ADVERTISEMENT

മനുഷ്യരെങ്ങനെയാണു ജീവിതത്തിലെ ഒരു സവിശേഷ ഘട്ടം മുതൽ അപ്പാടെ മാറിമറിയുക? കാണാതെ പോയ, തന്റെ തന്നെ ജീവിതം തിരിച്ചു പിടിച്ച മൂന്നു പെണ്ണുങ്ങളെക്കുറിച്ച് അധ്യാപികയും നോവലിസ്റ്റും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ  ആർ. രാജശ്രീ. 

മൂന്ന് പെണ്ണുങ്ങള്‍

ADVERTISEMENT

അവരിലൊരാൾ സമർഥയായ ഉദ്യോഗസ്ഥയും മിടുക്കിയായ വീട്ടമ്മയുമായിരുന്നു. സൗകര്യത്തിനായി അവരെ നമുക്കു ഷീലയെന്നു വിളിക്കാം. തന്റെ റോളുകൾ അസാധാരണമാം വിധത്തിൽ പൂർണതയോടെ ചെയ്യുന്നതിൽ അവർ അങ്ങേയറ്റം നിഷ്കർഷ പുലർത്തി. വീടുണ്ടാക്കാനും വീടിനടുത്ത സ്ഥലം വിറ്റുപോകുന്ന സമയത്ത് അവസാനത്തെ തരി സമ്പാദ്യവും നുള്ളിപ്പെറുക്കി അതുവാങ്ങാനും വീടിനും ജോലിസ്ഥലത്തിനുമിടയിൽ നൂറു കിലോമീറ്റർ ദിവസവും യാത്ര ചെയ്തായാലും വീട്ടുകാര്യങ്ങൾ മുടക്കമില്ലാതെ ചെയ്യാനുമൊക്കെ ശ്രദ്ധിച്ചു. എവിടെയും തന്റെ കൈകളെത്തിയാലേ ഭംഗിയാവൂ എന്നു കരുതി. ഭർത്താവും മക്കളും ആ തോന്നലിനെ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വിശ്രമമില്ലാത്ത ഓട്ടത്തിനൊടുവിൽ ഒരു നാൾ ശരീരം പണിമുടക്കി. തന്റെ ജീവിതം അത്രയും നാൾ തളം കെട്ടിക്കിടന്നിരുന്ന ആ വീട്ടിൽ നിന്നും ചികിത്സയ്ക്കും വിശ്രമത്തിനുമായി അവർക്ക് സ്വന്തം അമ്മയുടെ അരികിലേക്കു പോകേണ്ടി വന്നു. ഒരു മാസത്തിനുശേഷം തിരിച്ചെത്തിയപ്പോൾ പഴയ എല്ലാ ചുമതലകളും പണികളും ഇരട്ടി ഭാരത്തോടെ തന്നെ കാത്തുകിടക്കുന്നതു കണ്ട് അവരുടെ കണ്ണു നിറഞ്ഞു. ദിവസങ്ങളായി വൃത്തിയാക്കാത്ത ആ വീടിന്റെ ദൃശ്യമാണ് തന്റെ ഭാരം താനല്ലാതെ മറ്റാരും ലഘൂകരിക്കില്ലെന്ന തിരിച്ചറിവു നൽകിയതെന്ന് അവർ പറഞ്ഞു. 

ADVERTISEMENT

ജോലിസ്ഥലത്തിനടുത്തേക്ക് താമസം മാറാനും ശരീരവും മനസ്സും ആരോഗ്യപൂർണമായി നിലനിർത്താനും തീരുമാനിച്ചു. നല്ല ഭക്ഷണം, കൃത്യമായ വ്യായാമം, സൗന്ദര്യസംരക്ഷണം, വായന - ആഗ്രഹിച്ച ജീവിതം ഷീലയിലേക്ക് ശക്തമായി തിരിച്ചെത്തി. അതിനെതിരെയുയർന്ന കലാപങ്ങളൊന്നും അവരെ സ്പർശിച്ചില്ല. ദീനയും അധീരയുമായ പഴയ ഷീലയുടെ നിഴലിൽ നിന്ന് അടിമുടിമാറിയ മറ്റൊരു ഷീല ഉണ്ടാകുന്നതങ്ങനെയാണ്.

മറ്റൊരുവൾ

ADVERTISEMENT

യൂണിവേഴ്സിറ്റി കലാതിലകമായിരുന്ന മറ്റൊരുവൾ. അവൾക്കും ഷീലയെന്നു തന്നെ പേരാകാം. നൃത്തത്തിലുള്ള അഭിരുചിയെ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനം നൽകിയാണ് കേന്ദ്രഗവൺമെന്റിൽ ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥൻ അവളെ വിവാഹം ചെയ്യുന്നത്. പക്ഷേ, അതു പാലിക്കപ്പെട്ടില്ല. കുട്ടികളും കുടുംബവുമായി ജീവിതത്തിന്റെ മുൻഗണനകളും ശരീരാകൃതിയും മാറുമ്പോഴും നൃത്തം അവളുടെ സിരകളിൽ ഇരമ്പിക്കൊണ്ടിരുന്നു. വീട്ടിലാരും ഇല്ലാത്ത സമയത്ത് ഇഷ്ടപ്പെട്ട പാട്ടിനൊത്തു ചുവടുകൾ വച്ചു നോക്കിയ അമ്മയുടെ ദൃശ്യങ്ങൾ കൗമാരക്കാരിയായ മകൾ രഹസ്യമായി പകർത്തി ട്രോളുണ്ടാക്കി കുടുംബ വാട്സാപ് ഗ്രൂപ്പിലിട്ടു. അതിനെത്തുടർന്നു നേരിടേണ്ടി വന്ന പരിഹാസങ്ങളാണ് അവളുടെ ജീവിതം മാറ്റി മറിച്ചത്. 45നു ശേഷം സ്വന്തം ശരീരത്തെ വരുതിയിൽ നിർത്തുന്നതു പ്രയാസമുള്ള കാര്യമാണ്. മുൻഗണനകൾ മാറിയതോടെ അതെളുപ്പമായി. മാറുന്ന മുഖങ്ങളെ ഗൗനിക്കാതെ മുടങ്ങിപ്പോയ നൃത്തപഠനത്തിലേക്ക് അവൾ തിരിച്ചുപോയി. രണ്ടു വർഷത്തിനുള്ളിൽ പഴയ കലാതിലകത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അവൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ രംഗത്തെത്തി. കയ്യിൽ നിന്നുവഴുതി കാണാതെ പോയ ജീവിതത്തെ തിരിച്ചുപിടിച്ച സന്തോഷമാണ് നൃത്തവേദിയിലെ അവളുടെ ചിരി.

ഇനിയുമൊരാൾ

ഇനിയുമൊരാളുണ്ട്. ഷീല എന്നുതന്നെ വിളിക്കാം. പറയത്തക്ക കഴിവുകളൊന്നുമില്ലാതിരുന്ന ഒരുവൾ. പക്ഷേ, സുഹൃത്തുക്കളും ബന്ധുക്കളും തങ്ങൾക്കു വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കാൻ അവളെ കൂട്ടിക്കൊണ്ടുപോകുമായിരുന്നു. ഏറ്റവും സാധാരണമായ ജീവിതം അവൾ നയിച്ചു. കുട്ടികൾ സ്കൂൾ വിദ്യാർഥികളായിരിക്കെയാണു പ്രവാസിയായ ഭർത്താവു ജോലിസ്ഥലത്തു മരണപ്പെടുന്നത്. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നു പതിയെ മുക്തയായി വരുമ്പോഴാണു തങ്ങൾ വീണു കിടക്കുന്ന ഗതികേടിന്റെ ആഴം അവൾ തിരിച്ചറിയുന്നത്. ഭാവിയിലേക്കു യാതൊന്നും കരുതിവയ്ക്കാൻ സാധിച്ചിരുന്നില്ല. ഉള്ളതിനു തന്നെ വേറെ അവകാശികളെത്തി. 

രണ്ടു പെൺമക്കളുള്ള തൊഴിൽ രഹിതയായ വിധവ സ്വന്തം വീട്ടിലും ബാധ്യതയാണെന്നു തോന്നിയപ്പോൾ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനമാണ് അവളെടുത്തത്. പക്ഷേ, കുട്ടികളെക്കുറിച്ചോർത്തപ്പോൾ അവരെയും കൊന്ന് മരിക്കാനെടുക്കുന്നതിന്റെ പാതിധൈര്യം പോലും വേണ്ട മുന്നോട്ടുജീവിക്കാനെന്നു മനസ്സിലായി. കയ്യിലുള്ളതത്രയും നുള്ളിപ്പെറുക്കി തുടങ്ങി വച്ച ചെറിയൊരു സംരംഭം കോവിഡ് വന്നതോടെ അടച്ചുപൂട്ടേണ്ടി വന്നു. പക്ഷേ, പ്രതിസന്ധികൾക്കെതിരെ അവളുയർത്തിയ ആയുധം തുടക്കത്തിലേ പാളിയുള്ളൂ. പഴയ ഡ്രസ്സ് സെൻസ് പൊടി തട്ടിയെടുത്തു.

ഓൺലൈൻ സാരി സംരംഭം മിക ച്ച തുണിത്തരങ്ങൾ തിരഞ്ഞെടുത്ത് ആവശ്യക്കാരുടെ താൽപര്യത്തിനനുസരിച്ച് ഡിസൈൻ ചെയ്തു കൊടുക്കുന്നതിലെത്തി നിൽക്കുന്നു. സ്വന്തം വരുമാനം കൊണ്ടു പണിത ചെറിയ വീട്ടിലേക്ക് പുതുവർഷത്തിൽ മാറാമെന്ന പ്രതീക്ഷ അവളുടെ മുഖത്ത് പ്രസാദം പരത്തുന്നു. 

ഇതു വെറും മൂന്നുപേരുടെ ജീവിതമല്ല. ഇനിയും നിരവധി ഷീലമാരുണ്ടാകാം; നമ്മുടെ കൺവെട്ടത്തു തന്നെ. അതിശയകരമാംവിധം ജീവിതത്തെ തിരിച്ചു പിടിച്ചവർ, അസൂയാവഹമാംവിധം മാറിപ്പോയവർ.

മാറിമറിയുന്ന ജീവിതം

മനുഷ്യരെങ്ങനെയാണ് ജീവിതത്തിലെ ഒരു സവിശേഷ ഘട്ടം മുതൽ അപ്പാടെ മാറിമറിയുക?

വാസ്തവത്തിൽ, അതൊരൊറ്റ നിമിഷത്തെ ആയത്തിൽ വന്നു ചേരുന്നതല്ല. ഇതല്ല, ഇങ്ങനെയല്ല എന്ന നിരന്തരമായ തോന്നലിന്റെ ഭാഗമായി അത്തരമൊരു മാറിമറിയലിനുള്ള മൂശ നേരത്തെ പരുവപ്പെട്ടിട്ടുണ്ടാകാം. പരാജയപ്പെട്ട നിരവധി ശ്രമങ്ങൾക്കുശേഷമാകാം ലോകം കാണുന്ന ആ വിജയകരമായ മേക്ക് ഓവർ സംഭവിച്ചിട്ടുണ്ടാകുക.

കാരണങ്ങൾ എന്തൊക്കെയായിരുന്നാലും അത്തരം മാറ്റങ്ങൾ സംഭവിക്കാവുന്നതാണ്. ഇന്നലെ വരെ തുടർന്നിരുന്ന ജീവിതത്തിന്റെ ഏകതാനത മടുപ്പിക്കുന്നതുകൊണ്ടാകാം. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് അത്തരമൊരു ജീവിതം രൂപപ്പെടുത്താൻ വരുത്തിയ നഷ്ടങ്ങളെക്കുറിച്ചും മനഃപൂർവമോ അല്ലാതെയോ ഉ ണ്ടായ ഉപേക്ഷകളെക്കുറിച്ചും ബോധം വന്നതിനാലാകാം.  അതുവരെ വച്ചു പുലർത്തിയിരുന്ന വിശ്വാസങ്ങളും മുൻഗണനകളും മാറി മറിയാ ൻ തക്കവണ്ണമുള്ള എന്തെങ്കിലുമൊക്കെ സംഭവിച്ചതിനാലാകാം. ജീവിതത്തെ കുറച്ചു കൂടി സൗന്ദര്യം നിറഞ്ഞതായും പ്രസാദപൂർണമായും മാറ്റാൻ തീരുമാനിച്ചതിനാലുമാകാം.

എന്തായാലും അത്തരമൊരു മാറ്റത്തിലേക്കു തിരിയുന്ന ഇടവും സമയവും പ്രധാനമാണ്. അത്തരം മനുഷ്യരെ കണ്ടാലറിയാം. അവരുടെ ഉള്ളിലെ പ്രകാശം പുറത്തേക്ക് പ്രസരിക്കുകയും അത് ചുറ്റുമുള്ള ലോകത്തെ കൂടുതൽ തിളക്കമുള്ളതാക്കുകയും ചെയ്യും. 

എല്ലാ യാത്രകളുമെന്നതുപോലെ സന്തോഷത്തിലേക്കും ആത്മവിശ്വാസത്തിലേക്കുമുള്ള യാത്രകളും ചെറിയ ചെറിയ ചുവടുകളിലൂടെ തന്നെയാണ് തുടങ്ങുന്നത്. പുതിയൊരു ഭാഷയോ കലയോ തൊഴിലോ പഠിക്കുന്നതു മുതൽ മുടിവെട്ടുന്നതും മൂക്കുകുത്തുന്നതും വരെ അതിന്റെ ഭാഗമാകുന്നത് അങ്ങനെയാണ്.

ഏതുതരം മേക്ക് ഓവറും അവരവർക്കു തന്നെയാണ് ആദ്യം ബോധ്യപ്പെടേണ്ടത്. മറ്റുള്ളവർക്കു വേണ്ടിയുണ്ടാക്കുന്ന മാറ്റങ്ങൾ തൊലിപ്പുറത്തു മാത്രമുള്ള പ്രയോഗങ്ങളാണ്. ഭാര്യ അത്ര പോര എന്ന് ഭർത്താവ് ദേഷ്യപ്പെടുന്നതോ തന്റെ അമ്മയ്ക്ക് സഹപാഠികളുടെ അമ്മമാരെക്കാൾ പ്രായം തോന്നിക്കുന്നുവെന്നു മകൾ സങ്കടപ്പെടുന്നതോ മാത്രമാവരുത് മാറ്റത്തിനായുള്ള പ്രേരണ. 

ഒരുവൾക്ക് തന്റെ നിലവിലെ അവസ്ഥയിൽ സന്തോഷവും ആത്മവിശ്വാസവുമുണ്ടെങ്കിൽ അതും പ്രധാനമാണ്. ഏത് പ്രതികൂലാവസരത്തിലും അതു നിലനിർത്തിക്കൊണ്ട് അന്തസ്സോടെ ജീവിക്കാനാകുമെന്ന ഉറപ്പുണ്ടെങ്കിൽ അതു തന്നെ ഏറ്റവും വലിയ മേക്ക് ഓവറാണ്.      

The Unexpected Turn: Redefining Priorities:

Life transformations often happen gradually, driven by a constant inner feeling of dissatisfaction. Transformation: This article explores the journeys of three women who overcame challenges and rediscovered themselves, highlighting the importance of self-discovery and inner strength.

ADVERTISEMENT