ആ തിരക്ക് ശരിക്കുള്ളതല്ലേ... Chai Couple' who brought the delightful combination of special chai and bun maska to Kochi-Behind all the rush and hype
Mail This Article
സ്വർണനിറമുള്ള ഫ്രഷ് സോഫ്റ്റ് ബണ്ണിന്റെ മനസ്സു തുറന്ന് ചില പൊടിക്കൈകൾ ചേർത്ത ബട്ടർ നിറയ്ക്കും. അതങ്ങനെ പഞ്ഞിപോലെ ഒരു കയ്യിൽ. മറുകയ്യിലെ പേപ്പർ കപ്പില്‍ സ്പെഷൽ ചായ. അതിലേക്കു മുങ്ങുമ്പോൾ ബൺ ഒന്നു തുടുക്കും. പിന്നെയും കാത്തിരിക്കാൻ രുചിപ്രേമികൾക്കു കഴിയില്ല.
ഈയൊരു ചായകുടി അനുഭവിച്ചറിയാൻ വടക്കു മുതൽ തെക്കുവരെ തിരക്കോടു തിരക്കായിരുന്നു നിരത്തുകളിൽ. കൊച്ചി പനമ്പിള്ളി നഗറിലേക്കും ചായ് കപ്പിൾ എത്തിയതറിഞ്ഞു നാലു മണിയോടെ ഇറങ്ങിയതാണ്. സെൻട്രൽ പാർക്കിന്റെ പിന്നാമ്പുറത്തു പോയി നോക്കി. ഒരാൾക്കൂട്ടം. ഇതവരായിരിക്കും. അടുത്തേക്കു പോയതും ഉറപ്പായി. അതെ, അവർ തന്നെ. വരുന്നവരുടെ കയ്യിൽ പേപ്പർ കവറിനുള്ളിൽ എന്തോ ഉണ്ട്. കയ്യിൽ ചായയും.
കാറിന്റെ ഡിക്കി തുറന്നിരിപ്പുണ്ട്. ലക്ഷണങ്ങളെല്ലാം മാച്ചിങ്. ഇത്ര വൈറലാകാൻ എന്താണീ ചായയിൽ ? കാറിന്റെ ബോണറ്റിനു മുകളിലെ ക്യൂആർ കോഡ് സ്കാൻ ചെയ്തു പേരും ഓർഡറും റജിസ്റ്റർ ചെയ്യാം. സ്കാൻ ചെയ്തു നോക്കിയതും ഫോണിന്റെ സ്ക്രീനിൽ ഒരു ക്ഷമാപണം. ‘സോറി. ക്യൂ കഴിഞ്ഞു. അടുത്ത വർക്കിങ് സമയത്തു തിരികെ വരൂ.’ അതുകൊണ്ട് ബൺ മസ്ക രുചിക്കാൻ മോഹമുണ്ടെങ്കിൽ ഒരുപാടങ്ങ് ആലോചിച്ചു സമയം കളയരുത്. കാറിന്റെ ഡിക്കി തുറക്കുമ്പോഴേ ക്യൂവിൽ സ്ഥാനം പിടിക്കുക.
കുട്ടികൾക്കു കൊടുക്കാമോ?
ശരണ്‍: ഞങ്ങൾക്കു കുട്ടിയുണ്ടായിരുന്നെങ്കിൽ ഉറപ്പായും ബൺ മസ്ക കഴിക്കാൻ കൊടുക്കും. സംശയവുമായെത്തുന്നവരോട് ഇതാണു ഞങ്ങൾ പറയാറുള്ളത്. ഏറ്റവും ഫ്രഷായ ബൺ മാത്രമേ കൊടുക്കാറുള്ളൂ. ക്വാളിറ്റിയിൽ എന്തെങ്കിലും പ്രശ്നം തോന്നിയാൽ അന്നു കച്ചവടം വേണ്ടെന്നു വയ്ക്കും.
ബട്ടർ പുരട്ടും മുൻപ് ഓരോ ബണ്ണിന്റെയും സോഫ്റ്റ്നസ് കയ്യിലെടുക്കുമ്പോഴറിയാം. ബൺ പായ്ക്ക് ചെയ്തു കൊണ്ടു വരുമ്പോൾ അടിയിലിരിന്ന് അമർന്നു പോയവ പോലും ഉപേക്ഷിക്കും. ഏറ്റവും നല്ലതു മാത്രമേ വിൽക്കുന്നുള്ളൂ. പിന്നെ, എണ്ണയിൽ വറുത്ത ചായക്കടികളുടെ അ ത്രയൊന്നും ആരോഗ്യപ്രശ്നം ഇതിനില്ലല്ലോ...
ബിസിനസിലേക്ക് കടന്നത് ?
ശരണ്‍:തൃപ്പൂണിത്തുറ ചിന്മയ കോളജിൽ ബിബിഎം പഠിക്കാനെത്തിയതോടെയാണു ഞങ്ങള്‍ കൂട്ടുകാരായത്. കോഴ്സ് കഴിയാറായതോടെ പ്രണയത്തിലുമായി. വിവാഹം കഴിഞ്ഞു ബിരുദാനന്തര ബിരുദ പഠനത്തിനു ശ്രീലക്ഷ്മി ബെൽജിയത്തിലേക്കും ഞാൻ കാനഡയിലേക്കും പോയി. രണ്ടിടത്തായി നിന്നു മതിയായി. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഒന്നിച്ചു നിന്ന് എന്തെങ്കിലും ചെയ്യാമെന്നു കരുതി. തൃശൂരുകാരിയാണു ശ്രീലക്ഷ്മി. സെപ്റ്റംബറിൽ പഠനം കഴിഞ്ഞെത്തിയപ്പോൾ ഞങ്ങൾ എന്റെ സ്ഥലമായ കൊച്ചിയിൽ ചായ ബിസിനസിനു തുടക്കമിട്ടു.
ശ്രീലക്ഷ്മി: ഒക്ടോബറിലായിരുന്നു ആദ്യ വിൽപന. വിദേശത്ത് രണ്ടാളും പാർട് ടൈം ജോലി ചെയ്തതും ഇതേ മേഖലയിലായിരുന്നു. ഹെയർ നെറ്റും ഗ്ലവ്സുമിട്ട് 10 മണിക്കൂറോളം ജോലി ചെയ്തൊക്കെ ശീലമുണ്ട്. വെയ്റ്ററായും അസിസ്റ്റന്റ് ഷെഫായുമെല്ലാം പരിചയം നേടിയതു ബിസിനസിലും സഹായമായി. ഞാന്‍ നല്ല ഫൂഡിയാണ്. പാചകം ഏറ്റവുമിഷ്ടമുള്ള കാര്യവും. മാനേജ്മെന്റും വിതരണവും ശരണിന്റെ ഡ്യൂട്ടിയാണ്.
ബൺ മസ്ക, ഇറാനി ചായ, ടിറാമിസു... ചായ്കപ്പിളിന് ഏറ്റവും ഇഷ്ടമുള്ള ഫൂഡ് ഐറ്റം ഏതാ?
ശ്രീലക്ഷ്മി : ഏറ്റവും ഇഷ്ടം നാടൻ ഫൂഡ് തന്നെ. കഫേ സെറ്റായിക്കഴിഞ്ഞു ഡിന്നറിനു നാടൻ വിഭവങ്ങളുമൊരുക്കണമെന്നാണ് ആഗ്രഹം.
ശരണ്‍: യാത്രകള്‍ പോകുമ്പോഴൊക്കെ ഐറ്റിനറി തയാറാക്കുന്നതു ശ്രീലക്ഷ്മിയാണ്. അതിൽ ഫൂഡ് സ്പോട്ടുകളും അവിടെ കിട്ടുന്ന നല്ല ഭക്ഷണങ്ങളും ചുവപ്പിൽ അടയാളപ്പെടുത്തും. ലിസ്റ്റ് പൂർത്തിയാകുമ്പോഴേക്കും കൂടുതൽ ചുവപ്പു നിറമായിരിക്കും. തനതു രുചികളും റെസിപ്പികളും മനസ്സിൽ ഒരുപാടു മാർക്കു ചെയ്തു വച്ചിട്ടുണ്ട്. അതൊക്കെ ഓരോന്നോരോന്നായി കഫെയിൽ കൊണ്ടുവരണം എന്നൊക്കെയാണു സ്വപ്നം.
ഇത്രയേറെ തിരക്കു പ്രതീക്ഷിച്ചിരുന്നോ?
ശ്രീലക്ഷ്മി : 20 ബണും ചായയുമായാണു നിരത്തിലേക്കിറങ്ങിയത്. ആദ്യമൊക്കെ കുറച്ചാളുകൾ വരും. പിന്നെ, കുറേനേരം വെറുതേ നിൽപ്പാണ്. തിരക്കുണ്ടാക്കിയെടുക്കാൻ കൂട്ടുകാരൊക്കെ കൂട്ടമായെത്തി കാലിക്കപ്പു കുടിച്ചു തീർക്കുന്നതായി ഭാവിച്ചിട്ടൊക്കെയുണ്ട്.
ശരണ്‍: വ്ലോഗർമാരൊക്കെ കണ്ടതോടെ തിരക്കു കൂടി. വരുന്നവർക്കെല്ലാം കൊടുക്കും മുൻപു സ്റ്റോക്ക് തീരും. അതൊക്കെ മാനേജ് ചെയ്യാനാണ് ഗൂഗിൾ ഫോം കൊണ്ടു വന്നത്. പേര് റജിസ്റ്റർ ചെയ്തു പേമെന്റ് ചെയ്യുന്നതോടെ എക്സൽ ഷീറ്റിൽ പേരുകൾ വരുന്ന ക്രമത്തിൽ ശ്രീലക്ഷ്മിക്കു ചായ കൊടുക്കാനും കഴിയും.
ശ്രീലക്ഷ്മി: 1300 രൂപ ഇൻവെസ്റ്റ്മെന്റിൽ അമ്മൂമ്മയുടെ കെറ്റിലും അച്ഛന്റെ കാറും മൂലധനമാക്കി ചായയും ബണുമായാണു വിൽപന തുടങ്ങിയത്. കെറ്റിലും കാറും കൂടെ ഇപ്പോഴുമുണ്ട്. സ്റ്റോക്കു പലമടങ്ങു കൂട്ടി.
ഇപ്പോൾ ബൺ മസ്കയും ചായയും വിൽക്കുന്നവരാണു നാടാകെ. ഇത്രയേറെ പേർക്കു പ്രചോദനമാകുമെന്നു കരുതിയിരുന്നതേയില്ല. കോർപറേറ്റ് ജോലി ചെയ്യുന്ന സുഹൃത്തുക്കളിൽ ചിലർ പറയും, ‘ഞങ്ങളുടെ സ്വപ്നമാണു നിങ്ങളുടെ ഇപ്പോഴത്തെ ജീവിതമെന്ന്...’
