ADVERTISEMENT

പായ്‍വഞ്ചിയിൽ കടലോളങ്ങളെ താണ്ടിയ ദിൽന ദേവദാസിന് ശൗര്യചക്രയുടെ തിളക്കം. യുദ്ധമുഖത്തല്ലാതെയുള്ള ധീരതയ്ക്കാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. കടലുകളും ഭൂഖണ്ഡങ്ങളും താണ്ടിയ ധീരതയെ രാജ്യം നമിക്കുമ്പോൾ ചങ്കിടിപ്പേറ്റുന്ന ആ പ്രയാണത്തിന്റെ കഥ വനിത പങ്കുവയ്ക്കുകയാണ്. ഭ്രാന്തൻ തിരകളെ നേരിട്ട്, മനഃസാന്നിദ്ധ്യം കരുത്താക്കിയ ദിൽനയുടെ കഥ...

പായ്ക്കപ്പലിനു പിന്നിൽ തിര എട്ടടിയോളം ഉയർന്നു. അടുത്ത നിമിഷം തിര കപ്പലിനെ പിന്നിൽ നിന്നും എടുത്തുയർത്തി. പർവതത്തിന് മുകളിൽ നിന്നു താഴ്‍വാരത്തിലേക്ക് അതിവേഗം പതിക്കുന്ന അനുഭവം. ‘താരിണി’ എന്ന ഞങ്ങളുടെ കപ്പൽ മനസ്സറിഞ്ഞ് കൂടെ നിന്നു. ഭ്രാന്തൻ തിരകളെ തന്ത്രപൂർവം നേരിട്ട് സുരക്ഷിതരായി ഞ ങ്ങൾ തുഴഞ്ഞു മുന്നേറി.

ADVERTISEMENT

പരിശീലന കാലത്ത് 38,000 നോട്ടിക്കൽ മൈ ൽ കടലിലൂടെ യാത്ര ചെയ്തെങ്കിലും പ്രധാന യാത്രയ്ക്ക് അപരിചിതമായ റൂട്ടാണ് എടുത്തത്. വെല്ലുവിളികൾ ഒരുപാടായിരുന്നു. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടേണ്ടി വന്നു. നാളെ സൂര്യോദയം കാണുമോ എന്നുറപ്പില്ലാത്ത വിധം.’’
ലോകത്തിനു മുൻപിൽ സ്ത്രീയുടെ കരുത്തു തെളിയിക്കാൻ പായ്ക്കപ്പലിൽ ലോകം ചുറ്റി വരുന്നതിനുള്ള അവസരം ഇന്ത്യൻ നേവിയാണ് വനിതാ നാവികർക്കായി ഒരുക്കിയത്. ധൈര്യപൂർവം മുന്നോട്ടു വന്ന പതിനേഴു പേരിൽ, പല ഘട്ടങ്ങളായുള്ള  പരിശീലനങ്ങൾക്കു ശേഷം തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു കോഴിക്കോട്ടുകാരിയായ ലഫ്റ്റനന്റ് കമാൻഡർ കെ.ദിൽനയും പുതുച്ചേരി സ്വദേശി ലഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരിയും.  അതിസാഹസികമായി  അവർ കടന്നത് നാലു ഭൂഖണ്ഡങ്ങളും മൂന്നു സമുദ്രങ്ങളും 47500 കിലോമീറ്റർ ദൂരവുമാണ്.

dilna-file-9

വിസ്മയം പോലെ ലഭിച്ച അവസരം

‘‘ഞങ്ങൾക്കു ലഭിച്ച സുവർണ അവസരമായിരുന്നു ഇത്. ‘ജോയിൻ ഇന്ത്യൻ നേവി, സീ ദ് വേൾഡ്’ എന്ന നേവിയുടെ ആപ്തവാക്യം അന്വർഥമാക്കും പോലെ ലഭിച്ച അവസരം. ഭൂപ്രദക്ഷിണ കപ്പലോട്ടം (സർക്കം നാവിഗേഷ ൻ) നാലു തവണ നടത്തിയ ലോകത്തെ ആദ്യ നാവിക സേനയാണ് നമ്മുടേത്. ആദ്യം ക്യാപ്റ്റൻ ദിലീപ് ഡോണ്ഡേ, രണ്ടാമത് കമാന്റർ അഭിലാഷ് ടോമി, മൂന്നാമത് ആറു വനിതാ നാവികരുടെ സംഘം. ഇപ്പോൾ ഞങ്ങളും. ‌

ADVERTISEMENT

2014 ലാണ് ലോജിസ്റ്റിക്സ് ഓഫിസറായി നേവിയിൽ ചേരുന്നത്. ‘ നാവിക സാഗർ പരിക്രമ’ എന്ന  പ്രോജക്റ്റിൽ വനിതകൾക്ക് അവസരം നൽകുന്നതിലൂടെ ലിംഗസമത്വത്തെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കുകയാണ് ഇ ന്ത്യൻ നേവി. ആത്മവിശ്വാസവും ധൈര്യവും ഇരട്ടിയാക്കുന്ന വിധത്തിലുള്ള പരിശീലനമാണ് സെയിലിങ്ങിൽ യാതൊരു പരിചയവും ഇല്ലാത്ത എനിക്ക് ഈ വിജയം നേടിത്തന്നത്.

കുട്ടിക്കാലം മുതൽ സാഹസിക പ്രവർത്തികൾ ഇഷ്ടമായിരുന്നു. കരസേനാ ഉദ്യോഗസ്ഥനായ അച്ഛനും നാട്ടിലെ ചേട്ടന്മാർക്കുമൊപ്പം ക്രിക്കറ്റ് കളിച്ചും ബുള്ളറ്റ് ഓടിച്ചും റൈഫിൾ ഷൂട്ടിങ് ചെയ്തുമൊക്കെയാണ് വളർന്നത്.  ക്രിക്കറ്റിൽ അണ്ടർ 19 മത്സരത്തിൽ പങ്കെടുക്കുകയും ഷൂട്ടിങ്ങിൽ ദേശീയ മെഡലുകൾ നേടുകയും ചെയ്തു. ആർമിയിൽ നിന്നു പിരിഞ്ഞശേഷം അച്ഛൻ ടി.ദേവദാസ് നാഷനൽ കേഡറ്റ് കോർപ്സിൽ (NCC) ആയിരുന്നു. അച്ഛനിന്നില്ല. ആ സമയത്ത് ഞാനും എൻസിസിയിൽ ചേർന്നു. എട്ടാം ക്ലാസ് മുതൽ സേനയിലേക്കു വരിക എന്നതു ലക്ഷ്യമായി. എന്നും നോട്ട് ബുക്കിൽ ആ ലക്ഷ്യം എഴുതിയ ശേഷമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ.

ADVERTISEMENT

കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നിന്നു ബി കോം ബിരുദം നേടിയ ശേഷം എൻസിസി ക്വാട്ടയിലാണ് സർവീസ് സെലക്‌ഷൻ ബോർഡിന്റെ (SSB) പരീക്ഷയെഴുതുന്നത്. അനായാസമായി തിരഞ്ഞെടുക്കപ്പെട്ടു. പെട്ടി ത യാറാക്കി പോകാനൊരുങ്ങിയിരുന്നെങ്കിലും വേക്കൻസിയില്ല എന്ന പേരിൽ പിന്തള്ളപ്പെട്ടു. അഞ്ചു തവണ യോഗ്യത ലഭിച്ചിട്ടും ആർമിയിൽ പ്രവേശനം ലഭിക്കാതെ നേവിയുടെ പരീക്ഷയെഴുതി വിജയിക്കുമ്പോൾ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നതിന് എനിക്കുത്തരമുണ്ടായിരുന്നില്ല. ഇന്നതിന് ഉത്തരം കിട്ടിയിരിക്കുന്നു. ചില നഷ്ടങ്ങ ൾ വലിയ നേട്ടങ്ങൾക്കു വേണ്ടിയുള്ളതായിരിക്കും.

പെർഫെക്റ്റ് പരിശീലനം

മൂന്നു വർഷം മുൻപാണ് യാത്രയ്ക്കായുള്ള പരിശീലനം തുടങ്ങുന്നത്. സർക്കം നാവിഗേഷനിൽ യാത്ര ചെയ്യുന്നവർ തന്നെയാണ് കപ്പലിലെ തുഴച്ചിൽകാരും എൻജിനീയറും, ഇലക്ട്രീഷ്യനും, ആശാരിയും, പാചകക്കാരുമെല്ലാം.  കപ്പലിന്റെ കേടുപാടുകൾ തീർക്കാൻ എൻഞ്ചിനീയറിങ്,  കപ്പലിനടിയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഇറങ്ങി നോക്കുന്നതിനായി ഡൈവിങ്, ബോട്ടിലെ സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, പരുക്കു പറ്റിയാൽ ചെയ്യേണ്ട അടിസ്ഥാന വൈദ്യസഹായം തുടങ്ങി മുറിവുകൾ സ്വയം തുന്നിക്കെട്ടാനുള്ള പരിശീലനം വരെ നേടി.

dilna-file-2
രൂപ അഴഗിരിയും കെ.ദിൽയും

വിദഗ്ധ പരിശീലകൻ, മികവാർന്ന  പരിശീലനം, അത്യാധുനിക ഉപകരണങ്ങൾ എന്നിവ തന്നിരുന്നു. അഭിലാഷ് ടോമി സാറിനെക്കാൾ മികച്ചൊരു മെന്ററെ വേറെ കിട്ടി ല്ല. ‘‘തുഴഞ്ഞു മുന്നേറുമ്പോൾ തീവ്രമായൊരു ആത്മവിശ്വാസം തോന്നും. അതിനടിപ്പെടരുത്. അടിസ്ഥാന പാഠങ്ങളിൽ നിന്നുകൊണ്ടു മാത്രം യാത്ര ചെയ്യുക.’’ അദ്ദേഹം പറഞ്ഞു. ഞങ്ങളതു പാലിച്ചു. അതിന്റെ ഫലവും ലഭിച്ചു. ഞങ്ങൾക്കു ലഭിച്ച ‘ഐഎൻഎസ്‌വി താരിണി’ എന്ന മികച്ച ബിൽഡ് ക്വാളിറ്റിയുള്ള  കപ്പൽ ഇന്ത്യൻ നിർമിതമാണെന്നതും അഭിമാനകരമാണ്.

സെയിലിങ് ആവേശം

‘‘എന്റെ അച്ഛൻ ജി.പി അഴഗിരി സ്വാമി ഇന്ത്യൻ എയർഫോഴ്സിൽ ആണു ജോലി ചെയ്തിരുന്നത്. സേന യോടുള്ള അഭിനിവേശം എനിക്ക് രക്തത്തിൽ തന്നെയുണ്ടായിരുന്നു.’’ ദിൽനക്കൊപ്പം ലോകം ചുറ്റിയ പുതുച്ചേരി സ്വദേശി ലഫ്റ്റനന്റ് കമാൻഡർ രൂപ അഴഗിരി പറയുന്നു.

‘‘സ്കൂളിൽ പഠിക്കുമ്പോഴും പിന്നീട് ചെന്നൈയിലെ ജെപിആർ എൻജിനീയറിങ് കോളജിൽ പഠിക്കുന്ന സമയത്തും എൻസിസിയിൽ അംഗമായിരുന്നു. അതിന്റെ ഭാഗമായി നേവി കേന്ദ്രങ്ങളും കപ്പലുകളും കാണാൻ അവസരം ലഭിച്ചു. കപ്പൽ കാഴ്ചകളും യൂണിഫോമിലുള്ള നേവി ഓഫിഷ്യലുകളും എന്നെ പ്രചോദിപ്പിച്ചു.

ഞാൻ 2017 ൽ നേവിയിൽ ചേർന്ന സമയത്താണ് മൂന്നാമത്തെ ‘നാവിക സാഗർ പരിക്രമ’ നടക്കുന്നത്. നേവിയിലെത്തുന്നതിന് മുൻപു തന്നെ ഞാൻ പല സെയിലിങ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ നേവി അവസരം തന്നപ്പോൾ സ്വീകരിക്കാൻ ആലോചിക്കേണ്ടി വന്നില്ല.

അമ്മ എ.കാമാക്ഷി വീട്ടമ്മയാണെങ്കിലും ഏറ്റവും പ്രോത്സാഹനം ഏതു കാര്യത്തിലും എനിക്ക് തരുമായിരുന്നു. ബെംഗളൂരു എയറോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ ശാസ്ത്രജ്ഞയായ മൂത്ത സഹോദരി മഞ്ജുഭാരതിയാണ് ജീവിതത്തിലെ ‘റോൾ മോഡൽ’. അനുജത്തി ദുർഗ മോനിക്കയാകട്ടേ എന്റെ ‘ചിയർ ലീഡറും’.

മികച്ച ട്രെയിനിങ്, അഭിലാഷ് ടോമി സാറിന്റെ വിദഗ്ധമായ മെന്ററിങ്, ഏറ്റവും ഇണങ്ങിയ പാർട്ണറായി ദിൽന, ഇവയെല്ലാമാണ് വിജയത്തിലേക്ക് നയിച്ചത്. തിരിച്ചെത്തിയ നിമിഷം നേവിയും രാഷ്ട്രവും നാടും വീടും തന്ന സ്വാഗതം തികച്ചും അഭിമാനം പകരുന്നതായിരുന്നു.’’

വെല്ലുവിളി നിറഞ്ഞ പകലുകൾ രാത്രികൾ

അമ്മ റീജയും നേവി കമാൻഡറായ എന്റെ ഭർത്താവ് ധനേഷും ചേച്ചി ദീപ്തിയും ദീപ്തിയുടെ ഭർത്താവ് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ദിലീപും യാത്ര വേണ്ട എന്നാണു തുടക്കത്തിൽ പറഞ്ഞത്. വിവാഹം സ്ത്രീയുടെ ഒരാഗ്രഹങ്ങൾക്കും വിലങ്ങുതടിയാകരുത് എന്നു വിശ്വസിക്കുന്ന ധനേഷ് അങ്ങനെ പറഞ്ഞത് കടലിനെക്കുറിച്ചു നന്നായി അറിയാവുന്നതിനാലാണ്. ആഗ്രഹം ഉറച്ചതാണെന്നറിഞ്ഞപ്പോൾ ധനേഷ് എല്ലാ പിന്തുണയും നൽകി.

   യാത്ര തുടങ്ങുന്നയിടത്തു തന്നെ അവസാനിപ്പിക്കണം എന്നത് ഭൂപ്രദക്ഷിണ കപ്പലോട്ടത്തിന്റെ നിയമമാണ്. അ തിനാൽ ഗോവയിൽ തുടങ്ങി ഗോവയിലേക്ക് തിരിച്ചെത്തി. 21,600 നോട്ടിക്കൽ മൈൽ സഞ്ചരിച്ചിരിക്കണം, രണ്ടു തവണ ഭൂമധ്യരേഖ കടക്കണം, കേപ്പ് ലൂയിസ് (ഓസ്ട്രേലിയ), കേപ് ഓഫ് ഗുഡ് ഹോപ്പ് (സൗത്ത് ആഫ്രിക്ക), കേപ്പ് ഹോൺ (ചിലി) എന്നീ മൂന്നു മുനമ്പുകൾ കടക്കണം തുടങ്ങി പലവിധ നിയമങ്ങളുണ്ട്.

   പരുക്കൻ കാലാവസ്ഥയായിരുന്നു യാത്രയിലൂടനീളം അഭിമുഖീകരിക്കേണ്ടി വന്നത്. ദക്ഷിണ സമുദ്രത്തിലേക്കു കടക്കുമ്പോൾ ‘കോൾഡ് ഫ്രണ്ട്’ എന്ന പ്രതിഭാസത്തിലൂടെ പലവട്ടം കടന്നു പോയി. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗതയിൽ സമുദ്രോപരിതലത്തിലുണ്ടാകുന്ന കാറ്റാണ് ‘കോൾഡ് ഫ്രണ്ട്’. കാറ്റടിക്കുമ്പോൾ തിരമാലകൾ എട്ടൊൻപത് അടി ഉയരും.  കപ്പലിനെ തുഞ്ചത്തേക്ക് ഉയർത്തുകയും അതേ വേഗതയിൽ താഴേക്കു പതിക്കുകയും ചെയ്യും.

അൻപത്തിയേഴ് ഡിഗ്രി വരെ ദക്ഷിണ ഭാഗത്തേക്ക് ഞ ങ്ങൾ യാത്ര ചെയ്തിരുന്നു. അവിടെ തണുപ്പ് 1–2 ഡിഗ്രിയാണ്. ഏഴു പാളിയോളം വസ്ത്രം ധരിച്ചാണു തുഴഞ്ഞിരുന്നത്. ശുചിമുറിയിൽ പോകണമെങ്കിൽ പോലും പല വട്ടം ആലോചിച്ചിട്ടേ സാധിക്കൂ. ഓസ്ട്രേലിയ, ന്യൂസിലൻഡ്, പോർട് സ്റ്റാൻലി, കേപ് ടൗൺ എന്നിങ്ങനെ നാലു പോർട്ടുകളിൽ ഞങ്ങൾ ഇറങ്ങിയിരുന്നു. കടലിൽ നിന്നു കരയിലേക്കും തിരിച്ചും കയറുമ്പോഴും പല ശാരീരിക പ്രശ്നങ്ങളും നേരിടും.

dilna-file-3
അമ്മ റീജ, സഹോദരി ദീപ്തി, ദീപ്തിയുടെ മക്കളായ തേജ്, വേദ്

യാത്രയിലുടനീളം ടിന്നിലടച്ച ഭക്ഷണമാണു കഴിച്ചിരുന്നത്. കപ്പലിൽ ഫ്രിജ് ഇല്ല. കരയിൽ നിന്നുള്ള ഭക്ഷണം ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാനാകില്ല. തുടർച്ചയായ ടിൻ ഭക്ഷണവും ബോട്ടിലെ സകല പണികളും ചെയ്തു കൊണ്ടുള്ള യാത്രയും മാനസികമായും ശാരീരികമായും  വല്ലാതെ ക്ഷീണിതരാക്കും.

സർക്കം നാവിഗേഷനിൽ ദീർഘനേരം ഉറങ്ങാനാകില്ല. ദിശാബോധം നഷ്ടപ്പെടും. മാത്രമല്ല, സദാ ജാഗരൂകരായിരിക്കുകയും, കടന്നു പോകുന്ന ഇടത്തെക്കുറിച്ച് ലഡ്ജർ എഴുതുകയും വേണം. ചെറിയ ഉറക്കങ്ങൾ മാറി മാറി എടുക്കുകയേ സാധിക്കൂ. മാനസികവും ശാരീരികവുമായ ക്ഷീണം മൂലം ഉറങ്ങാൻ കഴിയാത്ത അവസ്ഥ  ഇരുവരെയും ബാധിച്ചിരുന്നു.

പസഫിക് സമുദ്രത്തിൽ വച്ച് നാവിഗേഷൻ പാനൽ കേടായി. കൊടുങ്കാറ്റ് വരവറിയിച്ച നേരത്താണ് പൊടുന്നനെ ജിപിഎസ്, വിൻഡ് ഇൻഡിക്കേറ്ററുകൾ, ഹെഡ്ഡിങ് തുടങ്ങി എല്ലാ സംവിധാനങ്ങളുടെയും പ്രവർത്തനം നിലച്ചത്.  ‘ഹെഡ്ഡിങ്’ തകരാറിലായാൽ കപ്പൽ എങ്ങോട്ട് അഭിമുഖമായാണ് നിൽക്കുന്നത് എന്നു പോലും അറിയാനാകില്ല.  രാത്രിയായിരുന്നു, ചന്ദ്രനില്ലായിരുന്നു, ചുറ്റും പരസ്പരം കാണാനാകാത്ത വിധം കനത്ത ഇരുട്ട്...  ഇരുട്ടിൽ പായ താഴ്ത്തി എമർജൻസി ലാമ്പുകളുടെ വെളിച്ചത്തിൽ ഞങ്ങൾ കപ്പൽ റിപ്പയർ ചെയ്യാൻ തുടങ്ങി.  പരിശീലനത്തിന്റെ മികവ് മൂലം ആ സാഹചര്യവും ഞങ്ങൾ കടന്നുകയറി.

കേപ് ഹോൺ ചുറ്റുമ്പോഴാണ് ഏറ്റവും മോശം കാലാവസ്ഥയിലൂടെ കടന്നു പോയത്. അവിടുത്തെ നിർവചിക്കാനാകാത്ത വിധത്തിലുള്ള ‘കൺഫ്യൂസ്ഡ് സീ’  ഏ തു കടൽ യാത്രികരെ സംബന്ധിച്ചും നിർണായകമാണ്. ശക്തമായ തിര എവിടെ നിന്നാണ് വരികയെന്ന് പറയാനാകില്ല. ഞങ്ങളുടെ കപ്പൽ അടിച്ചു തിരിയുകയും കപ്പൽ പായ വലിച്ചു കെട്ടിയ പ്രധാന തണ്ടോളം തിരയുയരുകയും  ചെയ്തു.  പിറ്റേന്നത്തെ സൂര്യോദയം കണ്ട സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

    കടൽ യാത്രയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമായ പോയിന്റ് നെമോ ഒഴിവാക്കി പോകണോ അവിടെ ഇന്ത്യൻ പതാക പാറിക്കണോ എന്ന് ഏറെ ആലോചിച്ചു. ഒടുവിൽ ‘റിസ്ക്’ എടുത്തു പോയി പതാക നാട്ടുക തന്നെ ചെയ്തു. അന്നെന്റെ വിവാഹ ദിവസമായിരുന്നു. മെസേജ് ചെയ്യാൻ കഴിയാത്തതിനാൽ നേരിട്ടു കാണുമ്പോൾ കേൾപ്പിക്കാൻ ധനേഷിനായി ഒരു സന്ദേശം റെക്കോർഡ് ചെയ്തു വച്ചു.

    കടൽ യാത്ര വെല്ലുവിളികളുടേതു മാത്രമല്ല. അതിമനോഹരമായ കാഴ്ചകളുടേതു കൂടിയാണ്. സൂര്യോദയങ്ങൾ, അസ്തമയങ്ങൾ, പല നിറത്തിലുള്ള ആകാശവും മേഘങ്ങളും, മഴവില്ലുകൾ, ചിലപ്പോൾ വൈദ്യുതമായി തിളങ്ങുന്ന കടൽജലം,  കളിക്കാനെത്തുന്ന ഡോൾഫിനുകൾ,  പൊങ്ങി വരുന്ന തിമിംഗലങ്ങൾ, തലപൊക്കി നോക്കുന്ന കടൽനായ്ക്കൾ, കടൽക്കിളികൾ, നമ്മളെ അദ്ഭുതത്തിന്റെ കൊടുമുടി കയറ്റിക്കൊണ്ട് പാൽനിറമാകുന്ന കടൽ .....

English Summary:

Indian Navy women circumnavigated the globe, demonstrating courage and resilience. The circumnavigation project showcased women's empowerment and the spirit of adventure, covering vast distances and challenging conditions.

ADVERTISEMENT