ലതു ജാഗ്രത പുലർത്തുന്നതല്ലേയെന്നു ചോദിക്കുന്നു പുതുതലമുറ.
‘‘സ്കൂളിൽ പോയി പഠിക്കുന്നതുപോലെ തന്നെ സോഷ്യൽ മീഡിയ വഴിയും പഠിക്കാൻ സാധിക്കും.’’പതിനാറുകാരനായ ശ്രീഹരി ഗിരീഷിന്റെ അഭിപ്രായം.
‘‘സ്കൂളിൽ ഒരു അധ്യാപികയാകുമല്ലോ പഠിപ്പിക്കുക.ഇവിടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള അ ധ്യാപകർ ക്ലാസുകളെടുക്കും.ഏവിയേഷൻ മേഖലയോടു താത്പര്യമുള്ളതുകൊണ്ടു വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാരുടെ വ്ലോഗുകൾ കാണും.’’ശ്രീഹരി പറയുന്നു.
‘‘പെട്ടെന്നൊരു നിരോധനം വന്നാൽ സമൂഹമാധ്യമങ്ങളിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തുന്ന കൂട്ടുകാർ ബുദ്ധിമുട്ടിലാകുമെന്ന ആശങ്കയാണ് പതിനഞ്ചുകാരനായ ആൽബർട്ട് ജെയ്സ് ആദ്യംതന്നെ പങ്കുവച്ചത്.
‘‘എന്റെ സുഹൃത്തുക്കളിൽ പലരും ഡ്രോപ് ഷിപ്പിങ് (ഓൺലൈൻ സാധന വിതരണം)ചെയ്യുന്നുണ്ട്.അതിനു തീർച്ചയായും വാട്സ്ആപും ഇൻസ്റ്റഗ്രാമും വേണ്ടിവരും.എന്നെ സംബന്ധിച്ചിടത്തോളം ട്രേഡിങ്ങിനെക്കുറിച്ചും സ്റ്റാർട്ട് അപ്പുകളെക്കുറിച്ചും പഠിക്കാൻ ഇഷ്ടമാണ്.ട്രേഡിങ് കോഴ്സുകൾക്ക് ഫീസ് കൂടുതലായതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട റീലുകൾ കാണുകയും അത്തരം അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും ചെയ്യാറുണ്ട്.’’കോട്ടയം സ്വദേശി ആൽബർട്ട് നയം വ്യക്തമാക്കി.
സോഷ്യൽമീഡിയയുടെ പോസിറ്റിവായ കാര്യങ്ങളാണു പതിനഞ്ചുകാരി ദേവനന്ദ അഭീഷിനു പറയാനുള്ളത്. ‘‘നമ്മുടെ അഭിരുചിക്കും കഴിവിനുമനുസരിച്ച് ഏതു കോഴ്സ് തിരഞ്ഞെടുക്കണം,എന്തൊക്കെ തയാറെടുപ്പുകൾ വേണം,കോഴ്സുകൾ മുന്നോട്ടുവയ്ക്കുന്ന തൊഴിൽ സാധ്യത തുടങ്ങി നിരവധി വിവരങ്ങൾ റീലുകളിലൂടെയും യൂട്യൂബ് ചാനലുകളിലൂടെയും ലഭിക്കും.
രണ്ടു വിഷയങ്ങളിൽ താത്പര്യമുണ്ടെങ്കിൽ വിശദമായ താരതമ്യവും ഒരൊറ്റ ക്ലിക്കിൽ റെഡിയാണ്.എന്തായാലും ‘പത്തു കഴിഞ്ഞാൽ എന്ത്?’എന്ന ബ്ലൂ പ്രിന്റ് കയ്യിലുണ്ട്.
അച്ഛന്റെയും അമ്മയുടേയും ഫോണിൽ നിന്നാണു സോഷ്യൽമീഡിയ ഉപയോഗിക്കുന്നത്.രണ്ടുപേരും സ്മാർട് ആയതുകൊണ്ട് പേരന്റൽ കൺട്രോൾ ഓൺ ആക്കിയ ശേഷമേ ഫോൺ തരൂ.അവരും ഹാപ്പി,ഞാനും ഹാപ്പി.’’ആത്മവിശ്വാസം നിറഞ്ഞ ചിരിയോടെ ദേവനന്ദ പറഞ്ഞു.ഒരു വാചകത്തിൽ പറഞ്ഞാൽ നമ്മുടെ നാട്ടിൽ നിരോധനത്തേക്കാൾ നിയന്ത്രണം മതിയെന്ന നിലപാടിനാണു മേൽക്കൈ.
